താരകുടുംബത്തിലെ ഇളമുറക്കാരനാണ് കാർത്തി. അച്ഛൻ ശിവകുമാറിനും ജ്യേഷ്ഠ സഹോദരൻ സൂര്യയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തിയ കാർത്തി വളരെ പെട്ടെന്നാണ് തമിഴ്, മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. മസാലമാസ് ചിത്രങ്ങൾ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ കാർത്തി തന്റെ സഹോദരനായ സൂര്യയെക്കുറിച്ച് * സൂര്യ പൊതുവെ ശാന്തനാണ്. വീട്ടിലോ വീട്ടിലും സൂര്യ ശാന്തസ്വഭാവക്കാരനാണ്. ആരോടും അധികം ദേഷ്യപ്പെടാറില്ല. ഉത്തരവാദിത്തബോധമുള്ള ആളാണ്. ലോകത്തെവിടെയാണെങ്കിലും എത്ര തിരക്കിലാണെങ്കിലും വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിച്ചിക്കും. ലൊക്കേഷനിലാണെങ്കിലും ഏടത്തിയെ വിളിച്ചു കുട്ടികളുടെയും മറ്റും കാര്യങ്ങൾ അന്വേഷിക്കും. ഞങ്ങളുടെ അച്ഛനും അതുപോലെയാണ് എത്ര തിരക്കാണെങ്കിലും വീടുമായി അറ്റാച്ച്ഡ് ആണ്. അച്ഛന്റെ സ്വഭാവം എന്നേക്കാൾ കൂടുതലും കിട്ടിയിരിക്കുന്നത് ഏട്ടനാണ്. * അഭിനയത്തിൽ സൂര്യയുടെ നിർദ്ദേശങ്ങൾ അഭിനയിക്കണം എന്ന ആഗ്രഹം തോന്നിയപ്പോൾ ആദ്യം പറഞ്ഞത് ചേട്ടനോടാണ്. അന്നദ്ദേഹം പറഞ്ഞതു ഞാനിന്നും ഓർക്കുന്നു.”അഭിനയം സ്‌ക്രീനിൽ മതി ജീവിതത്തിൽ പാടില്ലെന്ന്”. ഏതു സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പും കഥ ഏട്ടനെ പറഞ്ഞു കേൾപ്പിക്കും. അദ്ദേഹം ഇല്ലെങ്കിൽ അച്ചനോടു കഥ പറയും. അതിനു ശേഷമാണ് ആ സിനിമ കമ്മിറ്റ് ചെയ്യാറുള്ളു. ഏട്ടൻ ജിമ്മിൽ പോകുന്ന വൃക്തിയാണ്. ഒരു ദിവസം പോയിട്ടു വന്നപ്പോൾ പതിവില്ലാത്ത സന്തോഷം. ഞാൻ ചെന്നു കാരണം തിരക്കിയപ്പോഴാണു പറയുന്നത് ജിമ്മിൽ കുറേ ആളുകൾ ഏട്ടനെ കണ്ടപ്പോൾ എന്റെ വിശേഷങ്ങൾ തിരക്കിയെന്നും എന്റെ അഭിനയം അവർക്ക് ഇഷ്ടമാണെന്നും പറഞ്ഞുവത്രെ. അതിന്റെ സന്തോഷമാണ് ഏട്ടന്റെ മുഖത്തു കണ്ടത്. * കുട്ടിക്കാലം രസകരമായ ബാല്യം ആയിരുന്നു. പരസ്പരം ഏറെ ഇഷ്ടമുണ്ടെങ്കിലും എപ്പോഴും വഴക്കായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് ഒരു മുറിയിൽ നിന്നാൽ അപ്പോൾ അടിയാണ്. ഒരു ദിവസം ഞങ്ങൾ സംസാരിച്ചിരിക്കുന്നതു കണ്ട് അമ്മ അടുക്കളയിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ മുറിയിൽ നിന്നു ബഹളം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ ഞങ്ങൾ ഉരുണ്ടുകിടന്നു വഴക്കുണ്ടാക്കുന്നു. അമ്മയ്ക്കു ദേഷ്യം വന്നു. രണ്ടുപേരെയും പിടിച്ചെഴുന്നേൽപ്പിച്ച് ഓരോ അടിയും വച്ചുതന്നു. കോളേജ് പഠനം കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷമാണു ഞങ്ങൾ തമ്മിലുള്ള അടിപിടി തീർന്നത്. ചെറുപ്പം തൊട്ട് അമ്മയ്ക്ക് തലവേദനയായിരുന്നു ഞങ്ങൾ രണ്ടുപേരും. * സൂര്യയെക്കൂടാതെ ഒരു സഹോദരി കൂടിയുണ്ടല്ലോ ബൃന്ദ. രണ്ടുപേർക്കും കൂടിയുള്ള ഒരു സഹോദരി ആയതുകൊണ്ടു കൊഞ്ചിച്ചാണു വളർത്തിയത്. ഞങ്ങളുടെ രണ്ടുപേരുടെയും കാര്യത്തിൽ അവൾക്കു പ്രത്യേക കരുതലുണ്ട്. ഏട്ടനേക്കാളും അവൾക്കു പേടി എന്നെയാണ്. ഏട്ടൻ അവളെ അധികം വഴക്കു പറയാറില്ല. എന്നാൽ ഞാനങ്ങനെയല്ല. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കു പറയും. അവൾക്ക് മേക്കപ്പ് ചെയ്യുന്നതു വലിയ ഇഷ്ടമാണ്. എന്നാൽ എനിക്ക് ലൈറ്റ് മേക്കപ്പാണു താത്പര്യം. ഒരിക്കൽ കോളേജിൽ പോകാൻ റെഡിയായി ഹെവി മേക്കപ്പ് ചെയ്ത് ബൃന്ദ വന്നപ്പോൾ വാതിൽക്കൽ ഞാൻ നിൽക്കുകയാണ്. കണ്ടതും എനിക്കു ദേഷ്യം വന്നു. മുഖം കഴുകിച്ച് മേക്കപ്പും കളഞ്ഞതിനു ശേഷമാണ് അവളെ കോളേജിലേക്കു വിട്ടത്. * ഭാര്യ സിനിമയുമായി ബന്ധമില്ലാത്ത കുടുംബത്തിലെ അംഗം ഭാര്യ രഞ്ജിനി, മകൾ ഉമയാൽ. രഞ്ജിനി നല്ലൊരു കുടുംബിനി മാത്രമല്ല നല്ല സുഹൃത്തും കൂടിയാണ്. എന്റെ നല്ല വശങ്ങൾ മാത്രമല്ല ചീത്ത വശങ്ങൾ കൂടി മനസിലാക്കാൻ രഞ്ജിനിക്കു സാധിക്കും. സിനിമയുടെ കാര്യത്തിലും അവർ അഭിപ്രായങ്ങൾ പറയാറുണ്ട്. * മകൾ അച്ഛന്റെ ആരാധികയാണോ അങ്ങനെ പറയാനും മാത്രം ആയിട്ടില്ലല്ലോ അവൾ. പിന്നെ, ഏട്ടന്റെ മക്കളായ ദിയയും ദേവും സിനിമകൾ കണ്ട് അഭിപ്രായം. ചില സിനിമകൾ ചെയ്യുന്നതിനു മുമ്പ് ദിയ വന്നു കഥയെക്കുറിച്ചു ചോദിക്കും. അവളോടു കഥ പറയുമ്പോൾ തന്നെ അഭിപ്രായവും പറയും. ആക്ടിവായിട്ടുള്ള ഗേളാണ് ദിയ.