
ഏതു കഥാപാത്രത്തിന്റെ വിജയത്തിനു പിന്നിലും ഒപ്പം അഭിനയിക്കുന്നവരുടെ വലിയ സഹകരണം ഉണ്ടാകും. എന്റെ പല കഥാപാത്രങ്ങളും പൂര്ണമായതിനു പിന്നില്‍ കൂടെ അഭിനയിച്ചവരുടെ സപ്പോര്‍ട്ട് ഉണ്ട്. ചെമ്മീനിലായാലും ഉമ്മാച്ചുവിലായാലും തുലാഭാരത്തിലായാലും സ്വയംവരത്തിലായാലും ഷീലയും ശാരദയുമൊക്കെ കഥാപാത്രങ്ങളായി ജീവിച്ചു. എനിക്കൊപ്പം പത്തുചിത്രങ്ങളിലഭിനയിച്ച നായികയായാലും ഒരു ചിത്രത്തില്‍ അഭിനയിച്ച നായികയായാലും എന്റെ കഥാപാത്രത്തെ മികവുറ്റതാക്കുന്നതില്‍ നന്നായി സഹകരിച്ചിട്ടുണ്ട്. സത്യന് മാഷിന്റെയും പ്രേംനസീറിന്റെയും അഭിനയജീവിതത്തിലെ നായികമാര്‍ തന്നെയാണ് എന്റെ അഭിനയജീവിതത്തിലും നിറഞ്ഞുനിന്നത്.
ഷീലാമ്മയുടെ കൂടെയുള്ള കഥാപാത്രങ്ങളെ ഓര്‍ക്കുമ്പോള്‍ ആദ്യം പ്രേക്ഷകമനസിലെത്തുക ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയുമാണ്. അതൊരു വലിയ കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെയും നടിയെയും ഓര്‍ക്കുക എന്നത് ഭാഗ്യം തന്നെയാണ്. പ്രണയവും വിരഹവും ദുരന്തവും നിറഞ്ഞ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും ജീവിതം ഒരു ക്ലാസിക്കല്‍ അനുഭവമായിട്ടാണ് ഇന്നും കൊണ്ടാടപ്പെടുന്നത്. ശരിക്കും പരീക്കുട്ടിയുടെ വേദനകള്‍ എന്റെ ഹൃദയം ഏറ്റുവാങ്ങുകയായിരുന്നു. പക്ഷേ, അതൊരിക്കലും എന്റെ ശരീരത്തിന് ഒഴിയാബാധയായിരുന്നില്ല. ഉമ്മാച്ചു, മന്യശ്രീ വിശ്വാമിത്രന്, യക്ഷഗാനം, അപരാധി, ഇതാ ഒരു മനുഷ്യന്, അകലങ്ങളില്‍ അഭയം, വിത്തുകള്‍, ഇന്‍ക്വിലാബ് സിന്ദാബാദ്, ശരശയ്യ, പൂജയ്ക്കെടുക്കാത്ത പൂക്കള്‍, കാവിലമ്മ, ജലതരംഗം, ഇതിലേ വന്നവര്‍, ആ നിമിഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷീല എന്റെ നായികയായി. ഞാന്‍ സംവിധാനം ചെയ്ത ‘മാന്യശ്രീ വിശ്വാമിത്രനി’ല്‍ ഷീലയ്ക്ക് അഭിനയത്തിന്റെ മാറ്റുരയ്ക്കാനായെങ്കില് ഷീല സംവിധാനം ചെയ്ത ആദ്യചിത്രമായ ‘യക്ഷഗാന’ത്തില്‍ അഭിനയിച്ച് പരസ്പരപൂരകമാകാന് എനിക്കും കഴിഞ്ഞു.
ഞാനും ഷീലയും അഭിനയിച്ച ചിത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരനുഭവതലത്തിലേക്കാണ് മധു-ശാരദ ജോഡികള്‍ പ്രേക്ഷകരെ നയിച്ചതെന്ന് പലരും പറയാറുണ്ട്. ശാരദയ്ക്ക് ആദ്യമായി ഉര്‍വശിപ്പട്ടം ലഭിച്ച ‘തുലാഭാര’ത്തിലും രണ്ടാമത് ഉര്‍വശിപ്പട്ടം ലഭിച്ച ‘സ്വയംവര’ത്തിലും നായകന് ഞാനായിരുന്നു. തുലാഭാരം, സ്വയംവരം, ആഭിജാത്യം, കാക്കത്തമ്പുരാട്ടി, ഗന്ധര്‍വക്ഷേത്രം, തീര്‍ത്ഥയാത്ര, തെക്കന്‍കാറ്റ്, ഇതാ ഇവിടെ വരെ, ഇതാണെന്റെ വഴി, ആരാധന, സൊസൈറ്റി ലേഡി, അകലങ്ങളില്‍ അഭയം, അസ്തമയം തുടങ്ങി അമ്മയ്ക്കൊരു താരാട്ടുവരെ ഒട്ടനവധി ചിത്രങ്ങളില്‍ ശാരദ എന്റെ നായികയായി.
ഞാനും ജയഭാരതിയും ഒന്നിച്ച മിക്കചിത്രങ്ങളും വന്‍ സാമ്പത്തികവിജയം നേടിയവയായിരുന്നു. പക്ഷേ, എന്റെ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് ശ്രീവിദ്യയാണ്. ഞങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു മത്സരം നിലനില്‍ക്കുന്നുണ്ടോ എന്നു തോന്നുംവിധമാണ് അഭിനയിച്ചിരുന്നതെന്നു പലരും രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്കൊപ്പം അഭിനയിച്ച ഏറെ നായികമാരും ‘ഹീറോയിന്സാ’യിരുന്നു. പക്ഷേ, ശ്രീവിദ്യ ശരിക്കും ഒരു സമ്പൂര്‍ണ ആര്‍ട്ടിസ്റ്റായിരുന്നു. നൃത്തമായിക്കോട്ടെ, അഭിനയമായിക്കോട്ടെ, സംഗീതമായിക്കോട്ടെ ഏതിലും മുന്നില്‍തന്നെയായിരുന്നു ശ്രീവിദ്യ. ‘എ റിയല്‍ ആര്‍ട്ടിസ്റ്റ്’. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ഏതുമാകട്ടെ അവരഭിനയിച്ച ഒറ്റ ചിത്രത്തിലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടില്ല. ഏതു കഥാപാത്രമായും മാറാനുള്ള അഭിനയ വൈദഗ്ധ്യം ശ്രീവിദ്യക്കുണ്ടായിരുന്നു. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്തുകൂട്ടണമെന്ന അത്യാഗ്രഹമൊന്നും ശ്രീവിദ്യക്കുണ്ടായിരുന്നില്ല. മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ‘അഭിനേത്രി’ എന്നു വിളിക്കാവുന്ന അപൂര്‍വം ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. ഞാനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ച പല ചിത്രങ്ങളുടെയും വന്‍ വിജയത്തിനു പിറകില്‍ ആകാരപ്പൊരുത്തം ഒരു ഘടകമായിരിക്കാം. ശ്രീവിദ്യ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ സഹിക്കുകയായിരുന്നുവെന്നു വളരെ വൈകിയാണ് ഞാനറിഞ്ഞത്. അവരുടെ വിവാഹജീവിതവും ഏറെ വേദനകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഞാന്‍ പിന്നീടാണറിയുന്നത്. ഒടുവില്‍ ജീവിതത്തിലെ വേദനകളും രോഗപീഢകളും കടന്ന് ശ്രീവിദ്യ പോയി.
