May 2017

You Are Here: Home / May 2017

ചന്ദനം മണക്കുന്ന ഓർമകൾ
മോഹന്‍ലാല്‍

Categories:
ചന്ദനം മണക്കുന്ന ഓര്‍മകളാണ് എനിക്ക് സുകുമാരിചേച്ചി. അമ്പലത്തിലെ പ്രസാദത്തിന്‍റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്‍മുതല്‍ നിറഞ്ഞ സ്നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല. ഷൂട്ടിംഗ് രാത്രിയില്‍ എത്ര വൈകുവോളം നീണ്ടാലും സുകുമാരിചേച്ചി അതിരാവിലെ ഉണരും. കുളി കഴിഞ്ഞ് ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകും. ക്ഷേത്രങ്ങളില്‍ പോകണമെന്നു നിര്‍ബന്ധമുണ്ടായിരുന്നില്ല. വീട്ടിലായാലും ഹോട്ടല്‍ മുറിയിലായാലും ആരാധനാ മൂര്‍ത്തികളുടെ പടം എപ്പോഴും ചേച്ചി കൈയില്‍ കരുതും. പ്രാര്‍ത്ഥന കഴിഞ്ഞു ചന്ദനം പൂശി ചേച്ചി സെറ്റിലെത്തുന്നതോടെ ലൊക്കേഷനിലാകെ ഒരു ചൈതന്യം പ്രസരിക്കും. കൈയില്‍ കരുതിയ പ്രസാദം അവര്‍ എല്ലാവര്‍ക്കുമായി നല്‍കും. അതായിരുന്നു സുകുമാരിചേച്ചി. അമ്മയുടെയും മൂത്ത സഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്ക് എന്‍റെ ജീവിതത്തില്‍. ഒരമ്മയുടെ വയറ്റില്‍ ജനിച്ച് ഒരുപാട് അമ്മമാരുടെ മകനായി ജീവിക്കുക എന്നത് അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വഭാഗ്യങ്ങളില്‍ ഒന്നാണ്. ആക്ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്നേഹത്തിന്‍റെ സാന്ത്വനസ്പര്‍ശമായി അവര്‍ എനിക്കരികിലെത്തിയിട്ടുണ്ട്. എന്‍റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങളേക്കാളുപരിയായി സുകുമാരിചേച്ചിയുടെ മാതൃവാത്സല്യം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. നന്മയുടെയും സ്നേഹത്തിന്‍റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു എനിക്കവര്‍.

ആയിരം കോടിയുടെ നായകന്‍
സുനിത സുനില്‍

Categories:
ബാഹുബലി എന്ന ചിത്രത്തിലൂടെ ആയിരം കോടിയുടെ നായകനായി മാറിയ ഇതിഹാസ താരം പ്രഭാസ് തന്‍റെ സിനിമകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും സംസാരിക്കുന്നു. മനസില്‍ കേരളത്തോട് ഇഷ്ടം സൂക്ഷിക്കുന്ന പ്രഭാസ് ഞാന്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം. ഈശ്വര്‍ എന്ന സിനിമയിലൂടെയാണ്പ്രഭാസ് തന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആറടി പൊക്കവും കനലുപോലുള്ള കണ്ണുമുള്ള പ്രഭാസ് വളരെ പെട്ടെന്നുതന്നെ ടോളിവുഡിന്‍റെ “ലവ് ബോയ്” എന്ന സ്ഥാനം പിടിച്ചെടുത്തു. വര്‍ഷം, രാഘവേന്ദ്ര, അടവിരാമുഡു, ചക്രം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ് മുന്നേറി. രാജമൗലി സംവിധാനം ചെയ്ത ഛത്രപതി പ്രഭാസിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. അതിനു ശേഷം പുറത്തിറങ്ങിയ മിര്‍ച്ചി എന്ന സിനിമയിലൂടെ പ്രഭാസ് തരംഗമായി മാറി. ഛത്രപതിയെന്ന സൂപ്പര്‍ഹിറ്റിനു ശേഷം രാജമൗലിയും പ്രഭാസും ഒന്നിച്ച ചിത്രമാണ് ബാഹുബലി. ബാഹുബലിയ്ക്കായി തന്‍റെ കരിയറിലെ നാലു വര്‍ഷമാണ് പ്രഭാസ് ചെലവഴിച്ചത്. അഭിനയ ജീവിതത്തിലെയും സ്വകാര്യജീവിതത്തിലെയും വിശേഷങ്ങളുമായി പ്രഭാസ് ഞാന്‍ മലയാളി മാഗസിന്‍റെ വായനക്കാര്‍ക്കൊപ്പം… ആയിരം കോടി കളക്ട് ചെയ്യുന്ന ഇന്തയിലെ ആദ്യ ചിത്രമാണ് ബാഹുബലി, എങ്ങനെ ആഘോഷിക്കുന്നു ഈ ചരിത്ര വിജയം? ബാഹുബലി ആയിരം കോടി ക്ലബില്‍ കയറിയതില്‍ അതിയായ സന്തോഷമുണ്ട്. നമ്മള്‍ ചെയ്തൊരു സിനിമ സാമ്പത്തികമായി വന്‍ വിജയം നേടുന്നത് എന്നും സന്തോഷം നല്‍കും. ആയിരം കോടി കളക്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയില്‍ കേന്ദ്രകഥാപാത്രമാകാന്‍ കഴിഞ്ഞതില്‍, ചരിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും സന്തോഷത്തില്‍ പങ്കുകൊള്ളുന്നു. എനിക്കറിയാന്‍ കഴിഞ്ഞത് ആദ്യ പത്തുദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്ന് 27 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ടെന്നാണ്. നാലര വര്‍ഷം ബാഹുബലിയായി ജീവിച്ചു. ഇപ്പോള്‍ എന്തു തോന്നുന്നു? ഇപ്പോഴും ആ കഥാപാത്രം എന്നില്‍ നിന്നു വിട്ടുപോയിട്ടില്ല. നടപ്പിലും സംസാരത്തിലുമെല്ലാം ബാഹുബലി എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഞാന്‍ ഇപ്പോഴും സ്വപ്നത്തിലാണ്. ബാഹുബലിയും മഹിഷ്മതിയുമൊക്കെ മനസില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സിനിമയാണ് ബാഹുബലി. നാലരവര്‍ഷം പോയത് അറിഞ്ഞില്ല. സിനിമ റിലീസായി അതിന്‍റെ അലയൊലികള്‍ അടങ്ങിയാല്‍ മാത്രമേ ബാഹുബലി എന്നില്‍ നിന്നു പൂര്‍ണമായി വിട്ടുപോകുകയുള്ളൂ. ബാഹുബലി കഴിഞ്ഞു, മഹാഭാരതം എന്നൊരു ബിഗ് ബജറ്റ് ചിത്രം അണിയറയിലൊരുങ്ങുന്നു. ഭീമനാകാന്‍ താത്പര്യമുണ്ടോ? എനിക്കു വലിയ താത്പര്യമുണ്ട്. മലയാളം എനിക്ക് ഒരുപാടിഷ്ടമാണ്. ഈ പ്രോജക്ട് മോഹന്‍ലാല്‍ ഏറ്റെടുത്തു കഴിഞ്ഞു. ഭീമനാകാന്‍ അനുയോജ്യന്‍ അദ്ദേഹം തന്നെയാണ്. ഈ പ്രോജക്ട് അദ്ദേഹം വേണ്ടെന്നുവച്ച് എനിക്കു നല്‍കിയാല്‍ ഞാന്‍ ഭീമനാകാം. ഏതൊരു നടന്‍റെയും സ്വപ്നമാണ് ഇതു പോലൊരു സിനിമ. മലയാളം സിനിമകള്‍ കാണാറുണ്ടോ? മലയാളം അറിയില്ല. പക്ഷേ, ലാലേട്ടനെയും മമ്മൂക്കയെയും എനിക്കറിയാം. ലാലേട്ടന്‍റെയും മമ്മൂക്കയുടെയും ചില സിനിമകള്‍ കണ്ടിട്ടുണ്ട്. മലയാളത്തില്‍ മികച്ച ചിത്രങ്ങളുണ്ടാകുന്നുണ്ട്. ദേശീയ ശ്രദ്ധ നേടിയ നിരവധി ചലച്ചിത്രകാരന്മാര്‍ മലയാളത്തിനുണ്ട്. മലയാള സിനിമ പ്രമേയസ്വീകരണത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്.

റോൺസിന്റെ അയേൺമാൻ
ജോസഫ് ജോൺ / ബിനു കുര്യൻ

Categories:
ദുബായിലെ ഏറ്റവും വലിയ ഫെസിലിറ്റി ക്ലീനിങ് ആണ് Rons-Enviro Care LLC നൽകുന്നത്. ആധുനിക സംവിധാനങ്ങളോടെ പരിസ്ഥിതി സംരക്ഷണവും ഭുമിയ്ക്കുള്ള കരുതലും മുന്നിൽക്കണ്ടാണ് റോൺസ് ശുചീകരണമേഖലയിൽ പ്രവർത്തിക്കുന്നത്. റോൺസ് എന്ന നാമം തന്നെ അതിന്റെ പ്രത്യേകതകൾ എടുത്തു കാണിക്കുന്നു. (RONS – R-reality, O-optimism, N-nature-friendly, S-sustainability). 1997-ൽ ആരംഭിച്ച കമ്പനിയുടെ സേവനം ഇന്ന് യു.എ.ഇയിലെവിടെയും ലഭ്യമാണ്. ദുബായ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റോൺസ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കമ്പനിയാണ്. ഏറ്റവും കൃത്യമായി ആദ്യമേ ചെയ്യുക. എല്ലാം സാധ്യമാണ് എന്ന വിജയവാക്കുകളുടെ ഉടമയായ തൃശൂർ ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂർ സ്വദേശി ജോസഫ് ജോൺ ആണ് റോൺസിന്റെ മാനേജിങ് ഡയറക്ടർ. തന്റെ പിന്നട്ട വഴികളെക്കുറിച്ചും പ്രവാസജീവിതത്തെക്കുറിച്ചും ജോസഫ് ജോൺ ഞാൻ മലയാളിയോട് സംസാരിക്കുന്നു. മലയാളികൾക്ക് ഗൾഫ് സ്വപ്‌നഭൂമിയായിരുന്ന കാലത്താണ് ജോസഫ് ജോൺ ഗൾഫിലെത്തുന്നത്? അതെ. ഗൾഫിൽ മലയാളികൾ കൂടുതലായി എത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിന്റെ തുടർച്ചയിൽ, 1982-ലാണു ഞാനും ജീവിതസ്വപ്‌നങ്ങളുമായി ഗൾഫിലെത്തുന്നത്. സഹോദരി ഭർത്താവിന്റെ സഹായത്തോടെയാണ് മരുഭൂമികളുടെ നാട്ടിലെത്തിയത്. ദുബായിൽ സഹോദരി ഭർത്താവ് നടത്തിയിരുന്ന മെയിന്റനൻസ് കമ്പനിയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ഹെൽപ്പർ ജോലിയായിരുന്നു അവിടെ. കാര്യമായ ശമ്പളമില്ലാതെയായിരുന്നു ജോലി. അമ്പത് പിൽസിന്റെ ബിസ്‌ക്കറ്റും വെള്ളവുമായിരുന്നു ഇടയ്ക്കിടെയുള്ള ഭക്ഷണം. സഹോദരി ഭർത്താവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ യൂണിമിക്‌സ് കോൺക്രീറ്റ് കമ്പനിയിൽ രണ്ടു മാസത്തെ ലീവ് വേക്കൻസിയിൽ ഓഫിസ് ബോയിയായി ജോലി ലഭിച്ചു. അന്ന് 800 ദിർഹമായിരുന്നു ശമ്പളം. എന്റെ കഠിനാദ്ധ്വാനം കണ്ട് ഇഷ്ടപ്പെട്ട ഇന്ത്യക്കാരനായ കമ്പനി മാനേജർ ഹൈദർ അബീദി എനിക്ക് കമ്പനിയിൽ ക്ലർക്ക് ജോലി നൽകി. 1070 ദിർഹമായിരുന്നു ശമ്പളം. കമ്പനിക്ക് എന്നും വിശ്വസ്തനായ തൊഴിലാളിയായിരുന്നു ഞാൻ. രണ്ടു വർഷങ്ങൾക്കു ശേഷം കമ്പനി എന്നെ പ്രൊഡക്ഷൻ സൂപ്പർവൈസറായും തുടർന്ന് പ്രൊഡക്ഷൻ മാനേജരായും നിയമിച്ചു. അക്കാലത്ത് മറീനയിൽ ദുബായ് സിവിൽ എൻജിനീയറിങ് കമ്പനിയുടെ കൺസ്ട്രക്ഷൻ വർക്കിനു വേണ്ടി 24 മണിക്കൂർകൊണ്ട് 10500 ക്യുബിക് മീറ്റർ കോൺക്രീറ്റ് സപ്ലൈ ചെയ്തത് ഇന്നും എന്റെ കരിയറിലെ അവിസ്മരണീയ മുഹൂർത്തമാണ്. അതാണു ഞങ്ങളുടെ ടീമിന്റെ വിജയം. ഇതിലൂടെ ഞങ്ങൾ മിഡിൽ ഈസ്റ്റ് റെക്കോർഡ് കരസ്ഥമാക്കി. മറ്റു പല കമ്പനികളും ഏറ്റെടുക്കാൻ വിസമ്മതിച്ച വർക്കാണിത്. കാരണം 24 മണിക്കൂർകൊണ്ട് 10500 ക്യുബിക് മീറ്റർ ക്വാണ്ടിറ്റി കോൺക്രീറ്റ് സപ്ലൈ ചെയ്യുക എന്നത് അവർക്ക് അസാധ്യമായി തോന്നിയിരിക്കാം. അവർക്ക് അസാധ്യമായത് ഞങ്ങൾക്കു സാധ്യമായി എന്നതാണ് ഞങ്ങളുടെ ടീമിന്റെ വിജയം. ഈ വർക്കിലൂടെ ഞങ്ങളുടെ ടീം അഥോറിറ്റിയുടെ പ്രശംസയ്ക്ക് അർഹരായി. ബുർജ് അൽ അറബ്, ബുർജ് ഖലീഫ, എമിറേറ്റ്‌സ് ലാൻഡ് മാർക്‌സ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് എനിക്കും എന്റെ ടീം അംഗങ്ങൾക്കും അഭിമാനകരമാണ്. എന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അച്ഛനോടൊപ്പം കുട്ടിക്കാലം മുതൽ തുടങ്ങിയ കഠിനാദ്ധ്വാനശീലമാണ്. ഞാനതു ജീവിതത്തിൽ പ്രാവർത്തികമാക്കി. ‘വർക്ക്‌ഹോളിക് മാൻ’ എന്നൊരു വിളിപ്പേരുണ്ടല്ലോ? എന്റെ കഠിനാദ്ധ്വാനം കണ്ട് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എനിക്കു നൽകിയ പേരാണ് വർക്ക്‌ഹോളിക് മാൻ. തുടർന്ന്, അതെന്റെ പേരിന്റെ പിന്നിൽ ചേർക്കുകയോ സഹകരണ പ്രവർത്തകർ അങ്ങനെ വിളിക്കാനോ ആരംഭിച്ചു.

അറബിക്കഥയിലെ നായകന്‍
ബോസ്‌ക / ജാക്കി റഹ്മാന്‍, ദുബായ്‌

Categories:
ബോസ് അല്ലെങ്കില്‍ ബോസ്ക എന്നറിയപ്പെടുന്ന ഖാദര്‍കുട്ടി യുഎഇയിലെ മലയാളി വ്യവസായികളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്. ബിസിനസ് രംഗത്തെ വിജയങ്ങളില്‍ വിനയം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം സാമൂഹ്യ സേവനരംഗത്തും സജീവ സാന്നിധ്യമാണ്. മനുഷ്യസ്നേഹത്തെ സ്വന്തം പ്രാണന്‍ പോലെ കൊണ്ടുനടക്കുന്ന ബോസ്ക വിദേശത്തു മാത്രമല്ല സ്വദേശത്തും ധാരാളം കര്‍മ പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്നു. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്, അബുദാബിയില്‍ കഫറ്റീരിയ ജീവനക്കാരനായി ജോലിയാരംഭിച്ച അദ്ദേഹം ഇന്ന് യുഎഇയില്‍ വ്യാപിച്ചുകിടക്കുന്ന ബോസ്ക ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനങ്ങളുടെ ഉടമയാണ്. ബോസ്ക ഇന്ന് ദുബായിലെ പ്രമുഖ ബ്രാന്‍ഡാണ്. അനുകരിക്കാവുന്ന മാതൃകയാണ് അദ്ദേഹത്തിന്‍റെ ജീവിതവും കാഴ്ചപ്പാടുകളും. ബോസ്ക തന്‍റെ ജീവിതവും അനുഭവങ്ങളും പങ്കുവയ്ക്കുന്നു…. ബോസ്ക എന്ന ബ്രാന്‍ഡിനു പിന്നില്‍ ഗ്രീറ്റിംഗ് അല്‍ മദീന എന്നായിരുന്നു സ്ഥാപനങ്ങളുടെ പേര്. എന്‍റെയൊരു അടുത്ത സുഹൃത്താണ് ബോസ്ക എന്ന ബ്രാന്‍ഡ് പേര് സ്ഥാപനങ്ങള്‍ക്കു നല്‍കിയത്. കൂടുതലായും ചെയ്യുന്നത് റസ്റ്ററന്‍റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായതുകൊണ്ട് ആ ബ്രാന്‍ഡ് സ്വീകരിക്കുകയായിരുന്നു. എന്നെ ഇപ്പോള്‍ വ്യവസായികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും അറിയപ്പെടുന്നത് ബോസ്, അല്ലെങ്കില്‍ ബോസ്ക എന്നാണ്. ഖാദര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അറിയാന്‍ പ്രയാസമായിരിക്കും. ഇപ്പോള്‍ ബോസ് എന്‍റെ പേര് ആയി മാറിയിരിക്കുന്നു. സ്വന്തം സ്ഥാപനങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ കഴിയുക എന്നത് സന്തോഷകരമാണ്. എന്നാണ് ഗള്‍ഫിലെത്തിയത് 1992-ല്‍ ആണ് ഞാന്‍ ഗള്‍ഫിലെത്തിയത്. സാധാരണ കുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. എല്ലാ പ്രവാസികളെയും പോലെ നല്ല തൊഴില്‍ തേടുക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക ഇതൊക്കെയായിരുന്നു ഗള്‍ഫിലെത്താനുള്ള പ്രചോദനം. ഗള്‍ഫിലെത്തുന്നതിനു മുമ്പ് കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വിവിധ തൊഴിലുകള്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ ആദ്യം ജോലിക്കു കയറിയത് അബുദാബി ബെന്യാസിലെ സണ്‍ എന്‍ജിനീയറിങ് കമ്പനിയിലാണ്. ഹെല്‍പ്പര്‍ ജോലിയായിരുന്നു അത്. കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ഹെല്‍പ്പര്‍ ജോലി കഠിനകരമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. അബുദാബിയിലെ കൊടും ചൂട് അസഹനീയമായിരുന്നു. താമസിക്കാന്‍ ആവശ്യമായ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്‍സ്ട്രക്ഷന്‍ സൈറ്റിനോടു ചേര്‍ന്ന ലേബര്‍ ടെന്‍റുകളാണു തൊഴിലാളികള്‍ക്കു താമസിക്കാന്‍ അനുവദിച്ചിരുന്നത്. ഒരു ടെന്‍റില്‍ത്തന്നെ നിരവധി ആളുകളുണ്ടായിരുന്നു. വിയര്‍ത്തൊലിച്ചു നനയും. കുളിച്ചിട്ടു ശരീരം തോര്‍ത്താത്ത പോലിരിക്കും. ഒരു ദിവസം മൂന്നുംനാലും ജോഡി വസ്ത്രങ്ങള്‍ വരെ മാറിയിട്ടുണ്ട്. അക്കാലത്തു വിവിധ തൊഴിലുകള്‍ ചെയ്തിട്ടുണ്ട്.

ചാക്കോച്ചന്റെ ഏദന്‍തോട്ടം
സുനിത സുനില്‍

Categories:
മലയാളികളുടെ പ്രിയ നടന്‍ ചാക്കോച്ചന്‍ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന്‍ വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്‍റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. വിജയകൊടുമുടിയേറി നിന്ന സമയത്തുതന്നെ പരാജയത്തിന്‍റെ രുചികളും തിരിച്ചറിഞ്ഞു. കുറച്ചുനാള്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു. തിരച്ചെത്തിയ ചാക്കോച്ചന്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തു വ്യത്യസ്തമായ നടനവഴിയില്‍ സഞ്ചരിക്കുന്നു. സിനിമ എന്ന വിസ്മയലോകത്തെ ജയപരാജയങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും ചാക്കോച്ചന്‍ പങ്കുവയ്ക്കുന്നു. ധന്യ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം. പിന്നീട് അനിയത്തിപ്രാവിലൂടെ നായകനിരയിലേക്ക് എന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അനിയത്തിപ്രാവിലെ സുധി. ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ചിന്തിക്കും കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന്. ചിത്രത്തിന്‍റെ ക്ലൈമാക്സാണ് അതിന്‍റെ ഹൈലൈറ്റ്. അപക്വമായ അഭിനയമായിരുന്നു അതില്‍. അന്ന് അഭിനയിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. അതില്‍ ഞാന്‍ അഭിനയിച്ചിട്ടേയില്ല. അതായിരിക്കും ആ കഥാപാത്രത്തിന്‍റെ വിജയം. അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്രയും നന്നാകുമായിരുന്നില്ല. അനിയത്തിപ്രാവിലെ നായികമാര്‍ ശ്രീവിദ്യാമ്മയും ലളിതച്ചേച്ചിയുമാണ്. അവരുടെ അഭിനയം തന്നെയാണ് അതിലെ ഹൈലൈറ്റ്. ശാലിനിയുമായുള്ള സൗഹൃദം പണ്ടു മുതല്‍ ശാലിനിയെ അറിയാം. അവര്‍ ആദ്യം ബാലതാരമായി അഭിനയിക്കുന്നത് എന്‍റെ അച്ഛന്‍റെ സംവിധാനത്തിലൊരുങ്ങിയ ആഴിയിലാണ്. അന്നു മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അനിയത്തിപ്രാവില്‍ എത്തിയപ്പോള്‍ ആ സൗഹൃദം കൂടി. ശാലിനിയുടെ അച്ഛന്‍ ബാബുവേട്ടനുമായും നല്ല ബന്ധമായിരുന്നു. ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ ശ്യാമിലി ഉണ്ടായിരുന്നു. ഇതിനിടയിലായിരുന്നു അജിത്തിന്‍റെയും ശാലിനിയുടെയും പ്രണയവും വിവാഹവും. അതേക്കുറിച്ചും എനിക്കറിയാമായിരുന്നു. എന്നാല്‍, ആളുകളുടെ ധാരണ മറ്റൊന്നായിരുന്നു. ഞാന്‍ ശാലിനിയെ വിവാഹം കഴിക്കും എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. ശ്യാമിലിയുടെ കൂടെ അഭിനയിക്കുമ്പോഴും ശാലിനിയുമായി സംസാരിക്കാറുണ്ടായിരുന്നു. ചില ഫംഗ്ഷനുകളില്‍ അജിത്തിനെയും കാണാറുണ്ട്. ഇപ്പോഴും ശാലിനിയുമായി നല്ല സൗഹൃദമാണുള്ളത്. ബിസിനസ് തിരക്കുകളുമായി സിനിമയില്‍ നിന്നു വിട്ടുനിന്ന സമയത്ത് തിരിച്ചുവരവില്ല എന്നായിരുന്നോ തീരുമാനം ഏറെക്കുറേ അങ്ങനെതന്നെയായിരുന്നു. സിനിമ വേണ്ട എന്തെങ്കിലും ബിസിനസ് ചെയ്യണം, ഒരു ജോലി സമ്പാദിക്കണം, എന്തിന് എംബിഎ പഠിക്കണം എന്നുപോലും ചിന്തിച്ചിരിക്കുന്നു. സ്റ്റഡി മെറ്റീരിയല്‍സ് പോലും വാങ്ങിയിരുന്നു. അതു പിന്നീടു തൂക്കി വിറ്റു എന്നതു മറ്റൊരു സത്യം. ആ ഒരു ഗ്യാപ്പില്‍ എന്‍റെ സിനിമ ചാനലുകളില്‍ വന്നതു കണ്ട് പലരും വിളിച്ച് പുതിയ സിനിമ ഏതാണ്? എന്താണ് അഭിനയിക്കാത്തത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അതു കേട്ടപ്പോഴാണ് ആളുകള്‍ക്ക് എന്നോടുള്ള സ്നേഹം മനസിലാക്കിയത്. ആ തിരിച്ചറിവാണ് വീണ്ടും എന്നെ അഭിനയത്തിലേക്കു എത്തിച്ചത്. പ്രതീക്ഷിച്ച പല സിനിമകളും പരാജയപ്പെട്ടപ്പോള്‍ താങ്ങായി നിന്ന സൗഹൃദങ്ങള്‍ സിനിമകള്‍ പരാജയപ്പെടുന്ന അവസരങ്ങളില്‍ വിഷമമുണ്ടായിരുന്നു. ആ സമയത്ത് എന്നെ ഏറെ സമാധാനിപ്പിച്ച ആളുകളാണ് ഷാഫി, ലാലു (ലാല്‍ ജോസ്), ബെന്നി ചേട്ടന്‍ (ബെന്നി പി. നായരമ്പലം) എന്നിവര്‍. വീണ്ടും സിനിമയിലേക്കു വരണം, വ്യത്യസ്തതകള്‍ക്ക് വിധേയനാകണം, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്ന് എനിക്കു ബോധ്യപ്പെടുത്തി തന്നതില്‍ പ്രധാനി ലാലുവാണ്. എന്‍റെ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും എന്തിനു രൂപത്തില്‍ പോലും മാറ്റങ്ങളുള്ള കഥാപാത്രം നല്‍കിയതു ലാലുവാണ്.

അറബിപ്പോലീസിനെ വെട്ടിലാക്കിയ വിഗ്
കലാഭവന്‍ പ്രജോദ്‌

Categories:
നമ്മുടെ നാട്ടില്‍ ഗള്‍ഫുകാരോടും കലാകാരന്മാരോടും സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ” ങാ.. എപ്പോ വന്നു… എപ്പഴാ പോകുന്നേ…” ഇതു ഗള്‍ഫ് മലയാളിയുടെ തലയിലെഴുത്ത്. ” ഇപ്പോ ടിവിയിലൊന്നും കാണാനില്ലല്ലോ… പരിപാടിയൊന്നും ഇല്ല അല്ലേ..? ” ഇതു കലാകാരന്മാരോട് പൊതുവേയുള്ള ചോദ്യം. അതുപോലെ, നെറ്റിയിലേക്ക് വീണുകിടക്കുന്ന എന്‍റെ മുടി കണ്ട് പലരും ചോദിക്കാറുണ്ട്, “ഓ ഇത് വിഗ്ഗാ അല്ലേ…” എന്ന്. അല്ല, എന്ന് മറുപടി പറഞ്ഞാലും ചിലര്‍ ബലമായി ഒന്ന് പിടിച്ചുനോക്കും. അതൊക്കെ കലാകാരന്മാരോടുള്ള സമൂഹത്തിന്‍റെ സ്നേഹപൂര്‍വമുള്ള സ്വാതന്ത്ര്യമെടുക്കലായിട്ടേ ഞാന്‍ കരുതിയിട്ടുള്ളൂ. ഒരിക്കല്‍, ഞങ്ങളുടെ അസോസിയേഷന്‍ മീറ്റിങ് നടക്കുന്നു. വിഗ്ഗ് വച്ച കലാകാരന്മാരെല്ലാം മുന്‍നിരയില്‍ ഒരുമിച്ചാണിരുപ്പ്. ആരോ ചോദിച്ചപ്പോള്‍ കോട്ടയം നസീര്‍ പറഞ്ഞു ” ഞങ്ങള്‍ ‘ടോപ്പ്’ ആര്‍ട്ടിസ്റ്റുകളൊക്കെ ഒരുമിച്ചേ ഇരിക്കൂ…” നസീറിക്ക ‘ടോപ്പ്’ എന്ന് ഉദ്ദേശിച്ചത് വിഗ്ഗിനെയാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിന്‍ഗാമി വിരാട് കോഹ്ലി ആണെങ്കില്‍ വിഗ്ഗിന്‍റെ കാര്യത്തില്‍ നസീറിക്കയുടെ പിന്‍ഗാമി കലാഭവന്‍ ഷാജോണ്‍ ആണ്. സിനിമയില്‍ ഷാജോണ്‍ വിഗ്ഗ് വച്ചും കഷണ്ടിയായിട്ടും അഭിനയിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഷാജോണ്‍ വിഗ്ഗ് വച്ചിട്ടുണ്ടെന്ന് ആരും പറയില്ല. യാഥര്‍ത്ഥ മുടിയാണെന്നേ തോന്നൂ. വിഗ്ഗ് നന്നായി വൃത്തിയാക്കി വയ്ക്കുകയും ചെയ്യും.

പ്രേതങ്ങളെ ഇതിലെ.. ഇതിലെ..
അമല്‍ കെ ജോബി

Categories:
മെന്‍റലിസ്റ്റ്, ഒരു തീഷ്ണ നോട്ടംകൊണ്ട് അയാള്‍ നമ്മുടെ ചിന്തകള്‍ വായിച്ചെടുക്കും. ഒരു കരസ്പര്‍ശംകൊണ്ട് അയാള്‍ക്കു മുന്നില്‍ നമ്മളൊരു കളിപ്പാവയാകും. മനസിന്‍റെ കോണിലെവിടെയോ മണിച്ചിത്രത്താഴിട്ടു പൂട്ടിവച്ച ആദ്യപ്രണയത്തിന്‍റെ ഓര്‍മകളെ അയാള്‍ നമ്മുടെ മിഴിയനക്കങ്ങളില്‍ നിന്നു വായിച്ചെടുത്തു പുറത്തേക്കു കൊണ്ടുവരും. കേട്ടതെല്ലാം അത്ഭുതം ജനിപ്പിക്കുന്ന കഥകളാണ്. ആരാണീ മെന്‍റലിസ്റ്റ്? ‘പ്രേതം’ സിനിമയില്‍ ജയസൂര്യയുടെ മെന്‍റലിസ്റ്റ് ജോണ്‍ ഡോണ്‍ബോസ്കോ ഫോണിന്‍റെ രഹസ്യപ്പൂട്ടുകള്‍ വരെ തുറക്കുന്നതു കണ്ടപ്പോള്‍ തുടങ്ങിയ കൗതുകമാണ്. പിന്നെ കേട്ടു, ആ സിനിമയിലെ യഥാര്‍ഥനായകന്‍ ആദി കൊച്ചിയിലുണ്ട്. ഉടന്‍ വിട്ടു, കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആ മലയാളി മെന്‍റലിസ്റ്റിനെ കാണാന്‍. എന്താവും അയാളുടെ രഹസ്യലോകം. ഏതു താക്കോലിട്ടാല്‍ അതു തുറക്കും. ആശങ്കകളുമായി ബഹുനില ഫ്ളാറ്റിന്‍റെ ഏഴാം നിലയിലേക്കു കയറിച്ചെന്നു. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നുണ്ട്. അകത്തെ മുറി ശാന്തം. നിലത്തു വിരല്‍സ്പര്‍ശം കൊതിക്കുന്നൊരു വീണ. നിറയെ പുസ്തകങ്ങളും ഷീല്‍ഡുകളുമുള്ള ഷെല്‍ഫ്. മുന്നില്‍ കത്തിക്കൊണ്ടിരിക്കുന്ന രണ്ടു തിരികള്‍. ടീപ്പോയില്‍ ബോബനും മോളിയും സമ്പൂര്‍ണകഥകള്‍ ഇരുന്നു കുടുകുടെ ചിരിക്കുന്നു. ഇതൊക്കെ മെന്‍റലിസ്റ്റിന്‍റെ ആയുധങ്ങളാണോ. ചെവിയോര്‍ത്തപ്പോള്‍ ഒരു കാലടി ശബ്ദം. പുകച്ചുരുളുകള്‍ക്കിടയിലൂടെ തോളൊന്നു ചെരിച്ച് മോഹന്‍ലാലിനെപ്പോലെ ഒരാള്‍ അലസം ഒഴുകിവന്നു. കണ്ണുകളാണത്രേ ഒരു മെന്‍റലിസ്റ്റിന്‍റെ പ്രധാന ആയുധം. നോട്ടം പിന്‍വലിക്കുന്നതാണു ബുദ്ധി. രഹസ്യങ്ങള്‍ കണ്ടുപിടിച്ചാലോ. ആദി മനസറിഞ്ഞു ചിരിച്ചു. ‘നിങ്ങള്‍ ചിന്തിക്കുന്നതെല്ലാം മനസിലാക്കാന്‍ എനിക്കോ ലോകത്ത് വേറെ ഒരാള്‍ക്കോ പറ്റില്ല. ഞാന്‍ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്ന ഒരിടത്തേക്കു നിങ്ങളെ ക്ഷണിച്ചുകൊണ്ടു വരും. അങ്ങനെ മനസിലാക്കിയെടുക്കുന്ന ചിന്തകളാണ് നമ്മള്‍ പറയുന്നത്. മനസല്ല, ഒരാളുടെ ചിന്തകളെയാണ് ഞാന്‍ അറിയുന്നത്.’ രഹസ്യങ്ങളുടെ പൂട്ട് മെന്‍റലിസ്റ്റ് പൊട്ടിച്ചു. ആദി മുന്നിലെ കസേരയില്‍ അമര്‍ന്നിരുന്നു. അപ്പോള്‍, ഇതൊരു സൈക്കോളജിക്കല്‍ പരിപാടിയോ അതോ ഹിപ്നോട്ടിസമോ സൈക്കോളജിക്കലി ഒരാളുടെ ചിന്ത റീഡയറക്ട് ചെയ്യുകയാണ്. അതായത് എനിക്കുവേണ്ടൊരു സ്ഥലത്തേക്കു നിങ്ങളെ എത്തിക്കുക. അതിനു ഞാന്‍ എന്‍റെ ശരീരഭാഷയും സംഭാഷണ ചാതുര്യവുമൊക്കെ ഉപയോഗിക്കും. നിങ്ങളുടെ ശരീരഭാഷയും എക്സ്പ്രഷനുമൊക്കെ എന്‍റെ ആയുധങ്ങളാണ്. പ്രേതം സിനിമയില്‍ കണ്ട ജോണ്‍ പല അത്ഭുതപ്രവൃത്തികളും കാണിക്കുന്നുണ്ട്, അത് ആദിയുടെ ജീവിതം തന്നെയാണോ പ്രേതത്തിലെ ജോണ്‍ ഡോണ്‍ബോസ്കോ എന്ന കഥാപാത്രവും എന്‍റെ പ്രൊഫൈലും ഒന്നുതന്നെയാണ്. എന്‍റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ തന്നെയാണ് സിനിമയിലും കാണുന്നത്. സിനിമയില്‍ ഡോണ്‍ബോസ്കോ എന്നുപറയുന്നയാള്‍ സ്വന്തമായി പേരിട്ടയാളാണ്. എന്‍റെ പേര് ആദര്‍ശാണ്. ഞാന്‍ ആറുവര്‍ഷം ന്യൂയോര്‍ക്കിലായിരുന്നു. അവിടെയുള്ളവര്‍ക്ക് ആദര്‍ശ് എന്നുച്ചരിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ ഞാന്‍ കണ്ടെത്തിയ പേരാണ് ആദി.’ ഗൂഢമായൊരു ചിരി ആ മുഖത്തു വന്നു. എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കണ്ണുകള്‍. ഓരോന്നും വായിച്ചെടുക്കുകയാണോ ആദി. നിങ്ങളൊരു മാജിക്കുകാരനാണോ? ആരാണ് മലയാളികള്‍ അധികം കേള്‍ക്കാത്ത ഈ മെന്‍റലിസ്റ്റ്? ഇതൊരു അബ്സ്ട്രാക്ടിങ് സയന്‍സാണ്. നിലവിലുള്ള കുറെ ശാസ്ത്രങ്ങളുടെ മിക്സാണെന്ന് പറയാം. ഒരാളുടെ ബോഡി ലാംഗേജിലാണ് മെന്‍റലിസം തുടങ്ങുന്നത്. പിന്നെ മൈക്രോഎക്സ്പ്രഷനിലേക്കെത്തും. മുഖത്തെ സൂക്ഷ്മമായ ചലനങ്ങള്‍ പഠിച്ചെടുക്കും, പിന്നെ സജക്ഷന്‍ (വശീകരണം). മാജിക്ക്, സൈക്കോളജി, മിസ്ഡയറക്ഷന്‍ (വഴിതെറ്റിക്കല്‍), ഷോമാന്‍ഷിപ്പ് (പ്രദര്‍ശന വൈദഗ്ധ്യം) ഇതെല്ലാം ചേരുമ്പോഴാണ് മെന്‍റലിസം സമ്പൂര്‍ണമാവുന്നത്. സിനിമയില്‍ പ്രേതത്തോടുവരെ സംസാരിക്കുന്നുണ്ട് മെന്‍റലിസ്റ്റ്. മുമ്പ് വി.ആര്‍. കൃഷ്ണയ്യര്‍ മരിച്ചുപോയ തന്‍റെ ഭാര്യയോട് സംസാരിച്ചെന്നും കേട്ടിട്ടുണ്ട്. ഇതൊക്കെ പുളുവാണോ? വി.ആര്‍. കൃഷ്ണയ്യര്‍ ഒരു കണ്‍ഫ്യൂസ്ഡ് സ്റ്റേജില്‍ പറഞ്ഞതാവും അത്. ഇമാജിനേഷന്‍ ഭയങ്കര പവര്‍ഫുള്‍ ആവുമ്പോള്‍ അത് റിയാലിറ്റിയുമായി കണക്റ്റാവാന്‍ ബുദ്ധിമുട്ടാകും. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍, ഭാര്യ മരിച്ചതു വിശ്വസിക്കാന്‍ പ്രയാസമായിട്ടുണ്ടാവും. അത് അടുപ്പത്തിന്‍റെ ലെവല്‍ കാണിക്കുന്നൊരു സംഭവമാണ്. അല്ലാതെ മിറാക്കിളൊന്നുമില്ല. അദ്ദേഹം അതു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസില്‍ എന്താണോ ഉത്തരം, അതിലേക്കു തന്നെയാണു ചിന്തകളും പോവുന്നത്.

നടന ഗുരു നൂറ്റിയൊന്നിന്റെ നിറവില്‍
അഞ്ജു വിശ്വനാഥ്‌

Categories:
കഥകളിയ്ക്കായി ജീവിതം സമര്‍പ്പിച്ച നൂറ്റാണ്ടിന്‍റെ പുണ്യമായ നടന ഗുരുവിനിതു നിറവിന്‍റെ നിമിഷങ്ങള്‍. നൂറ്റിയൊന്നാം ജന്മദിന ആഘോഷത്തിനൊരുങ്ങുമ്പോള്‍ ആദരവായി പത്മശ്രീ പുരസ്ക്കാരം എത്തിയതിന്‍റെ സന്തോഷത്തിലാണു ഗുരു. നൂറ്റിയൊന്നാം പിറന്നാള്‍ നിറവിലും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കലാരംഗത്തു സജീവമാണ്. ഇദ്ദേഹത്തിന്‍റെ ഓരോ ദിവസവും കഥകളിയുടെയും നൃത്തത്തിന്‍റെയും ചുവടുകള്‍ തലമുറകള്‍ക്കു പകര്‍ന്നു കൊണ്ടുള്ള കലാസപര്യയിലൂടെയാണ് കടന്നു പോകുന്നത്. ശാരീരിക അവശതകളെ കലാനൈപുണ്യം കൊണ്ടു പരാജയപ്പെടുത്തിയുള്ള ഗുരുവിന്‍റെ പ്രയാണം ഏവരെയും ആത്ഭുതപ്പെടുത്തും. 99-ാം വയസില്‍ ആട്ടവിളക്കിനു മുന്‍പില്‍ സര്‍വാഭരണ വേഷമണിഞ്ഞ് കഥകളിയാടിയ ഈ കലാകാരനെ പോലെ മറ്റൊരാള്‍ ഇതിനു മുന്‍പു ജീവിച്ചിരിക്കാന്‍ ഇടയില്ല. ദിവസവും ഒരു വേദിയിലെങ്കിലുമെത്തി കലാകൂട്ടായ്മയെയും കഥകളിയെയും കുറിച്ചു പറയാതെ ഗുരുവിനു മുന്നോട്ടുപോകാനാകില്ല. സംഘാടകരുടെ വലുപ്പമോ ചെറുപ്പമോ നോക്കാതെ ഏതുവേദിയിലും എപ്പോഴും ഗുരു ചേമഞ്ചേരിയുണ്ടാകും. തലമുറകളെ അനുഗ്രഹിക്കാനും പ്രോത്സാഹിപ്പിക്കാനും. കഥകളിയെ മലബാറിനു പരിചയപ്പെടുത്തിയ ഇദ്ദേഹത്തിനു വലിയ ശിഷ്യസമ്പത്തുമുണ്ട്. സിനിമാതാരം വിനീത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗുരുവിന്‍റെ ശിഷ്യന്മാരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തും പുറത്തും കഥകളിയെന്ന കലാരൂപത്തെ പരിചയപ്പെടുത്തിയ ഇദ്ദേഹം നൂറ്റിയൊന്നാം വയസിലും സജീവമാണെതാണ് പ്രത്യേകത. 15-ാം വയസില്‍ തുടങ്ങിയ കലാതപസ്യ നൂറ്റാണ്ടിനു വയസിലും കാത്തുസൂക്ഷിക്കാനാകുന്നതു തന്‍റെ ചിട്ടയായ ജീവിതചര്യ കൊണ്ടുമാത്രമാണെന്നു ഗുരു പറയുന്നു. കഥകളി തന്നെ ജീവിതം കഥകളിയെന്ന കലാരൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കുഞ്ഞിരാമനെന്നെ ബാലനെ നാടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. അപ്പുകുട്ടി നമ്പ്യാര്‍ നടത്തിയിരുന്ന മേപ്പയ്യൂര്‍ കീഴ്പയ്യൂര്‍ രാധാകൃഷ്ണ കഥകളി യോഗത്തിലെത്തി ഗുരു കരുണാകരമേനോന്‍റെ ശിക്ഷണത്തില്‍ കഥകളിയിലെ ആദ്യ ചുവടുകള്‍ ഉറപ്പിക്കുന്നു. തുടര്‍ന്ന്, കഥകളിയ്ക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നു ഗുരു ചേമഞ്ചേരിയുടേത്. കഠിന പ്രയത്നത്തിലൂടെ ഇദ്ദേഹത്തെ ഉത്തരമലബാറിലെ മറഞ്ഞുപോയ വിവിധ കഥകളിയോഗങ്ങളിലെ നിറസാന്നിധ്യമാക്കിമാറ്റി. ഗാന്ധിജിയുടെ പ്രശംസ ഏറ്റുവാങ്ങിയ കൗമുദി ടീച്ചറുടെ പ്രേരണയില്‍ നൃത്തരംഗത്തും ഗുരു ചുവടുവച്ചു. കലാമണ്ഡലം മാധവന്‍, സേലം രാജരത്നംപിള്ള, മദ്രാസ് ബാലചന്ദ്ര സരസ്വതിഭായ് തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യത്തിന്‍റെ ലാസ്യലയവും ഇദ്ദേഹം സ്വായത്തമാക്കി. കണ്ണൂരിലും തലശേരിയിലും ഭാരതീയ നൃത്ത വിദ്യാലയങ്ങള്‍ ആരംഭിച്ച് കഥകളി, നൃത്ത മേഖലയില്‍ സജീവമായി. അതിനിടെ സര്‍ക്കസ് സംഘത്തിനൊപ്പം ദക്ഷിണേന്ത്യാപര്യടനവും ഗുരു ഗോപിനാഥിനൊപ്പം കേരള നടനത്തിനും തുടക്കം കുറിച്ചു. 1974-ല്‍ സ്വന്തം നാടായ ചേമഞ്ചേരിയില്‍ പൂക്കാട് കലാലയത്തിനും 1983-ല്‍ ചേലിയ കഥകളി വിദ്യാലയത്തിനും ഇദ്ദേഹം തുടക്കം കുറിച്ചു. കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും പുതു തലമുറയെ കലാരംഗത്തു സജീവമാക്കുന്നതില്‍ ഈ രണ്ട് കലാസ്ഥാപനങ്ങളും വലിയ പങ്കാണ് വഹിച്ചുവരുന്നത്. ഓരോ സ്കൂള്‍ കലോത്സവങ്ങളിലും കഥകളിയില്‍ ചുവടുവയ്ക്കുന്നവരില്‍ മിക്കവരും ഇവിടെത്തെ കലാകാരന്മാരാണ്. കുട്ടികള്‍ക്കായി സ്കൂള്‍ തിയറ്ററിനും ഗുരു തുടക്കം കുറിച്ചു. ഇഷ്ടം ശ്രീകൃഷ്ണ വേഷം ഏറ്റവും കൂടുതല്‍ കൃഷ്ണ വേഷം ആട്ടവിളക്കിനു മുന്‍പില്‍ ആടിതിമര്‍ത്ത ഗുരു ചേമഞ്ചേരിയുടെ ഇഷ്ടവേഷവും ശ്രീകൃഷ്ണനാണ്. ദുര്യോധന വധം ആട്ടക്കഥയിലെ കൃഷ്ണന്‍റെ ഭാവങ്ങള്‍ ചുവടുകളിലും മുദ്രകളിലും നിറച്ച് അദ്ദേഹം ആടുമ്പോള്‍ സദസ്യര്‍ പ്രശംസയുടെ കരഘോഷം മുഴക്കികൊണ്ടിരിക്കും. 98-ാം ജന്മദിനാഘോഷം കോഴിക്കോട് തളി ജൂബിലി ഹാളില്‍ നടന്നപ്പോള്‍ ശിഷ്യര്‍ക്കും ബന്ധുക്കള്‍ക്കും സഹൃദയര്‍ക്കും മുന്‍പില്‍ ഗുരു ദുര്യോധനവധത്തിലെ കൃഷ്ണനായി വേദിയിലെത്തി ശ്രദ്ധേയനായിരുന്നു. വാര്‍ധക്യത്തെ അതിജീവിച്ച ഇദ്ദേഹത്തിന്‍റെ അന്നത്തെ ചുവടുകളും മുദ്രകളും സദസ്യരുടെ മനസിലിന്നും മങ്ങാത്ത ചിത്രങ്ങളാണ്.

യോഗപരിചയം
ഡോ. ലക്ഷ്മി എന്‍ നായര്‍

Categories:
ആരോഗ്യ സംരക്ഷണത്തിനും രോഗനിവാരണത്തിനുമുള്ള പ്രധാന ഉപാധിയായി യോഗ അംഗീകരിക്കപ്പെട്ടിരിക്കുന്നു. യോഗ എന്ന ബ്രഹത് ശാസ്ത്രത്തിലെ ഏറ്റവും പ്രചാരം ഉള്ള ഘടകം യോഗാസനങ്ങള്‍ ആണ്. പതഞ്ജലി യോഗശാസ്ത്രത്തില്‍ യോഗയുടെ എട്ടു അംഗകളില്‍ മൂന്നാമത്തെയാണ് യോഗാസനങ്ങള്‍. യോഗാസനകളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്നത് ഹഠയോഗ ഗ്രന്ഥങ്ങളില്‍ ആണ്. ഹഠയോഗയിലുള്ള ആസനങ്ങളെ, അതിന്‍റെ ഗുണമനുസരിച്ചു മൂന്നായി തിരിക്കാം. 1) വിശ്രമത്തിനു വേണ്ടിയുള്ളത് 2) ധ്യാനത്തിന് വേണ്ടിയുള്ളത് 3) ശരീര പുഷ്ടിക്ക് വേണ്ടിയുള്ളത്. മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന നൂറുകണക്കിന് യോഗാസനങ്ങളെക്കുറിച്ചും അവ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ പംക്തിയിലൂടെ നമുക്ക് പരിചയപ്പെടാം. ഈ മാംസം ലളിതവും എന്നാല്‍ വളരെ ഫലപ്രദവുമായ ശവസാനത്തെക്കുറിച്ച് വിശദീകരിക്കാം. ശവാസനം ശരീരത്തിന് പൂര്‍ണ വിശ്രമം ലഭിക്കാനും മലര്‍ന്നു കിടന്നുള്ള യോഗാസനങ്ങളുടെ ഇടയ്ക്കും യോഗനിദ്ര ചെയ്യുവാനും ശവാസനം പ്രയോജനപ്പെടുന്നു. ചെയ്യേണ്ട രീതി.
  • യോഗമാറ്റിലോ, കട്ടിയുള്ള ഷീറ്റിലോ ശരീരഭാഗങ്ങള്‍ നിലത്തു മുട്ടാതെ രീതിയില്‍ മലര്‍ന്നു കിടക്കുക.
  • കാലുകളും കൈകളും നീട്ടിവയ്ക്കുക.
  • കാലുകള്‍ ചെറുതായി അകത്തി, ഉപ്പൂറ്റി അകത്തേക്കും കാല്‍വിരലുകള്‍ പുറത്തേക്കും വരുന്ന രീതിയില്‍ കിടക്കണം.
  • കൈകള്‍ ഇരുവശത്തുമായി, ശരീരത്തില്‍ നിന്നും അല്‍പ്പം അകത്തി, കൈവിരലുകള്‍ അല്‍പ്പം മടക്കിവയ്ക്കുക.
  • കഴുത്തും, തലയും നേരെയോ, ഒരു വശത്തേക്ക് അല്‍പ്പം ചരിച്ചോ വയ്ക്കാം.
  • ശരീരത്തിലെ പേശികള്‍ പൂര്‍ണമായും അയച്ചിടണം. പേശികളോ, സന്ധികളോ ബലമായി ഇരിക്കരുത്.
  • ശരീരത്തെ പൂര്‍ണമായ വിശ്രമാവസ്ഥയില്‍ ആക്കുക.
ശ്വാസക്രമം ശാന്തവും, ദീര്‍ഘവുമായി ശ്വസിക്കുക. ശ്വാസം അകത്തേക്കെടുക്കുമ്പോള്‍ ഉദാരഭാഗം വെളിയിലേക്കും ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ഉദാരഭാഗം അകത്തേക്കും പോകുന്ന രീതിയില്‍ ക്രമീകരിക്കുക. ശ്രദ്ധ കഴിവതും ശവാസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുക. തുടക്കക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുള്ളതാകാം. അങ്ങനെയുള്ളവര്‍ ശ്വാസത്തോടൊപ്പമുള്ള ഉദരത്തിന്‍റെ ചലനത്തില്‍ ശ്രദ്ധിക്കാം.