
തടിച്ചുരുണ്ട കണ്ണുകളുള്ള സുന്ദരനായ പയ്യന് കാല്‍പ്പന്തുമായി കോഴിക്കോടന്‍ മൈതാനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഗോള്‍ മുഖം ലക്ഷ്യമാക്കി കുതിക്കുന്ന അനുഭവം, പഴയ ഒരു ഓര്‍മയാണത്! സിനിമയിലെ ‘സുന്ദരനായ വില്ലന്‍’ ഒരിക്കല്‍ എനിക്കു മുമ്പിലിരുന്ന് ആരവങ്ങള്‍ നിറഞ്ഞ തന്റെ കൗമാരകാലത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അത്ഭുതാദരങ്ങളോടെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. കെ.പി. ഉമ്മര്‍ എന്ന പ്രിയപ്പെട്ട ഉമ്മുക്കയിലെ ഫുട്ബോളറെക്കുറിച്ച് എനിക്കു കേട്ടറിവുപോലും ഉണ്ടായിരുന്നില്ല. പിന്നീടു പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ഈ മനുഷ്യന് കലാരംഗത്തു വന്നില്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു? മികച്ച ഒരു കാല്‍പ്പന്ത് കളിക്കാരന്. ഫുട്ബോളിനെയും കളിക്കാരെയെും അങ്ങേയറ്റം ആദരവോടെ കണ്ടിരുന്നു ഉമ്മുക്ക. അദ്ദേഹത്തിന്റെ സമകാലികരായ സഹപ്രവര്‍ത്തകരില്‍ നിന്ന് ഉമ്മര്‍കുട്ടി എന്ന ഫുട്ബോള്‍ കളിക്കാരനെക്കുറിച്ചു പലപ്പോഴായി ഞാന്‍ അറിഞ്ഞു. ആ ഓര്മ ഗ്യാലറികളിലെ ആര്‍പ്പുവിളികള്‍ പോലെ ഇന്നും എന്നെ പൊതിഞ്ഞുനില്ക്കുന്നു.
ഞാന്‍ ചലച്ചിത്രാഭിനയ രംഗത്തേക്കു കടന്നുവന്ന കാലത്തുതന്നെ കെ.പി. ഉമ്മര്‍ എന്ന നടന്റെ സൗഹ്യദത്തിലേക്കും എത്തിച്ചേര്‍ന്നിരുന്നു. എന്റെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’ യില്‍ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ചത് ഉമ്മുക്കയായിരുന്നു. യൂസഫലി കേച്ചേരിയുടെ രചനയില്‍ യേശുദാസ് പാടിയ ‘റസൂലെ നിന് കനിവാലെ’ എന്ന മനോഹര ഗാനം ആ സിനിമയില്‍ ആലപിക്കുന്നത് ഉമ്മുക്കയാണ്. പ്രതിഭാധനനായ ആ നടന്റെ സ്പര്‍ശം ആ പാട്ടിലുടനീളമുണ്ടായിരുന്നു. സഞ്ചാരിക്കുശേഷം പിന്നീട് എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു. സുഖിമാനായ ഒരു ആക്ടര്‍ ആയിരുന്നു ഉമ്മുക്ക. നല്ല കുപ്പായവും പൗഡറുമിട്ട് ഒരു സുല്‍ത്താനെ പോലെയായിരുന്നു ഉമ്മുക്കയുടെ നില്‍പ്പും നടപ്പും. വലിയൊരു അത്ഭുതവും അനുഭവവുമായിരുന്നു ആ ജിവിതം. ഒരോ വ്യക്തികളിലൂടെയും ഓരോ ചരിത്രത്തെ മനസിലാക്കുന്നതുപോലെ കെ.പി. ഉമ്മര്‍ എന്ന കലാകാരനിലൂടെ ഞാനും വലിയൊരു ചരിത്രത്തെ തൊട്ടറിയുകയായിരുന്നു.
ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു ഉമ്മുക്കയുടേത്. ബാല്യവും കൗമാരവും യൗവനവും സമ്മാനിച്ച പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, എപ്പോഴൊക്കെയോ ഞാന്‍ ആദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിഞ്ഞു. ആദ്ദേഹം അഭിനയരംഗത്ത് എത്തിയ കാലം അത്രയൊന്നും സുഖകരമായിരുന്നില്ല. ജീവിതവും കാലവും സുഖകരമല്ലാതെ വരുമ്പോള്‍ അതിലൂടെ നീന്തിക്കയറാന്‍ കഠിന പരിശ്രമംതന്നെ വേണ്ടി വരും. കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും ഒരുപാടു കഥകള്‍ അത്തരം ജീവിതങ്ങള്‍ക്കു പറയാനുമുണ്ടാകും. അതു നമ്മളെ വേദനിപ്പിക്കുന്നുവെങ്കില്‍ അത് അനുഭവിച്ചവരെ എന്തുമാത്രം പൊള്ളിച്ചിട്ടുണ്ടാകും. ജീവിതത്തിന്റെ അത്തരം നീറ്റലുകള്‍ ഒരുപാടു താണ്ടിയ ശേഷമാണ് കെ.പി. ഉമ്മര്‍ നാടറിയുന്ന നടനായി മാറിയത്. പത്തൊന്‍പതാമത്തെ വയസില്‍ നാടകാചാര്യന് കെ.ടി. മുഹമ്മദിന്റെ ‘ഇതു ഭൂമിയാണ്’ എന്ന നാടകത്തില്‍ തൊണ്ണൂറുകാരനായ ഹാജിയാരായി വേഷമിട്ട് അരങ്ങിലെത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുക. അത് ഒരു റവലൂഷ്യനാണ്. കെ.പി. ഉമ്മര്‍ എന്ന നടന് അരങ്ങില്‍ സൃഷ്ടിച്ച വിപ്ലവം. കോഴിക്കോടന്‍ നാടക വേദികളില്‍ നിന്ന് കെ.പി.എ.സിയിലുടെ കേരളമാകെ അദ്ദേഹത്തിലെ നടന് ഉയര്‍ത്തിയ തരംഗം ഒരു കാലത്തിന്റെ പരിച്ഛേദം തന്നെയാണ്.
