Travel

You Are Here: Home / Archives / Category / Travel

ഒരു പാലക്കാടൻ പ്രണയം
-ശൈലൻ

Categories:

പാലക്കാട് വഴി മാസത്തിൽ ഒരു തവണയെങ്കിലും കടന്നുപോകാറുണ്ട്, കുറച്ച് കാലമായിട്ട്. പാലക്കാട് എന്ന നഗരവും ചുറ്റുമുള്ള നാടും കൗമാരകാലം മുതലേ പ്രിയപ്പെട്ടതാണ്. കരിമ്പനകൾക്കിടയിലെ നിഴലായി മാറാൻ വേണ്ടി മാത്രം നടത്തിയ പോക്കുവരവുകകൾ. തസ്രാക്കിലെ മന്ദാരങ്ങളിൽ കാറ്റാടി കൂടുകൂട്ടാൻ നടത്തിയ അലച്ചിലുകൾ. കാണുന്നതിലെല്ലാം ഖസാക്കിനെയും അതിലെ ആത്മാംശത്തിനെയും ആരോപിച്ചുകൊണ്ടു നിർവൃതിപ്പെട്ട കാലങ്ങൾ. അങ്ങനെ നോക്കിയാൽ പാലക്കാടിനോളം ഞാൻ മറ്റൊരു ജില്ലയെ സ്‌നേഹിച്ചിട്ടുമുണ്ടാവില്ല. എന്നിട്ടും യാക്കരയിലെ ഈ കടയെക്കുറിച്ച് കേൾക്കാൻ വൈകി. യാക്കര വഴി തന്നെ എത്രയോ തവണ ഒഴുകിപ്പോയിരിക്കുന്നു. എന്നിട്ടും..

റിയാസിന്റെ കട അല്ലെങ്കിൽ ഹോട്ടൽ റിയാസ്. അതുമല്ലെങ്കിൽ യാക്കാരയിലെ മീൻകട. ഈയിടെയാണ് അതിനെക്കുറിച്ച് കേട്ടത്. കേട്ടതും പിന്നെ താമസിച്ചില്ല. പാലക്കാട് നിന്ന് അഞ്ച് കിലോമീറ്റർ കഷ്ടിയെയുള്ളൂ യാക്കരയിലേക്ക്. ഗൂഗിളിലിട്ടപ്പോൾ വണ്ടി കൊടുവായൂർ മീനാക്ഷിപ്പുറം റോഡിലൂടെ പോയി ഹോട്ടലെന്ന് ഒട്ടും പറയപ്പെടാൻ സാധ്യത ഇല്ലാത്ത ഒരു ചെറിയ കെട്ടിടത്തിന് മുന്നിൽ നിന്നു. സംശയത്തോടെ സൈഡാക്കി നോക്കുമ്പോൾ ചുമരിൽ പൂതാക്കണ്ണാടി വച്ചാൽ മാത്രം കാണാവുന്ന ഒരു ബോർഡ് സ്ഥിതി ചെയ്യുന്നുണ്ട്. സംഭവം ഇതുതന്നെ.

പക്ഷേ, ഒരു ആളിനേം കാണാനില്ല. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാൽ അതിനു പരിസരത്തൊന്നും ആളില്ല. അതിനിടെ, ബൈക്കിൽ ഒരാൾ വന്ന് എന്തൊക്കെയോ സാധനങ്ങൾ ഇറക്കിവയ്ക്കുന്നു. ഇവിടെ ഇന്ന് പ്രവർത്തനമില്ലേ എന്ന് ചോദിച്ചപ്പോൾ കൂളായ മറുപടി.

‘ഓ ഉണ്ടല്ലോ.. ഒരു പത്ത് മിനിറ്റ്.. ഒന്നു ക്‌ളീനാക്കിക്കോട്ടെ’

അതും പറഞ്ഞ് സാധനങ്ങളും കൊണ്ട് ടിയാൻ ഉള്ളിലേക്ക് നിഷ്‌ക്രമിച്ചു. സമയം ഉച്ചയ്ക്ക് 12. 30 ആയി. കാത്തിരിപ്പ് നീണ്ടുതുടങ്ങി. 10 മിനിറ്റ് കഴിഞ്ഞു, 15 മിനിറ്റ് കഴിഞ്ഞു, 20 മിനിട്ടും കഴിഞ്ഞു. ക്ഷമ കെട്ടു. ഉള്ളിലേക്ക് അതിക്രമിച്ചു കടന്നു. ആയില്ലേ എന്ന് ചോദിക്കാൻ ഒരുങ്ങും മുൻപ് തന്നെ കേട്ടു.

subscribe

ദുഷ്ടൻമാരുടെ നാട്ടിൽ നിന്ന് നിഷ്‌ക്കളങ്കരുടെ നാട്ടിലേക്ക്
-അരുൺ

Categories:

കോട്ടയത്തെ ചുട്ടുപൊള്ളുന്ന ചൂട് സഹിക്കാൻ വയ്യാതെയാണ് വിഷു അവധിദിനത്തിൽ സ്വന്തം നാടായ തൊടുപുഴയിൽ എത്തിയത്. പച്ചപ്പാണ്, കോടമഞ്ഞ് ഇറങ്ങുന്ന സ്ഥലമാണ്, സ്വർഗമാണെന്നൊക്കെ ഇടുക്കിയെക്കുറിച്ച് പറയുമെങ്കിലും ഇപ്പോൾ ഇവിടം നരകമാണ്. വറചട്ടിയിൽ കിടക്കുന്ന ഫീലാണിപ്പോൾ ഇടുക്കിക്ക്. വീട്ടിലിരുന്ന് പുകഞ്ഞുമരിക്കുന്നതിലും നല്ലത് കാറിൽ എസി ഇട്ട് കറങ്ങുന്നതാണെന്ന് തോന്നിയപ്പോൾ അവധിക്ക് നാട്ടിലെത്തിയിട്ടുള്ള ചങ്കുകൾക്ക് മെസേജ് ചെയ്തു. എന്നാൽ, സനൽ മാത്രമായിരുന്നു എന്നെപോലെ ഒരു പണിയും ഇല്ലാതെ വീട്ടിൽ ബോറടിച്ചിരുന്നത്. എങ്ങോട്ട് പോകും എന്നായിരുന്നു പ്രധാന പ്രശ്‌നം. എവിടെ പോയാലും സഹിക്കാവുന്നതിലും അപ്പുറമുള്ള ചൂട്. അവസാനം വനത്തിൽ കയറാൻ തീരുമാനിച്ചു.

വീടിന് അധികം അകലെയല്ലാത്ത തൊമ്മൻകുത്ത് വനത്തിലേക്കായി ഞങ്ങളുടെ യാത്ര. വനത്തിന് ഉള്ളിലേക്ക് കുഞ്ഞുനാൾ മുതൽ കാണുന്ന ഒരു വഴിയുണ്ടായിരുന്നു. അത് എങ്ങോട്ടാണെന്ന് മാത്രം ഇന്നും അവ്യക്തമായിരുന്നു. മെയിൻ റോഡിൽ നിന്ന് ആ വഴി കാർ കയറ്റി. പലസമയത്തും കാറിന്റെ അടി റോഡുമായി മുത്തമിട്ടു. ചെറുപ്പത്തിൽ ഈ വഴിപോയിട്ടുണ്ടെന്നും വനത്തിന് ഉള്ളിൽ ഒരുപടുകൂറ്റൻ മാവുണ്ടെന്നും സനൽ പറഞ്ഞു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ ആ മുത്തശ്ശിമാവിന്റെ ചുവട്ടിലെത്തി.

കണ്ണേത്താ ദൂരത്തിൽ നിറയെ മാമ്പഴങ്ങൾ. കല്ലും കമ്പും എടുത്ത് സനൽ എറിഞ്ഞുനോക്കിയെങ്കിലും മാവിന്റെ പകുതിക്കൽ പോലും എത്തിയില്ല. കൊടും വേനൽ, വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയുള്ളതു കൊണ്ട് ശ്രദ്ധിച്ചായിരുന്നു ഞങ്ങളുടെ നിൽപ്പ്. മാവിന്റെ ചുവട്ടിൽ കിടന്നിരുന്ന മാമ്പഴങ്ങളിൽ ഏതോ വന്യമൃഗം കടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. പെട്ടെന്നായിരുന്നു കരിയിലകൾ അനങ്ങുന്ന ശബ്ദം കേൾക്കുന്നത്. പണ്ട്, കാരയ്ക്ക പറിക്കാൻ കാട്ടിൽ കയറുമ്പോൾ കാട്ടുപന്നി വരാറുള്ളതാണ് ഓർമയിൽ വന്നത്. ഓടിക്കോ. എന്നു പറഞ്ഞതും ഞങ്ങൾ ഓടി കാറിൽ കയറി. പതിയെ ആ ജീവി മാമ്പഴം കഴിക്കുവാനായി വെളിയിൽ വന്നു. ഒരു മുഴുത്ത മുള്ളൻ പന്നി. ഞങ്ങളെ കണ്ടിട്ടാണോ അതോ മാമ്പഴം കിട്ടാഞ്ഞിട്ടാണോ ആശാൻ പതിയെ കാടിനുള്ളിലേക്കു തന്നെ മറഞ്ഞു.

subscribe

പട്ടായയിൽ പറന്ന്… പറന്ന്
-അരുൺ ടോം

Categories:

ബാങ്കോങ്കിലെത്തി വിസ സ്റ്റാമ്പ് ചെയ്ത് വിമാനത്താവളത്തിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി നിന്നയാളെ കണ്ടപ്പോൾ തോന്നി ഹാ കൊള്ളാല്ലോ… നല്ല സുന്ദരി തന്നെ.. പരിചയപ്പെടുന്നതിനിടയിലാണു മനസിലായത് കക്ഷി പെണ്ണല്ല ഹിജഡയാണ്. പലവട്ടം സൂക്ഷിച്ച് നിരീക്ഷിച്ചിട്ടും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല മുന്നിൽ നിൽക്കുന്നയാൾ ഹിജഡയാണെന്ന്.

പിന്നീടാണ് ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്ന ഇടമാണ് ബാങ്കോക്ക് എന്ന സത്യം അറിയുന്നത്. തായ്‌ലൻഡിലെ രാജഭരണകൂടം സ്വവർഗാനുരാഗികളോടും ഹിജഡകളോടുമെല്ലാം മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് ഹിജഡകൾക്ക് ഇവിടെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളിലും സ്‌കൂൾ, വാർത്താമാധ്യമങ്ങൾ എന്നീ മേഖലകളിലും ഇവർക്ക് അവസരങ്ങളുണ്ട്. മൂന്നാം ലിംഗക്കാരെ സ്ത്രീ/പുരുഷൻ എന്ന പോലെ തായ്‌സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ലേഡിബോയ് എന്നാണ് ഇവരെ വിളിക്കുക. ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പട്ടായയിലേക്കുള്ള യാത്രയിലെ കാഴ്ചകൾ മലയാളികളെ അത്ഭുതപ്പെടുത്തും. കാരണം കേരളത്തെ ഓർമപ്പെടുത്തും വിധമാണ് ഇവിടുത്തെ ഭൂപ്രകൃതി. ഒരു പക്ഷേ കേരളത്തോട് ഇത്ര അധികം സാമ്യമുള്ള മറ്റ് ഒരു നാട് കാണുവാൻ കഴിഞ്ഞെന്ന് വരില്ല. വാഹനങ്ങൾ ചീറിപ്പായുന്ന ആറുവരി പാതയ്ക്ക് ഇരുവശവും തെങ്ങിൻ തോട്ടവും കപ്പത്തോട്ടവും ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. സമയ കണക്കിൽ ഇന്ത്യയും തായ്‌ലൻഡും തമ്മിൽ ഒന്നരമണിക്കൂറിന്റെ വ്യത്യാസമുണ്ട്. നമ്മളേക്കാൾ ഒന്നരമണിക്കൂർ മുന്നേപായുന്നവരാണ് തായ്‌ലൻഡുകാർ. പൊതുവേ പട്ടായയെന്നു കേൾക്കുമ്പോൾ യുവാക്കളുടെ ഉള്ളിലുണ്ടാകുന്ന ചിരിയുണ്ടല്ലോ… അത് അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ഒന്നുമാത്രമാണ്, അല്ലെങ്കിൽ കേട്ടുകേൾവികളിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. പട്ടായ മനുഷ്യമാംസത്തിന് വില പറയുന്ന നാട് മാത്രമല്ല, കുടുംബസമേതം സഞ്ചരിക്കാൻ കൊള്ളാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എന്നാൽ, ഇക്കാര്യം പലർക്കും അറിയില്ലെന്നതാണ് സത്യം. തായ്‌ലൻഡിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം. ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികൾ തെരഞ്ഞെടുക്കുക.

രാത്രികൾ
………………………………….

മനോഹരമായ കടൽത്തീരങ്ങൾ, വൃത്തിയുള്ള റോഡുകൾ, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ, പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എല്ലാ അർത്ഥത്തിലും സുഖിക്കാൻ വന്നിറങ്ങുന്ന സ്ഥലം അതാണ് പട്ടായ. മസാജിന് പേരു കേട്ട സ്ഥലം കൂടിയാണ്. രാവിലെ തുറക്കുന്ന മസാജ് പാർലറുകൾ രാത്രി പുലരുവോളം തുറന്നിരിക്കും. വ്യത്യസ്ഥ ഡ്രസ് കോഡിലുള്ള അർദ്ധനഗ്‌നരായ പെൺകുട്ടികൾ സഞ്ചാരികളെ കാത്ത് മസാജ് പാർലറുകൾക്ക് മുന്നിൽ നിരന്നിരിക്കുന്ന കാഴ്ച നഗരത്തിന്റെ എല്ലാം മുക്കിലും മൂലയിലും കാണുവാൻ കഴിയും. മണിക്കൂറിന് 200 മുതൽ 400 ബാത്ത് (ബാത്ത് തായ്‌ലൻഡ് കറൻസിയാണ്. ഒരു ബാത്ത് 1.87 ഇന്ത്യൻ രൂപയാണ്) വരെയാണ് ചാർജ്. പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ. പകൽ സമയം റോഡുകളിൽ വാഹനങ്ങൾ തീരെക്കുറവാണ്. പകൽ സഞ്ചാരികൾ കൂടുതലും ബീച്ചുകളിൽ വാട്ടർ സ്‌പോർട്‌സ് ആക്റ്റിവിറ്റികളിലും വെയിൽ കായലിലുമായി സമയം ചെലവഴിക്കുക.

രാത്രിയാകുന്നതോടെ നഗരത്തിന്റെ കെട്ടുംമട്ടും മാറും. രതി എന്ന ചിന്തയാണ് നഗരം സഞ്ചാരികൾക്ക് സമ്മാനിക്കുക. ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും ഉണരുകയായി. ബാറുകളിലും തായി റെസ്റ്റോറന്റുകളിലും അർദ്ധനഗ്‌നരായ പെൺകുട്ടികൾ മേശയ്ക്ക് മുകളിൽ നിന്ന് നൃത്തം ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇവിടുത്തെ മിക്ക ഡാൻസ് ബാറുകളും തായി റെസ്റ്റേറന്റുകളും നമ്മുടെ നാട്ടിലെ പോലെ നാലു ചുവരുകൾക്കുള്ളിൽ നിർമിക്കപ്പെട്ടിട്ടുള്ളതല്ല. ചുവരുകൾക്ക് പകരം തൂണുകളിൽ തീർത്ത ഓപ്പൺ കൊട്ടിടങ്ങളാണ് ഭൂരിഭാഗവും. ഇത്തരത്തിൽ നിർമിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും സഞ്ചാരികളായ വഴിയാത്രകരുടെ ശ്രദ്ധ അങ്ങോട്ടെയ്ക്ക് ആകർഷിക്കുക എന്നതു തന്നെ. രണ്ടരകിലോമീറ്റർ ദൂരം നീണ്ട് കിടക്കുന്ന വാക്കിങ് സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ചുവന്നതെരുവാണ് പട്ടായ നഗരത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യയിലെ ചുവന്ന തെരുവുപോലെ പാൻ മുറുക്കുന്ന യുവതികളും വൃത്തിഹീനവും ഇടുങ്ങിയതും ഭീതിപ്പെടുത്തുന്നതുമായ വഴികളോ ആളുകളോ ഇവിടെയില്ല. ആരും നിർബന്ധിച്ച് വലിച്ചുകൊണ്ടുപോകുകയോ ശല്യപ്പെടുത്തുകയോ കൊള്ളയടിക്കുകയോ ചെയ്യില്ല. നേരെ മറിച്ച് വൃത്തിയുള്ളതും കസ്റ്റമറെ ബഹുമാനിക്കുകയും ചെയ്യുന്ന പോലീസ് കാവലിൽ നടക്കുന്നതുമായ മാംസവ്യാപര കേന്ദ്രമാണ് ഇവിടെയുള്ളത്.

ഈ മാംസവ്യാപര കേന്ദ്രത്തിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. പേരുപോലെ തന്നെ നടന്നു നീങ്ങാനുള്ള തെരുവാണിത്. തിങ്ങിനിറഞ്ഞ നിരത്തിലൂടെ നടന്ന് നീങ്ങുന്നതും കുറച്ച് പാടുള്ള കാര്യം തന്നെയാണ്. രതി നുകരാൻ വരുന്നവർ മാത്രമല്ല ചുവന്നതെരുവ് കാണുവാൻ വരുന്നവരുമുണ്ട് ഇവിടെ. അർദ്ധനഗ്‌നരായി ഒരോ കടകൾക്കുമുന്നിലും പ്രത്യേക ഡ്രസ് കോഡ് ധരിച്ച പെൺകുട്ടികൾ സ്വയം വിൽപ്പനച്ചരക്കുകളായി നിൽക്കുന്ന കാഴ്ചകളാണ് വീഥിക്കിരുവശവും. 100 ബാത്ത് മുതൽ 500 ബാത്ത് വരെ റെയ്റ്റുകൾ പ്രദർശിപ്പിച്ചിരിക്കുന്ന കാർഡുകളുമേന്തിയാണ് ഇവരുടെ നിൽപ്പ്. നടന്ന് നീങ്ങുന്നവരെ ആകർഷിക്കാൻ പ്രത്യേക ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും പാക്കേജുകളുമായി ബ്രോക്കർമാരും നടപ്പുണ്ട്.

ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ യുവതികളെ കിട്ടുന്ന സ്ഥങ്ങളുമുണ്ട് തെരുവിൽ. ഇവിടെ സാരി അണിഞ്ഞ ഇന്ത്യൻ യുവതി കടയ്ക്കുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലുകൂട്ടിൽ നിന്ന് നൃത്തം വയ്ക്കുന്നുണ്ട്. ഡാൻസ് ബാറുകളിൽ ബീയറിന് വിലക്കുറവ് എന്ന ബോർഡ് വയ്ച്ച് ആളുകളെ ആകർഷിക്കാൻ ഉടമകൾ ശ്രമം വിജയിക്കുന്നുണ്ടെന്ന് ബാറിനുള്ള് കണ്ടാൽ അറിയാം. ഇവിടെ നിന്ന് ബീയർ വാങ്ങിക്കുന്ന ആളുകൾക്ക് മറ്റൊരു ഓഫറുകൂടിയുണ്ട് ബീയർ ഗ്ലാസിൽ പകർത്തുന്ന യുവതിയെ ഇഷ്ടപ്പെട്ടാൽ രതിനുഗരാൻ അകത്ത് മുറികൾ റെഡി. പക്ഷേ, എക്‌സ്ട്രാ ചാർജ് ഈടാക്കുമെന്ന് മാത്രം. ചുവന്നതെരുവിൽ ശരീരം വിൽക്കുന്നവർ മാത്രമല്ല ഉള്ളത്. ഭക്ഷണശാലകളും നൃത്തശാലകളും വഴിയരികിൽ നിന്ന് മാജിക്ക് കാണിക്കുന്നവരും പൊയ്കാലിൽ നടക്കുന്നവരും ഭീകരരൂപികളുടെ വേഷം കെട്ടിയവരുമായി അനേകം പേർ നിത്യജീവിതത്തിനുള്ള പണം ഇവിടെ നിന്ന് കണ്ടെത്തുന്നുണ്ട്. ചുവന്നതെരുവിൽ നിന്ന് രതി നുകരാൻ മടിക്കുന്നവർക്ക് മാന്യതയും സുരക്ഷിതത്വവും നൽകുന്ന പട്ടായയിലെ ഹോട്ടലുകളിൽ പെൺകുട്ടികളെ കിട്ടും.

ഹോട്ടൽ റിസപ്ഷനിൽ 300 മുതൽ 500 വരെ ബാത്ത് മുൻകൂട്ടി നൽകണമെന്നു മാത്രം. പറ്റിക്കപ്പെടുമോ എന്ന പേടി വേണ്ട കാരണം പെൺകുട്ടിക്ക് തിരിച്ചുപോകണമെങ്കിൽ കസ്റ്റമറുടെ അനുമതി റിസപ്ഷനിലെ ജീവനക്കാർക്ക് ലഭിക്കണം. അതുവരെ പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ് റിസപ്ഷനിൽ പണയവസ്തുവായി ഇരിക്കും.

ബോയ്‌സ് സ്ട്രീറ്റ്
……………………………….

പെൺകുട്ടികളെ താത്പര്യമില്ലാത്തവർക്കായി ഒരു സ്ട്രീറ്റ് തന്നെ ഇവിടെയുണ്ട്. സ്വവർഗാനുരാഗികൾക്ക് മാത്രമായുള്ള തെരുവാണ് ബോയ്‌സ് സ്ട്രീറ്റ്. പട്ടായയുടെ മറ്റൊരു മുഖ്യ ആകർഷണം അൽകസർ ഷോയാണ്. തായ്‌ലാന്റിന്റെ എല്ലാവിധ സംസ്‌കാര, ടൂറിസമനോഭാവം പ്രകടമാക്കുന്ന ഒരുമണിക്കൂർ നേരത്തെ സ്റ്റേജ് ഷോയാണ് അൽകസർ ഷോ. നമ്മുടെ നാട്ടിൽ സ്‌റ്റേജ് ഷോകൾ അവതരിപ്പിക്കുമ്പോൾ രംഗം മറ്റുന്നതിന് ലൈറ്റ് അണക്കുകയാണ് പതിവ്. അല്ലെങ്കിൽ ആർട്ടിസ്റ്റുകൾ വന്ന് രംഗം ഒരുക്കും. എന്നാൽ ഒറ്റ സ്‌റ്റേജിൽ ഒരു മണിക്കൂർ തുടർച്ചയായി നിരവധി രംഗങ്ങൾ സിനിമ കാണുന്നപോലെയിരുന്ന് കാണുവാൻ സാധിക്കുമെന്നതാണ് അൽകസർ ഷോയുടെ പ്രത്യേകത. നഗ്‌നത പ്രദർശനം എന്നു വേണമെങ്കിൽ വിളിക്കാവുന്ന ഈ സ്റ്റേജ് പെർഫോമൻസിൽ പങ്കെടുക്കുന്ന സുന്ദരികൾ എല്ലാവരും ലിംഗമാറ്റം നടത്തിയവരാണ്. ഷോ കണ്ടാൽ ഇവർ പെൺകുട്ടികൾ അല്ല എന്ന സത്യം വിശ്വസിക്കാൻ പ്രയാസമാണ്.

subscribe

വഴിവെട്ടാൻ തയാറാണോ എങ്കിൽ മൂന്ന് വെള്ളച്ചാട്ടങ്ങൾ കാണാം
-അരുൺ

Categories:

പുതപ്പിനുള്ളിൽനിന്ന് തലയിട്ട് പുറത്തേക്കു നോക്കിയപ്പോൾ നേരംവെളുത്തിട്ടുണ്ട്. കൈ മൊബൈലിലേക്കു നീണ്ടു. സമയം 10 മണി. പതിയെ വാട്‌സ്ആപ് മെസേജ് നോക്കി. എല്ലാദിവസത്തേയും പോലെ കുറേ ഗുഡ്‌മോർണിങ് സന്ദേശങ്ങൾ. ഫോൺ തിരികെ വച്ച് വീണ്ടും ചുരുണ്ടുകൂടാൻ തുടങ്ങിയപ്പോഴാണ് ചങ്ക്‌ബ്രോ ബിൻസിന്റെ മെസേജ് വരുന്നത്. എടാ.. നാളെ അവളെയും മമ്മിയേയും കൂട്ടി പോകാൻ പറ്റിയ ഒരു സ്ഥലം പറഞ്ഞേ. മഴക്കാലമായതുകൊണ്ട് വെള്ളച്ചാട്ടങ്ങൾ എല്ലാം തന്നെ സജീവമാണ്. അതുകൊണ്ടുതന്നെ 30 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വെള്ളച്ചാട്ടങ്ങളുടെയും ലിസ്റ്റ് പറഞ്ഞുകൊടുത്തു. ലിസ്റ്റിൽ മാനത്തൂർ ഉള്ള പാമ്പനാൽ വെള്ളച്ചാട്ടം അവൻ പ്രത്യേകം നോട്ടുചെയ്തു. കാരണം, അങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ല. 2010-ൽ ഒരുവട്ടം പോയിട്ടുണ്ടെങ്കിലും വിശദമായ വിവരങ്ങൾ എന്റെ കൈയിലും ഇല്ലായിരുന്നു. ഓഫ് ഡേ ആയതുകൊണ്ട് ഇന്ന് അങ്ങോട്ടുതന്നെ യാത്രയെന്ന് ഉറപ്പിച്ച് പുതപ്പിനടിയിൽനിന്ന് എണീറ്റു. പാറുവിന് അവധിയില്ലാത്തതുകൊണ്ട് ബൈക്ക് എടുത്താണ് മാനത്തൂർക്ക് വച്ചുപിടിച്ചത്. കല്യാണം കഴിഞ്ഞ് പാറുവിനെ കൂട്ടാതെയുള്ള ആദ്യയാത്ര. പോകുംവഴി പാലായിൽനിന്ന് സുഹൃത്ത് വിഷ്ണുവും കൂടെക്കൂടി. ബൈക്ക് അവിടെ വച്ച് അവന്റെ കാറിലായി പിന്നീടങ്ങോട്ടു യാത്ര. ഇതിനിടെ പാറുവിന്റെ അനിയത്തി പ്രിയ വരുന്നുണ്ടെന്ന് പറഞ്ഞതോടെ പോകും വഴി അവളെയും കൂടെക്കൂട്ടി. പാലായിൽ നിന്ന് തൊടുപുഴ റോഡിൽ 12 കിലോമീറ്റർ സഞ്ചരിച്ച് മാനത്തൂർ കവലയിലെത്തി. മാനത്തൂർ സ്‌കൂളിന് എതിർവശമുള്ള മറ്റത്തിപ്പാറ-കരിങ്കുന്നം റോഡിലൂടെ കാർ കുന്നുകയറി. പണ്ട് മാനത്തൂർ കവലയിൽ പാമ്പനാൽ വെള്ളച്ചാട്ടമെന്ന് ബോർഡ് വച്ചിട്ടുണ്ടായിരുന്നു. പാലാ-തൊടുപുഴ റോഡ് വീതികൂട്ടിയപ്പോൾ അതു പിഴുതുമാറ്റപ്പെട്ടു.

മറ്റത്തിപ്പാറ-കരിങ്കുന്നം റോഡിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന റോഡ് ഒരു കാറിന് കഷ്ടി കടന്നു പോകാൻ മാത്രം വീതിയുള്ളാണ്. ടാറും കോൺക്രീറ്റും ഇട്ട റോഡിനെ മുറിച്ച് പലയിടത്തും ചെറു അരുവികൾ കടന്നുപോയി. ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് മണ്ണിട്ട പാത തുടങ്ങുകയാണ്. ഇവിടെവരെ മാത്രമേ വാഹനങ്ങൾ പോകുകയുള്ളൂ. ഞങ്ങൾ കാർ പാർക്ക് ചെയ്തു നടപ്പാരംഭിച്ചു. അര കിലോമീറ്റർ നടന്നുവേണം വെള്ളച്ചാട്ടത്തിലെത്താൻ (ഇരുചക്രവാഹനങ്ങൾ വെള്ളച്ചാട്ടംവരെ പോകും). മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. അതിൽ ഒരണ്ണത്തിന്റെ അടുത്തുവരെ റോഡുണ്ട്. റബർ തോട്ടങ്ങളും പൈനാപ്പിൾ തോട്ടങ്ങളും കടന്നുവേണം വെള്ളച്ചാട്ടത്തിന് അരികിൽ എത്താൻ. മൺപാതകൾ പലയിടത്തും വഴിപിരിഞ്ഞ് പോകുന്നത് പലപ്പോഴും കൺഫ്യൂഷൻ ഉണ്ടാക്കി. 20 മിനിറ്റ് നടപ്പിന് അവസാനം ഒന്നാമത്തെ വെള്ളച്ചാട്ടത്തിന് അടി ഭാഗത്തെത്തി. ഇവയെക്കുറിച്ച് പുറംലോകത്തിന് അറിയാത്തതുകൊണ്ട് ഈ പ്രദേശത്തുതന്നെയുള്ള കുറച്ച് കുട്ടികൾ അല്ലാതെ സഞ്ചാരികളായി ആരും തന്നെയില്ല. ചെരിഞ്ഞു കിടക്കുന്ന വലിയൊരു പാറക്കല്ലിലൂടെ ജലകണങ്ങൾ ഒഴുകി താഴേക്ക് പോകുന്ന നയനമനോഹര ദൃശ്യമാണിവിടെ. ശാന്തമായി പതിക്കുന്ന വെള്ളച്ചാട്ടത്തിന് കുറുകേ കല്ലുപാളികൾ കൊണ്ട് പാലം നിർമിച്ചിട്ടുണ്ട്. ഇതിന് അടിയിലൂടെ ജലം രണ്ടാമത്തെ വെള്ളച്ചാട്ടത്തിലെത്തി അർത്തിരമ്പുന്ന ജലകണങ്ങളായി താഴേക്കു പതിക്കുന്നു. ഇവിടെ നിന്ന് രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തപ്പിയെങ്കിലും കണ്ടെത്താനായില്ല. അവസാനം കാടുകയറി നശിച്ച വാഴത്തോട്ടത്തിലൂടെ താഴേക്കിറങ്ങാൻ തീരുമാനിച്ചു. കൈയിൽ ഇരുന്ന കാലൻകുടകൊണ്ട് വിഷ്ണു പുതിയവഴികൾ വെട്ടി. തട്ടുതട്ടായി കിടന്ന കൃഷിയിടങ്ങളിലൂടെ താഴേക്കിറങ്ങി. ഒരാൾപൊക്കത്തിൽ ഭീകരരൂപത്തിൽ കുറ്റിക്കാടുകൾ പലപ്പോഴും വഴിയെ തടസപ്പെടുത്തിനിന്നു. പാമ്പ് ഉണ്ടാകുമോ എന്ന പേടിമാത്രമായിരുന്നു ഞങ്ങളുടെ മനസിൽ അപ്പോഴും.

subscribe

കോട്ടപ്പാറയിലെ മേഘങ്ങൾ
– അരുൺ

Categories:

ഇടുക്കി എന്ന പേരു കേൾക്കുമ്പോൾ, മനസിലേക്ക് ഒടിയെത്തുക കണ്ണിനു കുളിർമയേകുന്ന പച്ചപ്പും കോടമഞ്ഞിറങ്ങുന്ന താഴ്‌വാരങ്ങളും തേയിലച്ചെടികളും കാടും മേടും കുന്നും പുഴകളും കാട്ടരുവിയും അവയിൽ വിഹരിക്കുന്ന വന്യമൃഗങ്ങളുമൊക്കെയാണ്. ഇടുക്കിക്കു പെരുവിരൽ മുതൽ നെറുകു വരെ കാഴ്ചകൾ ആണ്. ദിനവും പുതിയ പുതിയ കാഴ്ചകളുമായി സഞ്ചാരികളെ അവൾ മാടിവിളിക്കും. ഇത്തവണ യാത്ര വണ്ണപ്പുറം അടുത്തുള്ള കോട്ടപ്പാറ എന്ന സ്ഥലത്തേക്കാണ്. വീട്ടിൽ നിന്ന് 13 കിലോമീറ്റർ ദൂരമേയൊള്ളൂ കോട്ടപ്പാറയ്ക്ക്. പലവട്ടം കോട്ടപ്പാറവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അത്ഭുതം അവിടെയുണ്ടായിരുന്നതായി അറിയില്ലായിരുന്നു. എന്തിന് ഏറെപ്പറയണം ആ നാട്ടുകാർക്ക് പോലും അതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

പിന്നെയെങ്ങനെ പുറംലോകം അറിഞ്ഞു എന്നതിനെക്കുറിച്ച് ഒരുപിടിയുമില്ല. പക്ഷേ കാട്ടുതീ പടരുന്നതിലും വേഗത്തിലാണ് ആ വാർത്ത പടർന്നതും സന്ദർശകരുടെ കുത്തൊഴുക്ക് തുടങ്ങിയതും. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് സീനിയറായി പഠിച്ച ഫെലിക്‌സ് ആണ് ആദ്യമായി ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്. അവിടെ പോയതിന്റെ ചിത്രങ്ങൾ വാട്‌സ്ആപ് വഴി അയച്ചുതരുകയും ചെയ്തു. അവൻ അയച്ചു തന്ന ചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം വിചാരിച്ചത് പറ്റിക്കുന്നതാണെന്നാണ്. കാരണം, മൂന്നാർ പോലെ വളരെ ഉയരത്തിലുള്ള ഇടങ്ങളിൽ മാത്രമാണ് ഈ കാഴ്ച കണ്ടിട്ടുള്ളൂ. വണ്ണപ്പുറം പോലെയുള്ള താഴ്ന്ന പ്രദേശത്തുള്ള കുന്നിൻ മുകളിൽ കയറിയാൽ മേഘങ്ങളെ കീഴടക്കാമെന്ന് സ്വപ്‌നത്തിൽ പോലും ആരും വിചാരിക്കില്ല. ആദ്യം ചിരിച്ചു തള്ളിയെങ്കിലും ഫെലിക്‌സ് എന്നെ വിടാൻ ലക്ഷണമില്ലായിരുന്നു. നീ ഒരു ബ്ലോഗ് ചെയ്യണം ഇത് പുറംലോകം അറിയണം എന്നൊക്കെയായിരുന്നു അവന്റെ ആഗ്രഹങ്ങൾ. ഫെലിക്‌സിനെ വിശ്വസിച്ച് ലീവ് എടുത്ത് തലേദിവസം രാത്രി വീട്ടിലെത്തി. രാവിലെ ആറുമണിക്ക് എത്തിയാലെ കാണുകയുള്ളൂ എട്ടുമണിയോടെ മേഘങ്ങൾ മാഞ്ഞുപോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പാറു വിട്ടീൽ ഇല്ലാത്തതുകൊണ്ട് തലേദിവസം നാട്ടിലെ ചാങ്കുകളെ കോട്ടപ്പാറയിലേക്ക് പോകുന്ന കാര്യം പറഞ്ഞ് വിളിച്ചെങ്കിലും രാവിലെ എഴുന്നേൽക്കുന്ന കാര്യമോർത്ത് എല്ലാവരും പിൻവാങ്ങി. എന്നാൽ അലക്‌സ് മാത്രം ഞാൻ ആയച്ചുകൊടുത്ത ഫോട്ടോസിൽ വീണു.

രാവിലെ 5.30-ന് കാർ സ്റ്റാർട്ട് ചെയ്യുന്നത് കണ്ട് അമ്മ വിചാരിച്ചു ഞാൻ രാവിലെ തന്നെ മുങ്ങുവായിരിക്കുമെന്ന്, പതിവ് അതായതുകൊണ്ട് അമ്മയെയും തെറ്റുപറയാൻ പറ്റില്ല. എങ്ങോട്ടു പോകാനാണെങ്കിലും ഫുഡ് കഴിച്ചിട്ട് പോയാൽ മതിയെന്നായി അമ്മ. ഫോട്ടോസ് കണിച്ചിട്ട് വണ്ണപ്പുറം വരെയൊള്ളൂ ഇപ്പം വരാം എന്നു പറഞ്ഞപ്പോൾ ഇത് മൂന്നാർ അല്ലേ അപ്പോൾ നീ മൂന്നാറിനാണോ പോകുന്നതെന്ന് അമ്മ. ഇതിനിടെ അലക്‌സിന്റെ കോൾ വന്നത് രക്ഷയായി. രാവിലെ തന്നെ വഴിയിൽ നല്ല മഞ്ഞുണ്ട്. റോഡിലൊന്നും ആരെയും കാണുന്നില്ല. സാധാരണ നടക്കാനും ഓടാനും ഒക്കെയായി ധാരളം ആളുകളെ കാണുന്നതാണ്. ഒരു പക്ഷേ തണുപ്പായതുകൊണ്ട് താമസിച്ചാകും എഴുന്നേൽക്കുന്നത്. വഴിയിൽ നിന്ന് അലക്‌സിനെയും കൂട്ടി കോട്ടപ്പാറക്ക് അടുത്ത ഗിയർ ഇട്ടു. ഫെലിക്‌സിനെ വിളിച്ചപ്പോൾ പുറകെയെത്തിക്കൊള്ളാമെന്ന് അറിയിച്ചു. പോകുന്ന വഴിയിലാണ് സുഹൃത്ത് ഫൈസലിന്റെ വീട്. വണ്ണപ്പുറത്ത് എത്തിയപ്പോൾ നേരെ ഫൈസലിന്റെ ഭാര്യ പാത്തുവിനെ വിളിച്ച് അവൻ വീട്ടിൽ ഉണ്ടോയെന്ന് തിരക്കി. ഇക്ക കടയിലേക്കു പോകുവാൻ റെഡിയായി നിൽക്കുവാന്ന് പാത്തു. ഫൈസലിനെ നേരിട്ടു വിളിച്ചാൽ മുങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് പാത്തുനെ വിളിച്ചത്. ഏതായാലും അവന് മുങ്ങുവാനുള്ള സമയം കൊടുക്കാതെ ഞങ്ങൾ അവനെ പൊക്കി.