മലയാള സിനിമയിലെ സ്വർണത്തിളക്കമാർന്ന താരജോഡികൾ ആരെന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളു. ജയറാം-പാർവതി. താര ദമ്പതിമാർക്കിടയിൽ വേർപിരിയലുകൾ സാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രണയവും ജീവിതവും എങ്ങനെയാണ് ആഘോഷമാക്കേണ്ടതെന്നു കാണിച്ചുതരികയാണ് ഈ ദമ്പതിമാർ. വിവാഹജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ജയറാമും പാർവതിയും ഓണാഘോഷവേളയിൽ… ആദ്യാനുരാഗത്തിന്റെ നാളുകൾ ജയറാം: കരുക്കൾ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. തേക്കടിയാണ് ലൊക്കേഷൻ. അവിടെവച്ചാണ് രണ്ടുപേരും മനസുതുറന്നു സംസാരിക്കുന്നത്. രണ്ടു പേരുടെയും മനസിൽ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. തേക്കടിയിലെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്. പാർവതി: പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഇഷ്ടമാണ് എന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടുമില്ല. പ്രണയം പറഞ്ഞറിയിക്കേണ്ട ഒന്നാണെന്ന ചിന്ത ഞങ്ങൾക്കില്ല. എതിർപ്പുകളിൽ പതറാതെ നിന്ന കാലം പാർവതി: അതൊരു വല്ലാത്ത സമയമായിരുന്നു. ഗോസിപ്പുകളിലൂടെയാണു വീട്ടിൽ വിവരം അറിഞ്ഞത്. പരസ്പരം കാണാനോ മിണ്ടാനോ സാധിക്കാത്ത അവസ്ഥ. ഇന്നത്തെപ്പോലെ മൊബൈൽ പോലുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ലായിരുന്നല്ലോ. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെയാകും വിവാഹം കഴിക്കുകയെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. നാലു വർഷത്തോളം കാത്തിരുന്നു. ഞങ്ങളുടെ സ്‌നേഹം ദൈവത്തിനും കുടുംബത്തിനും മനസിലായി. കാത്തിരിപ്പിനൊടുവിൽ വിവാഹമെന്ന സ്വപ്‌നം പൂവണിഞ്ഞു. ജയറാം: ഗുരുവായൂരപ്പന്റെ നടയിൽ വച്ചായിരുന്നു വിവാഹം. ജീവിതം തുടങ്ങുന്നത് എഴുന്നൂറ് സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്‌ളാറ്റിലാണ്. ആ സമയത്താണ് വിക്രമിന്റെ ഗോകുലം എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നീട് തിരക്കായി. ചെന്നൈയിൽ സ്ഥിരതാമസമാക്കി. അവിടെയൊരു ഫ്‌ളാറ്റു വാങ്ങി. മോൾ ജനിച്ചശേഷമാണ് സ്വന്തമായി ഒരു വീടുവേണം എന്നു തോന്നുന്നത്. ജീവിതത്തിലെ മറക്കാനാവാത്ത സമ്മാനം പാർവതി: പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന രീതിയൊന്നും ഞങ്ങൾക്കിടയിലില്ല. എന്തെങ്കിലും കണ്ട് ഇഷ്ടപെട്ടാൽ അതു വാങ്ങി നൽകും. ജയറാം: വിലകൂടിയ വസ്ത്രങ്ങളോടോ ആഭരണങ്ങളോടോ പാർവതിക്ക് അത്ര കമ്പമൊന്നുമില്ല. പിന്നെ, അവൾക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനമല്ലേ ഞാൻ. മെയ്ഡ് ഫോർ ഈച്ച് അഥർ പാർവതി: അയ്യോ… അങ്ങനൊന്നും പറഞ്ഞു കണ്ണുവയ്ക്കല്ലേ. എല്ലായിടത്തേയും പോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങൾക്കിടയിലുണ്ട്. ജയറാം: കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലാതെ ഒരു ദാമ്പത്യം എങ്ങനെയാണ് സക്‌സസ് ആവുക. ചെറിയ പിണക്കങ്ങളാണു കൂടുതൽ ഇണക്കമുണ്ടാക്കുന്നത്. ജയറാമെന്ന ഫാമിലിമാൻ പാർവതി: സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ലൊരു ഫാമിലിമാനാണ് ജയറാം. ചെന്നൈയിൽ വന്നിട്ട് ഇത്രയും വർഷമായി ഒരു നൈറ്റ് ക്ലബ്ബിൽ പോലും ജയറാം പോയിട്ടില്ല. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ വീട്ടിലോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാനോ ആണ് കൂടുതൽ ഇഷ്ടം. ജയറാം: ഞാനിങ്ങനെയാവാനുള്ള പ്രധാന കാരണം പാർവതിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ധനകാര്യമന്ത്രി പാർവതിയാണ്. പണമുള്ളപ്പോഴും പണത്തിന് ടൈറ്റുള്ള സമയത്തും എന്നെയും കുട്ടികളെയും ഒന്നുമറിയിക്കാതെ പാർവതിയതു കൈകാര്യം ചെയ്യും. വീട്ടുകാര്യങ്ങളിലൊന്നും എന്നെ ടെൻഷനടിപ്പിക്കാറില്ല. ഞാൻ വീടുനോക്കികൊള്ളാം ജയറാം സിനിമയിൽ ശ്രദ്ധിച്ചോളു എന്നാണ് പാർവതി പറയാറ്. ഒരു കലാകാരനെ സംബന്ധിച്ച് ഇതിലും വലിയൊരു ഭാഗ്യം ലഭിക്കാനില്ല. അറിയപ്പെടുന്ന താരത്തിൽ നിന്ന് വീട്ടമ്മയിലേക്കുള്ള മാറ്റം പാർവതി: എന്നും ഒരു സാധാരണ വീട്ടമ്മയാകാനാണ് എനിക്കിഷ്ടം. അഭിനയിക്കണമെന്ന ആഗ്രഹം എനിക്കു പണ്ടേയില്ല. കുടുംബത്തോടൊപ്പം സന്തോഷകരമായ ലൈഫാണ് എനിക്കിഷ്ടം. ജയറാം: ആ റോൾ പാർവതി മികച്ചതാക്കുന്നുമുണ്ട്. പരാജയങ്ങളിലും കൈതാങ്ങ് പാർവതി: ചെറിയ ടെൻഷനുണ്ടായാൽ പോലും അത് അപ്പപ്പോൾ വിളിച്ചു പറയുന്ന ആളാണ് ജയറാം. ജയറാം: പാർവതി എന്ത് ടെൻഷനും സൊല്യൂഷനുണ്ടാക്കുന്ന വ്യക്തിയാണ് പാർവതി. അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങൾ പോലും അശ്വതിയോടു പറഞ്ഞ് ടെൻഷൻ ഒഴിവാക്കും. എന്നാലും പരാജയപ്പെടുമ്പോഴൊക്കെ എവിടെയെങ്കിലും ഒരു കൈതാങ്ങുണ്ടാകും. അതിന്റെ കാരണം ഗുരുത്വമാണ്. ഈ മൂന്നക്ഷരം മനസിൽ സൂക്ഷിക്കുന്ന ആളാണു ഞാൻ. അത് ഏതു കാര്യത്തിലായാലും. നല്ല ഗുരുനാഥൻ ലഭിക്കുക എന്നതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മിമിക്രിയുമായി വരുന്ന കാലത്ത് എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ഗുരുനാഥനായിരുന്നു കലാഭവനിലെ ആബേലച്ചൻ. സിനിമയിൽ എനിക്കു കിട്ടിയ ഗുരുനാഥനാണ് പത്മരാജൻ. എന്തു കാര്യങ്ങളുണ്ടെങ്കിലും എനിക്കു പറയാൻ പറ്റുന്ന ഒരാളായിരുന്നു അദ്ദേഹം. അതുപോലെ ചെണ്ടയുടെ കാര്യത്തിൽ മട്ടന്നൂർ. ഒരു ഗുരുകുല വിദ്യാഭ്യാസം പോലെയാണ് അദ്ദേഹത്തോടൊപ്പം പാണ്ടി മേളം പഠിച്ചത്. ഗുരുത്വമായിരിക്കാം പരാജയങ്ങൾ വരുമ്പോഴും അവയിൽ നിന്നുമൊക്കെ എന്നെ കര കയറ്റുന്നത്. അവനവനെ സ്വന്തമായി വിൽക്കാനറിയാത്തവൻ ഇന്ന് സിനിമയിൽ മണ്ടനാണെന്നു വേണം പറയാൻ. സെൽഫ് മാർക്കറ്റിംഗ് പഠിച്ചാലേ സിനിമയിൽ നിലനിൽപ്പുള്ളു. നല്ല ബിസിനസ് മൈന്റോടെ പ്രവർത്തിക്കണം. ഞാനൊരു ബിസിനസ്മാനല്ല എന്നതു വലിയൊരു പോരായ്മയാണ്. നമ്മളെ ഏൽപ്പിക്കുന്ന ജോലി ചെയ്യുക, പോവുക. അത്രേയുള്ളു. സംവിധാകന്റെ അടുത്തുപോയി അദ്ദേഹത്തിന്റെ ജോലിയിൽ തലയിടുക, അങ്ങനെയുള്ള ശീലമൊന്നും എനിക്കില്ല. മാത്രമല്ല, സിനിമയുടെ റിലീസിംഗിന്റെ അന്ന് തിയറ്ററുകളിൽ പോയി അവിടുത്തെ കളക്ഷൻ റിപ്പോർട്ട് എടുക്കുക ഇതൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല. അതൊക്കെ എന്റെ പോരായ്മകൾ തന്നെയാണ്. എന്നാലും, ഇതൊന്നും നെഗറ്റീവായി എന്നെ ബാധിക്കാറില്ല. ദൈവത്തോട് ഒരു കൈ കുമ്പിളിൽ ഒരു തുടം വെള്ളമേ ഞാൻ ചോദിച്ചിട്ടുള്ളു. അദ്ദേഹമെനിക്ക് കടലോളം തന്നു. ഇത്തരം ചെറിയ സന്തോഷങ്ങളിൽ സംതൃപ്തനാണ് ഞാൻ.