
ബോസ് അല്ലെങ്കില്‍ ബോസ്ക എന്നറിയപ്പെടുന്ന ഖാദര്‍കുട്ടി യുഎഇയിലെ മലയാളി വ്യവസായികളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്. ബിസിനസ് രംഗത്തെ വിജയങ്ങളില്‍ വിനയം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം സാമൂഹ്യ സേവനരംഗത്തും സജീവ സാന്നിധ്യമാണ്. മനുഷ്യസ്നേഹത്തെ സ്വന്തം പ്രാണന് പോലെ കൊണ്ടുനടക്കുന്ന ബോസ്ക വിദേശത്തു മാത്രമല്ല സ്വദേശത്തും ധാരാളം കര്‍മ പദ്ധതികള്‍ക്കു നേതൃത്വം നല്കുന്നു. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്, അബുദാബിയില്‍ കഫറ്റീരിയ ജീവനക്കാരനായി ജോലിയാരംഭിച്ച അദ്ദേഹം ഇന്ന് യുഎഇയില്‍ വ്യാപിച്ചുകിടക്കുന്ന ബോസ്ക ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനങ്ങളുടെ ഉടമയാണ്. ബോസ്ക ഇന്ന് ദുബായിലെ പ്രമുഖ ബ്രാന്‍ഡാണ്. അനുകരിക്കാവുന്ന മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും. ബോസ്ക തന്റെ ജീവിതവും അനുഭവങ്ങളും പങ്കുവയ്ക്കുന്നു….
ബോസ്ക എന്ന ബ്രാന്‍ഡിനു പിന്നില്‍
ഗ്രീറ്റിംഗ് അല്‍ മദീന എന്നായിരുന്നു സ്ഥാപനങ്ങളുടെ പേര്. എന്റെയൊരു അടുത്ത സുഹൃത്താണ് ബോസ്ക എന്ന ബ്രാന്‍ഡ് പേര് സ്ഥാപനങ്ങള്‍ക്കു നല്‍കിയത്. കൂടുതലായും ചെയ്യുന്നത് റസ്റ്ററന്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്ക്കറ്റുകളുമായതുകൊണ്ട് ആ ബ്രാന്‍ഡ് സ്വീകരിക്കുകയായിരുന്നു. എന്നെ ഇപ്പോള്‍ വ്യവസായികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും അറിയപ്പെടുന്നത് ബോസ്, അല്ലെങ്കില്‍ ബോസ്ക എന്നാണ്. ഖാദര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അറിയാന്‍ പ്രയാസമായിരിക്കും. ഇപ്പോള്‍ ബോസ് എന്റെ പേര് ആയി മാറിയിരിക്കുന്നു. സ്വന്തം സ്ഥാപനങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ കഴിയുക എന്നത് സന്തോഷകരമാണ്.
എന്നാണ് ഗള്‍ഫിലെത്തിയത്
1992-ല്‍ ആണ് ഞാന്‍ ഗള്‍ഫിലെത്തിയത്. സാധാരണ കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. എല്ലാ പ്രവാസികളെയും പോലെ നല്ല തൊഴില്‍ തേടുക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക ഇതൊക്കെയായിരുന്നു ഗള്‍ഫിലെത്താനുള്ള പ്രചോദനം. ഗള്ഫിലെത്തുന്നതിനു മുമ്പ് കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വിവിധ തൊഴിലുകള്‍ ചെയ്തിട്ടുണ്ട്.
ഗള്‍ഫില്‍ ആദ്യം ജോലിക്കു കയറിയത് അബുദാബി ബെന്യാസിലെ സണ്‍ എന്‍ജിനീയറിങ് കമ്പനിയിലാണ്. ഹെല്‍പ്പര്‍ ജോലിയായിരുന്നു അത്. കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ഹെല്‍പ്പര്‍ ജോലി കഠിനകരമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. അബുദാബിയിലെ കൊടും ചൂട് അസഹനീയമായിരുന്നു. താമസിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്‍സ്ട്രക്ഷന്‍ സൈറ്റിനോടു ചേര്‍ന്ന ലേബര്‍ ടെന്റുകളാണു തൊഴിലാളികള്‍ക്കു താമസിക്കാന്‍ അനുവദിച്ചിരുന്നത്. ഒരു ടെന്റില്‍ത്തന്നെ നിരവധി ആളുകളുണ്ടായിരുന്നു. വിയര്‍ത്തൊലിച്ചു നനയും. കുളിച്ചിട്ടു ശരീരം തോര്‍ത്താത്ത പോലിരിക്കും. ഒരു ദിവസം മൂന്നുംനാലും ജോഡി വസ്ത്രങ്ങള്‍ വരെ മാറിയിട്ടുണ്ട്. അക്കാലത്തു വിവിധ തൊഴിലുകള്‍ ചെയ്തിട്ടുണ്ട്.
