April 2019

You Are Here: Home / April 2019

കണ്ണീരിന്റെ ചിരി
– മോഹന്‍ലാല്‍

Categories:
നെറ്റിത്തടത്തിൽ ഒരു തൂവാലക്കെട്ട്, വേഷം കൈലി മുണ്ടും ബനിയനും. ഒരു ബീഡിപ്പുക കൂടി ഊതിവിട്ടുകൊണ്ട് എനിക്കു മുന്നിൽ പലപ്പോഴും ഈ രൂപത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോൾ ഷൂട്ടിങ് കാണാനെത്തുന്ന ആൾക്കൂട്ടത്തിനിടയിൽ, അല്ലെങ്കിൽ നഗരത്തിലെ ജനപ്രവാഹത്തിൽ, അതുമല്ലെങ്കിൽ കുഗ്രാമങ്ങളിലെ നാട്ടുകവലകളിൽ. അതെ, യാദൃച്ഛികമായി കണ്ടുമുട്ടാറുള്ള ചില നാടൻ മനുഷ്യരിലൂടെ കുതിരവട്ടം പപ്പുവേട്ടന്റെ ഓർമകൾ അവിചാരിതമായി എന്നെ വന്നുപൊതിയാറുണ്ട്. മൺമറഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഏതൊക്കെയോ മനുഷ്യരൂപങ്ങളായി പപ്പുവേട്ടൻ എനിക്കു മുൻപിൽ വരാറുണ്ട്. ആ ചിരിയും ദേഷ്യപ്പെടലുകളും സങ്കടങ്ങളുമെല്ലാം അപ്പോൾ ഓർമയിൽ തളംകെട്ടും. ‘മഞ്ഞിൽവിരിഞ്ഞ പൂക്കളി’ൽ ഞാനഭിനയിക്കുമ്പോൾ പപ്പുവേട്ടൻ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. അദ്ദേഹമില്ലാത്ത ചിത്രങ്ങൾ തന്നെ വിരളമായിരുന്നു. ‘അങ്ങാടി’ തിയേറ്ററുകളിൽ തകർത്തോടുന്ന കാലം. കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയസാധ്യതകൾ ഏറെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു അങ്ങാടി. അതിലെ അബു എന്ന അദ്ദേഹത്തിന്റെ കഥാപാത്രം ജീവിതത്തിന്റെ നേർപകർപ്പായിരുന്നു. ”പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക്…” എന്ന അങ്ങാടിയിലെ ഗാനം പപ്പുവേട്ടന്റെ മുഖഭാവങ്ങളോടെയാണ് മനസിലേക്ക് ഓടിയെത്താറുള്ളത്. അത്രമാത്രം അബുവുമായി അദ്ദേഹത്തിലെ നടൻ ഇഴുകിച്ചേർന്നിരുന്നു. മഞ്ഞിൽവിരിഞ്ഞ പൂക്കൾ കഴിഞ്ഞ് രണ്ടുമൂന്നു ചിത്രങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും പപ്പുവേട്ടനുമായി ഒന്നിക്കുന്നത്. 1981-ലെ ഒരു പകൽവെളിച്ചത്തിൽ കോഴിക്കോട് നഗരം ആദ്യമായി എനിക്ക് ആതിഥ്യമരുളുന്നത് ഗൃഹലക്ഷ്മി പ്രൊക്ഷൻസിനുവേണ്ടി ഐ.വി. ശശി സംവിധാനം ചെയ്ത ‘അഹിംസ’യുടെ ലൊക്കേഷനിലേക്കാണ്. കോഴിക്കോട് നഗരവും തെരുവുകളുമൊക്കെയായിരുന്നു മുഖ്യ ലൊക്കേഷനുകൾ. പുതിയ സൗഹൃദങ്ങളുടെയും പുത്തൻ അനുഭവങ്ങളുടെയും വാതിൽ അഹിംസ എനിക്കു മുൻപിൽ തുറന്നു. അതിനു മുൻപ് അത്രയും വിശാലമായ ഒരു സൗഹൃദവേദിയിലേക്ക് ഞാൻ എത്തിച്ചേർന്നിരുന്നില്ല. കോഴിക്കോടൻ നാടകവേദിയെ പ്രകമ്പനം കൊള്ളിച്ച പരിചയവുമായി സിനിമയിലെത്തിയവരുടെ വലിയ നിര അഹിംസയിലുണ്ടായിരുന്നു. ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്‌കരൻ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, ഭാസ്‌ക്കരക്കുറുപ്പ്… അങ്ങനെ അങ്ങനെ ഒരുപാട് പ്രതിഭകളുടെ സർഗസാന്നിധ്യത്തിലേക്കാണ് അന്നു ഞാൻ എത്തിപ്പെട്ടത്. പുതുമുഖമെന്ന ഭേദമില്ലാതെ അവർ എന്നെയും ആ കൂട്ടായ്മയിലേക്കു കൂട്ടി. പ്രായഭേദമില്ലാതെ സൗഹൃദം പങ്കിട്ടിരുന്ന ആളായിരുന്നു പപ്പുവേട്ടൻ. അദ്ദേഹം സെറ്റിലുണ്ടെങ്കിൽ ചിരിയുടെ പൂരമായിരിക്കും. അഭ്രപാളിയിലൂടെ മാത്രം അനുഭവിച്ച ആ ചിരി ഞാൻ നേരിൽ അറിയുന്നത് അഹിംസയിൽ അഭിനയിക്കുമ്പോഴാണ്. എനിക്കതിൽ വില്ലൻ വേഷമായിരുന്നു. പപ്പുവേട്ടന് അലക്കുകാരന്റെ വേഷവും. സൗഹൃദത്തിന്റെ വലിയൊരു തണൽമരം കൂടിയാണ് പപ്പുവേട്ടനിലൂടെ എനിക്കു ലഭിച്ചത്. അങ്ങാടിയിലെ പാട്ടുപോലെ അഹിംസയിലും പപ്പുവേട്ടൻ അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമുണ്ടായിരുന്നു. ”ഞാനൊരു ടോബി… അലക്കുജോലി, ഈ നാട്ടുകാരുടെ വിയർപ്പുമുഴുവൻ…” എന്ന് തുടങ്ങുന്ന ഗാനം ചെറിയകുട്ടികൾക്ക് പോലും അന്ന് കാണാപാഠമായിരുന്നു. കഥാന്ത്യത്തിൽ വില്ലനായ ഞാൻ കൊല്ലപ്പെടുന്നത് പപ്പുവേട്ടന്റെ കൈ കൊണ്ടാണ്. അഹിംസക്കു ശേഷം നിരവധി ചിത്രങ്ങളിൽ ഞങ്ങളൊന്നിച്ചു. സിനിമയിൽ വില്ലനായി തുടങ്ങിയ എന്റെ അഭിനയജീവിതത്തിലെ വളർച്ചയുടെ ഓരോ ഘട്ടവും മൂത്ത ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹത്തോടെയാണ് പപ്പുവേട്ടൻ നോക്കി കണ്ടത്. ജീവിതത്തിൽ പല പരുക്കൻ പ്രതലങ്ങളിലൂടെ കടന്നുപോയതിന്റേതാകാം ഒരസാമാന്യ ധൈര്യം പപ്പുവേട്ടനിൽ എപ്പോഴുമുണ്ടായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളേക്കാളും സംഭവബഹുലമായിരുന്നു ആ ജീവിതമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയ്ക്കിടയിലെ സൗഹൃദവേളകളിൽ, കടന്നുപോയ കഠിനജീവിതത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം എന്നോട് മനസുതുറന്നിട്ടുണ്ട്. ജനിച്ച് നാൽപ്പതാം നാൾ അച്ഛന്റെ മരണം. പതിനാറാമത്തെ വയസിൽ അമ്മയുടെ വേർപാട്. പിന്നീടുള്ള ജീവിതം അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നടുവിൽ. ആശ്വാസമായത് നാടകാഭിനയം മാത്രം. നാടകത്തിൽ അഭിനയിക്കാൻ ഒരു അവസരത്തിനുവേണ്ടി പല വലിയ നടന്മാരോട് വരെ യാചിക്കേണ്ടി വന്ന അവസ്ഥ. നാടകട്രൂപ്പിൽ കർട്ടൻ വലിക്കാരാനായി തുടങ്ങിയ ആ കലാജീവിതം എന്തുമാത്രം തീക്ഷ്ണതകളിലൂടെയാണെന്ന് കടന്നുപോയതെന്ന് ഊഹിക്കാൻപോലും കഴിയില്ല. ചിലപ്പോഴൊക്കെ പപ്പുവേട്ടൻ പറയും ”ഈ ചിരി കണ്ണീരിന്റെയാണു മോനേ…” അതു തന്നെയായിരുന്നു യാഥാർത്ഥ്യവും. സിനിമയിലായാലും നാടകത്തിലായാലും പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചവർക്കെല്ലാം പറയാനുണ്ടാകും കണ്ണീരിന്റെ ഒരു ഭൂതകാലം.

Sheelu Abraham Rising Star of Mollywood
ഷീലു എബ്രഹാം / പി. ടി. ബിനു

Categories:
* വിഷു വിഷുദിനങ്ങള്‍ കണിക്കൊന്ന പൂക്കളുടെ കാലമാണ്. കണിക്കൊന്നകള്‍ പൂത്തുനില്‍ക്കുന്നതു കാണുന്നതുതന്നെ മനസിനു കുളിര്‍മയാണ്. കണിക്കൊന്ന ഐശ്വര്യത്തിന്‍റെ പ്രതീകമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂവും കണിക്കൊന്നയാണ്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എന്‍റെ വിഷു ഓര്‍മകള്‍ അയല്‍ക്കാരുടെ ആഘോഷങ്ങളാണ്. അവരുടെ വീട്ടില്‍ പോകും. സദ്യയും പായസുമെല്ലാം കഴിക്കും. ഹിന്ദു കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോള്‍, അവിടെ വിഷുക്കണി ഒരുക്കിവച്ചിരിക്കുന്നതു കാണുമ്പോള്‍ ഉള്ളില്‍ ഒരു പോസിറ്റീവ് എനര്‍ജി തോന്നും. കുട്ടിക്കാലത്ത് ചാച്ചന്‍ വിഷുക്കൈനീട്ടം തരുമായിരുന്നു. നാട്ടുശീലങ്ങളില്‍ കണ്ടിട്ടാകാം, ചാച്ചനും ഞങ്ങള്‍ കുട്ടികള്‍ക്ക് കൈനീട്ടം തരും. വിഷു, ഓണം, ക്രിസ്മസ് പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളൊക്കെ വരുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടും. അതെല്ലാം സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും വലിയ കൂടിച്ചേരലുകളാണ്. ഇപ്പോള്‍, ആഘോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലാണല്ലോ. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. പഴമയെയും പാരമ്പര്യങ്ങളെയും വിട്ടുകളയരുതെന്നാണ് എന്‍റെ അഭിപ്രായം. * സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയയുടെ അതിരുകടന്ന ഉപയോഗം കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും അകല്‍ച്ച ഉണ്ടാക്കുന്നുണ്ട്. ഇക്കാലത്ത് എല്ലാവരും ഉറക്കമുണരുന്നതേ സോഷ്യല്‍ മീഡിയയിലേക്കാണ്. അകലെയിരിക്കുന്നവര്‍ക്ക് ഗുഡ്മോണിങ് വിഷസ് അയയ്ക്കുന്നതൊക്കെ തെറ്റില്ല. പക്ഷേ, വീട്ടിലുള്ള അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും ഗുഡ്മോണിങ് പറയാതെ മറ്റുള്ളവരോടു ചാറ്റ് ചെയ്തിട്ട് എന്തു കിട്ടാന്‍. റസ്റ്റോറന്‍റില്‍ ഒരു ഫാമിലി ഭക്ഷണം കഴിക്കാന്‍ വന്നാല്‍ മാതാപിതാക്കളുടെ മക്കളുടെയും കൈയില്‍ കാണും ഫോണ്‍. കുടുംബാംഗങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന്, പരസ്പരം മിണ്ടാതെ സോഷ്യല്‍ മീഡിയ നോക്കിയിരിക്കുന്നത് എന്തു കഷ്ടമാണ്. ആളുകളില്‍ നിന്ന് സ്നേഹവും ആത്മാര്‍ത്ഥതയുമെല്ലാം അകന്നുപോയിരിക്കുന്നു. ഇക്കാലത്തെ ആളുകള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതായി തോന്നും. * പുതിയ ചിത്രങ്ങള്‍ ഈ വര്‍ഷം നാലു ചിത്രങ്ങളാണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. നാലിന്‍റെയും ഷൂട്ടിങ് പുരോഗമിക്കുന്നു. ദിലീപേട്ടന്‍ നായകനാകുന്ന ‘ശുഭരാത്രി’. അതില്‍ ഡോക്ടറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഡോക്ടറുടെ പേര് ഷീല എബ്രഹാം എന്നാണ്. എന്‍റെ പേരുമായി സാമ്യമുള്ള പേര്. നല്ല ക്യാരക്ടര്‍ ആണിത്. ഞാന്‍ ചെയ്ത മറ്റു സിനികളിലെപ്പോലെ നല്ല കഥാപാത്രം. ദിലീപേട്ടനൊപ്പം സിദ്ധീഖ് ഇക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതു ഭാഗ്യമായി കാണുന്നു. മറ്റൊരു ചിത്രം, ‘പട്ടാഭിരാമന്‍’. ജയറാമേട്ടനാണ് ചിത്രത്തിലെ നായകന്‍. ഞാന്‍ രണ്ടാമത്തെ പ്രാവശ്യമാണ് ജയറാമേട്ടന്‍റെ നായികയാകുന്നത്. ആടുപുലിയാട്ടത്തില്‍ ജയറാമേട്ടന്‍റെ ജോഡിയായി അഭിനയിച്ചിരുന്നു. ആടുപുലിയാട്ടത്തിന്‍റെ ടീമാണ് പട്ടാഭിരാമനില്‍. കോമഡിക്കു പ്രധാന്യമുള്ള സിനിമയാണ്. നല്ലൊരു മേസേജ് ഉള്ള സിനിമയായിരിക്കും പട്ടാഭിരാമന്‍. നമ്മുടെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന വിഷയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍ മല്ലു’ എന്ന ചിത്രത്തില്‍ വേഷമിട്ടു. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രവാസജീവിതവുമായി ബന്ധപ്പെട്ട സ്റ്റോറിയാണ് ‘അല്‍ മല്ലു ‘ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. നാലാമത്തെ ചിത്രമാണ് ‘അമിഗോസ്’. ശബരീഷും കൃഷ്ണശങ്കറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മീരാ തമ്പി ഐ.പി.എസ് എന്ന പോലീസ് ഓഫിസറെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. * കുറച്ചു ചിത്രങ്ങള്‍, നല്ല കഥാപാത്രങ്ങള്‍ കുറച്ചു ചിത്രങ്ങളാണു ചെയ്തിട്ടുള്ളത്. അതില്‍ കിട്ടിയതെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനൊന്നും ഒരുപാടു കഥാപാത്രങ്ങള്‍ എനിക്കു കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. ഒരു കഥ കേള്‍ക്കുമ്പോള്‍ നമുക്കെന്താണ് ചെയ്യാന്‍ പറ്റുന്നതെന്നു നോക്കും. അതാണു ഞാന്‍ ശ്രദ്ധിക്കുക. * സിനിമാ നിര്‍മാതാവും പ്രമുഖ ബിസിനസുകാരനുമാണ് ഭര്‍ത്താവ് എബ്രഹാം മാത്യു. സ്വന്തം പ്രൊഡക്ഷനില്‍ മാത്രമാണോ അഭിനയം സ്വന്തം പ്രൊഡക്ഷനില്‍ (അബാം മൂവീസ്) മാത്രമാണ് അഭിനയിക്കുക എന്നതു മറ്റുള്ളവരുടെ തെറ്റായ ധാരണയാണ്. ആടുപുലിയാട്ടം അബാം മൂവീസ് നിര്‍മിച്ചതല്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന അല്‍ മല്ലു, അമിഗോസ് ഇതെല്ലാം പുറത്തെ സിനിമകളാണ്. അങ്ങനെയൊരു ധാരണ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, അതെല്ലാം മാറിവരുന്നു. പ്രേക്ഷകരുടെ അംഗീകാരം മാത്രം പോരാ, സിനിമയിലുള്ളവരാണ് വേഷങ്ങള്‍ തരേണ്ടത്.  

നെടുമുടിയുടെ വിഷുവിചാരങ്ങള്‍
നെടുമുടി വേണു

Categories:
വിഷുത്തലേന്നുള്ള രാത്രി, കിടക്കുന്നതിനു മുമ്പായി അമ്മ തേച്ചുകഴുകി വൃത്തിയാക്കിവച്ച പിച്ചളത്താലം. വാല്‍ക്കണ്ണാടിയും വെള്ളരിക്കയും അലക്കിയ മുണ്ടും സ്വര്‍ണമാലയും പഴങ്ങളും ഗ്രന്ഥവും നിറഞ്ഞ ഉരുളിയ്ക്കരുകില്‍ കൊന്നപ്പൂക്കള്‍ക്കൊണ്ടലങ്കരിച്ച ബാലഗോപാലന്‍റെ പ്രതിമ. അഞ്ചുതിരിയിട്ടു കത്തിച്ചുവച്ച നിലവിളക്കിന്‍റെ സ്വര്‍ണപ്രഭ. ‘പുത്തന്‍വരിഷത്തില്‍ പുലരിക്കണി കാണാന്‍’ അമ്മ മക്കളെ വിളിച്ചുണര്‍ത്തും. കാലും മുഖവും കഴുകിച്ച്, ഭസ്മം തൊടുവിച്ച്, കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തും. ശുഭപ്രതീക്ഷയോടെ അമ്മ ഒരുക്കിയ വിഷുക്കണി കണ്ടശേഷം മക്കള്‍ക്ക് അഞ്ചുപേര്‍ക്കും അച്ഛന്‍റെ വിഷുക്കൈനീട്ടം – അതൊരു കാലം. ഞാന്‍ തനി നാട്ടുമ്പുറത്തുകാരനാണ്. നെടുമുടിക്കാരന്‍. വള്ളവും വെള്ളവും വയലുകളും നിറഞ്ഞ കുട്ടനാടന്‍ ഗ്രാമഭൂമികയില്‍ നിന്നു സിനിമയുടെ ലോകത്തേക്കു കടന്നുവന്ന എനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ആഘോഷം വിഷുവാണ്. ലൊക്കേഷനില്‍ നിന്നും ലോക്കേഷനിലേക്കുള്ള യാത്രക്കിടയിലും വിഷുവാഘോഷം അദ്ദേഹം മാറ്റിനിര്‍ത്താറില്ല. കൊന്ന ഇപ്പോള്‍ നേരത്തെ പൂക്കുന്നുണ്ടല്ലേ? കൊന്നപ്പൂക്കള്‍ കാണുമ്പോള്‍ത്തന്നെ മനസിനു വല്ലാത്തൊരു കുളിര്‍മയാണ്. കടുത്ത വേനലിനിടയിലും ഹൃദയഹാരിയായ ഒരു വിഷുക്കണിപോലെയാണത്. ഓണവും വിഷുവും ബക്രീദും ക്രിസ്തുമസുമെല്ലാം എനിക്കു പ്രിയപ്പെട്ട ആഘോഷങ്ങളാണ്. എങ്കിലും വിഷുവിനോടാണ് കൂടുതല്‍ ഇഷ്ടം. അത് എന്‍റെ കുട്ടിക്കാലത്തു തുടങ്ങിയതാണ്. പരീക്ഷ കഴിഞ്ഞ് സ്കൂള്‍ അടച്ചശേഷമുള്ള ഒരു ശ്വാസം വിടലാണത്. മാമ്പൂക്കളുടെ ഗന്ധവും കൊന്നപ്പൂവിന്‍റെ സുവര്‍ണസ്മിതവും വിഷുപ്പക്ഷിയുടെ പാട്ടും എല്ലാം ചേര്‍ന്ന് ഒരു പുതിയലോകത്തായിരിക്കും. ഇന്നതിന്‍റെ ശോഭയ്ക്ക് അല്‍പ്പം മങ്ങലേറ്റോ എന്ന് ഞാനും സംശയിക്കുന്നു. എങ്കിലും വിഷു ഇന്നും നമുക്ക് മാറ്റിനിര്‍ത്താനാകാത്ത ആഘോഷമാണ്. ഷൂട്ടിങ്ങിന്‍റെ തിരക്കുകള്‍ക്കിടയിലും വിഷു എന്നെ വീട്ടിലെത്തിച്ചിരിക്കും. നമ്മുടെ പൂര്‍വികന്മാരാല്‍ ആചരിച്ചുപോരുന്ന പല ആഘോഷങ്ങളുമുണ്ടെങ്കിലും അവ പലതും ചിട്ടപ്പടി ആഘോഷിക്കാന്‍ പറ്റാറില്ലെന്നുമാത്രം എങ്കിലും കണികാണലും കൈനീട്ടം നല്‍കലുമൊക്കെ ഞാനും തുടര്‍ന്നുപോരുന്നുണ്ട്.   *ആദ്യത്തെ വിഷുക്കൈനീട്ടം അച്ഛന്‍റെ കൈയില്‍ നിന്നാണ് വിഷുക്കൈനീട്ടം ആദ്യം കിട്ടിയത്. കുട്ടിക്കാലത്ത് എല്ലാ വിഷുവിനും അച്ഛന്‍ മുടങ്ങാതെ തരാറുള്ള നാണയം ശരിക്കും ഒരു ദക്ഷിണയാണ്. ഇന്ന് ഞാനതെന്‍റെ മക്കള്‍ക്കു കൊടുക്കുന്നു. ഷൂട്ടിങ് സ്ഥലത്താണ് വിഷു ആഘോഷിക്കേണ്ടിവരുന്നതെങ്കില്‍ എന്നേക്കാള്‍ ഇളപ്പമുള്ളവര്‍ക്ക് ഞാന്‍ വിഷുക്കൈനീട്ടം നല്‍കാറുണ്ട്. അതു പലരും സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. പഴയ തലമുറയ്ക്ക് ഓട്ടക്കാലണയും അരയണയും ഒരണയുമൊക്കെയായി നിറഞ്ഞ മനസോടെ കാരണവന്മാര്‍ നല്‍കിയിരുന്ന വിഷുക്കൈനീട്ടം ഇന്ന് വന്‍തുക പോക്കറ്റ് മണിയായി നല്‍കുന്നതു വരെയെത്തി. പക്ഷേ, അതിലൊന്നും അത്ഭുതപ്പെടാനില്ല. വാഴയിലയില്‍ ഊണുകഴിക്കണമെന്നായിരുന്നു പണ്ടത്തെ ചിട്ട. ഇന്നത് പേപ്പര്‍വാഴയിലവരെയെത്തിയില്ലേ? കാലം ഫാസ്റ്റാവുകയാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതരീതിയിലും ആഘോഷങ്ങളിലുമെല്ലാം ഉണ്ടാവും. അതില്‍ വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവുമില്ല. എങ്കിലും ഇത്തരം ആഘോഷങ്ങളില്‍ പുത്തനണിയാനും ഓര്‍മ പുതുക്കാനും വീട്ടില്‍ വിഷുക്കണിയൊരുക്കാനും മറക്കാത്തവര്‍ ഉണ്ടാകുന്നതുതന്നെ വലിയൊരു ആശ്വാസമാണ്. അവരുടെ മനസിലെങ്കിലും ഇത്തിരി കൊന്നപ്പൂവും ഗ്രാമത്തിന്‍ മണവും മമതയും അവശേഷിക്കുന്നുണ്ടല്ലോ? അമ്മയുണ്ടാക്കിയ സദ്യയുടെ രുചി ഇപ്പോഴും നാവില്‍ തുമ്പിലുണ്ട്. കണിവയ്ക്കുന്നതും സദ്യയുണ്ടാക്കുന്നതുമെല്ലാം അമ്മയായിരുന്നു. ഞങ്ങള്‍ അഞ്ച് ആണ്‍മക്കളായതുകൊണ്ട് എല്ലാവരുടെയും പ്രായപരിധിയില്‍പ്പെട്ട സുഹൃത്തുക്കള്‍ എപ്പോഴും വീട്ടിലുണ്ടാകും. അവരൊക്കെ അമ്മയുടെ കൈപ്പുണ്യം അറിഞ്ഞവരാണ്. സമയം കിട്ടുമ്പോഴൊക്കെ അമ്മയെ പോയിക്കാണാറുണ്ടായിരുന്നു. ഇപ്പോള്‍ നെടുമുടിയിലെത്താന്‍ ഒട്ടും പ്രയാസമില്ലല്ലോ. പണ്ടങ്ങനെയായിരുന്നില്ല. ബോട്ടിലും വള്ളത്തിലുമൊക്കെയായി ഒരു പാടു ദൂരം കാല്‍നടയായി യാത്ര ചെയ്തുവേണം നെടുമുടിയിലെത്താന്‍. അന്ന് നെടുമുടിക്കാരെയെല്ലാവരെയും നന്നായി അറിയാം. വീട്ടിലെത്തും മുമ്പ് എത്ര പേരോടാണ് സംസാരിക്കേണ്ടിവരിക. ഇന്ന് വീടിന്‍റെ മുറ്റംവരെ വാഹനമെത്തും. എന്‍റെ പല കഥാപാത്രങ്ങളുടെയും സ്വാഭാവിക രീതികളും മറ്റും എനിക്കു ഗ്രാമത്തില്‍ നിന്നും കിട്ടിയതാണ്. നെടുമുടിയില്‍ നിന്നും തിരുവനന്തപുരത്തെ ‘തമ്പി’ ലെത്തുമ്പോഴും നെടുമുടിക്കാരനായ എന്‍റെ ജീവിതരീതികളിലൊന്നും ഒരു മാറ്റവുമില്ല. ഒരു തനി ഗ്രാമീണമനസ് എപ്പോഴും സൂക്ഷിക്കുന്നു.  

GOKUL SURESH Young Super Star
സുനിത സുനില്‍

Categories:
* താരപുത്രന്‍, എന്നിട്ടും നിശബ്ദമായ അരങ്ങേറ്റം എന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മിക്ക താരങ്ങളും കരിയറിന്‍റെ ആദ്യകാലത്ത് ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ആ ഒരു ഊര്‍ജം അവരുടെ സിനിമകളിലുമുണ്ട്. അവരെപ്പോലെ, സ്വന്തം വഴിയിലൂടെ തന്നെ സിനിമയില്‍ നിലനില്‍ക്കണമെന്നാണു ഞാന്‍ വിചാരിക്കുന്നത്. എന്‍റെ സിനിമകളുടെ മാര്‍ക്കറ്റിങ്ങിന്‍റെയോ പ്രമോഷന്‍റെയോ കാര്യത്തില്‍ അച്ഛന്‍ ഇടപെടാറില്ല. * ആദ്യ സിനിമ കണ്ട അച്ഛന്‍റെ പ്രതികരണം അടുത്ത സമയത്താണ് അച്ഛന്‍ സിനിമ കണ്ടത്. വരുത്തേണ്ട കുറെ മാറ്റങ്ങള്‍ പറഞ്ഞുതന്നു. ഇനിയും നന്നാകാനുണ്ടെന്നും പറഞ്ഞു. ഇര ഇതുവരെ അച്ഛന്‍ കണ്ടിട്ടില്ല. സിനിമയെക്കുറിച്ചു നല്ല അഭിപ്രായമാണ് കേട്ടതെന്നു പറഞ്ഞു. അച്ഛനു സന്തോഷമായിക്കാണും. വൈപ്പിന്‍ കരയിലെ കൂട്ടുകാരന്‍റെ വീടിനടുത്തുള്ള തിയറ്ററില്‍നിന്നാണ് ഞാന്‍ ഇര കണ്ടത്. മാസ്റ്റര്‍പീസ് കണ്ടതും അവിടുന്നാണ്. ഇവിടെ സിനിമ കാണാന്‍ എത്തുന്നത് വേറൊരു ക്ലാസ് ഓഡിയന്‍സാണ്. അവരുടെ ഒരു വൈബ് അറിയാനാണ് വൈപ്പിനില്‍ തന്നെ സിനിമ കാണാന്‍ പോകുന്നത്. * സിനിമയിലെത്തിയില്ലെങ്കില്‍ സിനിമയില്‍ എത്തുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ചെറുപ്പത്തില്‍ തെരുവുനാടകവും കഥകളിയുമൊക്കെ ചെയ്യുമായിരുന്നു. സിനിമ ഒരിക്കലും എന്‍റെ ലോകമായിരുന്നില്ല. എങ്കിലും ഇവിടെ എത്തിപ്പെട്ടു. സിനിമ തന്നെയാണ് എന്‍റെയും ചോറ്. സിനിമയില്‍ നിന്നുള്ളതേ ഞങ്ങള്‍ക്കു കിട്ടിയിട്ടുള്ളു. വേറൊരു ബിസിനസിലൂടെയുള്ള ലൈഫൊന്നും എന്‍ജോയ് ചെയ്തിട്ടില്ല. ആ ഒരു കൂറ് എനിക്ക് സിനിമയോടുണ്ട്. എവിടെപ്പോയാലും എങ്ങനെ ജീവിച്ചാലും അതേപടി നിലനിലനില്‍ക്കുക തന്നെ ചെയ്യും. * കഥാപാത്രങ്ങള്‍ക്കു പ്രാധാന്യം നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നുമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്‍റേത് അതിഥിവേഷമാണ്. പുതിയതായി ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ സഹതാരം. അഭിനയ പ്രാധാന്യമുള്ള വേഷമാണെന്നു തോന്നി തെരഞ്ഞെടുത്തു. സിനിമയിലേക്കുള്ള ചവിട്ടുപടി ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും. ഒരാള്‍ വലുതാകണോ ചെറുതാകണോ എന്നൊക്ക തീരുമാനിക്കുക പ്രേക്ഷകര്‍ ആണ്. * അച്ഛനും മോഹന്‍ലാലും ഒന്നിച്ച ഇരുപതാംനൂറ്റാണ്ടിനു ശേഷം മക്കള്‍ ഒന്നിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇരുപതാംനൂറ്റാണ്ട് ഒരു പക്കാ ഡോണ്‍ മൂവി ആയിരുന്നു. ഈ സിനിമയുടെ ടാഗ് ലൈനില്‍ തന്നെയുണ്ട് ഇതൊരു ഡോണ്‍ മൂവി അല്ലെന്ന്. അതിന്‍റെ രണ്ടാം ഭാഗവും അല്ല. അച്ഛനും ലാല്‍ സാറും അത്രമാത്രം ഗംഭീരമായി അഭിനയിച്ച ചിത്രത്തെക്കുറിച്ച് ഞാന്‍ എന്തു പറയാനാണ്. അതിനുള്ള കഴിവ് എനിക്കില്ല. അവരുമായി ഏതെങ്കിലും തരത്തില്‍ പോലും താരതമ്യപ്പെടുത്താന്‍ ഞാന്‍ വളര്‍ന്നിട്ടില്ല. * പ്രണവിനൊപ്പം അച്ഛന്‍ സിനിമയില്‍ വലിയ താരമായിരുന്നെങ്കിലും എനിക്ക് സിനിമയുമായോ സിനിമാലോകവുമായോ വ്യക്തിപരമായി വലിയ ബന്ധങ്ങളുണ്ടായിരുന്നില്ല. പ്രണവുമായി എനിക്കു വ്യക്തിപരമായി വലിയ അടുപ്പമില്ല. ആകെ അടുപ്പം അശ്വതി അപ്പച്ചിയുമായി (നടന്‍ ജയറാമങ്കിളിന്‍റെ വൈഫിനെ അപ്പച്ചി എന്നാണ് വിളിക്കുന്നത്) ആണ്. വളരെ സിംപിള്‍ ആയ വ്യക്തിയാണ് പ്രണവ്. സാധാരണ രണ്ടു മനുഷ്യര്‍ കാണുമ്പോഴുള്ള സംസാരം മാത്രം. മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളിലേക്ക് അധികം സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തി ആയതുകൊണ്ട് ഞാന്‍ പ്രണവിനെ അദ്ദേഹത്തിന്‍റെ ലോകത്തിലേക്കു വിട്ടു. * ആളുകളുടെ പ്രതികരണം സിനിമയില്‍ വരുന്നതിനു മുമ്പ് ലാവിഷായി പുറത്തു ചുറ്റിയടിക്കാമായിരുന്നു. സിനിമയിലെത്തിയ ശേഷം ആളുകള്‍ തിരിച്ചറിയുന്നു എന്നതാണ് വ്യത്യാസം. എന്‍റെ സ്വാതന്ത്ര്യം അവിടെ പോയി. ചിലരൊക്കെ അടുത്തുവന്നു സംസാരിക്കും. അപ്പോള്‍ ഞാന്‍ അവരോടുപറയും, സിനിമയില്‍ വലിയ സംഭവമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ എന്ന്. * അച്ഛനെ പോലെ മാര്‍ക്കറ്റിങ്ങില്‍ താത്പര്യം ഇല്ലെന്ന് തോന്നുന്നു ഞാന്‍ സെല്‍ഫ് മാര്‍ക്കറ്റിങ്ങുമായി വരുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടോ? എനിക്കു വേണ്ടി അച്ഛന്‍ പോലും അങ്ങനെ ചെയ്തിട്ടില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ പോലും എന്നെ വിളിക്കുന്നത് സിനിമ ചെയ്തതു കൊണ്ടാണ്. എന്‍റെ കരിയറില്‍ ഒരിടവേള വന്നാലോ ഞാന്‍ നാളെ സിനിമയില്‍ നിന്നു പോയാലോ ആരും തേടി വരില്ല, അത്രയും അടുപ്പമുള്ളവര്‍ അല്ലാതെ. അതുകൊണ്ട് മാര്‍ക്കറ്റിങ്ങില്‍ ഒന്നും ഒരു കാര്യവുമില്ല. അച്ഛന്‍റെ മകന്‍ എന്നത് ബാധ്യത അല്ല. അതെനിക്ക് പറയാന്‍ പറ്റാത്ത വികാരം ആണ്. ആദ്യ ചിത്രം വന്നത് അങ്ങനെയൊരു ടാഗ് ലൈനിലായിരുന്നു. പക്ഷേ, അത് ചെയ്യണോ വേണ്ടയോ എന്നത് എന്‍റെ തീരുമാനം ആയിരുന്നു. ഒരു തുടക്കക്കാരനേ പോലെ തന്നെയാണു ഞാനും. ആദ്യ സിനിമയ്ക്കു ശേഷം പിന്നെയും അവസരങ്ങള്‍ വന്നപ്പോള്‍ മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.  

ഒരേയൊരു ജയന്‍
മധു

Categories:
ജയനെ ഓര്‍ക്കുമ്പോള്‍ കൗതുകവും കൗതുകവും ആവേശവും വേദനയും എന്നിലൂടെ കടന്നുപോകുന്നു. ഹരിപോത്തനാണ് ജയനെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. അന്ന് ജയന്‍ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കൊല്ലത്തുകാരനാണെന്നും യഥാര്‍ഥ പേര് കൃഷ്ണന്‍ നായരാണെന്നും നേവിയിലെ ജോലി രാജിവച്ചശേഷമാണ് സിനിമയിലഭിനയിക്കാനെത്തിയതെന്നുമുള്ള ചില വര്‍ത്തമാനങ്ങള്‍ ആദ്യ പരിചയപ്പെടലില്‍ ജയനില്‍ നിന്നുണ്ടായി. പെരുമാറ്റത്തിലെ മാന്യതയും വിനയവുമാണ് ആദ്യം ജനയനിലേക്ക് എന്നെ ആകര്‍ഷിച്ചത്. ആ സ്വഭാവവിശേഷത ജയന്‍ മരണം വരെ കാത്തു സൂക്ഷിച്ചിരുന്നു. ഏവരോടും ഒരു കലാകാരനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണവും അതുതന്നെയാണ്. കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ടുതന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്‍റ്, സുധീര്‍, മോഹന്‍, രവികുമാര്‍, ഞാന്‍, പിന്നെ കമല്‍ഹാസന്‍ അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷേ, ജയന്‍റെ വില്ലന്മാര്‍ പലപ്പോഴും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ടുമായിരുന്നു. വില്ലനായും ഉപനായകനായും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും ജയന്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വേഷം എത്ര ചെറുതായാല്‍പ്പോലും അതിന് അതിന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ ജയന്‍ എപ്പോഴും ശ്രദ്ധിച്ചു. എന്‍റെ ഉമാ സ്റ്റുഡിയോവില്‍ ആദ്യം നിര്‍മിച്ച ‘അസ്തമയ’ത്തിന്‍റെ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് ജയന്‍ ഒരിക്കല്‍ കടന്നുവന്നത്. ആ ചിത്രത്തില്‍ ഒരു വേഷം നല്‍കണം എന്നാവശ്യവുമായിട്ടായിരുന്നു ആ വരവ്. കഥയില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തെ ഞാന്‍ ജയനുവേണ്ടി സൃഷ്ടിക്കുകയായിരുന്നു. വെറും നാലോ അഞ്ചോ സീനില്‍ മാത്രമൊതുങ്ങുന്ന വേഷം കോളേജിലെ എന്‍റെ സഹപാഠി. ആ വേഷം ജയന്‍ ശ്രദ്ധേയമാക്കി. ജയന്‍റെ രണ്ടുമൂന്ന് സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു. പരിചയപ്പെട്ട കാലം മുതല്‍ ജയനില്‍ എനിക്കു തോന്നിയ മറ്റൊരു സവിശേഷത അദ്ദേഹത്തിന്‍റെ ആരോഗ്യപരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്തു ദൃഢപ്പെടുത്തിയ ആ ശരീരം ജയന്‍ പൊന്നുപോലെയാണ് സൂക്ഷിച്ചത്. ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിര്‍ത്താവുന്ന നടനായിരുന്നു ജയന്‍. ഇതിനര്‍ത്ഥം ജയന്‍ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഒരുമിച്ചുചെയ്തതുകൊണ്ട് ഇക്കാര്യം എനിക്കു നന്നായിട്ടറിയാം.

നെല്ലിക്കോട് ഭാസ്കരന്‍ ജീവിതം, നാടകം, സിനിമ
ഭാനുപ്രകാശ്

Categories:
അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എ.കെ. പുതിയങ്ങാടിയുടെ  ‘പ്രഭാതം ചുവന്ന തെരുവില്‍’ എന്ന നാടകം കോഴിക്കോട് യുണൈറ്റഡ് ഡ്രാമാറ്റിക് അസോസിയേഷന്‍ അരങ്ങിലെത്തിക്കുന്നത്. യു.ഡി.എയുടെ പത്താമത് നാടകമായിരുന്നു അത്. ആ ഘട്ടത്തിലാണ് മലബാര്‍ കേന്ദ്ര കലാസമിതി തൃശൂരില്‍ വച്ച് നടത്തിയ നാടകോത്സവത്തിലേക്ക് ‘പ്രഭാതം ചുവന്ന തെരുവില്‍’ തെരഞ്ഞെടുക്കപ്പെടുന്നത്. നാടകത്തിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ മാധവനെ ആര് അവതരിപ്പിക്കും എന്നത് വലിയൊരു ചര്‍ച്ചയായി. പ്രത്ഭരായ പല നടന്മാരുടെയും മുഖങ്ങള്‍ പുതിയങ്ങാടിയുടെ മനസിലൂടെ കടന്നുപോയി. ഒടുവില്‍ നറുക്കു വീണത് പി. ഭാസ്കര്‍ എന്ന നടന്. മലബാറിലെ അമേച്വര്‍ നാടകരംഗത്ത് നിറഞ്ഞുനിന്നിരുന്ന നടനായിരുന്നു പി. ഭാസ്കര്‍. യു.ഡി.എയുടെ സ്നേഹപൂര്‍വമായ ക്ഷണം സ്വീകരിച്ച് ‘പ്രഭാതം ചുവന്ന തെരുവിലെ’ മാധവനാകാന്‍  അയാളെത്തി. പക്ഷേ, നായികയായ ആമിനയെ അവതരിപ്പിക്കാന്‍ ഒരു നടിപോലുമില്ല. അക്കാലത്ത് മിക്കവാറും നാടകങ്ങളില്‍ നടന്മാര്‍ തന്നെയായിരുന്നു സ്ത്രീവേഷം കെട്ടിയിരുന്നത്. ‘ഇനി എന്തു ചെയ്യും?’ എന്ന  പുതിയങ്ങാടിയുടെ ചോദ്യത്തിനു മുമ്പില്‍ ഭാസ്കര്‍ പറഞ്ഞു: “എ.കെ.പി വിഷമിക്കേണ്ട, നടിയെ ഞാന്‍ കൊണ്ടുവരാം.” അടുത്ത ദിവസം രാവിലെ റിഹേഴ്സല്‍ ക്യാംപിലേക്ക് നായികയെയും കൊണ്ട് ഭാസ്കറെത്തി. ‘ഇതാരാ..?’ പുതിയങ്ങാടി ചോദിച്ചു. ‘ഇത് എന്‍റെ ജീവിത നായിക, സംശയമുണ്ടോ?’ ഭാസ്കറിന്‍റെ മറുപടി. ‘കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ’ പുതിയങ്ങാടി ചോദിച്ചു. ‘അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ, മധുവിധു ആഘോഷിക്കാന്‍ പോയാല്‍ നാടകം നടക്കില്ല. നമുക്ക് റിഹേഴ്സല്‍ തുടങ്ങാം.’ ഭാസ്കറിന്‍റെ മറുപടി കേട്ട് യു.ഡി.എയുടെ പ്രവര്‍ത്തകര്‍ അമ്പരന്നു. രാപ്പകലുകള്‍ നീണ്ടുനിന്ന റിഹേഴ്സല്‍. നാടകം അരങ്ങിലെത്തി. മാധവനായി ഭാസ്കറും ആമിനയായി ഭാസ്കറിന്‍റെ ഭാര്യയും തകര്‍ത്തഭിനയിച്ചു. ഒടുവില്‍, നാടകത്തിന്‍റെ മത്സരഫലം പ്രഖ്യാപിക്കപ്പെട്ടു. മികച്ച നടന്‍: പി ഭാസ്കര്‍. പിന്നീട് പല നാടകങ്ങളിലും ഈ ദമ്പതികള്‍ വേഷമിട്ടു. പക്ഷേ, മലയാള നാടകചരിത്രത്തില്‍ പി. ഭാസ്കര്‍ എന്ന നടനെ നമുക്കു കണ്ടെത്താനാവില്ല. എന്നാല്‍, പില്‍ക്കാലത്ത് നെല്ലിക്കോട് ഭാസ്കരന്‍ എന്നു പ്രശസ്തനായ നടനായിരുന്നു പി. ഭാസ്കര്‍ എന്നറിയുമ്പോള്‍ ആദരവുകൊണ്ട് നമ്മുടെ മനസ് നിറയും. അപ്പോഴും നാടകത്തില്‍ വളരെ സജീവമായ ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് നെല്ലിക്കോട് ഭാസ്കരന്‍റെ ഭാര്യ എവിടെയും പറഞ്ഞിട്ടില്ല. രേഖപ്പെടുത്തിയിട്ടുമില്ല. ശരിക്കും പ്രഭാതം ചുവന്ന തെരുവില്‍ എന്ന നാടകത്തോടെയാണ് ഒരു നടന്‍ എന്ന നിലയില്‍ നെല്ലിക്കോട് ഭാസ്കരന്‍ ഏറെ പ്രശസ്തനാകുന്നത്. എ.കെ.ജിയുടെ അഭിനന്ദനം മലബാറിലെ നാടകവേദി ജനകീയ പ്രസ്ഥാനങ്ങള്‍ക്കു മുമ്പില്‍ ദീപശിഖയേന്തിയ കാലത്താണ് നെല്ലിക്കോട് ഭാസ്കരന്‍ എന്ന കലാകാരന്‍റെ പിറവി. നാടകമെന്നത് ജീവിതത്തിന്‍റെ തുടര്‍ച്ചയാണെന്ന് കരുതപ്പെട്ടിരുന്ന സുവര്‍ണകാലം കൂടിയായിരുന്നു അത്. നാടകം കളിച്ച് പ്രതിഫലവും വാങ്ങി വീടുകളിലേക്കു പോകുകയായിരുന്നില്ല നാടക കലാകാരന്മാര്‍. തങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ ജനകീയ വിപ്ലവങ്ങളുടെ വളര്‍ച്ചയ്ക്കു നല്‍കുന്ന പങ്കിനെക്കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. മലബാറിന്‍റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കു നാടകവും നടന്മാരും നാടകകൃത്തുക്കളുമൊക്കെ വഹിച്ച പങ്ക് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ജീവിതമുന്നേറ്റത്തിന്‍റെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയ ആ കാലഘട്ടത്തിന്‍റെ നോവും വേവും അനുഭവിച്ചറിഞ്ഞുകൊണ്ടാണ് ചുണ്ടേപ്പുനത്തില്‍ രാമന്‍നായരുടെയും പീടികപ്പുറത്ത് നാരായണിയമ്മയുടെയും മകനായി  ജനിച്ച പി. ഭാസ്കര മേനോന്‍ നെല്ലിക്കോട് ഭാസ്കരനായി വളര്‍ന്നത്. ആ ജീവിതത്തിനു പിറകില്‍ ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും നീണ്ട കഥകള്‍ ഉണ്ട്. വീട്ടിലെ ദാരിദ്ര്യം മൂലം നാലാം തരത്തില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. പിന്നെ ജീവിതനാടകത്തില്‍ എന്തെല്ലാം വേഷങ്ങള്‍. നെയ്ത്തുതൊഴിലാളി, കൈനോട്ടക്കാരന്‍, തയ്യല്‍ക്കാരന്‍, തെങ്ങുകയറ്റക്കാരന്‍, ഫോട്ടോഗ്രാഫര്‍, പൊറാട്ടുനാടകങ്ങളിലെ നടന്‍, മജീഷ്യന്‍… വീട്ടിലെ അടുപ്പു പുകയാന്‍ ഭാസ്കരന്‍ കെട്ടിയാടാത്ത വേഷങ്ങളില്ല. അപ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടി വേദികളിലെ ഗായകനായിരുന്നു അയാള്‍. 1944 ല്‍ മുതലക്കുളം മൈതാനത്തു നടന്ന അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഭാസ്കരന്‍ പാടി. ‘ഭാരതമിനിയും പരന്‍റെ കീഴില്‍ ചങ്ങലയണിയാനോ..’ ആ പാട്ടിന് ജനസാഗരം നല്‍കിയ പിന്തുണ നിറഞ്ഞ കൈയടിയായിരുന്നു. എകെജി,  ഇ.എം.എസ്, ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.സി. ജോഷി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പാര്‍ട്ടി റാലികളിലും ഭാസ്കരന്‍ പാടി: ‘കേള്‍ക്കണം ഞാനന്നൊരുനാള്‍ വോട്ടിനായിപ്പോയന്ന്…., ഇനി ഞമ്മളെ വോട്ടിക്കോഗ്രസിന് കൊടുക്കൂലാ…’ ഈ പാട്ടുകേട്ട് എ.കെ.ജി ഭാസ്കരനെ ആലിംഗനം ചെയ്തുതകൊണ്ടാണ് അഭിനന്ദിച്ചത്.  

ബേബി മോളുടെ വിശേഷങ്ങള്‍
സുനിത സുനില്‍

Categories:
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രം കണ്ടിറങ്ങിയവര്‍ ബേബിമോളെ മറക്കില്ല. നിരവധി ജനപ്രിയ ഹിറ്റുകള്‍ സമ്മാനിച്ച ബെന്നി പി. നായരമ്പലത്തിന്‍റെ മകള്‍ അന്ന ബെന്‍ ആണ് വെള്ളിത്തിരിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. പഞ്ച് ഡയലോഗുകളിലൂടെ അന്ന തിയേറ്ററില്‍ കൈയടുകയും പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തു. അന്നയുടെ വിശേഷങ്ങള്‍ * കുമ്പളങ്ങി നൈറ്റ്സ് ഓര്‍മവച്ച കാലം മുതല്‍ സിനിമ ഇഷ്ടമാണ്. പപ്പയുടെ കൂടെ ലൊക്കേഷനുകളില്‍ പോകാറുണ്ടായിരുന്നു. ബെന്നിയുടെ മകള്‍ എന്ന പരിഗണനകൊണ്ട് സിനിമയില്‍ എന്‍ട്രി എളുപ്പം ആകുമായിരുന്നിരിക്കാം. പക്ഷേ, എനിക്കെന്‍റെ കഴിവില്‍ വിശ്വാസം പോരായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ബംഗളൂരുവില്‍ ഫാഷന്‍ ടെക്നോളജി പഠിക്കുമ്പോഴും ഉള്ളില്‍ എവിടെയോ സിനിമ ആയിരുന്നു. പിന്നീട്, ഒരു വര്‍ഷം അവിടെ ജോലി ചെയ്തു. ഹയര്‍ സ്റ്റഡീസിന് ചേരാം എന്നു കരുതി നാട്ടില്‍ വന്ന സമയത്ത്, ആഷിഖ് അബു ചേട്ടന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഓഡിഷനുള്ള ക്ഷണം കണ്ട് വെറുതെ ഫോട്ടോ അയച്ചുനോക്കി. കിട്ടുമെന്ന് ഉറപ്പില്ലാതിരുന്നതു കാരണം വീട്ടില്‍ പറഞ്ഞില്ല. നാല് ഓഡിഷനുകള്‍ ഉണ്ടായിരുന്നു. സെലക്ടഡ് ആയെന്ന വാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു. പിന്നെ ധൈര്യമായിട്ട് ബെന്നി പി. നായരമ്പലത്തിന്‍റെ മകളാണെന്ന് പറഞ്ഞു. അങ്ങനെ ദിലീഷേട്ടനാണ് (ദിലീഷ് പോത്തന്‍) പപ്പയെവിളിച്ച് കാര്യങ്ങള്‍ പറയുന്നത്. ഞാന്‍ സിനിമയുടെ ഭാഗമാകുമെന്ന് പപ്പയ്ക്ക് മുമ്പേ തോന്നിയിരുന്നു. ചെറുതായി എഴുതാറുള്ളതുകൊണ്ട്, എഴുത്തുകാരി എന്ന നിലയില്‍ ആയിരിക്കുമോ അഭിനേത്രി എന്ന നിലയ്ക്കാകുമോ എന്‍ട്രി എന്നായിരുന്നു സംശയം. * അരങ്ങേറ്റം മികച്ച ടീമിനൊപ്പം എത്ര മികച്ച ആക്ടിങ് സ്കൂളില്‍ ചേര്‍ന്നാലും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല. നമുക്കു പൂര്‍ണ സ്വാതന്ത്ര്യം തന്നുകൊണ്ട് മനസില്‍ കണ്ട ബേബിമോളെ അവതരിപ്പിക്കാാന്‍ മധു ചേട്ടന്‍ (മധു സി. നാരായണന്‍) സഹായിച്ചു. കാണുന്ന രംഗങ്ങളെ അസാധാരണ ഭംഗിയോടെ ഒപ്പിയെടുത്തിരിക്കുകയാണ് ഛായാഗ്രാഹകനായ ഷൈജു ഖാലിദ്. സമീറ ചേച്ചി (സമീറ സനീഷ്) കഥാപാത്രങ്ങള്‍ക്ക് ഏറ്റവും ഉചിതമായ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നതും ഞാന്‍ നോക്കി പഠിക്കാന്‍ ശ്രമിച്ചു. കഥാപാത്രങ്ങളെ അതേ രീതിയില്‍ പകര്‍ത്താന്‍ ശ്യാം ചേട്ടന്‍റെ (ശ്യാം പുഷ്കരന്‍) ഓരോ ഡയലോഗിനൂം കഴിഞ്ഞു. ചുറ്റുമുള്ള എല്ലാവരും സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുമ്പോള്‍, വെറുതെ ഡയലോഗ് പറയേണ്ട കാര്യമേ ഉള്ളു. ഉദ്ദേശിക്കുന്ന ഫീല്‍ തനിയേ വരും. തുടക്കക്കാരിയായ എന്നെ സംബന്ധിച്ചത് അതു മഹാഭാഗ്യമാണ്.

മലയാളം എനിക്കെന്നും പ്രിയം
സുനിത സുനില്‍

Categories:
നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ സജീവമാണ് രോഹിണി. ഇടയ്ക്ക് ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ മാത്രമേ സിനിമയോട് മടുപ്പു തോന്നാറുള്ളു. അപ്പോഴൊക്കെ സിനിമയില്‍ വരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകും. ചെന്നൈയിലെ വീട്ടില്‍ രോഹിണിയിപ്പോള്‍ തനിച്ചാണ്. ഏക മകന്‍ ഋഷി ഇറ്റലിയില്‍ മെഡിസിന് പഠിക്കുന്നു. രോഹിണിയുടെ വിശേഷങ്ങളിലേക്ക്. * മലയാളം എനിക്കിഷ്ടം ബാലതാരമായി സിനിമയിലെത്തി. തുടര്‍ന്ന്, സിനിമ എന്ന വലിയലോകത്തെ അനുഭവങ്ങള്‍. കയ്ക്കുന്നതും മധുരിക്കുന്നതും.. അങ്ങനെ ഒരുപാട്. മലയാളം സിനിമയോട് എനിക്കെപ്പോഴും സ്നേഹമാണ്. എന്നെ അഭിനയം പഠിപ്പിച്ചത് മലയാളം സിനിമയാണ്. ജീവിതത്തിലെ മറക്കാനാവാത്ത കാര്യങ്ങള്‍ സമ്മാനിച്ചതും മലയാളം തന്നെ. എണ്‍പതുകളിലൊക്കെ മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യം. നല്ല സംവിധായകരുടെയും അഭിനേതാക്കളുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. 90-കളുടെ തുടക്കം വരെ വല്ലാത്ത ഒരു കാലഘട്ടമായിരുന്നു. ഞങ്ങള്‍ ചെയ്തിരുന്നതൊക്കെ ശുദ്ധ സിനിമകളാണ്. അന്ന്, രാത്രിയോ പകലോയില്ലാതെ ചിത്രീകരണം നടക്കും. ഭരതന്‍റെ ഒഴിവുകാലം എന്ന പടം തീര്‍ത്തത് 18 ദിവസം കൊണ്ടാണ്. അന്ന് പക്കാ സ്ക്രിപ്റ്റും തെളിഞ്ഞ ചിന്തകളുമുള്ള സംവിധായകരായിരുന്നു. * മലയാളം അറിയാത്തത് നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തടസം അങ്ങനെ തോന്നയിട്ടുണ്ട്. മലയാളം അറിയാത്തതുകൊണ്ട് പല കഥാപാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അടൂര്‍ സാറിന്‍റെ കൂടെയും അരവിന്ദന്‍ സാറിന്‍റെ കൂടെയുമൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ആ കാലത്തൊക്കെ ടീനേജായ കുസൃതി കഥാപാത്രങ്ങളാണ് എന്നെ തേടി വന്നിട്ടുള്ളത്. അതൊന്നും അത്ര ഗൗരവമുള്ളതായിരുന്നില്ല. ജലജയും മേനകയും ചെയ്തിരുന്നത് ഗംഭീര വേഷങ്ങളായിരുന്നു. പ്രധാനമായും ജലജ. ജലജയ്ക്ക് അത്തരം വേഷങ്ങള്‍ കിട്ടിയത് അവര്‍ മലയാളിയായതിന്‍റെ പരിഗണന കൊണ്ടായിരിക്കും. ഞാന്‍ തെലുങ്കത്തിയല്ലേ. എന്നാലും, കാണാന്‍ ഞാന്‍ മലയാളിയെ പോലെയാണ്. പക്ഷേ, എനിക്കന്ന് മലയാളം ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞില്ല. രോഹിണിക്ക് മലയാളം അറിയില്ലെന്നു പലരും വിചാരിച്ചുകാണും. * അടൂരിന്‍റെ സിനിമകളില്‍ അഭിനയിക്കാന്‍ മോഹം അടൂരിന്‍റെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അടൂര്‍ സാറിനോടു പലവട്ടം ചാന്‍സ് ചോദിച്ചിട്ടുണ്ട്. സാര്‍, എനിക്ക് ഒരു അവസരം തരുമോ എന്ന്. പക്ഷേ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്നായിരുന്നു മറുചോദ്യം. അദ്ദേഹം നാലു പെണ്ണുങ്ങള്‍ എടുക്കുന്ന സമയത്ത് ഞാന്‍ വീണ്ടും അവസരം ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഞാന്‍ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്ന്. നിര്‍ഭാഗ്യത്തിന് എനിക്കന്ന് ഷോര്‍ട് മുടി ആയിപ്പോയി. ആ അവസരം നഷ്ടമായി.  

അരങ്ങ് നല്‍കിയ അനുഭവതീക്ഷ്ണത
ഭാനുപ്രകാശ്

Categories:
കേരളീയ സാംസ്കാരിക ജീവിതത്തിന്‍റെ കരള്‍ത്തുടിപ്പായി മലയാള നാടകവേദി മാറിയ കാലം. മൂര്‍ച്ചയുള്ള ഒരു മുള്ള് നെഞ്ചില്‍ തറയ്ക്കുന്നപോലെ കാണികളുടെ ഉള്ളിലേക്ക് അഭിനയവുമായി ആഴ്ന്നിറങ്ങിയവര്‍ അരങ്ങില്‍ നിറഞ്ഞുനിന്ന നാളുകള്‍. അന്നു തുടങ്ങിയതാണ് സാവിത്രി ശ്രീധരന്‍ ഈ യാത്ര. ചായം തേച്ച മുഖങ്ങളിലേക്ക് നടനരസങ്ങളെ ആവാഹിച്ച് അര നൂറ്റാണ്ടിലേറെക്കാലം അരങ്ങില്‍ സാവിത്രി പൊട്ടിച്ചിരിച്ചു, ചിലപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞു, ആടിയും പാടിയും അഴല്‍പ്പെടുത്തിയും ഒരുപാട് ജീവിതങ്ങള്‍ നമുക്കു മുന്നില്‍ പകര്‍ത്തിവച്ചു. നിറഞ്ഞ കൈയടികളോടെ അതെല്ലാം സ്വീകരിക്കപ്പെട്ടു. പക്ഷേ, അഭിനേത്രി എന്നതിനപ്പുറമുള്ള സാവിത്രിയുടെ ചമയങ്ങളഴിച്ചുവച്ച തിരശ്ശീലയ്ക്കു പിന്നിലെ ജീവിതത്തെക്കുറിച്ചു നമ്മള്‍ അജ്ഞരായിരുന്നു. അരങ്ങില്‍ നിറഞ്ഞുനിന്ന അമ്പതിലേറെ വര്‍ഷം വ്യക്തിജീവിതത്തില്‍ അവര്‍ക്ക് എന്താണ് നേടിക്കൊടുത്തത്? രണ്ടര മണിക്കൂര്‍ ആടിത്തിമിര്‍ത്ത ശേഷം സദസില്‍ നിന്നുയരുന്ന കരഘോഷങ്ങള്‍ മാത്രമാണ് ഇവരുടെ നാടകജീവിതത്തിന്‍റെ ബാക്കിപത്രം. കൊട്ടാരസദൃശമായ വീടുകളില്‍ ജീവിക്കാന്‍ സാവിത്രി ആഗ്രഹിച്ചിട്ടില്ല. ശീതീകരിച്ച മുറികളില്‍ കിടന്നുറങ്ങാനോ പട്ടുവസ്ത്രങ്ങളണിഞ്ഞ് നടക്കാനോ അല്ല ഈ കലാകാരി കൊതിച്ചത്. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നാനാമുഖത്വം സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവച്ചു നാടകത്തിലേക്കു പകരാനാണ് സാവിത്രി മോഹിച്ചത്. അതിനായി ആത്മാര്‍പ്പണം ചെയ്യേണ്ടി വന്നത് സ്വന്തം ജീവിതവും. സിനിമയുടെ വഴിയിലേക്കു കടന്നപ്പോള്‍ തന്നെ തേടിയെത്തിയ മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരത്തിന് ഇക്കാലമത്രയും ഈ പെണ്‍ജീവിതം കുടിച്ചു വറ്റിച്ച കണ്ണീരേറെയാണ്. സഹനത്തിന്‍റെ എത്രയെത്ര കടലുകളാണ് ഇവര്‍ നീന്തിക്കയറിയത്. കനലടങ്ങാത്ത ജീവിതത്തിന്‍റെ തീച്ചൂളയില്‍ വെന്തുരുകുമ്പോഴും സാവിത്രിക്ക് അഭയവും ആശ്വാസവും ഒന്നുമാത്രമായിരുന്നു, നാടകം. അതെ, നാടകമായിരുന്നു അന്നും ഇന്നും എന്നും സാവിത്രിയുടെ ജീവിതം. അതുകൊണ്ടുതന്നെയാണ് സിനിമാലോകം ഇവരെ കൊണ്ടാടുമ്പോഴും ഈ അഭിനേത്രി ഉറക്കെ വിളിച്ചുപറയുന്നത്: “നാടകമാണ് എന്‍റെ തട്ടകം. അരങ്ങു നല്‍കിയ അനുഭവ തീക്ഷ്ണതകളാണ് എന്‍റെ കരുത്ത്.” – എത്രപേര്‍ക്ക്… എത്രപേര്‍ക്ക്… ഇങ്ങനെ ഉറക്കെ പറയാനാകും. അതാണ് നാടകത്തിന്‍റെ കരുത്ത്. അതുതന്നെയാണ് സാവിത്രി ശ്രീധരന്‍റെ പെണ്‍കരുത്ത്. ‘സുഡാനി ഫ്രം നൈജീരിയ’ ഹൃദ്യമായ ഒരു ചെറിയ സിനിമയാണ്. എന്നാല്‍, ചെറിയ മനുഷ്യരുടെ വലിയ ജീവിതമാണ് അതു കാണിച്ചുതരുന്നത്. നാടകവേദികളില്‍ നിറഞ്ഞുനിന്ന കാലത്തും സാവിത്രി ശ്രീധരന്‍ നമുക്കു കാണിച്ചുതന്നിരുന്നത് ചെറിയ മനുഷ്യരുടെ ഇത്തരം വലിയ ജീവിതങ്ങളാണ്. എന്നാല്‍, മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി. പറഞ്ഞപോലെ “കളിച്ച നാടകങ്ങളേക്കാള്‍ വലുതായിരുന്നു അവര്‍ അഭിനയിച്ച ജീവിതങ്ങള്‍” എന്ന് നമ്മള്‍ തിരിച്ചറിയുന്നത് അരങ്ങിനും അഭ്രപാളിക്കുമപ്പുറമുള്ള സാവിത്രിയുടെ ജീവിതം കേള്‍ക്കുമ്പോള്‍ മാത്രമാണ്. തിരൂര്‍ തുഞ്ചന്‍പറമ്പിലേക്ക് ഒരു നട്ടുച്ച നേരത്ത് ചായംതേക്കാത്ത മുഖങ്ങളുമായി സാവിത്രി ശ്രീധരന്‍ കടന്നുവന്നു. എ.സി കാറില്‍ അവര്‍ വന്നിറങ്ങുമ്പോള്‍ അവരുടെ മുഖത്ത് വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. ലോകം കീഴ്മേല്‍ മറിഞ്ഞതുപോലെ. നാടകനടി മാത്രമായിരുന്നപ്പോള്‍ ക്ഷണിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്ത് മടങ്ങാന്‍ ഓട്ടോറിക്ഷക്കുള്ള കാശുപോലും നല്‍കാതിരുന്ന സംഘാടകരെ അവര്‍ ഓര്‍ത്തുപോയിട്ടുണ്ടാകാം. വെള്ളിത്തിരയില്‍ മുഖമെത്തിയതോടെ വമ്പന്‍ വാഹനങ്ങളുമായി ആളുകള്‍ യാത്രാസൗകര്യമൊരുക്കുന്നത് കാണുമ്പോള്‍ ഏറെ വേദന കലര്‍ന്ന ഈ ചിരി മാത്രമാണ് ഇവരുട മുഖത്ത് ഭാവമായി വരുന്നത്. “ഇക്കാലമത്രയും ഞങ്ങളുടെ ജീവിതം വെന്തുരുകിയപ്പോള്‍ ആ സങ്കടം കാണാന്‍ നിങ്ങളിലെത്രപേരുണ്ടായി? ഇപ്പോള്‍…. ? ഞങ്ങള്‍ക്കറിയാം, എല്ലാം നാടകമാണെന്ന്. ജീവിതമെന്ന മഹാനാടകത്തിലെ അഭിനേതാക്കളാണ് നമ്മളെല്ലാവരും”… എന്ന് സാവിത്രിയും സരസയും പറയാതെ പറഞ്ഞിട്ടുണ്ടാകാം. അരങ്ങും ഉയിരും അത്രമേല്‍ ഇഴചേര്‍ന്ന ജീവിതാനുഭവങ്ങളിലേക്ക് അവര്‍ നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ്.   രംഗം ഒന്ന് ……………………… കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടണ്‍ മില്‍ തൊഴിലാളിയായിരുന്ന വേലിക്കല്‍ അപ്പുട്ടിയുടെയും പെണ്ണുട്ടിയുടെയും മകള്‍ സാവിത്രി ശ്രീധരന്‍ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ട തന്‍റെ നാടകജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മകളുടെ അരങ്ങിലേക്ക് ആദ്യമെത്തുന്നത് സഖാവ് എ.കെ.ജിയാണ്. കേരളത്തില്‍ കമ്യൂണിസ്റ്റു വേട്ട വ്യാപകമായിരുന്ന നാല്‍പ്പതുകളില്‍ എ.കെ.ജിയുടെയും എ.വി. കുഞ്ഞമ്പുവിന്‍റെയും ഒളിവുജീവിതം കുറച്ചുനാളുകള്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അപ്പുട്ടിയുടെ വീട്ടിലായിരുന്നു. അന്ന് സാവിത്രിക്ക് രണ്ടര വയസാണ് പ്രായം. “അമ്മ അനിയത്തിയെ പ്രസവിച്ചു കിടക്കുന്ന കാലത്താണ് എ.കെ.ജിയും എ.വി. കുഞ്ഞമ്പുവും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസത്തിനെത്തുന്നത്. അനിയത്തിക്ക് സോന എന്ന പേരിട്ടത് കുഞ്ഞമ്പു സഖാവാണ്. ആ ദിവസങ്ങളില്‍ എ.കെ.ജി എനിക്ക് ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. മുടിചീകി മെടഞ്ഞുതന്നിരുന്നത് എ.വി. കുഞ്ഞമ്പുവും. അങ്ങനെ കുറേ ദിവസങ്ങള്‍ അവര്‍ വീട്ടിലുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ഉറക്കമുണര്‍ന്ന് വരുമ്പോള്‍ രണ്ടുപേരെയും കാണാനില്ല. തലേന്നു രാത്രി സഖാക്കള്‍ വന്നു കൂട്ടിക്കൊണ്ടുപോയി എന്ന് അച്ഛമ്മ പറഞ്ഞപ്പോള്‍ എനിക്കു വല്ലാത്ത വിഷമമുണ്ടായി. പിന്നീടും ഞാന്‍ എ.കെ.ജിയെ കണ്ടു, എന്‍റെ എട്ടാമത്തെ വയസില്‍. തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ യൂണിയന്‍ വാര്‍ഷികത്തിന്‍റെ ഉദ്ഘാടനം എ.കെ.ജിയായിരുന്നു. എ.കെ.ജി പ്രസംഗിച്ച ആ വേദിയിലായിരുന്നു നര്‍ത്തകിയായുള്ള എന്‍റെ അരങ്ങേറ്റം. വീണ്ടും ഒരു തവണകൂടി അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായി. തൃക്കരിപ്പൂരില്‍ നടന്ന നാടകമത്സരത്തില്‍ വച്ച് കൊയിലാണ്ടിയിലെ ഒരു അമച്വര്‍ നാടക സമിതിയുടെ നാടകത്തില്‍ അഭിനയിച്ചതിന് മികച്ച നടിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ആ പുരസ്കാരം എനിക്കു നല്‍കിയത് എ.കെ.ജിയായിരുന്നു. അദ്ദേഹത്തിന്‍റെ കൈയില്‍ നിന്ന് അതേറ്റുവാങ്ങുമ്പോള്‍, എ.കെ.ജി പറഞ്ഞുതന്ന കഥകള്‍ കേട്ടുറങ്ങിയ ആ രണ്ടരവയസുകാരിയെ ഞാന്‍ ഓര്‍ത്തു.” എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും സാവിത്രിയുടെ ഓര്‍മകള്‍ക്ക് ചുവപ്പിന്‍റെ തുടിപ്പ്.      

രാജകീയം മഹീന്ദ്ര അള്‍ട്യുറാസ് ജി4
അമല്‍ കെ. ജോബി

Categories:
എതിരാളികളെ വിറപ്പിച്ച് മഹീന്ദ്ര അള്‍ട്യുറാസ് ജി4 ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തി. വിപണിയില്‍ വന്‍ സ്വീകരണമാണ് അള്‍ട്യുറാസ് ജി4-നു ലഭിച്ചത്. കേരളത്തില്‍ നിന്ന് മികച്ച അഭിപ്രായവും ബുക്കിങ്ങുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മഹീന്ദ്ര കേരള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സെയില്‍സ്) ഇ.എസ്. സുരേഷ്കുമാര്‍ പറഞ്ഞു. അള്‍ട്യുറാസ് എന്ന വാക്കിന്‍റെ അര്‍ത്ഥം ഉന്നതി, ഉത്കര്‍ഷം എന്നൊക്കെയാണ്. മഹീന്ദ്ര ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വലുതും പ്രീമിയം എസ്യുവിയുമാണ് അള്‍ട്യുറാസ് ജി4. ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച അള്‍ട്യുറാസ് ജി4-ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫോഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്സ്, സ്കോഡ കോഡിയാക്ക് തുടങ്ങിയ നിരയാണ് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എസ്യുവിയുടെ ഇന്ത്യന്‍ റോഡുകളിലെ എതിരാളികള്‍. സാംഗ്യോങ് റെക്സ്ടണ്‍ ജി4 എസ്യുവിയുടെ മഹീന്ദ്ര വേര്‍ഷനാണ് അള്‍ട്യുറാസ് ജി4. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളാണ് സാംഗ്യോങ് മോട്ടോര്‍ കമ്പനി. ഇരു എസ്യുവികളും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. മഹീന്ദ്രയുടെ സവിശേഷ ഗ്രില്‍, അതില്‍ ബോള്‍ഡ് വെര്‍ട്ടിക്കല്‍ ക്രോം സ്ലാറ്റുകള്‍, ഒത്ത നടുവില്‍ മഹീന്ദ്ര ലോഗോ എന്നിവയാണ് എടുത്തുപറയത്തക്ക വ്യത്യാസം. എച്ച്ഐഡി (ഹൈ ഇന്‍റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്ലാംപുകളുടെ കൂട്ടായി എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. അഗ്രസീവ് ഫ്രണ്ട് ബംപറിലും എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ കാണാം. ഇവ കോര്‍ണറിങ് ലൈറ്റുകളായി സേവനമനുഷ്ഠിക്കും. ഒആര്‍വിഎമ്മുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ നല്‍കി. റെയ്ന്‍ സെന്‍സിങ് വൈപ്പര്‍, വലിയ റൂഫ് റെയിലുകള്‍. റാപ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, ബ്രേക്ക് ലൈറ്റുകള്‍ സഹിതം റൂഫ് മൗണ്ടഡ് സ്പോയ്ലര്‍, സ്മാര്‍ട്ട് പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവയാണ് മറ്റു സവിശേഷതകള്‍. റിച്ച് കാബിന്‍ സവിശേഷതകളും എടുത്തുപറയേണ്ടിയിരിക്കുന്നു. ഡുവല്‍ ടോണ്‍ നാപ്പ ലെതര്‍ ഇന്‍റീരിയര്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്‍റ് സിസ്റ്റം,