ഉമ്മുക്ക, സ്നേഹത്തിന്റെ തണൽമരം മോഹന്‍ലാല്‍
Categories:

തടിച്ചുരുണ്ട കണ്ണുകളുള്ള സുന്ദരനായ പയ്യന് കാല്‍പ്പന്തുമായി കോഴിക്കോടന്‍ മൈതാനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഗോള്‍ മുഖം ലക്ഷ്യമാക്കി കുതിക്കുന്ന അനുഭവം, പഴയ ഒരു ഓര്‍മയാണത്! സിനിമയിലെ ‘സുന്ദരനായ വില്ലന്‍’ ഒരിക്കല്‍ എനിക്കു മുമ്പിലിരുന്ന് ആരവങ്ങള്‍ നിറഞ്ഞ തന്റെ കൗമാരകാലത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അത്ഭുതാദരങ്ങളോടെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. കെ.പി. ഉമ്മര്‍ എന്ന പ്രിയപ്പെട്ട ഉമ്മുക്കയിലെ ഫുട്ബോളറെക്കുറിച്ച് എനിക്കു കേട്ടറിവുപോലും ഉണ്ടായിരുന്നില്ല. പിന്നീടു പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ഈ മനുഷ്യന് കലാരംഗത്തു വന്നില്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു? മികച്ച ഒരു കാല്‍പ്പന്ത് കളിക്കാരന്. ഫുട്ബോളിനെയും കളിക്കാരെയെും അങ്ങേയറ്റം ആദരവോടെ കണ്ടിരുന്നു ഉമ്മുക്ക. അദ്ദേഹത്തിന്റെ സമകാലികരായ സഹപ്രവര്‍ത്തകരില്‍ നിന്ന് ഉമ്മര്‍കുട്ടി എന്ന ഫുട്ബോള്‍ കളിക്കാരനെക്കുറിച്ചു പലപ്പോഴായി ഞാന്‍ അറിഞ്ഞു. ആ ഓര്മ ഗ്യാലറികളിലെ ആര്‍പ്പുവിളികള്‍ പോലെ ഇന്നും എന്നെ പൊതിഞ്ഞുനില്ക്കുന്നു.
ഞാന്‍ ചലച്ചിത്രാഭിനയ രംഗത്തേക്കു കടന്നുവന്ന കാലത്തുതന്നെ കെ.പി. ഉമ്മര്‍ എന്ന നടന്റെ സൗഹ്യദത്തിലേക്കും എത്തിച്ചേര്‍ന്നിരുന്നു. എന്റെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരി’ യില്‍ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ചത് ഉമ്മുക്കയായിരുന്നു. യൂസഫലി കേച്ചേരിയുടെ രചനയില്‍ യേശുദാസ് പാടിയ ‘റസൂലെ നിന് കനിവാലെ’ എന്ന മനോഹര ഗാനം ആ സിനിമയില്‍ ആലപിക്കുന്നത് ഉമ്മുക്കയാണ്. പ്രതിഭാധനനായ ആ നടന്റെ സ്പര്‍ശം ആ പാട്ടിലുടനീളമുണ്ടായിരുന്നു. സഞ്ചാരിക്കുശേഷം പിന്നീട് എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു. സുഖിമാനായ ഒരു ആക്ടര്‍ ആയിരുന്നു ഉമ്മുക്ക. നല്ല കുപ്പായവും പൗഡറുമിട്ട് ഒരു സുല്‍ത്താനെ പോലെയായിരുന്നു ഉമ്മുക്കയുടെ നില്‍പ്പും നടപ്പും. വലിയൊരു അത്ഭുതവും അനുഭവവുമായിരുന്നു ആ ജിവിതം. ഒരോ വ്യക്തികളിലൂടെയും ഓരോ ചരിത്രത്തെ മനസിലാക്കുന്നതുപോലെ കെ.പി. ഉമ്മര്‍ എന്ന കലാകാരനിലൂടെ ഞാനും വലിയൊരു ചരിത്രത്തെ തൊട്ടറിയുകയായിരുന്നു.
ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു ഉമ്മുക്കയുടേത്. ബാല്യവും കൗമാരവും യൗവനവും സമ്മാനിച്ച പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, എപ്പോഴൊക്കെയോ ഞാന്‍ ആദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിഞ്ഞു. ആദ്ദേഹം അഭിനയരംഗത്ത് എത്തിയ കാലം അത്രയൊന്നും സുഖകരമായിരുന്നില്ല. ജീവിതവും കാലവും സുഖകരമല്ലാതെ വരുമ്പോള്‍ അതിലൂടെ നീന്തിക്കയറാന്‍ കഠിന പരിശ്രമംതന്നെ വേണ്ടി വരും. കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും ഒരുപാടു കഥകള്‍ അത്തരം ജീവിതങ്ങള്‍ക്കു പറയാനുമുണ്ടാകും. അതു നമ്മളെ വേദനിപ്പിക്കുന്നുവെങ്കില്‍ അത് അനുഭവിച്ചവരെ എന്തുമാത്രം പൊള്ളിച്ചിട്ടുണ്ടാകും. ജീവിതത്തിന്റെ അത്തരം നീറ്റലുകള്‍ ഒരുപാടു താണ്ടിയ ശേഷമാണ് കെ.പി. ഉമ്മര്‍ നാടറിയുന്ന നടനായി മാറിയത്. പത്തൊന്‍പതാമത്തെ വയസില്‍ നാടകാചാര്യന് കെ.ടി. മുഹമ്മദിന്റെ ‘ഇതു ഭൂമിയാണ്’ എന്ന നാടകത്തില്‍ തൊണ്ണൂറുകാരനായ ഹാജിയാരായി വേഷമിട്ട് അരങ്ങിലെത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുക. അത് ഒരു റവലൂഷ്യനാണ്. കെ.പി. ഉമ്മര്‍ എന്ന നടന് അരങ്ങില്‍ സൃഷ്ടിച്ച വിപ്ലവം. കോഴിക്കോടന്‍ നാടക വേദികളില്‍ നിന്ന് കെ.പി.എ.സിയിലുടെ കേരളമാകെ അദ്ദേഹത്തിലെ നടന് ഉയര്‍ത്തിയ തരംഗം ഒരു കാലത്തിന്റെ പരിച്ഛേദം തന്നെയാണ്.

പത്തരമാറ്റ് ഫൈസൽ ആദിൽ സാദിഖ്
Categories:

പരിശുദ്ധിയുടെ പര്യായമാണ് മലബാർ ഗോൾഡ്. ഒൻപതു രാജ്യങ്ങളിലായി 181 ഷോപ്പുകൾ
മലബാർ ഗോൾഡ് നൽകുന്ന സ്വർണത്തിനു കലർപ്പില്ല. ഉപഭോക്താക്കളുടെ വിശ്വാസമാണ് എല്ലാ ബിസിനിസ് വിജയത്തിന്റെയും അടിസ്ഥാനം. മലബാർ ഗോൾഡിന്റെ വിജയരഹസ്യവും അതുതന്നെ. ബി.ഐ.എസ് ഹാൾമാർക്ക് സർട്ടിഫൈഡ് സ്വർണാഭരണങ്ങളാണ് മലബാർ നൽകുന്നത്. ഇന്റർനാഷണൽ ജെമോളജിക്കൽ ലബോറട്ടറി (ഐ.ജി.ഐ) സർട്ടിഫൈഡ് ഡയമണ്ട്സ് ആണ് മലാബാറിന്റേത്. പ്ലാറ്റിനം ആഭരണങ്ങൾക്ക് പ്ലാറ്റിനം ഗിൽഡ് ഇന്ത്യ (പി.ജി.ഐ) യുടെ സർട്ടിഫിക്കേഷൻ ഉണ്ട്. മലബാർ ഗോൾഡ് ഉപഭോക്താക്കൾക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ മലബാറിന്റെ ഏതു ഷോപ്പിൽ നിന്ന് പർച്ചേയ്സ് ചെയ്ത സ്വർണമാണെങ്കിലും ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് മലബാറിന്റെ ഇഷ്ടമുള്ള ഷോപ്പിൽ നിന്നും സർവീസ് ലഭിക്കും. മലബാറിന്റെ ഷോപ്പുള്ള എല്ലാ രാജ്യത്തും കസ്റ്റമർ കെയർ സൗകര്യങ്ങൾ ലഭ്യമാണ്.
ഇന്ത്യയിലെ ഭൂരിഭാഗം സിറ്റികളിലും കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിലും മലബാർ ഗോൾഡിന്റെ ഷോറൂമുകൾ പ്രവർത്തിക്കുന്നു. ജി.സി.സിയിൽ മാത്രം 87 ഷോപ്പുകൾ മലബാർ ഗോൾഡിനുണ്ട്.
മലബാർ ഗോൾഡിന്റെ ആരംഭം
1993-ൽ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലാണ് മലബാർ ഗ്രൂപ്പിന്റെ തുടക്കം. എം.പി. അഹമ്മദ് ചെയർമാനായാണ് മലബാർ ആരംഭിക്കുന്നത്. ഞാൻ മലബാർ ഗോൾഡിന്റെ ഫൗണ്ടർ ഡയറക്ടറാണ്. എന്റെ സഹോദരൻ എ.കെ. നിഷാദ്, കെ.പി. ബീരാൻകുട്ടി, അബ്ദുൾസലാം, അബ്ദുൾമജീദ് എന്നിവരാണു മറ്റ് ഡയറക്ടർമാർ.
മലബാർ ഗ്രൂപ്പ് ആരംഭിക്കുന്നതിനു മുമ്പ് എന്റെ അമ്മാവന് കോഴിക്കോട്ട് കൊപ്ര വ്യാപാര സ്ഥാപനമുണ്ടായിരുന്നു. അമ്മാവന്റെ സഹായത്തോടെ ഞാനും സഹോദരൻ നിഷാദും കസിൻ ബ്രദർ ബഷീറും കൂടി കോഴിക്കോട് വലിയങ്ങാടിയിൽ യുണൈറ്റഡ് പ്രൊഡ്യൂസ് കമ്പനി എന്ന പേരിൽ കൊപ്ര വ്യാപാരം ആരംഭിച്ചു. അമ്മാവനും വലിയങ്ങാടിയിൽ കൊപ്ര വ്യാപാരമുണ്ട്. സിൻഡിക്കേറ്റ് പ്രൊഡ്യൂസ് കമ്പനി എന്നാണ് അമ്മാവന്റെ കടയുടെ പേര്. കർഷകരിൽ നിന്നു കൊപ്ര വാങ്ങി വിവിധ കമ്പനികളിലേക്കു കയറ്റി അയയ്ക്കുകയാണു ഞങ്ങൾ ചെയ്തിരുന്നത്. കൊപ്ര തരുന്ന കർഷകർക്ക് ചീട്ട് എഴുതിക്കൊടുക്കും. അതുകൊണ്ട് അവർക്കു ഞങ്ങൾ നിർദേശിക്കുന്ന കടകളിൽ പലചരക്കു മുതൽ സ്വർണം വരെ വാങ്ങാം. ആളുകൾക്ക് അത്ര വിശ്വാസമായിരുന്നു ഞങ്ങളെ.
പിന്നീടാണ്, ഞങ്ങൾ ഒരു സ്വർണക്കട ആരംഭിക്കാനുള്ള പ്രോജക്ട് തയാറാക്കുന്നത്. കോഴിക്കോട് കൊളംബോ ബിൽഡിംഗിന്റെ ഫസ്റ്റ് ഫ്ളോറിലാണ് മലബാർ ഗോൾഡിന്റെ ആദ്യത്തെ ഷോപ്പ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. ഗ്രൗണ്ട് ഫ്ളോറിൽ അഡ്വാൻസ് കൂടുതൽ കൊടുക്കേണ്ടിവരുന്നതുകൊണ്ടാണ് ഫസ്റ്റ് ഫ്ളോറിൽ ഷോപ്പ് ആരംഭിച്ചത്. അന്ന് കോഴിക്കോട് പ്രമുഖ ബ്രാൻഡ് ഷോപ്പുകളുണ്ട്. അതിനിടിയിലാണു ചെറിയ ഷോപ്പ്. കഠിനാദ്ധ്വാനം മാത്രമായിരുന്നു മുതൽ മുടക്ക്. ഭാഗ്യം ഞങ്ങൾക്കൊപ്പമായിരുന്നു. സ്വർണക്കട ക്രമേണ വൻ സ്ഥാപനമായി മാറി.
ഗോൾഡ് റീട്ടെയിൽ ബിസിനസ് രംഗത്ത് വാർഷിക ടേണോവറിൽ ലോകത്തിലെ മൂന്നാമത്തെ ഗ്രൂപ്പ്
ഒൻപതു രാജ്യങ്ങളിലായി 181 ബ്രാഞ്ചുകളും പത്ത് ഹോൾസെയിൽ ഔട്ട്ലെറ്റുകളുമാണ് കമ്പനിക്കുള്ളത്. സ്വർണക്കട്ടി, ഡിസൈൻ സെന്ററുകൾ, ആഭരണ നിർമാണ യൂണിറ്റ്, ഡിസ്ട്രിബ്യൂഷൻ, വിൽപ്പന, വിൽപ്പനാനന്തരസേവനങ്ങൾ എന്നിവ മലബാർ ചെയ്യുന്നു. കോഴിക്കോടാണ് മലബാർ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസ്. കമ്പനിയുടെ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഓഫിസ് സ്ഥിതിചെയ്യുന്നത് ദുബായിലാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് ഗോൾഡ് ഔട്ട്ലെറ്റുകൾ വ്യാപിക്കാനുള്ള പ്രോജക്ടുകൾ തയാറാകുന്നു.
ജുവലറി മാനുഫാക്ചറിംഗ്
ജുവലറി ഡിസൈനിംഗ്, മാനുഫാക്ചറിംഗ് മേഖലയിലാണു ഞാൻ പ്രവർത്തിക്കുന്നത്. കോഴിക്കോട് മലബാർ ഗോൾഡിന്റെ ആദ്യ ഷോപ്പ് തുടങ്ങിയ സമയത്താണ് ആഭരണ നിർമാണത്തിലേക്കു കടക്കുന്നത്. എനിക്കു നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അവരുടെ പ്രേരണയാലും സഹായത്താലുമാണ് ജുവലറി മാനുഫാക്ചറിംഗ് ആരംഭിക്കുന്നത്. മലബാർ ഗോൾഡിന്റെ ആരംഭത്തിൽ ഡയറക്ടർ ആയിരുന്നപ്പോൾത്തന്നെ കടയിൽ സെയിൽസ്മാനായും പ്രവർത്തിച്ചിരുന്നു. ആ സമയത്താണ് ആഭരണ നിർമാണം ആരംഭിക്കുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലായിരുന്നു.
രണ്ടു സുഹൃത്തുക്കളുമായി ചേർന്നായിരുന്നു ജുവലറി മാനുഫാക്ചറിംഗ് ആരംഭിക്കുന്നത്. ഒരാൾ വർക്കിംഗ് പാർട്ട്ണർ ആയിരുന്നു. ഞാനായിരുന്നു ഇൻവെസ്റ്റർ. കൈയിൽ കാര്യമായ ഫണ്ട് ഉണ്ടായിരുന്നില്ല. ആ സമയത്താണ് കോഴിക്കോട് പ്രവർത്തിച്ചിരുന്ന രാജധാനി ജ്വല്ലറി പൂട്ടുന്നത്. ദുബായി കാരാമയിൽ ബിസിനസ് ഉണ്ടായിരുന്ന ഉസ്മാൻ ആണ് രാജധാനിയുടെ പ്രധാന ഇൻവെസ്റ്റർ. രാജധാനി ഷെയർ പിരിഞ്ഞപ്പോൾ ഉസ്മാനു കിട്ടിയ അഞ്ചു കിലോ സ്വർണം എന്നെ ഏൽപ്പിച്ചു. രാജധാനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന വയനാട് സ്വദേശി ഷെബീർ ആണ് ഉസ്മാനിലേക്കുള്ള വഴിതുറന്നത്. അതെനിക്കൊരു ടേണിംഗ് പോയിന്റായിരുന്നു.
പിന്നീട്, ഞങ്ങൾ പാർട്ട്ണർഷിപ്പ് പിരിഞ്ഞു. പിരിയുമ്പോൾ എന്റെ കൈയിൽ 15 കിലോ സ്വർണമുണ്ടായിരുന്നു. തുടർന്ന് ഒറ്റയ്ക്ക് മാനുഫാക്ചറിംഗ് ആരംഭിച്ചു. ബിസിനസ് നല്ലരീതിയിൽ വളർന്നു. എന്റെ സ്റ്റോക്ക് 150 കിലോ സ്വർണമായി.
അന്ന് മലബാർ ഗോൾഡിന് തലശേരി, കാസർഗോഡ്, തിരൂർ, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിൽ അഞ്ചു ഷോപ്പുകളാണ് ഉണ്ടായിരുന്നത്. അക്കാലത്ത്, മലബാറിൽ നിന്ന് ഗോൾഡ് മാനുഫാക്ചറിംഗ് യൂണിറ്റ് തുടങ്ങാനുള്ള ഓഫർ വന്നു. മലബാറിൽ കൂടുതൽ ഷെയർ എടുത്ത് ആഭരണ നിർമാണം ആരംഭിച്ചു. മലബാർ ഗോൾഡ് മേക്കേഴ്സ് എന്നായിരുന്നു കമ്പനിയുടെ പേര്. കമ്പനിക്കു വേറെയും പാർട്ട്ണേഴ്സ് ഉണ്ടായിരുന്നു. പിന്നീട്, ഞാൻ ഷെയർ പിരിഞ്ഞു. തുടർന്ന്, മലബാറിനു വേണ്ടി മാത്രം ആഭരണ നിർമാണം ആരംഭിച്ചു.
ദുബായിൽ ഗോൾഡ് ഹോൾസെയിൽ ബിസിനസിൽ തുടക്കം
മലബാർ ഗോൾഡ് ദുബായിൽ ഹോൾസെയിൽ ബിസിനസാണ് അദ്യം ആരംഭിക്കുന്നത്. അമ്മാവൻ ദുബായിക്കു പോകാൻ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല. അമ്മാവന്റെ മകൻ ഷംലാൽ ആ പ്രോജക്ട് ഏറ്റെടുത്തു. പിന്നീട്, റീട്ടെയിൽ ബിസിനസിലേക്കു കടന്നു. ഷാർജയിലാണ് ആദ്യ റീട്ടെയിൽ ഷോപ്പ് ആരംഭിച്ചത്. റീട്ടെയിൽ ഷോപ്പുകൾ ആരംഭിക്കാൻ തുടങ്ങിയപ്പോൾ കമ്പനിയുമായി ഹോൾസെയിൽ ഇടപാടുകൾ നടത്തിയിരുന്നവർ സ്വർണം വാങ്ങാതായി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ജ്വല്ലറികളെല്ലാം ഞങ്ങളിൽ നിന്നു സ്വർണം എടുത്തിരുന്നു. ഹോൾസെയിൽ ബിസിനിസ് അൽപ്പം താഴാൻ തുടങ്ങിയപ്പോൾ റീട്ടെയിൽ ഷോപ്പുകൾ കൂടുതലായി ആരംഭിച്ചു. ഇന്ന് ജി.സി.സിയിലെ പ്രമുഖ സ്വർണവ്യാപാരികളാണ് മലബാർ ഗോൾഡ്.
കമ്പനിക്ക് നാലു മാനുഫാക്ചറിംഗ് യൂണിറ്റുകളാണുള്ളത്. പുറത്തുള്ള കമ്പനികൾക്കും സ്വർണം കൊടുക്കുന്നുണ്ട്. അമേരിക്ക, മലേഷ്യ, സിംഗപ്പുർ, കുവൈറ്റ് എന്നിവിടങ്ങളിൽ കമ്പനിക്ക് ക്ലൈന്റ്സ് ഉണ്ട്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മാനുഫാക്ചറിംഗ് യൂണിറ്റാണ് കമ്പനിയുടേത്. ഡിസൈനിംഗിനുതന്നെ വലിയൊരു ഡിപ്പാർട്ട്മെന്റുണ്ട്. പരിശുദ്ധിയും പരമ്പരാഗതവും അതുപോലെ ആധുനികവുമായ ഡിസൈനിംഗും കമ്പനിയെ വ്യത്യസ്ഥമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ ടേണോവർ ആയിരം കിലോ സ്വർണമായിരുന്നു. മുംബൈ, ബംഗളൂരു, കോൽക്കത്ത എന്നിവിടങ്ങളിൽ കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നു.
കോസ്മോസ് സ്പോർട്സ് കമ്പനി
എന്റെ സഹോദരൻ നിഷാദ് സ്പോർട്സിൽ താത്പര്യമുള്ള വ്യക്തിയാണ്. ബാഡ്മിന്റൺ ആണ് നിഷാദിന്റെ ഐറ്റം. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് സ്പോർട്സ് ഐറ്റംസ് വിൽക്കുന്ന സ്ഥാപനം ആരംഭിക്കുന്നത്. മുപ്പതു വർഷമായുള്ള സ്ഥാപനമാണ് കോസ്മോസ്. അതു ഞങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, തൃശൂർ, മഞ്ചേരി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി കോസ്മോസ് സ്പോർട്സിന് ഷോപ്പുകളുണ്ട്. കോഴിക്കാട്ട് രണ്ടു ഷോപ്പുകൾ പ്രവർത്തിക്കുന്നു. കേരളത്തിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും കോസ്മോസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ദുബായ് കാരാമയിൽ കോസ്മോസ് പുതിയ ഷോപ്പ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. വൈകാതെ തുറന്നുപ്രവർത്തിക്കും.

സാർത്ഥകമീ ജീവിതം എം.കെ. സജീവൻ / സഫറുള്ള പാലപ്പെട്ടി

ദാരിദ്യത്തിന്റെ കുപ്പത്തൊട്ടിയിൽ ബാല്യം, കലയും നാടകവും നാടക സംഘവുമായ് കൗമാരം, അഗ്നിപരീക്ഷണങ്ങളുടെ ആരോഹണാവരോഹണങ്ങളുടെ യൗവനം… ഇത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ തത്തപ്പിള്ളി സ്വദേശി എം.കെ. സജീവന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആകെചിത്രം. ജീവിതംതന്നെ ഇടയ്ക്കുവച്ചു നിന്നുപോകുമോയെന്നു ഭയപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നു സ്വപ്രയത്നംകൊണ്ട് ഉയരങ്ങൾ കീഴടക്കിയ സജീവന്റെ ജീവിതം സിനിമക്കഥപോലെ.
തെറ്റില്ലാത്ത ജീവിത സാഹചര്യങ്ങളിൽ കഴിയവെ ആകസ്മികമായിരുന്നു അച്ഛന്റെ വിയോഗം. അന്ന്, സജീവന് ആറു വയസായിരുന്നു പ്രായം. മൂത്ത സഹോദരിക്ക് 19 വയസ്, അതിനു താഴേയും അഞ്ചു സഹോദരിമാർ, ഏറ്റവും ഇളയവനായിരുന്നു സജീവൻ. അച്ഛന്റെ മരണത്തോടുകൂടി ദാരിദ്ര്യത്തിന്റെ പടുകുഴിയിലേയ്ക്ക് എറിയപ്പെട്ട കുടുംബത്തെ സംരക്ഷിക്കുന്ന തീവ്രപ്രയത്നത്തിലായിരുന്നു അമ്മ. കൃഷിയിടങ്ങളിൽ ജോലി ചെയ്തും പശുവിനെ വളർത്തിയും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ സജീവനെയും മൂത്ത ആറു സഹോദരിമാരെയും പഠിപ്പിച്ചതും വിവാഹം ചെയ്തയച്ചതും അമ്മയായിരുന്നു. അമ്മ കൃഷി ചെയ്തു സമ്പാദിക്കുന്ന ചെറിയ വരുമാനംകൊണ്ടു കുടുംബം പോറ്റുമ്പോഴും സജീവൻ നൂലു പൊട്ടിയ പട്ടം പോലെ സഞ്ചരിക്കുകയായിരുന്നു. അമ്മയെയും ആറു സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല തനിക്കാണെന്ന് സജീവനു ബാല്യകൗമാരങ്ങളിലൊന്നും തോന്നിയതേയില്ല. അപ്പോഴെല്ലാം കുടുംബത്തോടുള്ള സ്നേഹത്തേക്കാളും കലയോടുള്ള പ്രതിബദ്ധതയായിരുന്നു സജീവനെ നയിച്ചിരുന്നത്.
തന്റെ ആദ്യകാല കലാ-നാടകപ്രവർത്തനങ്ങളെക്കുറിച്ചു പറയുമ്പോൾ സജീവൻ ഏറെ വാചാലനായിരുന്നു. വലിയൊരു ബിസിനസ് ശ്രൃംഖലയുടെ മേധാവി എന്ന തന്റെ നിലവിലെ സ്ഥാനം മറന്ന് അദ്ദേഹം 1980-കളിലെ നാടക കലാകാരനായി മാറുകയായിരുന്നു.
പത്താം തരം കഴിഞ്ഞതോടെ കലാരംഗത്ത് ഒന്നു പയറ്റി നോക്കാൻ തീരുമാനിച്ചു. ചെറുപ്പം മുതലേ ഉള്ളിൽക്കൊണ്ടു നടന്നിരുന്ന കലയോടുള്ള ആഭിമുഖ്യം കാരണം തബല, ഗിറ്റാർ, നൃത്തം തുടങ്ങിയവ അൽപ്പം സ്വന്തമാക്കി. ക്രമേണ നാട്ടിലെ അമച്വർ നാടകസംഘങ്ങളുമായി സഹകരിച്ച് അഭിനയവും തുടങ്ങി. എൺപതുകളുടെ തുടക്കത്തിൽ പറവൂർ ആർട്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. മാസം തോറും നാടകം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പി.ജെ. ആന്റണിയുടെ ‘തീ’ എന്ന നാടകത്തിലൂടെയാണ് സജീവൻ സ്റ്റേജിലെത്തിയത്. കുറേക്കാലം വീടിനെക്കുറിച്ചുള്ള ചിന്തയൊന്നുമില്ലാതെ അമച്വർ നാടകങ്ങളുമായി അലഞ്ഞു.
അക്കാലത്ത്, കൊല്ലത്തുനിന്നുള്ള ഒരു പ്രൊഫഷണൽ ട്രൂപ്പ് പറവൂരെത്തി. ‘പനോരമ; കളിച്ചു. കഥാപ്രസംഗം, ബാലെ, നാടകം ഇവ മൂന്നും ചേർന്നുള്ള നാലു മണിക്കൂർ കലാവിരുന്നാണ് ‘പനോരമ’. കഥാപ്രസംഗത്തിൽ നിന്നു തുടങ്ങി നാടകം ബാലെ എന്നിവയിലൂടെ സഞ്ചരിച്ചു കഥാപ്രസംഗത്തിൽ ചെന്നവസാനിക്കുന്ന രീതി. ആ രീതി വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഹരിശ്രീ’ എന്ന പേരിൽ സ്വന്തം ട്രൂപ്പ് തുടങ്ങുവാൻ തീരുമാനിച്ചു. കൈയിലാണെങ്കിൽ പൈസയൊന്നും ഇല്ലായിരുന്നു. കൂടാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ് ആവശ്യത്തിലേറെ. സുഹൃത്തായ സുകുമാരനെക്കൊണ്ട് ഒരു പനോരമയുടെ സ്ക്രിപ്റ്റ് എഴുതിച്ചു. അദ്ദേഹം അന്നാട്ടിലെ ധനികനുമായിരുന്നു. നാടകക്കളരിക്കു വീടു തന്നു സഹായിച്ചു. കാഥികനായ തോപ്പിൽ ബാലൻ, കലാകാരനായ അൻവർ തുടങ്ങിയവർ പ്രതിഫലം പറ്റാതെ സാമ്പത്തികമായും മാനസികമായും കലാപരമായും സഹായിച്ചു. നാടക ക്യാപിലെ ഭക്ഷണത്തിനായി പലചരക്കു കടക്കാരൻ ആവോളം വായ്പയും തന്നു. കംപോസിംഗും റിഹേഴ്സലും വളരെ നല്ല നിലയിൽ മുന്നേറി. മീശ കുരുക്കാത്ത പയ്യനായ ഞാൻ നടകക്കമ്പനിയുടെ മുതലാളിയായതു നാട്ടിൽ വലിയ വാർത്തയായിരുന്നു. സത്യം എനിക്കല്ലേ അറിയൂ. എന്തായാലും ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. മൂന്നര മാസം കൊണ്ട് റിഹേഴ്സലും മറ്റും തീർത്ത് ഉഗ്രനായൊരു ഉദ്ഘാടന മഹാമഹം പറവൂരിൽ സംഘടിപ്പിച്ചു. പരിപാടി കണ്ട ബുക്കിംഗ് ഏജന്റുമാർക്കൊക്കെ എന്റെ ‘നള ദമയന്തി’ പനോരമ വല്ലാതെ ഇഷ്ടപ്പെട്ടു. കേരളത്തിലെങ്ങും പരിപാടിയായി. സീസണടുത്താൽ തട്ടേന്നിറങ്ങാൻ പറ്റാത്ത അവസ്ഥ. അമ്പലപ്പരിപാടികളിലും പള്ളിപ്പരിപാടികളിലും ‘ഹരിശ്രീ’ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി. ദിവസം രണ്ട് സ്റ്റേജ് വരെ കളിക്കേണ്ടി വന്ന അവസ്ഥയുണ്ടായിരുന്നു.
ഇന്ന്, ഓർക്കസ്ട്രക്കാരുടെ ആവശ്യമില്ല. ഒരു സിഡി മാത്രം മതി. അന്നാണെങ്കിൽ ഹാർമോണിയം, തബല, ഗിറ്റാർ തുടങ്ങി അതിന്റേതായ കലാകാരന്മാരെ കൂടെ കൊണ്ടു പോകണം. പാട്ടുകാരിയുണ്ടെങ്കിൽ അവരുടെ അച്ഛനെയോ അമ്മയെയോ കൂടെ കൂട്ടണം, പിന്നെ, നാടക കലാകാരന്മാരും കലാകാരികളും. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുവാൻ പര്യാപ്തമായ വാഹനം നോർത്ത് പറവൂരിൽ നിന്ന് 60 കിലോമീറ്റർ ദൂരെയുള്ള ഇരിങ്ങാലക്കുടയിൽ മത്രമേ ലഭ്യമാകൂ. അതിൽ മുഴുവൻ ആളെ ഉൾക്കൊള്ളുന്നില്ലെങ്കിൽ വേറെ കാറും കൂടെ വാടകയ്ക്കെടുക്കും. കർട്ടൺ, കോസ്റ്റ്യൂംസ്, ലൈറ്റ് തുടങ്ങി ഓർക്കസ്ട്ര പോലും കടമായിരുന്നു.

സാഹോദര്യത്തിന്റെ റമസാന്‍ നിലാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ / പി. ടി. ബിനു
Categories:

റമസാന്‍, ആത്മപരിശോധനയുടെ മാസം കൂടിയാണ്. മഹാനന്മകളും മാനുഷികമൂല്യങ്ങളും പരിശോധിക്കപ്പെടുന്ന പരിശുദ്ധിയുടെ ദിനരാത്രങ്ങള്‍. ആത്മീയരംഗത്തും രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റമസാന്റെ വിശുദ്ധിയും സ്മരണകളും ‘ ഞാന്‍ മലയാളി’യുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു
* റമസാന്‍ നല്കുന്ന സന്ദേശം
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കുന്ന സത്യവിശ്വാസിയുടെ ജീവിതം ക്ഷമയും സഹനവും സഹിഷ്ണുതയും ത്യാഗസന്നദ്ധതയുമുള്ളതായിരിക്കണമെന്നാണ് വിശുദ്ധ റമസാന്‍ നല്കുന്ന പാഠം. വിശപ്പും ദാഹവും അതിന്റെ കാഠിന്യത്തോടെത്തന്നെ അനുഭവിച്ചറിയുന്നു. ദേഹേച്ഛകള്‍ നിയന്ത്രിക്കപ്പെടുന്നു. പട്ടിണി കിടന്നാല്‍ മാത്രം പോരാ, വാക്കും പ്രവൃത്തിയും മനസിലെ ചിന്തകള്‍ പോലും സംശുദ്ധമായിരിക്കണം. ആരാധനാകാര്യങ്ങളില്‍ സൂക്ഷമതയും കൃത്യതയും പുലര്‍ത്തണം. അധികതോതിലുള്ള ദാനധര്മങ്ങള്കൊണ്ടു ജീവിതവും സമ്പാദ്യവും ശുദ്ധീകരിക്കണം. അപ്പോള്‍ മറ്റുള്ളവരുടെ വിശപ്പും സാമ്പത്തിക പ്രയാസങ്ങളുമെല്ലാം തൊട്ടറിയുന്ന രാജാവും പ്രജയും ധനാഢ്യനും ദരിദ്രനും വ്യത്യാസമില്ലാതെ തൊട്ടുരുമ്മി ചുമലൊത്തുനില്ക്കുന്നു. നമസ്കാരത്തിന്റെയും മനസിന്റെ ചാഞ്ചാട്ടങ്ങള്ക്കുപോലും കടിഞ്ഞാണിടുന്ന റമസാന്‍ ദിനരാത്രങ്ങളുടെ പരിശീലനം ഒരു ആയുസ് മുഴുവന്‍ ചിട്ടപ്പെടുത്തുന്ന സമത്വ, സാഹോദര്യബോധത്തിന്റേതാണ്.
മനുഷ്യന് മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കാനോ അതിക്രമം നടത്താനോ തുനിയുന്നതു മതത്തിന്റെ താത്പര്യമല്ല. ഭക്ഷണവും ധനവും സ്വാതന്ത്ര്യവും നിഷേധിക്കുകയല്ല, പങ്കുവയ്ക്കുകയാണു വേണ്ടതെന്ന് റമസാന്‍ ലോകസമൂഹത്തെ ഉദ്ബോധിപ്പിക്കുന്നു.
* കൊടപ്പനക്കല്‍ തറവാട്ടിലെ നോമ്പുകാലം
കുട്ടിക്കാലത്ത് ബാപ്പയോടൊപ്പമായിരുന്നു നോമ്പുതുറ. ആരെങ്കിലുമൊക്കെ അതിഥികളുണ്ടാകും. അതിഥികളെന്നുവച്ചാല് പ്രധാനമായും വീട്ടില്‍വന്നുകയറുന്ന വഴിയാത്രക്കാര്‍. അന്നൊക്കെ ദൂരസ്ഥലങ്ങളിലേക്കു നടന്നുപോകുന്നവരാണല്ലോ അധികവും. നോമ്പുതുറക്കാന്‍ നേരം വീട്ടുമുറ്റത്തോ പടിപ്പുരയിലോ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കാന്‍ ബാപ്പ പറയും. ബാപ്പയോടൊപ്പം പള്ളിയില്‍ പോകും. 1975ല്‍ ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരണപ്പെട്ടു. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം.
പിന്നീട്, ആ സ്ഥാനത്ത് ജ്യേഷ്ഠന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വന്നു.
* കുട്ടിക്കാലത്തെ റമസാന്‍, പെരുന്നാള്‍
റമസാന്‍, പെരുന്നാള്‍ ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസമുറപ്പിക്കുന്ന ദിവസം. ചന്ദ്രമാസപ്പിറവി കണ്ടാലോ അല്ലെങ്കില്‍ നിലവിലുള്ള മാസം 30 തികഞ്ഞാലോ ആണ് നോമ്പോ പെരുന്നാളോ ഉറപ്പിക്കുന്നത്. ബാപ്പയും തുടര്‍ന്ന്, സഹോദരډാരെല്ലാം നിരവധി മഹല്ലുകളുടെ ഖാസിമാരായിരുന്നു. അതുകൊണ്ട് റമസാന്‍വ്രതം, പെരുന്നാള്‍ എന്നിവ ഖാസി ഉറപ്പിക്കണം. അതിനായി പലദിക്കില്‍നിന്നും സന്ധ്യയോടെ ആളുകള്‍ എത്തിത്തുടങ്ങും. ഏതെങ്കിലും ദേശത്തു മാസപ്പിറവി കണ്ടതായി അറിയുമ്പോഴേക്കും അര്ധരാത്രിയായിട്ടുണ്ടാകും. ഫോണില്ലാത്ത കാലത്ത് ആളുകള്‍ വാഹനം വിളിച്ചുവന്നാണു വിവരം നല്‍കുക. ഇന്നിപ്പോള്‍ ഫോണ്‍ സംവിധാനങ്ങളായി. കാര്യങ്ങള്‍ തത്സമയം അറിയാന്‍ കഴിയും. മാസപ്പിറവി ഉറപ്പിച്ചുകഴിഞ്ഞാല്‍ ഖാസി പദവി വഹിക്കുന്ന മഹല്ലുകളിലേക്കു കത്തുകളെഴുതണം. ആ ജോലി ഞങ്ങള്‍ കുട്ടികളായിരുന്നു ബാപ്പയുടെ കാലത്തു ചെയ്തിരുന്നത്. പിന്നീട്, സഹായിക്കാന്‍ പുതുതലമുറവന്നു.

നോമ്പിന്റെ സുവിശേഷങ്ങള്‍ സത്യന് അന്തിക്കാട്
Categories:

ഇല്ലാത്തവനും ഉള്ളവനും ഒരേപാതയില്‍ സഞ്ചരിക്കുന്ന മാസമാണ് റംസാനെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. റംസാന് മാസം തീരുന്നതോടെ മനുഷ്യന് സ്വയം ശുദ്ധീകരിക്കപ്പെടുന്നു. മാനസികമായും, ശാരീരികമായും. അതുകൊണ്ടുതന്നെ നോമ്പുകാലവും റംസാനുമൊക്കെ എനിക്കിഷ്ടമാണ്. ഒരു നോമ്പുകാലത്താണ് ‘സന്മനസുള്ളവര്‍ക്കു സമാധാന’ത്തിന്റെയും ‘പട്ടണപ്രവേശ’ത്തിന്റെയും തിരക്കഥ രചിക്കുന്നത്. ഞാനും ശ്രീനിവാസനും അക്കാലത്ത് എറണാകുളം ഭാരത് ടൂറിസ്റ്റ്ഹോമിലായിരുന്നു താമസം. രണ്ടു സിനിമകളുടെയും നിര്‍മാതാവ് സിയാദ് കോക്കറാണ്. നോമ്പു തീരുന്നതു വരെ വൈകിട്ട് സിയാദ് ഞങ്ങളെ നോമ്പുതുറക്കാന്‍ വിളിക്കും. അക്കാലത്ത് വൈകിട്ട് ആറു മുതല്‍ ഏഴുവരെ തിരക്കഥാരചനയ്ക്ക് ഇടവേളയാണ്. സിയാദിന്റെ വീട്ടിലെത്തി ഈന്തപ്പഴവും പലഹാരവും കഴിച്ച് നോമ്പുമുറിക്കാന്‍ കൂടുമ്പോഴും ദിവ്യമായ ഒരനുഭൂതിയായിരുന്നു മനസില്‍. നോമ്പിന് മതപരമായ ചേരിതിരിവില്ലെന്നതിന്റെ ഉദാഹരണമാണ് സമൂഹനോമ്പുതുറകള്‍. ഇപ്പോള്‍ ഇഷ്ടംപോലെ സമൂഹ നോമ്പുതുറകള്‍ എല്ലായിടത്തുമുണ്ട്. ഒരുമയുടെ സന്ദേശമാണ് അതു നല്‍കുന്നത്.
നോമ്പുകാലമായാല്‍ ഒരുപാടു സുഹൃത്തുക്കള്‍ വിളിക്കാറുണ്ട്. പലപ്പോഴും തിരക്കു കാരണം പോകാന്‍ പറ്റാറില്ല. ദിവസവും അഞ്ചുനേരം നിസ്കരിക്കുന്ന ഒരു സൂപ്പര്‍സ്റ്റാറുണ്ടല്ലോ നമുക്ക്. മമ്മൂട്ടി. നോമ്പ് കൃത്യമായി പാലിക്കുന്നയാള്. ഒരു നോമ്പുകാലത്ത് ഞാനുമുണ്ടായിരുന്നു മമ്മൂട്ടിയുടെ കൂടെ. ഏതോ ലൊക്കേഷനില്‍ വൈകിട്ട് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. സംസാരിച്ചിട്ടു പോകാന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടി പറഞ്ഞു:
“നോമ്പുകാലമാണ്. വൈകിട്ട് നോമ്പു മുറിച്ചിട്ടേ പോകാവൂ.”

നോമ്പ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു അനൂപ് ചന്ദ്രന്
Categories:

കുട്ടിക്കാലം മുതലേ നോമ്പിനെക്കുറിച്ചും റംസാനെക്കുറിച്ചും കേട്ടിട്ടുണ്ട്. അന്നു മുതല്‍ തുടങ്ങിയതാണ് അറിയാനുള്ള ആഗ്രഹം. ലോകത്താകമാനമുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി അനുഷ്ഠിക്കുന്നതാണ് നോമ്പ്. പക്ഷേ, നോമ്പ് എടുക്കാന്‍ പറ്റിയിട്ടില്ല. ഒരു നോമ്പുകാലത്തായിരുന്നു ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി’ന്റെ ചിത്രീകരണം. അവിടെ, മമ്മൂക്കയും അബുസലീമുമൊക്കെയുണ്ട്. അവര്‍ റംസാന്വ്രതത്തിലായിരുന്നു. ബ്രേക്കില്‍ ഞങ്ങള്‍ സംസാരിച്ചത് നോമ്പിനെക്കുറിച്ചായിരുന്നു.
“എടാ, ഇത്തവണ ഒരാഴ്ചത്തേക്ക് നോമ്പു പിടിയെടാ. നമ്മളാരാണെന്ന് നമുക്കുതന്നെ ബോധ്യം വരും.”
അബുക്ക പറഞ്ഞപ്പോള്‍ അനുസരിച്ചു. ജീവിതത്തില്‍ ആദ്യമായാണു നോമ്പെടുക്കുന്നത്. അത്രയും കാലം ഒരു ദിവസത്തെ വ്രതം പോലുമെടുത്തിട്ടില്ല. നോമ്പ് എന്താണെന്നറിയാനുള്ള ശ്രമമായിരുന്നു എന്റേത്.

കുറ്റിച്ചിറയിലെ നോമ്പുകാലം സി.കെ. അബ്ദുള്‍ നൂര്‍
Categories:

കിഴക്കന്‍ചക്രവാളത്തില്‍ റംസാന്‍ചന്ദ്രിക മിന്നിയാല്‍ പിന്നെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറയും പരിസരങ്ങളും തിരക്കിലാണ്. നോമ്പുകാലത്ത് ഇവിടെയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിപാലിക്കുന്ന കുറ്റിച്ചിറയുടെ പാരമ്പര്യത്തിന് കോഴിക്കോടന്‍ പൈതൃക പെരുമയുടെ പിന്‍ബലവുമുണ്ട്.
റംസാന് വ്രതമായാല് കുറ്റിച്ചിറക്കാര്‍ക്ക് ഉറക്കമുണ്ടാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നോമ്പു കാലത്ത് ഇവിടെയെത്തുന്നവര്‍ക്ക് ഒരു പുതുമയെങ്കിലും നല്‍കാനുള്ള ഒരുക്കത്തിലാകും ഇവിടെത്തുകാര്‍. നോമ്പുതുറയ്ക്കായി കോഴിക്കോടന്‍ രുചിവൈഭവങ്ങളും തനിമയും വിളിച്ചോതുന്ന വിഭവങ്ങളൊരുക്കി കുറ്റിച്ചിറ സമ്പന്നമാകും.
സാമൂതിരി ഭരണത്തിലും പടയോട്ടക്കാലത്തും തുടങ്ങിയ കുറ്റിച്ചിറയുടെ മതസൗഹാര്‍ദ്ദത്തിന്റെ സഞ്ചാരപഥം തലമുറകളില്‍ നിന്നു തലമുറകളിലേക്കു കൈമാറി മുന്നേറുകയാണ്. സാമൂതിരി ഭരണത്തിന്റെ അടയാളമായി ഒരേക്കര്‍ വിസ്താരമുള്ള ചിറ. സമീപത്തായി ചരിത്രത്തിന്റെ ഏടുകള്‍ വിശ്രമിക്കുന്ന മിശ്ക്കാല്‍ പള്ളിയും ജുമാഅത്ത് പള്ളിയും. പ്രദേശം നാമം വിശാലമായ ചിറയ്ക്കു ചാര്‍ത്തി നല്‍കിയതോടെ കുറ്റിച്ചിറയുടെ മഹിമ വിദേശികളും സ്വദേശികളും ഏറ്റുപാടി. കോഴിക്കോടന്‍ സംസ്കാരത്തിനും സൗഹാര്‍ദ്ദത്തിനും സാഹിത്യത്തിനും സംഗീതത്തിനും ലഭിച്ച മേډയ്ക്കും സ്വീകാര്യതയ്ക്കും കുറ്റിച്ചിറയുടെ പങ്ക് അനിര്‍വചനീയമാണ്.

പാട്ടിന്റെ കരിക്കിന്‍വെള്ളം കൃഷ്ണ പൂജപ്പുര
Categories:

സിനിമ എന്തുമാത്രം മാറി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറായി, ആര്‍ട്ട്, കൊമേഴ്സ്യല്‍, സിനിമാസ്കോപ്പ്, സെവന്റി എംഎം, ത്രീഡി, മെഗാസ്റ്റാര്‍ പടം തുടങ്ങി, ന്യൂ ജനറേഷന് പടം എന്ന ലേബലില്‍ അറിയപ്പെടുന്ന സിനിമകള്‍ വരെ എന്തുമാത്രം ദൃശ്യവിഭാഗങ്ങള്. സിനിമയിലെ രീതികളൊക്കെ മാറി. പക്ഷേ, ഈ മാറ്റങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ നില്‍ക്കുന്നത് ഒന്നേയുള്ളു, പാട്ട്!
നായകനു സന്തോഷം വരുന്നു, അതാ കൂടെവരുന്നു പാട്ട്. ദുഃഖമാണോ, ‘കരയുന്നു പുഴ ചിരിക്കുന്നോ’ അവിടെയും പാട്ടുണ്ട്. നായകന് തത്വചിന്താപരമായി ആലോചിക്കുകയാണോ അവിടെയും പാട്ടുണ്ട്, ‘മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ ചുരുക്കത്തില്‍ പാട്ട് ഒഴിവാക്കിയാല്‍ സിനിമ പൂര്‍ണമാകില്ല.
പന്ത്രണ്ടുവരി
സാധാരണ സിനിമാപ്പാട്ടിന് പന്ത്രണ്ടുവരിയെന്നാണു പൊതുധാരണ. അതില്ക്കൂടാറുമുണ്ട്(കൂടുതലുള്ള വരികള്‍ ചിലപ്പോള്‍ സിനിമയില്‍ കാണണമെന്നു നിര്‍ബന്ധമില്ല). ഇപ്പോഴത്തെ സിനിമയില്‍ പാട്ടിന്റെ വരികള്‍ക്കു കണക്കൊന്നുമില്ല. ട്യൂണിനാണു പ്രാധാന്യം. ട്യൂണിനൊപ്പിച്ചാണ് എഴുത്ത്. ഗാനരംഗങ്ങളില്‍ നായകന് ഇരുപത്തഞ്ചു വരികളെങ്കിലും പാടണമെന്നുണ്ട്. സമ്മതിക്കില്ല. പന്ത്രണ്ടുവരിയില്‍ ഒരോ നാലുവരി കഴിയുമ്പോഴും ആദ്യത്തെ രണ്ടുവരി റിപ്പീറ്റ് ചെയ്യും. ഓരോ നാലു വരിക്കിടയിലും പത്തിരുപത്തഞ്ച് സെക്കന്‍ഡ് ബ്രേക്ക് ടൈം ഉണ്ട്. നായകന് തൊണ്ട ശരിപ്പെടുത്താനും വെള്ളം കുടിക്കാനും വേണ്ടിയാണ്. ആ ഗ്യാപ്പില്‍ മ്യൂസിക് തകര്‍ത്തോളും. ബിജിഎം എന്നാണ് സാങ്കേതിക വാക്ക്