ആയിരം കോടിയുടെ നായകന് സുനിത സുനില്‍

ബാഹുബലി എന്ന ചിത്രത്തിലൂടെ ആയിരം കോടിയുടെ നായകനായി മാറിയ ഇതിഹാസ താരം പ്രഭാസ് തന്റെ സിനിമകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും സംസാരിക്കുന്നു. മനസില്‍ കേരളത്തോട് ഇഷ്ടം സൂക്ഷിക്കുന്ന പ്രഭാസ് ഞാന്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.
ഈശ്വര്‍ എന്ന സിനിമയിലൂടെയാണ്പ്രഭാസ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആറടി പൊക്കവും കനലുപോലുള്ള കണ്ണുമുള്ള പ്രഭാസ് വളരെ പെട്ടെന്നുതന്നെ ടോളിവുഡിന്റെ “ലവ് ബോയ്” എന്ന സ്ഥാനം പിടിച്ചെടുത്തു. വര്‍ഷം, രാഘവേന്ദ്ര, അടവിരാമുഡു, ചക്രം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ് മുന്നേറി. രാജമൗലി സംവിധാനം ചെയ്ത ഛത്രപതി പ്രഭാസിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. അതിനു ശേഷം പുറത്തിറങ്ങിയ മിര്‍ച്ചി എന്ന സിനിമയിലൂടെ പ്രഭാസ് തരംഗമായി മാറി. ഛത്രപതിയെന്ന സൂപ്പര്‍ഹിറ്റിനു ശേഷം രാജമൗലിയും പ്രഭാസും ഒന്നിച്ച ചിത്രമാണ് ബാഹുബലി. ബാഹുബലിയ്ക്കായി തന്റെ കരിയറിലെ നാലു വര്‍ഷമാണ് പ്രഭാസ് ചെലവഴിച്ചത്. അഭിനയ ജീവിതത്തിലെയും സ്വകാര്യജീവിതത്തിലെയും വിശേഷങ്ങളുമായി പ്രഭാസ് ഞാന്‍ മലയാളി മാഗസിന്റെ വായനക്കാര്‍ക്കൊപ്പം…
ആയിരം കോടി കളക്ട് ചെയ്യുന്ന ഇന്തയിലെ ആദ്യ ചിത്രമാണ് ബാഹുബലി, എങ്ങനെ ആഘോഷിക്കുന്നു ഈ ചരിത്ര വിജയം?
ബാഹുബലി ആയിരം കോടി ക്ലബില്‍ കയറിയതില്‍ അതിയായ സന്തോഷമുണ്ട്. നമ്മള് ചെയ്തൊരു സിനിമ സാമ്പത്തികമായി വന്‍ വിജയം നേടുന്നത് എന്നും സന്തോഷം നല്‍കും. ആയിരം കോടി കളക്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയില്‍ കേന്ദ്രകഥാപാത്രമാകാന്‍ കഴിഞ്ഞതില്‍, ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും സന്തോഷത്തില്‍ പങ്കുകൊള്ളുന്നു. എനിക്കറിയാന്‍ കഴിഞ്ഞത് ആദ്യ പത്തുദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് 27 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ടെന്നാണ്.
നാലര വര്‍ഷം ബാഹുബലിയായി ജീവിച്ചു. ഇപ്പോള്‍ എന്തു തോന്നുന്നു?
ഇപ്പോഴും ആ കഥാപാത്രം എന്നില്‍ നിന്നു വിട്ടുപോയിട്ടില്ല. നടപ്പിലും സംസാരത്തിലുമെല്ലാം ബാഹുബലി എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഞാന്‍ ഇപ്പോഴും സ്വപ്നത്തിലാണ്. ബാഹുബലിയും മഹിഷ്മതിയുമൊക്കെ മനസില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സിനിമയാണ് ബാഹുബലി. നാലരവര്‍ഷം പോയത് അറിഞ്ഞില്ല. സിനിമ റിലീസായി അതിന്റെ അലയൊലികള്‍ അടങ്ങിയാല്‍ മാത്രമേ ബാഹുബലി എന്നില്‍ നിന്നു പൂര്‍ണമായി വിട്ടുപോകുകയുള്ളൂ.
ബാഹുബലി കഴിഞ്ഞു, മഹാഭാരതം എന്നൊരു ബിഗ് ബജറ്റ് ചിത്രം അണിയറയിലൊരുങ്ങുന്നു. ഭീമനാകാന്‍ താത്പര്യമുണ്ടോ?
എനിക്കു വലിയ താത്പര്യമുണ്ട്. മലയാളം എനിക്ക് ഒരുപാടിഷ്ടമാണ്. ഈ പ്രോജക്ട് മോഹന്‍ലാല്‍ ഏറ്റെടുത്തു കഴിഞ്ഞു. ഭീമനാകാന്‍ അനുയോജ്യന്‍ അദ്ദേഹം തന്നെയാണ്. ഈ പ്രോജക്ട് അദ്ദേഹം വേണ്ടെന്നുവച്ച് എനിക്കു നല്കിയാല് ഞാന്‍ ഭീമനാകാം. ഏതൊരു നടന്റെയും സ്വപ്നമാണ് ഇതു പോലൊരു സിനിമ.
മലയാളം സിനിമകള്‍ കാണാറുണ്ടോ?
മലയാളം അറിയില്ല. പക്ഷേ, ലാലേട്ടനെയും മമ്മൂക്കയെയും എനിക്കറിയാം. ലാലേട്ടന്റെയും മമ്മൂക്കയുടെയും ചില സിനിമകള്‍ കണ്ടിട്ടുണ്ട്. മലയാളത്തില്‍ മികച്ച ചിത്രങ്ങളുണ്ടാകുന്നുണ്ട്. ദേശീയ ശ്രദ്ധ നേടിയ നിരവധി ചലച്ചിത്രകാരന്മാര് മലയാളത്തിനുണ്ട്. മലയാള സിനിമ പ്രമേയസ്വീകരണത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്.
