മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് നൗഷാദ് ആലത്തൂർ. നൗഷാദിന്റെ ഗ്രാൻഡേ ഫിലിം കോർപ്പറേഷൻ നിരവധി നല്ല സിനിമകൾ നിർമിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം തേടി അറബിനാട്ടിൽ എത്തുകയും ബിസിനസിൽ വിജയം കണ്ടെത്തുകയും ചെയ്ത നൗഷാദ് സൗദി അറേബ്യയിൽ അറിയപ്പെടുന്ന മലയാളി ബിസിനസുകാരനാണ്. 23 വർഷമായി നൗഷാദ് സൗദിയിലാണു താമസം. പ്രേഷകശ്രദ്ധയാകർഷിച്ച നിരവധി ചിത്രങ്ങളുടെ നിർമാതാവു കൂടിയായ നൗഷാദിന്റെ ജീവിതം സിനിമാക്കഥ പോലെയാണ്. കയറ്റങ്ങളുമിറക്കങ്ങളും ട്വിസ്റ്റുകളുമുള്ള ജീവിതം. പ്രവാസം യൗവനാരംഭത്തിൽ തന്നെ പ്രവാസജീവിതം ആരംഭിച്ച വ്യക്തിയാണു ഞാൻ. പത്താം ക്ലാസ് കഴിഞ്ഞ്, ഒന്നു രണ്ടു വർഷങ്ങൾ നാട്ടിൽ ചെലവഴിച്ചശേഷം മുംബൈയിൽ എത്തി. സുഹൃത്തിനൊപ്പമാണ് മുംബൈയിൽ എത്തിയത്. മൂന്നു മാസത്തോളം മുംബൈയിൽ ഉണ്ടായിരുന്നു. തുടർന്ന് ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിൽ എത്തി. മൂന്നുവർഷത്തോളം അഹമ്മദാബാദിൽ ബിസിനസ് ചെയ്തു. മൂന്നു ഷോപ്പുകൾ നടത്തിയിരുന്നു. ആ സമയത്താണ് എന്റെ സഹോദരീ ഭർത്താവ് സൗദിയിലേക്കുള്ള വിസ ഏർപ്പാടാക്കിത്തരുന്നത്. തായിഫിലെ ഒരു വർക്ക്‌ഷോപ്പിലായിരുന്നു ആദ്യം ജോലിയിൽ പ്രവേശിച്ചത്. അക്കാലത്ത് മലയാളികൾ വളരെ കുറവായിരുന്നു തായിഫിൽ. ഏഴു വർഷത്തോളം തായിഫിൽ ജോലി ചെയ്തു. അതിനുശേഷം ജിദ്ദയിൽ എത്തി. ജിദ്ദയിലെത്തിയ ശേഷമാണു സ്വന്തമായി ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. ജനറൽ സർവീസിന്റെ ഓഫിസായിരുന്നു തുടങ്ങിയത്. ജിദ്ദയിലെ ഷറഫിയയിലാണ് ഓഫിസ് ആരംഭിച്ചത്. ജിദ്ദയിൽ മലയാളികൾ ധാരാളമുള്ള സ്ഥലമാണ് ഷറഫിയ. വർഷങ്ങളോളം തായിഫിൽ താമസിച്ചതിനാൽ അറബ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ നല്ല വശമുണ്ടായിരുന്നു. ഷറഫിയയിലെ മലയാളികൾക്ക് അറബ് ഭാഷ ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യം കുറവായിരുന്നു. അറബിയിലുള്ള പരിജ്ഞാനം എനിക്കു ബിസിനസിൽ വലിയ ഗുണം ചെയ്തു. പാസ്‌പോർട്ട് സംബന്ധമായ, സൗദി സർക്കാരുമായി ബന്ധപ്പെട്ട പേപ്പറുകൾ ക്ലിയർ ചെയ്തുകൊടുക്കലായിരുന്നു ജനറൽ സർവീസ് ചെയ്തിരുന്നത്. ബിസിനസിലേക്കുള്ള വരവ് ജനറൽ സർവീസ് വിജയമായിരുന്നു. സൗദിയിൽ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. ആ സൗഹൃദവലയത്തിൽ നിന്നുകൊണ്ടാണ് ബിസിനസ് മേഖലയിലേക്കു പ്രവേശിക്കുന്നത്. സുഹൃത്തുക്കളുമായി വിവിധ ബിസിനസുകളിൽ പാർട്ണർഷിപ്പ് ചേർന്നു. ചെയ്ത ബിസിനസുകളിലൊന്നും പാളിച്ചകൾ ഉണ്ടായില്ലെന്നത് ഈശ്വരാനുഗ്രഹം. ബിസിനസിലെ ഐക്യമാണു വിജയത്തിന്റെ രഹസ്യം. കാര്യങ്ങൾ കച്ചവട പങ്കാളികളുമായി തുറന്നു ചർച്ച ചെയ്യുക, മാറ്റേണ്ടവ അല്ലെങ്കിൽ പരിഷ്‌കരിക്കേണ്ടവ ഏതെന്നു കണ്ടെത്തി പരിഹാരം കാണുക തുടങ്ങിയവയൊക്കെ കൂട്ടായി എടുക്കുന്ന തീരുമാനങ്ങളാണ്. സ്ഥാപനങ്ങൾ 16 വർഷമായി സൗദിയിൽ ബിസിനസ് ചെയ്യുന്നു. ജിദ്ദയിൽ ടെക്‌സ്റ്റെൽസ്, ഹോട്ടലുകൾ, സൂപ്പർമാർക്കറ്റ്, സ്വീറ്റ് ഷോപ്പുകൾ തുടങ്ങിയവയുണ്ട്. മക്കയിൽ ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്നു. സ്ഥാപനങ്ങളെല്ലാം നല്ല നിലയിൽത്തന്നെ പ്രവർത്തിക്കുന്നു. പുതിയ പ്രോജക്ടുകൾ മനസിലുണ്ട്. സൗദിയിലെ ഭാവി സാഹചര്യങ്ങൾ പഠിച്ചതിനുശേഷം പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. സൗദിയിലെ ഇപ്പോഴത്തെ സാഹചര്യം മലയാളികൾ മാത്രമല്ല, അവിടെയുള്ള എല്ലാ പ്രവാസികളും ഇപ്പോൾ പ്രതിസന്ധി നേരിടുന്നു. നിരവധി ആളുകൾ ദിനംപ്രതി മടങ്ങിപ്പോരുന്നു. പലയിടങ്ങളിലും പിടിച്ചുനിൽക്കാനാകാത്ത സാഹചര്യം ഉടലെടുക്കുകയാണെന്നു വേണം പറയാൻ. നിതാഖത്ത് വന്നതിനുശേഷം ആയിരക്കണക്കിന് മലയാളികളാണ് സൗദിയിൽ നിന്നു നാട്ടിലേക്കു മടങ്ങിയത്. കൃത്യമായ വിസയോ മറ്റു രേഖകളോ ഇല്ലാത്ത ധാരാളം പേർ സൗദിയിൽ ഉണ്ടായിരുന്നു. അവരാണ് ആദ്യഘട്ടത്തിൽ അവിടെ നിന്നു മടങ്ങിയത്. തുടർന്ന്, മറ്റുള്ളവരും മടങ്ങേണ്ട സാഹചര്യം രൂപപ്പെട്ടു. രാജ്യം സാമ്പത്തികമായി പിന്നാക്കം പോകുന്ന അവസ്ഥയാണുള്ളത്. എല്ലാ രംഗത്തും സ്വദേശിവത്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വിവിധ ട്രേഡുകളിൽ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. സ്വദേശിവത്കരണം ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ കൂടുതൽ ഊർജിതമാകും. അല്ലെങ്കിൽ, സൗദി വലിയ പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.