September 2017

You Are Here: Home / September 2017

മധു എന്ന മലയാളത്തിന്റെ മധുസാർ
മോഹൻലാൽ

Categories:
കാലം മധുസാറിനെ എങ്ങനെയായിരിക്കും വായിക്കുക? മലയാള സിനിമയുടെ ഫ്രെയിമുകളിൽ മധുസാർ കടന്നുപോകാത്ത മേഖലകൾ നന്നേ കുറവ്. പക്ഷേ, കാലം അദ്ദേഹത്തിലെ നടനെ വിലയിരുത്തുന്നതു പകർന്നാടിയ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. തകഴി, ബഷീർ, എം.ടി., പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്ട്, തോപ്പിൽ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ … ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളിൽ പിറവികൊണ്ട കരുത്തുറ്റ ആൺജീവിതത്തിന് അഭ്രപാളിയിൽ ഭാവംപകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുസാറിനായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ കാലാനുസൃതമായ മാറ്റങ്ങൾക്കിടയിലും സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ഉയിരേകിയ നടനായിട്ടായിരിക്കും അദ്ദേഹത്തിന്റെ എക്കാലത്തെയും കീർത്തി. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവീനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻപ്രേമത്തിലെ ഇക്കോരൻ, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് … മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധുസാർ പകർന്ന ഭാവതീക്ഷ്ണതകൾ സുവർണലിപികളിൽതന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇന്നും ഒരു വിദ്യാർത്ഥിയുടെ മനസോടെ സിനിമയെ പഠിച്ചും അറിഞ്ഞും നടിച്ചും മുന്നേറുന്ന മധുസാറിന് അർഹമായ അംഗീകാരങ്ങൾ നൽകുന്നതിൽ നമ്മൾ എത്ര പിറകോട്ടുപോയെന്ന് ചിന്തിക്കേണ്ടതാണ്. മധുസാറിന്റെ സംഭാവനകളെക്കുറിച്ചൊന്നും ആഴത്തിൽ വിലയിരുത്താനുളള അറിവൊന്നും എനിക്കില്ല. പക്ഷേ, സിനിമയിൽ മുപ്പതുവർഷത്തിലേറെയായി നിൽക്കുന്ന ഒരാളെന്ന നിലയിൽ എനിക്കു തോന്നിയിട്ടുളളത് അർഹതയ്ക്കുളള അംഗീകാരം വേണ്ടപോലെ അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല എന്നാണ്. പത്മശ്രീ പോലും അദ്ദേഹത്തിനു ലഭിച്ചത് ഈയിടെയാണ്. നടനും നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും വിതരണക്കാരനും സ്റ്റുഡിയോ ഉടമയുമായി ചലച്ചിത്ര മണ്ഡലത്തിൽ സർവവ്യാപിയായി നിറഞ്ഞിട്ടും അദ്ദേഹത്തിന് പത്മപുരസ്‌കാരം നൽകണമെന്ന തിരിച്ചറിവു നമ്മുടെ അധികാരകേന്ദ്രങ്ങൾക്കുണ്ടായത് എത്ര വൈകിയാണ്? മലയാളത്തിന്റെ സിൽവർസ്‌ക്രീനുകളിൽ മധുസാർ പകർന്ന ഗോൾഡൻ ടച്ചുകൾക്ക് ദാദാസാഹിബ് ഫാൽക്കെ ബഹുമതിക്കപ്പുറം ഒന്നുംതുല്യമാവുകയില്ല. അംഗീകാരങ്ങളുടെ പൊന്നാടകൾക്കൊണ്ട് എത്ര മൂടിയാലും അതിന്റെ ധവളിമയിൽ മതിമറന്നുപോകില്ല മധു എന്ന മലയാളത്തിന്റെ മധുസാർ. മധുസാർ എന്നിലെ സിനിമാസ്വാദകനിലേക്കു മറക്കാനാകാത്ത ദൃശ്യമായി കടന്നുവന്നതെപ്പോഴാണെന്നു കൃത്യമായി ഓർമയില്ല. ഒരു പക്ഷേ, ചെമ്മീനിലെ പരീക്കുട്ടിയുടെ വേഷത്തിലായിരിക്കാം. അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം ചെമ്മീൻകണ്ട കാലത്തിന്റെ നേരിയ ഓർമകൾ ഇന്നും മനസിലുണ്ട്. പിന്നീട്, കോളേജ് പഠനകാലംവരെ കണ്ടുതീർത്ത മധുസാറിന്റെ ഒട്ടേറെ ചിത്രങ്ങൾ. അതിലേറെയും മനസിലിന്നും ക്ലാവുപിടിക്കാതെ തെളിഞ്ഞുനിൽക്കുന്നത് മധു എന്ന നടൻ മജ്ജയും മാംസവുമേകിയത് മലയാള സാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങൾക്കായിരുന്നു എന്നതിനാൽക്കൂടിയാണ്. ഒരു ജീവിതത്തിൽ പല ജീവിതങ്ങൾ ആടിത്തീർക്കുക എന്ന അഭിനേതാവിന്റെ കർമത്തിനപ്പുറം, ആ വേഷങ്ങൾ ഏതെന്നുകൂടി ഓർക്കുമ്പോഴാണ് മധുസാറിന്റെ പ്രശസ്തിയുടെ ശക്തിസ്രോതസ് കാണാനാകുന്നത്. സിനിമയുടെ ചതുരവടിവുകൾക്കുളളിലൊതുക്കാൻ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നില്ല അവ. മലയാളിയുടെ വായനാമണ്ഡലത്തിൽ ആഴത്തിൽ വേരൂന്നിയ ജീവിതങ്ങളായിരുന്നു അവയിലേറെയും. മലയാളസാഹിത്യത്തിലെ മഹാരഥന്മാരുടെ തൂലികയിൽ പിറവികൊണ്ട കഥാപുരുഷന്മാർക്ക് അഭ്രപാളിയിൽ ജീവനേകാനുളള നിയോഗം മധുസാറിൽ വന്നുചേരുകയായിരുന്നു എന്നു തോന്നും. ചെമ്മീനും ഭാർഗവീനിലയവും ഉമ്മാച്ചുവും ഏണിപ്പടികളും ഓളവും തീരവും പ്രിയയും നാടൻപ്രേമവും വിത്തുകളും കാലത്തെ അതിജീവിക്കുന്നുവെങ്കിൽ അതിലെ കഥാപാത്രങ്ങൾക്ക് ഉയിരേകിയ മധുസാർ ഏതുതലമുറയുടെ മനസിൽനിന്നാണു മാഞ്ഞുപോകുക? ഒരുപക്ഷേ, ലോകസിനിമയിൽ സാഹിത്യകഥാപാത്രങ്ങളെ ഇത്രയേറെ അവതരിപ്പിക്കാൻ കഴിഞ്ഞ മറ്റൊരുനടൻ നമുക്കില്ല. മലയാള നോവൽ സാഹിത്യത്തിന്റെ നൂറാം പിറന്നാൾ വേളയിൽ ഞാനവതരിപ്പിച്ച കഥയാട്ടം എന്ന പരിപാടിയിൽ ‘നാടൻ പ്രേമ’ത്തിലെ ഇക്കോരന്റെയും ‘ഉമ്മാച്ചു’വിലെ മായന്റെയും വേഷങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ ഇക്കോരനിലൂടെയും മായനിലൂടെയും മധുസാർ സൃഷ്ടിച്ച അനുഭൂതിയെ അരങ്ങിലേക്കു പകർത്താനുള്ള ഭാഗ്യം എനിക്കുണ്ടായത് ഒരു നിയോഗമായിത്തന്നെ ഞാൻ കാണുന്നു.

മോഹൻലാൽ പായസം കുടിക്കാത്ത ഓണം
പ്രിയദർശൻ

Categories:
ഓണക്കാലം, പൂവിളികളും രസകരമായ സംഭവങ്ങൾ കൊണ്ടും മനസിലിന്നും നിറഞ്ഞുനിൽക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഓണാവധി സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളാണ്. അച്ഛനും അമ്മയും തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. എല്ലാ കാര്യങ്ങളിലും അവർ സ്ട്രിക്ട് ആയിരുന്നു. തിരുവനന്തപുരത്തെ കുട്ടിക്കാലം ഒരുതരത്തിൽ വിരസമായിരുന്നുവെന്നും പറയാം. ഓണം, നവരാത്രി ഉൾപ്പെടെയുള്ള അവധികളിൽ അമ്പലപ്പുഴയിലെ ചേരിയിൽ കുടുംബ വീട്ടിലായിരിക്കും. അമ്പലപ്പുഴ എനിക്കെന്നും ഇഷ്ടപ്പെട്ട സ്ഥലമാണ്. കുട്ടിക്കാലത്തെ വെക്കേഷൻ നാളുകളിൽ അമ്പലപ്പുഴയ്ക്കു പോകാൻ വലിയ ഇഷ്ടമാണ്. അതിന് ഒരുപാടു കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനകാരണം അവിടെ ചെന്നാൽ പഠിക്കണ്ട എന്നതാണ്. പുസ്തകങ്ങളോടും ഗൃഹപാഠങ്ങളോടും തത്ക്കാലം വിടപറയാം. കൂട്ടുകാരൊത്തു കളികളും ഊരുചുറ്റലുമായി നടക്കാം. വിലക്കുകളൊന്നുമില്ല. അമ്പലപ്പുഴയിലേത് ട്രഡിഷണൽ ഓണാഘോഷങ്ങളായിരുന്നു. ഓണവുമായി ബന്ധപ്പെട്ട കഥകളും ഉപകഥകളും ആചാരങ്ങളുമെല്ലാം മുതിർന്നവർ കുട്ടികൾക്കു പറഞ്ഞുതരും. ചേരിയിൽ തറവാട്ടുവീട്ടിലെയും അതുമായി ബന്ധപ്പെട്ട വീടുകളിലുമായി നിരവധി കുട്ടികളുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ചേർന്നാണ് പൂക്കളമിടുന്നതും ഓണത്തപ്പനെ ഉണ്ടാക്കുന്നതും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതും. ഞങ്ങൾ കുട്ടികൾക്ക് അമ്മാവന്മാർ പുത്തൻ ഉടുപ്പുകൾ തരും. അന്നൊക്കെ ഓണത്തിനും വിഷുവിനും സ്‌കൂളു തുറക്കുമ്പോഴും മാത്രമാണു പുത്തൻ ഉടുപ്പുകൾ കിട്ടുക. ഉത്സവങ്ങളോടുള്ള താത്പര്യം തന്നെ ഇത്തരത്തിലുള്ള സമ്മാനങ്ങളോടുള്ള ഇഷ്ടമാണെന്നും പറയാം. വീട്ടുകാർ ഒന്നിച്ചു സിനിമയ്ക്കു പോകുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഞാനും അനുജത്തിയും കൂടെ പോയി കണ്ടത് ചെമ്മീൻ എന്ന സിനിമ മാത്രമാണ്. അച്ഛന് സിനിമയിൽ താത്പര്യമുണ്ടായിരുന്നില്ല. പിന്നീട്, എന്റെ സിനിമ തിയേറ്ററിൽ വരുമ്പോഴാണ് അച്ഛനും അമ്മയും സിനിമയ്ക്കു പോയിത്തുടങ്ങിയത്. അല്ലെങ്കിൽ, മോഹൻലാലിന്റെ സിനിമ കാണാൻ. മോഹൻലാലിന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ഓണത്തിന് സിനിമ കാണാൻ വീട്ടിൽ നിന്നു കാശു തരുമായിരുന്നു. ഓണച്ചിത്രങ്ങളുടെ തിരക്കുകാരണം പലപ്പോഴും നല്ല സിനിമ കാണാൻ പറ്റുമായിരുന്നില്ല. ടിക്കറ്റ് കിട്ടുന്ന ഏതെങ്കിലുമൊരു സിനിമ കാണും. അന്നു കണ്ട ഓണച്ചിത്രങ്ങളെല്ലാം ഇപ്പോഴും എനിക്കോർമയുണ്ട്. അമ്മയെ കാണാൻ, രക്തപുഷ്പം, ലിസ, സുബൈദ തുടങ്ങിയവയൊക്കെ അന്നു കണ്ട ചിത്രങ്ങളാണ്. ആ ചിത്രങ്ങളുടെ തുടക്കം മുതൽ ഒടുക്കം വരെ സ്‌ക്രീൻ പ്ലേ പോലെ ഇപ്പോഴും എനിക്ക് ഓർമിക്കാൻ കഴിയും. ആര്യൻ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ എന്റെ ഹിറ്റ് ഓണച്ചിത്രങ്ങളാണ്. രണ്ടു ചിത്രത്തിലും മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യൻ ആക്ഷൻ ചിത്രമായിരുന്നു. ബോയിംഗ് ബോയിംഗ് കോമഡിയും. ഓണക്കാലത്ത് സിനിമ കാണാനെത്തിയവരുടെ തിരക്കു കാണുമ്പോൾ അമ്മയുടെ കൈയിൽ നിന്ന് ഒരു രൂപ വാങ്ങി ഓണത്തിന് സിനിമ കാണാൻ പോയ കാലം ഓർക്കും. ഇടിച്ചുകയറി ടിക്കറ്റെടുത്ത് സിനിമ കണ്ട തിയേറ്ററുകളിൽ എന്റെ സിനിമ കാണാൻ ആളുകൾ തിരക്കുകൂട്ടുന്നതു കാണുമ്പോൾ മനസിനതു സന്തോഷമുള്ള കാര്യമല്ലേ. ആ തിരക്കിൽ നിന്നായിരിക്കാം നാളത്തെ ചലച്ചിത്രപ്രതിഭ പിറവിയെടുക്കുന്നത്. തീയേറ്ററിൽ പോയി സിനിമ കാണൽ പതിവാക്കുന്നത് എം.ജി. ശ്രീകുമാറിന്റെ ഒപ്പമാണ്. സിനിമ കാണാനുള്ള പണം എങ്ങനെയങ്കിലുമൊക്ക ഒപ്പിക്കും. വീട്ടിൽ നിന്ന് എന്തെങ്കിലുമൊക്കെ കട്ടെടുത്തു വിറ്റുകിട്ടുന്ന കാശുകൊണ്ടും സിനിമ കാണ്ടിട്ടുണ്ട്. ഇത്തരം ചില്ലറ കുസൃതികൾക്കു വീട്ടിൽ നിന്നു ധാരാളം ചീത്തവിളിയും കിട്ടിയിട്ടുണ്ട്. സിനിമയിൽ വന്നതിനുശേഷവും ഓണനാളുകൾ കുടുംബത്തോടൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. അങ്ങനെയല്ലാത്ത അവസരങ്ങൾ അപൂർവമായുണ്ടായിട്ടുണ്ട്. എന്നെ വേദനപ്പിച്ച ഓണവുമുണ്ട്. രണ്ട് കൊല്ലം മുമ്പ്, എന്റ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോൾ വന്ന ഓണം. കരിയറിലെ ഒട്ടും തിളക്കമില്ലാത്ത സിനിമയായ ആമയും മുയലിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ. ഓണത്തിന് എങ്ങോട്ടും പോകാനില്ല. ആ ഓണം ലൊക്കേഷനിൽ ചെലവഴിച്ചു. മനസിൽ ദുഃഖങ്ങളുടെ പെരുമഴക്കാർ നിറഞ്ഞ ആ ദിവസം അറിയാതെ മനസു വിതുമ്പിപ്പോയി. ഇനി, ഒരു പായസക്കഥ പറയാം. മോഹൻലാലിനു പായസം കുടിക്കാൻ കഴിയാതെ പോയ, കൂട്ടുകാരുമായി വഴക്കിട്ട കഥ. ചെറുപ്പകാലത്ത് ഓണം, വിഷു, പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് പായസം കിട്ടുകയുള്ളൂ. അപ്പോൾ വിശേഷദിവസങ്ങളിൽ കിട്ടുന്ന പായസത്തിന്റെ പ്രത്യേകത മനസിലായല്ലോ.

വിജയത്തേരിൽ മൂവർ സംഘം
വൈഗാ ലക്ഷ്മി

Categories:
തൃശൂരിലെ മൂന്നു യുവാക്കൾ മനസിലൊരു സ്വപ്‌നം കണ്ടു. ചെറിയ ബിസിനസ് സംരംഭം ആരംഭിക്കുക എന്നത്. അവർ തങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി രാവും പകലും അദ്ധാനിച്ചു. അതിന്റെ ഫലം അവർക്കു കിട്ടി. അങ്ങനെ, മൂവർ സംഘം തുടങ്ങിവച്ച ഗോൾഡൻ ഇന്റർനാഷണൽ എന്ന കമ്പനി കോടികളുടെ വിറ്റുവരവുള്ള സ്ഥാപനമായി വളർന്നു. തോമസ് തരകൻ, അബ്ദുൾ റഹ്മാൻ, പാലു എന്നു വിളിക്കുന്ന പോൾ ചിരിയൻകണ്ടത്ത് എന്നിവരാണ് ആ മൂവർ സംഘം. തുടക്കത്തിൽ വലിയ പ്രതിസന്ധികൾ തരണം ചെയ്‌തെങ്കിലും ഇപ്പോൾ മികച്ച ലാഭത്തോടെയാണ് ബിസിനസ് മുന്നോട്ടു പോകുന്നത്. തങ്ങളുടെ ബിസിനസും ജീവിതവും പങ്കുവച്ച് മൂവർ സംഘം. ബിസിനസിന്റെ തുടക്കം സ്റ്റീൽ ബിസിനസാണ് ഗോൾഡൻ ഇന്റർനാഷണൽ ചെയ്യുന്നത്. വീടുകൾക്ക് റൂഫിംഗ് ചെയ്യുന്നതിന് ആവശ്യമുള്ള കോയിൽസ് ചൈന, വിയറ്റ്‌നാം, കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇംപോർട്ട് ചെയ്യും. തുടർന്ന്, സ്റ്റീൽ കോയിൽ ഷീറ്റാക്കുന്ന കമ്പനികൾക്ക് എത്തിച്ചു കൊടുക്കും. ഹോൾസെയിൽ ചെയ്യുന്നവർക്കാണ് കമ്പനി പ്രൊഡക്റ്റ് സപ്ലൈ ചെയ്യുന്നത്. ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ലാത്ത കമ്പനി കമ്പനിയുടെ എല്ലാകാര്യങ്ങളും നോക്കുന്നതു ഞങ്ങൾ തന്നെയാണ്. വിദേശത്തു പോയി സ്റ്റീൽ കോയിൽ പർചേയ്‌സ് ചെയ്യുന്നതും മൂന്നുപേരും ചേർന്നാണ്. ഞങ്ങളുടെ ഒത്തൊരുമ തന്നെയാണു വിജയത്തിനു പിന്നിലെ രഹസ്യം. നേരിട്ടുള്ള ഇടപെടലുകൾ ബിസിനസിനെ ഗുണകരമാകും എന്നതു കൊണ്ടാണ് എല്ലാം ഞങ്ങൾ നേരിട്ടു ചെയ്യുന്നത്. കേരളത്തിലെ ബിസിനസ് നോക്കാൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെയിൽസും സ്‌റ്റോക്ക് ചെക്കിംഗും ശ്രദ്ധിക്കാനും ഒരു സ്റ്റാഫുണ്ട്. എന്തുകൊണ്ട് സ്റ്റീൽ ബിസിനസ് ആദ്യം ചെയ്തിരുന്നത് ഇലക്‌ട്രോണിക്‌സ് ബിസിനസ് ആയിരുന്നു. അതിനുശേഷമാണ് മെറ്റൽസ് ലാഭകരമാണെന്നു മനസിലാക്കി ഈ ബിസിനസിലേക്കു മാറിയത്. പത്തുവർഷമായി ഇംപോർട്ടിംഗ് മേഖലയിൽ ഉണ്ടെങ്കിലും മെറ്റൽസുമായി ബന്ധപ്പെട്ട വ്യവസായം ആരംഭിച്ചിട്ട് നാലു വർഷമേ ആയിട്ടുള്ളു. ഉയർന്ന ക്വാളിറ്റിയുള്ള പ്രൊഡക്റ്റുകൾ മാത്രമാണ് ഗോൾഡൻ ഇന്റർനാഷണൽ ഇംപോർട്ട് ചെയ്യുന്നത്. ക്വാളിറ്റി ചെക്ക് ചെയ്തതിനുശേഷം മാത്രമാണു വിതരണം നടത്തുക. നാലു വർഷത്തിനിടയിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. കസ്റ്റമേഴ്‌സിന് പരാതിയുണ്ടെങ്കിൽ ഞങ്ങളെ നേരിട്ടു വിളിച്ചറിയിക്കാം. പരാതികൾക്ക് അപ്പോൾത്തന്നെ പരിഹാരം കാണാൻ ശ്രമിക്കും. സാധാരണ ഇംപോർട്ട് ബിസിനസ് ചെയ്യുന്നവർ ഗ്യാരന്റി കൊടുക്കാറില്ല. പക്ഷേ, ഞങ്ങൾ പത്തു വർഷത്തെ ഗ്യാരന്റി കൊടുക്കുന്നുണ്ട്. ഗ്യാരന്റി പിരീയഡിൽ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാൽ പ്രൊഡക്റ്റ് തിരിച്ചെടുത്ത് ക്യാഷ് നൽകുന്നതാണ് ഗോൾഡൻ ഇന്റർനാഷണലിന്റെ രീതി. സൗഹൃദത്തിന്റെ തുടക്കം മൂന്ന് പാർട്‌ണേഴ്‌സാണുള്ളത്. തോമസ് തരകൻ, അബ്ദുൾ റഹ്മാൻ, പാലു. 1988 മുതൽ പോളിന്റെ അച്ഛൻ ജോസേട്ടനും ഞാനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. 91-ലാണ് അബ്ദുൾ റഹ്മാനുമായി പരിചയമാകുന്നത്. ഞങ്ങളുടെ സൗഹൃദത്തിന്റെ വിശ്വാസവും സ്‌നേഹവും തന്നെയാണ് ബിസിനസിന്റെ വിജയത്തിനു പിന്നിൽ. തുടക്കത്തിൽ ഞാനും അബ്ദുൾ റഹ്മാനുമേ ഉണ്ടായിരുന്നുള്ളു. പാലു പഠനം കഴിഞ്ഞു വന്നതിനു ശേഷമാണു ഞങ്ങൾക്കൊപ്പം ചേർന്നത്. സ്വർണക്കട നടത്തുന്നവരാണ് പാലുവിന്റെ കുടുംബം. ഇപ്പോഴും അതു വിട്ടിട്ടില്ല. എന്നാലും, ഞങ്ങൾക്കൊപ്പം എല്ലാ കാര്യത്തിനും കൂടെയുണ്ടാകും. ബിസിനസിന്റെ തുടക്കം ലാഭകരമായിരുന്നോ? ആദ്യം ഫെയ്‌സ് ചെയ്ത പ്രശ്‌നം ലാഭമോ നഷ്ടമോ എന്നുള്ളതായിരുന്നില്ല. മറിച്ച് ഇതിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ വലിയൊരു തുക ആവശ്യമായിരുന്നു എന്നതാണ്. ഞങ്ങൾക്കു സങ്കൽപ്പിക്കാവുന്നതിലും വലിയ തുകയാണ് വേണ്ടിവന്നത്. സത്യത്തിൽ ഈയൊരു മേഖലയെക്കുറിച്ചു പഠിച്ചു മനസിലാക്കി വന്നവരല്ല. ഇതിലേക്ക് ഇറങ്ങിയപ്പോഴാണു മനസിലായതു പ്രതീക്ഷിക്കുന്നതു പോലെയല്ല കാര്യങ്ങളെന്ന്. ഫണ്ടിനായി കുറേ കഷ്ടപ്പെട്ടു. നടുക്കടലിൽപ്പെട്ട അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് പോളിന്റെ അച്ഛൻ ജോസേട്ടൻ വരുന്നത്. ആവശ്യമായ തുക തന്നു സഹായിക്കുകയും ചെയ്തു. അങ്ങനെയാണ് ബിസിനസ് നല്ല നിലയിൽ നീങ്ങിത്തുടങ്ങിയത്.

പ്രണയജീവിതത്തിന്റെ 25 വർഷങ്ങൾ
സുനിത സുനിൽ

Categories:
മലയാള സിനിമയിലെ സ്വർണത്തിളക്കമാർന്ന താരജോഡികൾ ആരെന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളു. ജയറാം-പാർവതി. താര ദമ്പതിമാർക്കിടയിൽ വേർപിരിയലുകൾ സാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രണയവും ജീവിതവും എങ്ങനെയാണ് ആഘോഷമാക്കേണ്ടതെന്നു കാണിച്ചുതരികയാണ് ഈ ദമ്പതിമാർ. വിവാഹജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ജയറാമും പാർവതിയും ഓണാഘോഷവേളയിൽ… ആദ്യാനുരാഗത്തിന്റെ നാളുകൾ ജയറാം: കരുക്കൾ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. തേക്കടിയാണ് ലൊക്കേഷൻ. അവിടെവച്ചാണ് രണ്ടുപേരും മനസുതുറന്നു സംസാരിക്കുന്നത്. രണ്ടു പേരുടെയും മനസിൽ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. തേക്കടിയിലെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്. പാർവതി: പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഇഷ്ടമാണ് എന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടുമില്ല. പ്രണയം പറഞ്ഞറിയിക്കേണ്ട ഒന്നാണെന്ന ചിന്ത ഞങ്ങൾക്കില്ല. എതിർപ്പുകളിൽ പതറാതെ നിന്ന കാലം പാർവതി: അതൊരു വല്ലാത്ത സമയമായിരുന്നു. ഗോസിപ്പുകളിലൂടെയാണു വീട്ടിൽ വിവരം അറിഞ്ഞത്. പരസ്പരം കാണാനോ മിണ്ടാനോ സാധിക്കാത്ത അവസ്ഥ. ഇന്നത്തെപ്പോലെ മൊബൈൽ പോലുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ലായിരുന്നല്ലോ. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെയാകും വിവാഹം കഴിക്കുകയെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. നാലു വർഷത്തോളം കാത്തിരുന്നു. ഞങ്ങളുടെ സ്‌നേഹം ദൈവത്തിനും കുടുംബത്തിനും മനസിലായി. കാത്തിരിപ്പിനൊടുവിൽ വിവാഹമെന്ന സ്വപ്‌നം പൂവണിഞ്ഞു. ജയറാം: ഗുരുവായൂരപ്പന്റെ നടയിൽ വച്ചായിരുന്നു വിവാഹം. ജീവിതം തുടങ്ങുന്നത് എഴുന്നൂറ് സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്‌ളാറ്റിലാണ്. ആ സമയത്താണ് വിക്രമിന്റെ ഗോകുലം എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നീട് തിരക്കായി. ചെന്നൈയിൽ സ്ഥിരതാമസമാക്കി. അവിടെയൊരു ഫ്‌ളാറ്റു വാങ്ങി. മോൾ ജനിച്ചശേഷമാണ് സ്വന്തമായി ഒരു വീടുവേണം എന്നു തോന്നുന്നത്. ജീവിതത്തിലെ മറക്കാനാവാത്ത സമ്മാനം പാർവതി: പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന രീതിയൊന്നും ഞങ്ങൾക്കിടയിലില്ല. എന്തെങ്കിലും കണ്ട് ഇഷ്ടപെട്ടാൽ അതു വാങ്ങി നൽകും. ജയറാം: വിലകൂടിയ വസ്ത്രങ്ങളോടോ ആഭരണങ്ങളോടോ പാർവതിക്ക് അത്ര കമ്പമൊന്നുമില്ല. പിന്നെ, അവൾക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനമല്ലേ ഞാൻ. മെയ്ഡ് ഫോർ ഈച്ച് അഥർ പാർവതി: അയ്യോ… അങ്ങനൊന്നും പറഞ്ഞു കണ്ണുവയ്ക്കല്ലേ. എല്ലായിടത്തേയും പോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങൾക്കിടയിലുണ്ട്. ജയറാം: കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലാതെ ഒരു ദാമ്പത്യം എങ്ങനെയാണ് സക്‌സസ് ആവുക. ചെറിയ പിണക്കങ്ങളാണു കൂടുതൽ ഇണക്കമുണ്ടാക്കുന്നത്. ജയറാമെന്ന ഫാമിലിമാൻ പാർവതി: സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ലൊരു ഫാമിലിമാനാണ് ജയറാം. ചെന്നൈയിൽ വന്നിട്ട് ഇത്രയും വർഷമായി ഒരു നൈറ്റ് ക്ലബ്ബിൽ പോലും ജയറാം പോയിട്ടില്ല. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ വീട്ടിലോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാനോ ആണ് കൂടുതൽ ഇഷ്ടം. ജയറാം: ഞാനിങ്ങനെയാവാനുള്ള പ്രധാന കാരണം പാർവതിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ധനകാര്യമന്ത്രി പാർവതിയാണ്. പണമുള്ളപ്പോഴും പണത്തിന് ടൈറ്റുള്ള സമയത്തും എന്നെയും കുട്ടികളെയും ഒന്നുമറിയിക്കാതെ പാർവതിയതു കൈകാര്യം ചെയ്യും. വീട്ടുകാര്യങ്ങളിലൊന്നും എന്നെ ടെൻഷനടിപ്പിക്കാറില്ല. ഞാൻ വീടുനോക്കികൊള്ളാം ജയറാം സിനിമയിൽ ശ്രദ്ധിച്ചോളു എന്നാണ് പാർവതി പറയാറ്. ഒരു കലാകാരനെ സംബന്ധിച്ച് ഇതിലും വലിയൊരു ഭാഗ്യം ലഭിക്കാനില്ല. അറിയപ്പെടുന്ന താരത്തിൽ നിന്ന് വീട്ടമ്മയിലേക്കുള്ള മാറ്റം പാർവതി: എന്നും ഒരു സാധാരണ വീട്ടമ്മയാകാനാണ് എനിക്കിഷ്ടം. അഭിനയിക്കണമെന്ന ആഗ്രഹം എനിക്കു പണ്ടേയില്ല. കുടുംബത്തോടൊപ്പം സന്തോഷകരമായ ലൈഫാണ് എനിക്കിഷ്ടം. ജയറാം: ആ റോൾ പാർവതി മികച്ചതാക്കുന്നുമുണ്ട്. പരാജയങ്ങളിലും കൈതാങ്ങ് പാർവതി: ചെറിയ ടെൻഷനുണ്ടായാൽ പോലും അത് അപ്പപ്പോൾ വിളിച്ചു പറയുന്ന ആളാണ് ജയറാം. ജയറാം: പാർവതി എന്ത് ടെൻഷനും സൊല്യൂഷനുണ്ടാക്കുന്ന വ്യക്തിയാണ് പാർവതി. അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങൾ പോലും അശ്വതിയോടു പറഞ്ഞ് ടെൻഷൻ ഒഴിവാക്കും. എന്നാലും പരാജയപ്പെടുമ്പോഴൊക്കെ എവിടെയെങ്കിലും ഒരു കൈതാങ്ങുണ്ടാകും. അതിന്റെ കാരണം ഗുരുത്വമാണ്. ഈ മൂന്നക്ഷരം മനസിൽ സൂക്ഷിക്കുന്ന ആളാണു ഞാൻ. അത് ഏതു കാര്യത്തിലായാലും. നല്ല ഗുരുനാഥൻ ലഭിക്കുക എന്നതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മിമിക്രിയുമായി വരുന്ന കാലത്ത് എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ഗുരുനാഥനായിരുന്നു കലാഭവനിലെ ആബേലച്ചൻ. സിനിമയിൽ എനിക്കു കിട്ടിയ ഗുരുനാഥനാണ് പത്മരാജൻ. എന്തു കാര്യങ്ങളുണ്ടെങ്കിലും എനിക്കു പറയാൻ പറ്റുന്ന ഒരാളായിരുന്നു അദ്ദേഹം. അതുപോലെ ചെണ്ടയുടെ കാര്യത്തിൽ മട്ടന്നൂർ. ഒരു ഗുരുകുല വിദ്യാഭ്യാസം പോലെയാണ് അദ്ദേഹത്തോടൊപ്പം പാണ്ടി മേളം പഠിച്ചത്. ഗുരുത്വമായിരിക്കാം പരാജയങ്ങൾ വരുമ്പോഴും അവയിൽ നിന്നുമൊക്കെ എന്നെ കര കയറ്റുന്നത്. അവനവനെ സ്വന്തമായി വിൽക്കാനറിയാത്തവൻ ഇന്ന് സിനിമയിൽ മണ്ടനാണെന്നു വേണം പറയാൻ. സെൽഫ് മാർക്കറ്റിംഗ് പഠിച്ചാലേ സിനിമയിൽ നിലനിൽപ്പുള്ളു. നല്ല ബിസിനസ് മൈന്റോടെ പ്രവർത്തിക്കണം. ഞാനൊരു ബിസിനസ്മാനല്ല എന്നതു വലിയൊരു പോരായ്മയാണ്. നമ്മളെ ഏൽപ്പിക്കുന്ന ജോലി ചെയ്യുക, പോവുക. അത്രേയുള്ളു. സംവിധാകന്റെ അടുത്തുപോയി അദ്ദേഹത്തിന്റെ ജോലിയിൽ തലയിടുക, അങ്ങനെയുള്ള ശീലമൊന്നും എനിക്കില്ല. മാത്രമല്ല, സിനിമയുടെ റിലീസിംഗിന്റെ അന്ന് തിയറ്ററുകളിൽ പോയി അവിടുത്തെ കളക്ഷൻ റിപ്പോർട്ട് എടുക്കുക ഇതൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല. അതൊക്കെ എന്റെ പോരായ്മകൾ തന്നെയാണ്. എന്നാലും, ഇതൊന്നും നെഗറ്റീവായി എന്നെ ബാധിക്കാറില്ല. ദൈവത്തോട് ഒരു കൈ കുമ്പിളിൽ ഒരു തുടം വെള്ളമേ ഞാൻ ചോദിച്ചിട്ടുള്ളു. അദ്ദേഹമെനിക്ക് കടലോളം തന്നു. ഇത്തരം ചെറിയ സന്തോഷങ്ങളിൽ സംതൃപ്തനാണ് ഞാൻ.

സഹസ്ര പൂർണിമയുടെ ഹേമന്തചന്ദ്രിക
എം.ടി / കെ.പി. സുധീര

Categories:
കാലത്തിന്റെ സ്പന്ദനങ്ങൾ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. നിളയുടെ ജലരാശിയിൽ നിന്ന്, ജന്മനാടിന്റെ ജൈവസമൃദ്ധിയിൽ നിന്നു സ്വാംശീകരിക്കപ്പെട്ട സംസ്‌കാരമാണ്, അദ്ദേഹത്തിന്റെ സാഹിത്യം. മനുഷ്യമഹത്വത്തിന്റെ രഹസ്യമറിഞ്ഞ ഈ നാട്ടിൻപുറത്തുകാരൻ, മണ്ണിന്റെ ഗന്ധം, അതിന്റെ സമൃദ്ധി വായനക്കാരെ അനുഭവിപ്പിച്ചു. കർഷകന്റെ കലപ്പയുടെയും കണ്ണാന്തളിപ്പൂക്കളുടെയും മർമരങ്ങൾ മാത്രമല്ല, ഭൗതിക വിജയത്തിന്റെ മരീചകയ്ക്കു പിറകേ പായുന്ന നഗരസംസ്‌കാരത്തിന്റെ ശബ്ദവും കേൾപ്പിച്ചു. മലയാളത്തിലേക്കു വീണ്ടും ജ്ഞാനപീഠത്തിന്റെ പെരുമ കൊണ്ടുവന്നു. ”അറിയാത്ത മഹാത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സാഗരങ്ങളേക്കാൾ, അറിയുന്ന നിളാ നദിയാണെനിക്കിഷ്ടം” എന്നു പറഞ്ഞ സാഹിത്യകാരനാണ്, എം.ടി. അദ്ദേഹത്തിന്റെ കൃതികളിൽ പുഴയുണ്ട്, വയലുണ്ട്, കുന്നുണ്ട്, പൂത്തുമറിഞ്ഞുനിൽക്കുന്ന കാട്ടുചെടികളുണ്ട്, കാവുകളുണ്ട്, പള്ളിയും ദൈവവുമുണ്ട്. നാടിനോടും നാട്ടുഭാഷയോടുമുള്ള വേർപെടുത്താനാവാത്ത ബന്ധമാണ്, അദ്ദേഹത്തിന്റെ എഴുത്തിന്റെ കാതൽ. വായനക്കാരുടെ ആത്മദാഹങ്ങൾ ശമിപ്പിക്കാൻ, ജന്മനാടിനെ സ്ഫുടീകരിക്കുന്ന ഈ കൃതികൾക്കു കഴിഞ്ഞു. അക്കാലത്ത് നായർ തറവാടുകളിലെ മരുമക്കത്തായ സമ്പ്രദായവും നാലുകെട്ടുകളിൽ പുകയുന്ന രോക്ഷങ്ങളും അനീതിക്കെതിരേയുള്ള പ്രതിഷേധങ്ങളും അതിൽ വീർപ്പുമുട്ടി കഴിഞ്ഞവരുടെ ജീവിതവും സഹനത്തിൽ നിന്നു വാർന്നുവീണ കഥകൾ- മനുഷ്യന്റെ ആയിരം ദുരിതങ്ങളും ഹർഷങ്ങളും ഗൃഹാതുരമായ കഥകളിലൂടെയും നോവലുകളിലൂടെയും എം.ടി ആവിഷ്‌കരിച്ചു. ആഷാഡമാസത്തിൽ, നിലാവുറയുന്ന രാത്രിയിൽ നിളയുടെ മടിത്തട്ടിൽ ശയിക്കും പോലൊരു അനുഭൂതിയാണ് അദ്ദേഹത്തിന്റെ കഥകൾ പകരുന്നത്. കർക്കടകമാസത്തെ ആഞ്ഞുപെയ്യുന്ന മഴയോടാണ്, കഥയിൽ കഥാകാരൻ അമ്മയെ ഉപമിക്കുന്നത്- പ്രകൃതിയുടെയും നന്മയുടെയും പ്രതീകമായ ഒരമ്മ. മികച്ച സാഹിത്യകൃതികൾ അഭ്രപാളിയിലേക്കു പകർത്തിയ നല്ലകാലത്തിന്റെ സ്മാരകങ്ങളാണ് എം.ടിയുടെ സിനിമകൾ. അവ, സർഗാത്മകതയുടെ വൈശാഖബാഷ്പമായി ഇന്നും ആരാധകമനസുകൾ അയവിറക്കുന്നു. ഊഷരമായിപ്പോയ ഈ ഭൂമിയിൽ അദ്ദേഹത്തിന്റെ കല, ഉർവരതയുടെ സമൃദ്ധി നിറയ്ക്കുന്നു. മുറപ്പെണ്ണ് മുതൽ രണ്ടാമൂഴം വരെയുള്ള എം.ടിയുടെ തിരക്കഥകളും ചില സിനിമ സംവിധാനവും മലയാളി കൃതജ്ഞതയോടെ ഓർക്കുന്നു. ഒരു കഥയുടെ ആലോചനയുമായി നിർമാതാവ് വന്നാൽ സംവിധായകനും നിർമാതാവും മാത്രമല്ല എഡിറ്ററും ക്യാമറാമാനും വരെ പങ്കുകൊണ്ട രസമുള്ള പഴയ അനുഭവങ്ങൾ എം.ടി എഴുതിയിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവ് സിനിമയാക്കിയപ്പോൾ മുതൽ വേലായുധന് പ്രേംനസീറിന്റെ ഛായയാണ് നമ്മുടെ മനസിൽ. ‘മഞ്ഞ്’ സിനിമയാക്കിയപ്പോൾ സുധീർ മിശ്രയെ കാത്തിരിക്കുന്ന വിമലയേക്കാൾ ഒരു പക്ഷേ നമ്മുടെ ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്നത്, ഏക്താരയുടെ തേങ്ങലായി നൈനിറ്റാളിൽ അലയുന്ന ആ പഞ്ചാബിയുടെ നിശ്വാസമല്ലേ? അയാൾ വിമലയോടു പറയുന്ന വാക്കുകൾ പോലും ഇന്നും കാതിൽ മുഴങ്ങുന്നു. ”എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല! വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതിയില്ല. വെറുതെ- എനിക്ക് നിങ്ങളെ ഇഷ്ടമാണ്.” സാഹിത്യപാരമ്പര്യമൊന്നുമില്ലാത്ത ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്നവനാണ് താനെന്ന് എം.ടി പറയാറുണ്ട്. വിശപ്പിന്റെ രുചി അറിഞ്ഞ ബാല്യ- കൈശോര ദിനങ്ങളെ ഈ എഴുത്തുകാരൻ എന്നും ഓർത്തു. എം.ടിയുടെ പിറന്നാൾ ദിനത്തിൽ സഹസ്രപൂർണിമ വന്നെത്തിയ കർക്കടകത്തിലെ ഉത്രട്ടാതി നാളിൽ അദ്ദേഹത്തിന്റെ കൃതികളുടെയും സിനിമകളുടെയും എക്കാലത്തേയും ആരാധികയായ ഇതെഴുതുന്നവൾ അദ്ദേഹം പറഞ്ഞു തന്ന സംഭവം ഓർക്കുന്നു. മഴക്കാറ് മൂടിയ ഒരു കർക്കടക ദിനത്തിൽ തന്റെ പിറന്നാളിന്, വയറു നിറച്ച് ചോറുണ്ണാൻ വാസു എന്ന കുട്ടിക്കു മോഹം. കുഞ്ഞിക്കിണ്ണത്തിൽ കഞ്ഞി വിളമ്പുന്ന അമ്മയോടു കുട്ടി മടിച്ചുമടിച്ച് പറയുന്നു, ”ഇക്കുറി എന്റെ പിറന്നാളിന്, എനിക്കു കഞ്ഞി വേണ്ട. ചോറു മതിയമ്മേ.” പിറന്നാളിന്, വീട്ടിൽ ഒരു മണി നെല്ലില്ല. അമ്മ കടം വാങ്ങിയ മൂന്നു രൂപയുമായി നെല്ലു വാങ്ങാൻ ആളെ അയച്ചു. നെല്ലു കുത്തി ചോറായപ്പോഴേക്കും വൈകുന്നേരമായിരുന്നു. ചത്ത വിശപ്പ്- കണ്ണീരു കലങ്ങിയ മനസ്. കർക്കടകക്കാറ്റിൽ ആടി ഉലയുന്ന വൃക്ഷങ്ങളെ നോക്കി, കോഴിക്കോട്ടുള്ള ഫ്‌ളാറ്റിലിരിക്കുന്ന എഴുത്തുകാരന്റെ മുഖത്തു വിഷാദം. സ്വന്തം സുഖത്തിലും സൗകര്യത്തിലുമല്ല, മനുഷ്യത്വം വറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ലോകത്തിന്റെ ദീനതയിലും മനുഷ്യന്റെ ദുരിതങ്ങളിലുമാണ് ആ വലിയ മനുഷ്യൻ മുഴുകിയിരിക്കുന്നത്. സ്വന്തം കൃതികളിലൂടെയും സിനിമകളിലൂടെയും നമ്മിലേക്കു പുതിയ ജീവശ്വാസം ഊതിക്കയറ്റാൻ ശ്രമിച്ച ആ വലിയ എഴുത്തുകാരൻ. കാലത്തിന്റെ മുദ്രവഹിക്കുന്ന നിരവധി സാഹിത്യകൃതികൾ, അമ്പത്തിനാല് തിരക്കഥകൾ, സംവിധാനം, സാമൂഹികമായ ഇടപെടലുകൾ, തുഞ്ചൻ സ്മാരക കേന്ദ്രത്തിലെ കലാസാംസ്‌കാരിക സാഹിത്യപ്രവർത്തനങ്ങൾ- മനുഷ്യ ജീവിതത്തിന്റെ ഇരുളും വെളിച്ചവും തലമുറയ്ക്കു പാരിതോക്ഷികമാക്കിയ എം.ടിക്ക്, സഹസ്രപൂർണിമയുടെ ഹേമന്തചന്ദ്രികയിൽ കുളിച്ചുനിൽക്കുന്ന മഹാസാഹിത്യകാരന് മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞ ആശംസകൾ. * ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ചു കഴിയുമ്പോൾ ജീവിതത്തോട് കൃതജ്ഞതയോ, കൃതാർത്ഥതയോ നന്ദിയുണ്ട്. ഒരു പരിചയവുമില്ലാത്തവർ പോലും എന്റെ പിറന്നാളിന്, ആയുരാരോഗ്യ സൗഖ്യത്തിന് ക്ഷേത്രങ്ങളിൽ പോയി പൂജ കഴിച്ച് പ്രസാദം അയച്ചു തരുന്നു. നിരവധി പിറന്നാളാശംസകൾ കത്തുകളായി വന്നു. അവരുടെയൊക്കെ സ്‌നേഹം എന്നെ വികാരഭരിതനാക്കുന്നു. ഒന്നുമില്ലാതെ, ഇത്തിരി അക്ഷരങ്ങൾ മാത്രം കീശയിലിട്ട് ഇറങ്ങിത്തിരിച്ചവനാണു ഞാൻ. ഇന്നെനിക്ക് ആഹാരം തരുന്നത് അക്ഷരങ്ങളാണ്.

ഷാഹിധനി പെണ്ണരങ്ങിലെ കുങ്കുമപ്പൊട്ട്
സഫറുള്ള പാലപ്പെട്ടി

Categories:
കേരളത്തിൽ നാടക പ്രവർത്തനങ്ങൾ സജീവമായിരുന്ന കാലത്ത് ഗൾഫ് നാടുകളിലും മലയാളികളുടെ നാടക പ്രവർത്തനങ്ങൾ സജീവമായിരുന്നു. മലയാളികളുടെ സമ്പന്നമായൊരു നാടകകാലം ഗൾഫ് നാടുകളിലും ഉണ്ടായിരുന്നു. ഇന്ന് അബുദാബിയുടെ കോർണീഷ് എന്നറിയപ്പെടുന്ന യു.എ.ഇയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറിയ അബുദാബി കടപ്പുറത്ത് 1969 മാർച്ച് ആറിന് ഈന്തപ്പനയോലകൾ കൊണ്ടും മരക്കഷ്ണങ്ങൾ കൊണ്ടും താത്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിൽ അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ മലയാള നാടകം അവതരിപ്പിച്ചുകൊണ്ടാണ് ഗൾഫിലെ നാടക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ‘ജീവിതം ഒരു കൊടുങ്കാറ്റ്’ എന്നതായിരുന്നു നാടകത്തിന്റെ പേര്. തുടർന്നങ്ങോട്ട് അബുദാബിയിലും ഇതര എമിറേറ്റുകളിലും മറ്റ് ഗൾഫ് നാടുകളിലും നാടകം ഇതൾ വിരിയുകയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപതുകളും എൺപതുകളും അബുദാബിയിൽ മലയാള നാടകങ്ങളുടെ വസന്തകാലമായിരുന്നു. കേരള സോഷ്യൽ സെന്ററിൽ നാടകോത്സവവും അബുദാബി മലയാളി സമാജത്തിൽ നാടകമത്സരവും അരങ്ങുതകർത്തിരുന്ന കാലം. നാടകാചാര്യന്മാരായ പി.കെ. വേണുകുട്ടൻ നായർ, കെ.പി. ഉമ്മർ, എൻ. കൃഷ്ണപ്പിള്ള, കരമന ജനാർദ്ദനൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, കെ.ജി. സേതുനാഥ്, ജി. ശങ്കരപ്പിള്ള, വയലാ വാസുദേവപ്പിള്ള, നരേന്ദ്രപ്രസാദ് തുടങ്ങി മലയാള നാടക ലോകത്തെ ഒട്ടുമിക്ക പ്രഗത്ഭരും നാടകോത്സവവുമായും നാടകമത്സരവുമായും ബന്ധപ്പെട്ട് അബുദാബിയിൽ എത്തിയിരുന്നു. അബുദാബി ശക്തി തിയറ്റേഴ്‌സ്, ജനസംസ്‌കൃതി, സംഘവേദി, ശിഖ അബുദാബി, മാസ് അബുദാബി, സ്റ്റേജ് ഓഫ് അൽ ഐൻ, സമീക്ഷ, ചലനം തിയറ്റേഴ്‌സ്, ഒമർഖയാം കലാവേദി തുടങ്ങി വിവിധ നാടക സമിതികൾ എണ്ണമറ്റ നാടകങ്ങൾ അവതരിപ്പിച്ചു. അന്ന്, നാടക സമിതികൾ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്‌നം നാടകത്തിൽ സ്ത്രീ വേഷങ്ങൾ ചെയ്യാൻ സ്ത്രീകളെ ലഭ്യമല്ലാതിരുന്നു എന്നതാണ്. നാടകത്തിൽ അഭിനയിക്കുക എന്നത് കുടുംബത്തിൽ പിറന്ന സ്ത്രീകൾക്കു യോജിച്ചതല്ല എന്ന വികലമായ കാഴ്ചപ്പാട് ആദ്യകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്നതുപോലെ ഗൾഫ് നാടുകളിലും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വലിയ വായിൽ പുരോഗമനം പറയുന്നവർ പോലും തങ്ങളുടെ ഭാര്യയെയോ, മകളെയോ അഭിനയിക്കാൻ വേദികളിലേക്കു വിടില്ലായിരുന്നു. അതുകൊണ്ട് സ്ത്രീ വേഷങ്ങൾ പുരുഷന്മാരായിരുന്നു കെട്ടിയിരുന്നത്. പല മത്സരങ്ങളിലും മികച്ച നടിയായി തെരഞ്ഞെടുക്കലും അന്നു മികച്ച അഭിനയം കാഴ്ചവച്ച പുരുഷനെ തന്നെയായിരുന്നു. ഇതിനൊക്കെ, മാറ്റം വന്നത് ഷാഹിധനി വാസുവിനെപ്പോലുള്ള പുതു തലമുറകളിൽപ്പെട്ട കുടുംബിനികൾ അരങ്ങത്തു വന്നതോടെയാണ്. കേവലം ഒരു കുടുംബിനിയായി ഒതുങ്ങിക്കൂടി ജീവിക്കാൻ 1992-ൽ അബുദാബിയിലെത്തിയ ഷാഹിധനി അരങ്ങെത്തെത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. നാട്ടുകാരുടെ കൂട്ടായ്മയായ വടകര എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച വടകര മഹോത്സവത്തിൽ രൂപേഷ് തിക്കോടിയുടെ സംവിധാനത്തിൽ ചിട്ടപ്പെടുത്തിയ മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’യ്ക്ക് വേണ്ടിയായിരുന്നു ആദ്യമായി മുഖത്ത് ചായം തേച്ചത്. ഭർത്താവ് കുറുങ്ങോട്ട് വാസുവും അവരുടെ സഹോദരങ്ങളായ കുഞ്ഞിക്കണ്ണൻ, വിജയൻ, സഹോദര പുത്രി അഞ്ജന, മകൻ അവിനേഷ് തുടങ്ങി വീട്ടിലുള്ളവരും സ്ഥിരപരിചിതരായ നാട്ടുകാരും വേഷം കെട്ടുന്നത് കണ്ടപ്പോൾ ഷാഹിധനിക്ക് അതൊരു പ്രചോദനമാവുകയായിരുന്നു. പക്ഷേ, അബുദാബി കൾച്ചറൽ ഫൗണ്ടേഷൻ ഹാൾ സംഘാടകർക്ക് മഹോത്സവത്തിന് അനുവദിച്ച സമയ പരിധി കഴിഞ്ഞതുകൊണ്ട് പ്രസ്തുത ദൃശ്യാവിഷ്‌കാരം അന്ന് അരങ്ങത്ത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട്, ഷാർജയിൽ വച്ച് നടന്ന വടകര മഹോത്സവത്തലും ഇൻഡോ അറബ് സാംസ്‌കാരികോത്സവത്തിന്റെ ഭഗമായും ‘കണ്ണട’ അവതരിപ്പിച്ചു. ഇതിനു മുമ്പു പലപ്പോഴും പാട്ടു പാടുവാനും കവിത ചൊല്ലുവാനും തിരുവാതിര കളിക്കുവാനും സ്റ്റേജിൽ കയറിയിട്ടുണ്ടെങ്കിലും അഭിനയ രംഗത്തേയ്‌ക്കെത്തുന്നത് ആദ്യമായാണ്. തകഴിയുടെ ‘രണ്ടിടങ്ങഴി’യുടെ നാടാകാവിഷ്‌കാരത്തിൽ വേഷമിട്ടുകൊണ്ടായിരുന്നു നാടക വേദിയിലേക്കു കാലെടുത്തുവച്ചത്. നാടകത്തിനു വേണ്ടി ആദ്യമായി മുഖത്തു ചായം തേയ്ക്കുന്നത് അന്നായിരുന്നു. ‘ഒപ്പ് കടലാസ്’ ആയിരുന്നു രണ്ടാമത് അവതരിപ്പിച്ച ലഘു നാടകം. ഇരു നാടകവും സംവിധാനം ചെയ്തത് ഇ.ആർ. ജോഷിയായിരുന്നു. കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ നാടകോത്സവമായ പ്രഥമ ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കുന്നതിനായി 2009-ൽ പ്രമുഖ നാടക പ്രവർത്തകൻ സതീഷ് കെ. സതീഷിന്റെ സംവിധാനത്തിൽ നാടകസൗഹൃദം അവതരിപ്പിച്ച ‘അവൾ’ എന്ന നാടകത്തിലായിരുന്നു ഷാഹിധനി ഒരു മത്സര നാടകത്തിനായി ആദ്യമായി വേഷം കെട്ടുന്നത്. ഒരു ഡോക്ടറുടെ വേഷമായിരുന്നു അന്ന് ഷാഹിധനി കൈകാര്യം ചെയ്തത്. പ്രസ്തുത നാടകം മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഷാഹിധനിയുടെ ഭാഗ്യനക്ഷത്രം തെളിയുന്നത് കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഈ വർഷത്തെ കോർഡിനേറ്റർമാരിൽ ഒരാളായ ജലീൽ ടി. കുന്നത്തിന്റെ സംവിധാനത്തിൽ അബുദാബി ശക്തി തിയിയറ്റേഴ്‌സിനു വേണ്ടി അവതരിപ്പിച്ച ‘ഉസ്മാന്റെ ഉമ്മ’യിലൂടെയായിരുന്നു. തന്റെ പൊന്നുമോന്റെ മനസൽ ജാതി-മത-രാഷ്ട്രീയ വിഷം ഏൽപ്പിക്കപ്പെട്ടതറിഞ്ഞ്, ആ വിഷം അവർ ആവോളം പാനം ചെയ്യുന്നതറിഞ്ഞ് മകനെ തന്റെ ജീവിതത്തിൽ നിന്നു തള്ളിപ്പറയേണ്ടി വന്ന വൃദ്ധമാതാവായാണ് ഷാഹിധനി ഈ നാടകത്തിൽ വേഷമിട്ടത്.

ഞാൻ ഹാപ്പിയാണ്
സുനിത സുനിൽ

Categories:
ബക്രീദിന് ആസിഫ് അലി വളരെ സന്തോഷത്തിലാണ്. രണ്ടു സിനിമകൾ വിജയകരമായി പ്രദർശിപ്പിക്കുന്നു എന്നതു മാത്രമല്ല, വീട്ടിലേക്കു പുതിയൊരു അതിഥി കൂടി എത്തി. ആസിഫിന്റെ മകൾ മോളി അലി വന്നതിന്റെ സന്തോഷത്തിലാണ് ആസിഫും സമയും ഷൗക്കത്തും. ആസിഫിന്റെ ബ്രക്രീദ് വിശേഷങ്ങൾ. ഇത്തവണത്തെ ബക്രീദ് സന്തോഷങ്ങൾ നിറഞ്ഞതാണല്ലോ ആദ്യ സന്തോഷം ദൈവം എനിക്ക് ഒരു മോളെ തന്നു. പിന്നെ, സൺഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ലിപ്തം എന്നീ സിനിമകൾ പ്രേക്ഷകശ്രദ്ധ നേടി. കൂടാതെ, അനിയൻ അസ്‌കർ അലി നായകനാകുന്ന സിനിമ ഹണിബീ 2.5 റിലീസായി. അതെല്ലാം വളരെ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. മറക്കാനാകാത്ത ബക്രീദ് അങ്ങനെയൊന്നുമില്ല. ലോകത്തെവിടെയാണെങ്കിലും പ്രാർത്ഥനയും മറ്റു കാര്യങ്ങളും മറക്കാറില്ല. റമസാൻ നോമ്പും മുടക്കാറില്ല. പലപ്പോഴും ലൊക്കേഷനുകളിലായിരിക്കും. മറക്കാനാവാത്ത അനുഭവങ്ങളൊന്നുമില്ല. ആസിഫിനെക്കുറിച്ചു വലിയ പരാതിയുണ്ട്, ഫോൺ വിളിച്ചാൽ എടുക്കില്ല എന്നെക്കുറിച്ചു വന്ന ആദ്യത്തെ ഗോസിപ്പ് ലാലേട്ടൻ വിളിച്ചിട്ട് ഫോണെടുത്തില്ല എന്നതാണ്. അതൊന്നും മനപൂർവം ചെയ്യുന്നതല്ല. ഫോൺ കൊണ്ടുനടക്കുന്ന ശീലം എനിക്കില്ല. മോശം സ്വഭാവമെന്ന് എനിക്കു തോന്നുന്ന ഒന്ന് ഈ ശീലം മാത്രമാണ്. ആർക്കെങ്കിലും ഒരു പ്രശ്‌നമുണ്ടെങ്കിൽ അത് എന്നെ നേരിട്ടു വന്നു കണ്ടാൽ പരിഹരിക്കാൻ സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഈ പറഞ്ഞത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കരുത്. പ്ലീസ്… കോളുകൾ എടുക്കാതിരുന്ന് നഷ്ടപ്പെട്ട അവസരങ്ങളെന്തെങ്കിലും എന്റെ അറിവിൽ അങ്ങനൊന്നുമില്ല. ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഞാനിപ്പോൾ ഫോൺ കൊണ്ടുനടക്കാൻ ശ്രമിക്കാറുണ്ട്. വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു ഞാനിപ്പോൾ കുറച്ചുകൂടി പക്വമായി എന്നു തോന്നുന്നു. സിനിമയിൽ വന്നു, കല്ല്യാണം കഴിഞ്ഞു, രണ്ടു കുട്ടികളായി… എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഞാൻ തിരിച്ചറിയുന്നുണ്ട്. ഇതുവരെയില്ലാതിരുന്ന ഉത്തരവാദിത്തങ്ങൾ, സേവിംഗ് മെന്റാലിറ്റി ഇതൊക്കെ കുറച്ചു കൂടിയിട്ടുണ്ട്. പണ്ട് സിനിമ ഷൂട്ട് കഴിഞ്ഞാൽ നേരെ സുഹൃത്തുക്കളുടെ അടുത്തേയ്ക്കായിരുന്നു ഓട്ടം. എന്നാലിപ്പോൾ ഷൂട്ടിനിടയിൽ ഒരു ദിവസം കിട്ടിയാലും സമയുടെയും കുട്ടികളുടെയും അടുത്തേക്കു പായും. എത്ര സമയം കുട്ടികൾക്കൊപ്പം ഇരുന്നാലും പോരാ എന്ന അവസ്ഥയാണ്. അനിയത്തിയെ കിട്ടിയപ്പോഴുള്ള മകൻ ആദമിന്റെ സന്തോഷം പലപ്പോഴും അവനോടൊപ്പം കാണില്ല. പിന്നെ അവനാകെയുള്ള കൂട്ട് സമയാണ്. ഇപ്പോഴവൻ കൂടുതൽ സമയം മോളോടൊപ്പമാണ്. അവളെ കളിപ്പിക്കലുമാക്കെയായി ആൾ മുഴുവൻ സമയവും ബിസിയാണ്. വീടു ശരിക്കും ലൈവായതു പോലെ തോന്നുന്നു.

പട്ടിന്റെ ബ്രാൻഡ് അംബാസിഡർ
ബീനാ കണ്ണൻ/ പി. ടി. ബിനു

Categories:
‘ശീമാട്ടി’ എന്ന ബ്രാൻഡ് പട്ടിന്റെ പരിശുദ്ധിയും വിശ്വസ്തതയുമാണ് മലയാളികൾക്ക്. കേരളത്തിൽ പട്ടിന്റെ ബ്രാൻഡ് അംബാസിഡറാണ് ബീനാ കണ്ണൻ. ടെക്‌സ്റ്റൈൽ ബിസിനസ് രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യം. മലയാളി സ്ത്രീകളുടെ സ്വപ്‌നങ്ങളിലെ വസ്ത്രങ്ങൾക്ക് അഴകും വർണങ്ങളും നൽകി സാക്ഷാത്കരിച്ച ശീമാട്ടി എന്ന വസ്ത്ര വ്യാപാരശൃംഖലയുടെ അമരക്കാരി. ലോകത്തിലെ ഏറ്റവും നീളം കൂടിയ പട്ടുസാരി നെയ്ത് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ ഡിസൈനർ. വിശേഷണങ്ങൾ ഏറെയുണ്ട് ബീനാ കണ്ണന്. കുട്ടിക്കാലത്തെ ഓണം കുട്ടിക്കാലവും കുട്ടിക്കാലത്തെ ഓണവും ഇന്നും മനസിൽ നിറം മങ്ങാത്ത ഓർമകളാണ്. എത്ര സങ്കടമുണ്ടായാലും കുട്ടിക്കാലം എല്ലാവർക്കും മനോഹരമായ കാലമാണ്. കാലം മാറിയിരിക്കുന്നു. എല്ലാവരും ഇന്ന് സോഷ്യൽ മീഡിയകളിലാണു ജീവിക്കുന്നതെന്നു തോന്നിപ്പോകും. എന്റെ കുട്ടിക്കാലത്ത് ടെലിവിഷൻ പോലും ഉണ്ടായിരുന്നില്ല. ഇന്ന് കാഴ്ചയുടെ ലോകമാണ്. രാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ പോലും കാഴ്ചകളുടെ ലോകത്ത് ഇല്ലാതായിരിക്കുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി പട്ടു പാവാട ധരിച്ച് അമ്പലത്തിൽ പോകും. മുറ്റത്തു വിവിധ ഡിസൈനുകളിലുള്ള പൂക്കളം ഇടും. പൂക്കൾ പറിക്കാൻ പോകുന്നതൊക്കെ ഇന്നും ഓർമയിലുണ്ട്. വീട്ടുമുറ്റത്തുതന്നെ ധാരാളം പൂച്ചെടികളുണ്ട്. പൂക്കൾ പറിക്കാൻ വീടിന്റെ ചുറ്റുവട്ടത്തും പോകുമായിരുന്നു. ഇന്നിപ്പോൾ അങ്ങനെയൊന്നുമില്ലല്ലോ, പൂക്കൾ വീട്ടിൽ കൊണ്ടുവന്നു തരുന്ന കച്ചവടക്കാരുണ്ട്. ഓർഡർ കൊടുത്താൽ മതി. ഓണാഘോഷവുമായി ബന്ധപ്പെട്ട് പുലികളി ഉൾപ്പെടെയുള്ളവ കാണാൻ പോകുമായിരുന്നു. ഓണം അവധി ദിവസങ്ങൾ കൂട്ടുകാരൊത്തു ചെലവഴിക്കുന്ന സമയം കൂടിയാണ്. വീട്ടിൽ സ്ഥിരമായി ഊഞ്ഞാലുണ്ട്. ഓണത്തിനുവേണ്ടി പ്രത്യേകിച്ച് ഊഞ്ഞാൽ കെട്ടേണ്ട ആവശ്യമില്ലായിരുന്നു. അച്ഛന് ബിസിനസിന്റെ തിരക്കുകളുണ്ടെങ്കിലും ഓണനാളുകളിൽ അച്ഛൻ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചിരുന്നു. എല്ലാ ആഴ്ചയിലും അച്ഛനും അമ്മയും ഞാനും ആലപ്പുഴയിലെ കുടുംബവീട്ടിൽ പോകും. കുടുംബവീട്ടിലായിരിക്കും തിരുവോണത്തിന്റെ ആഘോഷങ്ങൾ. വീട്ടമ്മ എന്നതിൽ നിന്ന് ബിസിനസിലേക്കുള്ള വരവ് വിവാഹം കഴിയുന്നതിനു മുമ്പുതന്നെ ബിസിനസ് രംഗത്തേക്കു വന്നിരുന്നു. ഡിഗ്രി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ അച്ഛനോടൊപ്പം ശീമാട്ടിയിൽ എത്തി. ശീമാട്ടിയുടെ എല്ലാ കാര്യങ്ങളിലും അച്ഛനെ സഹായിച്ചിരുന്നു. വിവാഹശേഷവും ബിസിനസ് വിട്ടില്ല. ഭർത്താവിന്റെ പൂർണ പിന്തുണ എനിക്കുണ്ടായിരുന്നു. ഷോപ്പിൽ നിന്നിറങ്ങിയാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കും. മക്കളുടെ പഠനകാര്യങ്ങൾ, അവരുടെ മറ്റ് ആക്റ്റിവിറ്റീസുകൾ തുടങ്ങിയവയ്‌ക്കൊക്കെ സമയം കണ്ടെത്തും. വസ്ത്രവ്യാപാരം എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും സന്തോഷകരമായ ബിസിനസ് ആണ്. ബിസിനസ് എന്നതിലുപരി ആളുകളുടെ സന്തോഷത്തിലും നമുക്കു പങ്കുചേരാം. വിവാഹം, എൻഗേയ്ജ്‌മെന്റ്, വിവാഹവാർഷികം, ബെർത്ത്‌ഡേ, മാമോദീസ… അങ്ങനെ ആളുകളുടെ സന്തോഷ നിമിഷങ്ങളിൽ നമ്മളും കൂട്ടുചേരുന്നു. അച്ഛൻ, അമ്മ അച്ഛന്റെ (വി. തിരുവെങ്കിടം) യും അമ്മ (സീതാലക്ഷ്മി) യുടെയും പിന്തുണ എല്ലാ ഉയർച്ചകൾക്കും പിന്നിലുണ്ട്. ബിസിനസിന്റെ വലിയ സാധ്യതകൾ എനിക്കു മുന്നിൽ തുറന്നിട്ടത് അച്ഛനാണ്. ഓരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞുതരുമായിരുന്നു. അതെല്ലാം കനമുള്ള ജീവിതപാഠങ്ങൾ കൂടിയാണ്. അമ്മ ബിസിനസ് രംഗത്തു വന്നിരുന്നില്ല. ഫാഷൻ, ഡ്രസിംഗ്, മേയ്ക്കപ്പ് തുടങ്ങിയ മേഖലയിലായിരുന്നു അമ്മയ്ക്കു താത്പര്യം. അമ്മ മികച്ച ഡിസൈനർ കൂടിയായിരുന്നു. ലേറ്റസ്റ്റ് ഫാഷൻ ട്രെൻഡുകളെക്കുറിച്ച് അമ്മയ്ക്കു നന്നായി അറിയാമായിരുന്നു. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭർതൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ഫാഷൻ, ഡിസൈനിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്നു ധാരാളം പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ശീമാട്ടിയുടെ പ്രത്യേകതകൾ ശീമാട്ടിയുടെ പ്രത്യേകതകൾ കസ്റ്റമേഴ്‌സ് ആണ് പറയേണ്ടത്. എനിക്കു കിട്ടിയിട്ടുള്ള കസ്റ്റമേഴ്‌സ് ഫീഡ്ബാക്ക്, ശീമാട്ടിയിൽ വന്നാൽ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലെ പരിപൂർണത ലഭിക്കും എന്നതാണ്. വിവാഹ വസ്ത്രങ്ങളെടുക്കാൻ വരുന്നവരുൾപ്പെടെ ചിലർ ശീമാട്ടിയിൽ നിന്നു വസ്ത്രങ്ങൾ വാങ്ങാതെ മടങ്ങിപ്പോയ സാഹചര്യങ്ങളുണ്ട്. അവർ വീണ്ടും അന്നുതന്നെയോ അല്ലെങ്കിൽ അടുത്ത ദിവസമോ വന്ന് ശീമാട്ടിയിൽ നിന്നുതന്നെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളുമുണ്ടാകാറുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹ വസ്ത്രങ്ങളിൽ എന്നും ലേറ്റസ്റ്റ് ഐറ്റംസ് ശീമാട്ടിക്കുണ്ട് എന്നതുകൊണ്ടാണ്. ആഘോഷമേതുമാകട്ടെ അതിനുള്ള ലേറ്റസ്റ്റ് വസ്ത്രങ്ങൾ ശീമാട്ടിയിലുണ്ട്. ഏറ്റവും പുതിയ വസ്ത്രങ്ങളാണ് ശീമാട്ടി കളക്റ്റ് ചെയ്യുന്നത്. സാരികളിൽ ഏറ്റവും പുതുമയുള്ള ഡിസൈനുകൾ ശീമാട്ടിയ്ക്കുണ്ട്. കസ്റ്റമേഴ്‌സിന്റെ ഇഷ്ടത്തിനനുസരിച്ച് സാരികൾ ഡിസൈൻ ചെയ്തും കൊടുക്കും. അവരുടെ കൂടെ നിന്ന്, അവരുടെ മനസിലുള്ള ഡിസൈൻ ചെയ്തുകൊടുക്കും. നമ്മുടെ താത്പര്യങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കാറില്ല. ഫെസ്റ്റിവൽ സീസണിൽ മാത്രം കളക്ട് ചെയ്യുന്ന രീതി ശീമാട്ടിക്കില്ല. ശീമാട്ടിക്കെന്നും ഫെസ്റ്റിവൽ ആണ്. വസ്ത്രങ്ങളുടെ ക്വാളിറ്റി ശീമാട്ടി എന്നും കാത്തുസൂക്ഷിക്കുന്നു. കാഞ്ചീപുരം, ബനാറസ് തുടങ്ങിയ നെയ്ത്തുഗ്രാമങ്ങളിൽ നിന്നു നേരിട്ടു കൊണ്ടുവരുന്നതാണ് സാരികൾ. ഷോപ്പിൽ നിന്നു വാങ്ങുന്ന ഏതുതരം വസ്ത്രവുമാകട്ടെ അതിനു ഗ്യാരന്റിയുണ്ട്. പിന്നെ, അമിതലാഭം എടുക്കുന്ന രീതി ശീമാട്ടിക്കില്ല. ന്യായമായ വില മാത്രമേ ശീമാട്ടി ഈടാക്കുന്നുള്ളു.

കഥാപാത്രങ്ങളെ സൃഷ്ടിച്ച കഥ
ഫാസിൽ

Categories:
ഞാനും നെടുമുടി വേണും ആലപ്പുഴ എസ്.ഡി കോളേജിൽ വിദ്യാർത്ഥികളാണ്. പഠനത്തേക്കാൾ രണ്ടുപേർക്കും പ്രിയം മിമിക്രിയും നാടകവുമായിരുന്നു. ആളുകളെ അനുകരിക്കാൻ കലാലയത്തിന്റെ പുറത്താണ് ഇടം കണ്ടെത്തിയത്. കോളേജിനു പുറത്തെ പെട്ടിക്കടയിൽ പോയി നിന്ന് ഇരുവരും പരിസര നിരീക്ഷണം തുടങ്ങും. ഇടയ്ക്ക് നെടുമുടി പറയും- “നോക്കിക്കേ, നോക്കിക്കേ… ആ പോകുന്നതാരാണെന്നറിയാമോ. അതാണ് മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമൻനായർ”. ഫാസിൽ നോക്കുമ്പോൾ കക്ഷത്തൊരു വാരികയും കൈയിലൊരു കാലൻകുടയുമായി ഒരാൾ ചാഞ്ഞുചരിഞ്ഞു പോവുന്നതുകാണും. ആ വഴി മറ്റുചിലപ്പോൾ വരുന്നത് തകഴിയാവും.ഞാനും നെടുമുടി വേണും ആലപ്പുഴ എസ്.ഡി കോളേജിൽ വിദ്യാർത്ഥികളാണ്. പഠനത്തേക്കാൾ രണ്ടുപേർക്കും പ്രിയം മിമിക്രിയും നാടകവുമായിരുന്നു. ആളുകളെ അനുകരിക്കാൻ കലാലയത്തിന്റെ പുറത്താണ് ഇടം കണ്ടെത്തിയത്. കോളേജിനു പുറത്തെ പെട്ടിക്കടയിൽ പോയി നിന്ന് ഇരുവരും പരിസര നിരീക്ഷണം തുടങ്ങും. ഇടയ്ക്ക് നെടുമുടി പറയും- “നോക്കിക്കേ, നോക്കിക്കേ… ആ പോകുന്നതാരാണെന്നറിയാമോ. അതാണ് മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമൻനായർ”. ഫാസിൽ നോക്കുമ്പോൾ കക്ഷത്തൊരു വാരികയും കൈയിലൊരു കാലൻകുടയുമായി ഒരാൾ ചാഞ്ഞുചരിഞ്ഞു പോവുന്നതുകാണും. ആ വഴി മറ്റുചിലപ്പോൾ വരുന്നത് തകഴിയാവും. ഇങ്ങനെ പലരെയും നിരീക്ഷിച്ചാണ് വേണുവും ഞാനും കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. നിരീക്ഷണപാടവം പിന്നീട് സിനിമയിലും പയറ്റി. ഞാൻ സംവിധാനത്തിലും നെടുമുടി അഭിനയത്തിലും. ഞങ്ങൾ തമ്മിലൊരു അദൃശ്യബന്ധമുണ്ട്. കർമബന്ധങ്ങൾ എങ്ങനെയോ കൂട്ടിയോജിപ്പിച്ചുവിട്ടവരാണ് ഞാനും വേണുവും. ഞങ്ങൾ പരസ്പര പൂരകങ്ങളാണെന്ന് പറയാം. വേണു പലപ്പോഴും പറഞ്ഞിട്ടുണ്ട്, ജീവിതത്തിലെ വഴിത്തിരിവ് എന്നെ കണ്ടുമുട്ടിയതാണെന്ന്. എന്റെ ജീവിതവും വഴിമാറിയത് വേണുവിന്റെ വരവോടെയാണ്. എനിക്കറിയാത്ത പലതും വേണുവിന് അറിയാം. വേണുവിന് അറിയാത്തത് പലതിലും എനിക്കും അവഗാഹമുണ്ട്.

ഒരു സിനിമാക്കാരന്റെ ഓണം
സുനിത സുനിൽ

Categories:
ശ്രീനിവാസനെപ്പോലെ തൊട്ടതെല്ലാം പൊന്നാക്കിയാണ് മകൻ വിനീത് ശ്രീനിവാസന്റെ ചലച്ചിത്രസഞ്ചാരം. ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ മേഖലയിൽ തിളങ്ങുന്ന വിനീത് ചുരുങ്ങിയ കാലം കൊണ്ടു മലയാളികളുടെ മനസിലിടം നേടി. ഓണവിശേഷങ്ങൾ പങ്കുവച്ച് വിനീത്… * ഓർമയിൽ തങ്ങിനിൽക്കുന്ന ഓണം തലശേരിയിലെ പൂക്കോട് എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ കുട്ടിക്കാലത്തു താമസിച്ചിരുന്നത്. വീടിനടുത്തു സമപ്രായക്കാരായ ധാരാളം കുട്ടികളുണ്ടായിരുന്നു. അവരോടൊപ്പം പൂപറിക്കാൻ പോകും. അത്തം മുതൽ തിരുവോണം വരെ ആഘോഷങ്ങളാണ്. സന്തോഷമുള്ള കാര്യം ഓണ സമയത്ത് സ്‌കൂൾ അവധിയാണല്ലോ എന്നതാണ്. പഠിക്കാൻ പറഞ്ഞു വീട്ടിലാരും ബഹളമുണ്ടാക്കില്ല. ഫുൾ ടൈം കളിയായിരിക്കും. വീടിന്നടുത്തുള്ള പറമ്പുകളിൽ ക്രിക്കറ്റ് കളിക്കലാണു ഹോബി. ഞങ്ങളുടെ ബഹളവും ശല്യവും സഹിക്കാതെ വരുമ്പോൾ ചില വീട്ടുകാർ പറമ്പിൽ നിന്ന് ഓടിക്കും. അപ്പോൾ അടുത്ത സ്ഥലത്തേക്കു ചേക്കേറും. അങ്ങനെ നാലും അഞ്ചും പറമ്പുകളിലായാണു കളി പൂർത്തിയാക്കുക. പിറ്റേന്നു രാവിലെ വീണ്ടും ഇറങ്ങും. സ്‌കൂൾ തുറക്കുമ്പോൾ സങ്കടമാണ്. ഓണക്കോടിയും സദ്യയുമൊന്നുമല്ല പ്രധാനം, കൂട്ടുകാരൊത്ത് ക്രിക്കറ്റ് കളിക്കുക, അടിച്ചുപൊളിച്ചു നടക്കുക എന്നതായിരുന്നു അന്നത്തെ പണി. * ഓണക്കാലത്ത് അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നോ ഓണം വെക്കേഷനിൽ അച്ഛനു വീട്ടിൽ വരാൻ കഴിയില്ലെങ്കിൽ ഞങ്ങളോട് ലൊക്കേഷനിലേക്കു ചെല്ലാൻ പറയും. ആഘോഷങ്ങൾ അവിടെയായിരിക്കും. ചമ്പക്കുളം തച്ചൻ, ഗോളാന്തര വാർത്തകൾ, പട്ടണപ്രവേശം എന്നീ സിനിമകളുടെ ലൊക്കേഷനുകളിൽ ഞങ്ങൾ ഓണമാഘോഷിച്ചിട്ടുണ്ട്. പട്ടണപ്രവേശത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. അച്ഛന് ഓണത്തിനു വീട്ടിൽ എത്താൻ പറ്റില്ലെന്നും അതുകൊണ്ടു ലൊക്കേഷനിലേക്കു വരണമെന്നും പറഞ്ഞു. ഞങ്ങൾ സന്തോഷത്തോടെ പോയി. അവിടെ എത്തിയപ്പോൾ ഷൂട്ട് തകൃതിയായി നടക്കുകയാണ്. ഞങ്ങൾ റൂമിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഗൗണിട്ട രണ്ടുപേർ കയറി വരുന്നു. ആദ്യം ആളുകളെ മനസിലായില്ല. തൊപ്പിയൊക്കെ എടുത്ത് മാറ്റിയപ്പോൾ മോഹൻലാൽ അങ്കിളും അച്ഛനുമായിരുന്നു. * അച്ഛന്റെ ലൊക്കേഷനുകളിൽ ഓണം ആഘോഷിച്ചിരുന്ന വിനീത്, സ്വന്തം ലൊക്കേഷനുകളിലെ ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ ഇപ്പോൾ കുറവാണ്. ചെന്നൈയിലുള്ള സമയമാണെങ്കിൽ ഞാനും ദിവ്യയും സദ്യയുണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കും. ലൊക്കേഷനുകളിലാണെങ്കിൽ ഷൂട്ടിന്റെ തിരക്കായിരിക്കും. എന്നാലും, സദ്യ ഉണ്ടാകും. ലൊക്കേഷനിലുള്ള എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ആഘോഷിക്കും. അതൊക്കെ സന്തോഷമാണ്. തിര സിനിമയുടെ ഷൂട്ടിഗ് നടക്കുന്നത് ഓണക്കാലത്താണ്. അന്ന്, ഞങ്ങൾ ഷൂട്ട് നിർത്തി കൾച്ചറൽ പ്രോഗ്രാമുകൾ നടത്തി. അന്നത്തെ ഓണാഘോഷം മറക്കാനാവാത്തതായിരുന്നു. * വിവാഹശേഷമുള്ള ഓണം ആദ്യത്തെ ഓണത്തിനു ഞങ്ങളൊരുമിച്ച് എന്റെ വീട്ടിലും ദിവ്യയുടെ വീട്ടിലുമായി ആഘോഷിച്ചു. പിന്നീട്, അങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല എന്നു വേണം പറയാൻ. വിശേഷദിവസങ്ങളിൽ വീട്ടിലെത്താൻ ശ്രമിക്കാറുണ്ട്. പലപ്പോഴും സാധിക്കാറില്ല. * ഈ ഓണത്തിനു പുതിയൊരു അതിഥിയും കൂടെയുണ്ടല്ലോ കുഞ്ഞു ജനിച്ചിട്ട് ആദ്യത്തെ ഓണമാണു വരുന്നത്. ദിവ്യയ്ക്കും കുഞ്ഞിനുമൊപ്പം ഓണം ആഘോഷിക്കണമെന്നുണ്ട്. എന്നാൽ, ആ സമയത്താണു പുതിയ ഷൂട്ടു തുടങ്ങുന്നത്. ഓണത്തിന് അമ്മ വീട്ടിൽ വരണമെന്നു പറയുന്നുണ്ട്. പറ്റുമോ എന്നറിയില്ല.