മലയാളിയുടെ മനസിൽ ദൃശ്യവിസ്മയങ്ങൾ തീർത്ത മോഹൻലാൽ ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിന്റെ തൊടുപുഴയിലെ സെറ്റിൽ വച്ചാണ് മൂന്നു വർഷങ്ങൾക്കു മുമ്പ് പ്രണവ് മോഹൻലാലിനെ ആദ്യം കാണുന്നത്. പാപനാശത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു പ്രണവ്. സെറ്റിൽ ഓടിനടന്ന് വർക്ക് ചെയ്യുന്ന പ്രണവിനെക്കുറിച്ച് കമൽഹാസൻ ഇങ്ങനെ പറഞ്ഞു: ”പാവം പയ്യൻ. സെറ്റിൽ അവൻ കഠിനാദ്ധ്വാനം ചെയ്യുന്നതു കാണുമ്പോൾ ചിലപ്പോഴൊക്കെ ഞാനെന്റെ കുട്ടിക്കാലം ഓർക്കും. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഒരു കാലത്ത് ഞാനും. മോഹൻലാൽ എന്ന വലിയ ഒരു നടന്റെ മകനാണെന്ന ഭാവമൊന്നും ആ കുട്ടിയുടെ മുഖത്തില്ല. വർക്കിൽ അങ്ങേയറ്റം സിൻസിയർ ആണ്. വിനയം, ന• തുടങ്ങി ലാലിന്റെ സ്വഭാവഗുണങ്ങൾ പലതും അവനിലുണ്ട്. തീർച്ചയായും പ്രണവിനു സിനിമയിൽ നല്ലൊരു ഭാവിയുണ്ട്.”മൂന്നു വർഷങ്ങൾക്കു ശേഷം പ്രണവ് വരികയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’ എന്ന സിനിമയിൽ നായകനാവാൻ. ഇതോടെ വർഷങ്ങളായി മലയാളികൾ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് തിരശീല വീഴുന്നു. സിനിമയിൽ മക്കൾ താരങ്ങൾ പുതുതരംഗങ്ങൾ തീർക്കുന്ന വർത്തമാനകാലത്തു പ്രേക്ഷകർ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. എവിടെ പ്രണവ്? അയാൾ എന്നാണ് സിനിമയിൽ വരിക? എല്ലാ ചോദ്യങ്ങൾക്കും വിനയപൂർവം മൗനം പാലിക്കുകയാണ് പ്രണവ്. തിരുവനന്തപുരത്ത് ‘ആദി’യുടെ പൂജാ ചടങ്ങിനെത്തിയപ്പോഴാണ് പ്രണവിനെ വീണ്ടും കാണുന്നത്. ഒരു പക്ഷേ ഇങ്ങനെയൊരു പൂജാ ചടങ്ങ് മലയാളത്തിലുണ്ടായികാണില്ല. ജൂലൈ അഞ്ചിന് അച്ഛന്റെയും മകന്റെയും സിനിമകളുടെ പൂജാവേദിയായി മാറുകയായിരുന്നു തിരുവനന്തപുരത്തെ താജ് വിവാന്റ. മോഹൻലാൽ നായകനാകുന്ന ‘ഒടിയനും’, പ്രണവ് നായകനാകുന്ന ‘ആദി’യും. രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും. ‘ആദി’യുടെ പൂജാചടങ്ങിലേക്കും പ്രണവിന്റെ മനസിലേക്കും. ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അതികായർ ഒന്നുചേർന്ന ചടങ്ങ് മറക്കാനാവാത്ത ചില ഓർമകൾ കൂടിയാണ് പുതു തലമുറയ്ക്കു പകർന്നുനൽകിയത്. രാവിലെ ഒൻപതു മണിയാകുമ്പോഴേക്കും ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞിരുന്നു. മോഹൻലാൽ ഭാര്യ സുചിത്രക്കും മക്കളായ പ്രണവിനും വിസ്മയക്കുമൊപ്പമാണ് എത്തിയത്. പ്രണവിന്റെ ആദ്യ ഷോട്ട് വിവാന്റയിലാണ് ചിത്രീകരിച്ചത്. സഹോദരി വിസ്മയയാണ് ആദ്യ ക്ലാപ് നൽകിയത്. ‘സം ലൈസ് കാൻ ബി ഡെഡ്‌ലി’ എന്നാണ് ആദി സിനിമയുടെ ടാഗ് ലൈൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി എ.കെ. ബാലൻ, ബി.ജെ.പി നേതാവ് വി. മുരളീധരൻ, നെടുമുടി വേണു, ജിത്തു ജോസഫ്, മല്ലിക സുകുമാരൻ, ടി.കെ. രാജീവ് കുമാർ, രാജീവ് നാഥ്, എം.ജി. ശ്രീകുമാർ, മുകേഷ്, ജഗദീഷ്, കെ.ബി. ഗണേഷ്‌കുമാർ, ലാൽ ജോസ്, ബി. ഉണ്ണികൃഷ്ണൻ, മേജർ രവി, അശോക് കുമാർ, സുരേഷ് കുമാർ, സനൽ കുമാർ … തുടങ്ങി നിരവധി പേർ ആശംസകൾ നേർന്ന ചടങ്ങ് മലയാള സിനിമയിലെ അപൂർവ നിമിഷങ്ങളിലൊന്നായി മാറി. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന ചടങ്ങിന്റെ മുഖ്യ ആകർഷണം പ്രണവ് തന്നെയായിരുന്നു. അപ്പു എന്ന പ്രണവ് അഭിനയകലയിലെ അതികായനായ അച്ഛനെപ്പോലെ മകനും മലയാളിക്കു മുന്നിൽ എന്നും വിസ്മയമാണ്. ബാല നടനെന്ന നിലയിൽ നേരത്തെ പ്രണവിന്റെ പ്രതിഭ സിനിമാലോകം തിരിച്ചറിഞ്ഞതാണ്. അച്ഛന്റെയും കുടുംബത്തിന്റെയും പ്രശസ്തിയിൽ നിന്നെല്ലാം ഒഴിഞ്ഞ് പ്രണവ് തന്റേതായ ഒരു ലോകം നിർമിക്കുകയായിരുന്നു. സ്വപ്നങ്ങളുടെ ഘോഷയാത്ര എന്നു വേണമെങ്കിൽ നമുക്കതിനെ വിശേഷിപ്പിക്കാം. യാത്രകളുടെയും പുസ്തകങ്ങളുടെയും കൂട്ടുകാരനായി അയാൾ നമ്മൾക്കിടയിലൂടെ നമ്മളറിയാത്ത വഴിത്താരകളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ നമ്മൾ പ്രണവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ഇയാൾ എന്താണ് സിനിമയിൽ വരാത്തത്? ശക്തമായ ആ എൻട്രിക്കുവേണ്ടി മലയാളി കാത്തിരിക്കുകയായിരുന്നു.