
ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ കലയെ സ്നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങള്‍ അനുകരിച്ചുതുടങ്ങി. അങ്ങനെയങ്ങനെ, മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു. ആ കഴിവ് അദ്ദേഹത്തെ സിനിമ എന്ന വിസ്മയലോകത്ത് എത്തിച്ചു. ഇതിനിടയില്‍ പ്രണയം, വിരഹം, വിവാഹം… സൂപ്പര്‍ സ്റ്റാറുകളെ പോലും വെല്ലുന്ന രീതിയിലുള്ള വിജയം ആയിരുന്നു അദ്ദേഹത്തിന്റേത്. എത്ര വലിയ നിലയിലെത്തിയിട്ടും താനനുഭവിച്ച അവഗണനകള്‍ അദ്ദേഹം മറന്നിട്ടില്ല എന്നു മാത്രമല്ല പാവപ്പെട്ട ജനങ്ങളെയും കൂട്ടുകാരെയും സഹായിക്കാനും മറന്നിരുന്നില്ല. മലയാളികളുടെ, ചാലക്കുടിക്കാരുടെ സ്വന്തം കലാഭവന്‍ മണി. നമ്മളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച മണിചേട്ടന് ഒരു ദിവസം പെട്ടെന്ന് കണ്ണീരിലാഴ്ത്തി ഓര്‍മയായി.
കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച് വന്‍ വിജയമാക്കിത്തീര്‍ത്തു അദ്ദേഹത്തിന്റെ ഗുരുവും സംവിധായകനുമായ വിനയന്. അതിനുവേണ്ടി വിനയന് ഏറെ ത്യാഗങ്ങള്‍ സഹിച്ചു. മണിയെ വെള്ളിത്തിരയിലെത്തിക്കാന്‍ നായകനെത്തേടിയുള്ള അന്വേഷണം വിനയനെ ചെന്നെത്തിച്ചത് തിരുവന്തപുരത്തുകാരന് സെന്തിലിലേക്കാണ്. കലാഭവന്‍ മണിയായി മാറിയ സെന്തില്‍ കൃഷ്ണ എന്ന രാജാമണിയുടെ ജീവിതയാത്ര. ഒപ്പം, പുതുവര്‍ഷവും പ്രതീക്ഷകളും…
* ചാലക്കുടിക്കാരന്‍ ചങ്ങാതി
ചെറുപ്പം മുതല്‍ അഭിനയമാണ് ആഗ്രഹം. കോളേജ് പഠനകാലത്ത് മിമിക്രികളിലും സ്കിറ്റുകളിലും നിരവധി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പിന്നീട്, മിമിക്രിയിലേക്ക് മാറുകയായിരുന്നു. ടിവി പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യാറുണ്ട്. സ്ത്രീധനം ഉള്‍പ്പെടെ ചില സീരിയലുകളിലും അഭിനയിച്ചു. യുഎസില്‍ സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ പോയ സമയത്താണ് വിനയന് സാര്‍ ബന്ധപ്പെടുന്നത്. നാട്ടില്‍ എത്തിയ ഉടനെ കാണാന്‍ ആവശ്യപ്പെട്ടു. നാട്ടില്‍ എത്തിയ സമയത്ത് സാറിനെ കണ്ടു. നല്ല ടെന്‍ഷനായിരുന്നു, ചാലക്കുടിക്കാരന്‍ ചങ്ങാതിയെക്കുറിച്ച് പറയുമ്പോഴും സിനിമയില്‍ ചെറിയ റോളായിരിക്കുമെന്നായിരുന്നു മനസില്‍. ഒരിക്കല്‍ പോലും മണിച്ചേട്ടനെ അനുകരിക്കാത്ത എന്നെകൊണ്ട് മണിച്ചേട്ടനെ അനുകരിപ്പിച്ചു. ചിത്രത്തില്‍ മണിയുടെ റോള്‍ ചെയ്യാമോ എന്നു ചോദിച്ചു, അപ്പോഴും മണിച്ചേട്ടന്റെ ചെറുപ്പകാലമായിരിക്കുമെന്നാണ് വിചാരിച്ചത്. സര് പറഞ്ഞു ചിത്രത്തില്‍ മണിയുടെ തുടക്കം മുതല്‍ അവസാനം വരെ എന്ന് അത് കേട്ടതും ഞാന്‍ കരഞ്ഞു. സാര്‍ എന്റെ തോളില്‍ തട്ടി അഡ്വാന്‍സ് തന്നു. മണിയും ഇങ്ങനെ തന്നെയാണ് പെട്ടന്ന് കരയും, ചിരിക്കും. ഇങ്ങനെ ഒരാളാണ് സര് തിരഞ്ഞതെന്ന് പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് മണിച്ചേട്ടന് വേണ്ടി നിരവധി ആര്‍ട്ടിസ്റ്റുകളുടെ ഓഡിഷന് നടത്തിയിരുന്നുവെന്ന്. മണിച്ചേട്ടനായി വെള്ളിത്തിരയില്‍ എത്താന്‍ കഴിഞ്ഞതും 2018-ലെ മികച്ച വിജയചിത്രങ്ങളിലൊന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.
* കഥാപാത്രവും തയാറെടുപ്പുകളും
മെലിഞ്ഞിരുന്ന ഞാന്‍ തടി കൂട്ടി. മണിച്ചേട്ടന്റെ അധ്വാനിക്കുന്ന ശരീരംപോലെ ആകണമെന്ന് വിനയന് സാറും പറഞ്ഞിരുന്നു. അതിനുവേണ്ടി 12 കിലോയാണ് ഞാന്‍ കൂട്ടിയത്. തെങ്ങുകയറ്റം, ഓട്ടോ ഓടിക്കല്‍, കായലില്‍ നീന്തല്‍ എല്ലാം മണിച്ചേട്ടനുവേണ്ടി പഠിച്ചു. ബാത്ത് റൂം സിംഗറായ താന്‍ പാട്ടുപാടിക്കാന്‍ തുടങ്ങി, തിരുവനന്തപുരം ബാലരാമപുരത്തുള്ള എനിക്ക് ചാലക്കുടി സ്ലാങ് സംസാരിക്കുകയെന്നത് വലിയ പാടായിരുന്നു. മണിച്ചേട്ടന്റെ സുഹൃത്തുക്കളും നാട്ടുകാരും ഒരുപാടു സഹായിച്ചു. മണിച്ചേട്ടന്റെ മാനറിസങ്ങളെല്ലാം സുഹൃത്തുക്കളാണു പറഞ്ഞു തന്നത്. മണിച്ചേട്ടന് ആകുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ആര്‍ക്കും പൂര്‍ണമായി മണിച്ചേട്ടന് ആകാന്‍ സാധിക്കില്ല. പിന്നെ, ഒരു ശ്രമം മാത്രമാണ് ഞാന്‍ നടത്തിയത്.
* മണിയോടൊപ്പം
മണിച്ചേട്ടന്റെ കൂടെ ഒരു സിനിമയിലും നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കുറെയൊക്കെ മണിച്ചേട്ടനെ അടുത്തറിഞ്ഞിട്ടുണ്ട്. 2009-ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായാണ് മണിച്ചേട്ടനെ കാണുന്നത്. നല്ല സ്നേഹത്തിലാണ് മണിച്ചേട്ടന് പെരുമാറിയത്. ചെറിയൊരു വേഷമാണ് ഞാന്‍ ചെയ്തിരുന്നത്. ലൊക്കേഷനില്‍ ഒരു ചെറിയ അവഗണന ഉണ്ടായപ്പോഴും തന്നെ ചേര്‍ത്തു പിടിച്ചത് മണിച്ചേട്ടനായിരുന്നു. അത്രത്തോളം എല്ലാരുടെ വേദന മനസിലാക്കുന്ന സഹജീവികളോടു സ്നേഹമുള്ള ഒരു നല്ല മനുഷ്യനാണ് മണിച്ചേട്ടന്. പിന്നീട്, അദ്ദേഹത്തോടൊപ്പം നിരവധി സ്റ്റേജ് ഷോകള്‍ ചെയ്യാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്.
* മണിച്ചേട്ടനും കുടുംബവും
സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പ് മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ കണ്ടിരുന്നു. നല്ല സപ്പോര്‍ട്ടാണ് എനിക്കു കിട്ടിയത്. മണിച്ചേട്ടന്റെ സഹോദരന് ലൊക്കേഷനില്‍ വന്നിരുന്നു. കുടുംബാംഗങ്ങളില്‍ നിന്ന് മണിച്ചേട്ടന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവസവിശേഷതകളും പഠിക്കാന്‍ സാധിച്ചു. അതെല്ലാം ചിത്രീകരണ സമയത്ത് ഗുണം ചെയ്തു.
* സെന്തില്‍ കൃഷ്ണ അഥവാ രാജാമണി
ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ എന്റെ കഥാപാത്രത്തിന്റേ പേരാണ് രാജാമണി. വിനയന് സര് എന്നോടു പറഞ്ഞു ഇനി തന്നെ രാജാമണിയായി എല്ലാവരും അറിയപ്പെടുമെന്ന്. ഒരുപാടു നടി നടന്മാരെ മലയാള സിനിമയിലേക്കു കൊണ്ടുവന്ന വിനയന് സാറിന്റെ ആദ്യ സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചുവെന്നത് തന്നെ മഹാഭാഗ്യമായാണ് കാണുന്നത്.
