സത്യൻ മാഷ് എന്ന ഇതിഹാസം -മോഹൻലാൽ

ചെറുകാറ്റിന്റെ വേഗതയിൽ കടന്നുപോയ ഒരു ദൃശ്യമാണ് സത്യൻ മാഷിനെക്കുറിച്ചുള്ള ആദ്യ ഓർമ. 11-ാം വയസിൽ, പ്രൈമറി സ്കൂൾ പഠനകാലത്തായിരുന്നു അത്. വെള്ള അംബാസിഡർ കാറിന്റെ പിൻസീറ്റിൽ കറുത്ത കണ്ണട ധരിച്ചിരിക്കുന്ന സത്യൻ മാഷ്. ആ കാർ കൺമുന്നിൽ മിന്നിമറയുന്ന ദൃശ്യം ഇന്നും മനസിൽ ആനന്ദം നിറയ്ക്കുന്നു.
‘ഓടയിൽ നിന്ന്’ എന്ന അനശ്വരകൃതിയുടെ സൃഷ്ടാവ് പി. കേശവദേവ് താമസിച്ചിരുന്നത് എന്റെ വീടിനടുത്താണ്. അദ്ദേഹത്തെ കാണാനായിരിക്കണം സത്യൻ മാഷ് ആ വഴി പോയത്. ആദ്യവും അവസാനവും മാഷിനെ നേരിൽ കാണുന്നത് അന്നാണ്. എന്റെ മനസിലെ സത്യൻമാഷിന് ‘ചെമ്മീനി’ലെ പളനിയുടെ രൂപമാണ്. അഞ്ചാം വയസിൽ അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പമാണ് ചെമ്മീൻ സിനിമ കണ്ടത്. തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ. പളനിയുടെ ഇൻട്രൊഡക് ഷൻ ഷോട്ട് മറക്കാനാകില്ല. വള്ളത്തിന്റെ അമരത്തുനിന്ന് വലിയ വീറോടെ തുഴഞ്ഞുവരുന്ന പളനി കടൽത്തിരകളെ ഓലക്കൊട്ടകയിലെ ആരവങ്ങളിലേക്ക് പടർത്തി. ചെമ്മീൻ അന്നും ഇന്നും എന്നും ക്ലാസിക് ചിത്രം തന്നെ.
കുട്ടിക്കാലത്ത് സത്യൻ മാഷിന്റെ പടങ്ങൾ അധികം കണ്ടതായി ഓർക്കുന്നില്ല. സിനിമകൾ പതിവായി കാണുന്ന കാലം വന്നപ്പോഴേക്കും മാഷ് ഓർമയായി. എന്റെ അഭ്രക്കാഴ്ചകളിലെ ആദ്യനായകന്മാർ നസീർ സാറും മധു സാറുമായിരുന്നു. പിൽക്കാലത്താണ് സത്യൻ മാഷിന്റെ ചിത്രങ്ങൾ നിരീക്ഷണകൗതുകത്തോടെ, ഒരു പഠിതാവിനെപ്പോലെ കണ്ടത്. സ്കൂൾ കാലത്ത് ഒറ്റയ്ക്ക് പോയി സിനിമ കണ്ടിട്ടില്ല. വീട്ടുകാരുമൊത്താണ് പോകാറുള്ളത്. ‘ചെമ്മീനും’ ‘അനുഭവങ്ങൾ പാളിച്ചകളു’മാണ് തിയറ്ററിൽ കണ്ട സത്യൻ മാഷിന്റെ ചിത്രങ്ങൾ. അനുഭവങ്ങൾ പാളിച്ചകൾ കണ്ടത് ശക്തി തിയറ്ററിൽ നിന്നാണ്. അതിൽ ചെല്ലപ്പൻ എന്ന കഥാപാത്രത്തെയാണ് മാഷ് അനശ്വരമാക്കിയത്. ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന രംഗം, മകളുടെ കുഴിമാടത്തിനരികിൽ നിന്ന് തേങ്ങുന്ന രംഗം, ‘അഗ്നി പർവതം പുകഞ്ഞു…’ എന്ന ഗാനരംഗം, ചെല്ലപ്പനെ തൂക്കിക്കൊല്ലുന്ന രംഗം. മാഷിന്റെ മറക്കാനാകാത്ത അഭിനയമുഹൂർത്തങ്ങൾ ആ സിനിമ എന്നിൽ മുദ്രിതമാക്കി.
ചിലപ്പോൾ അറിഞ്ഞും അറിയാതെയും സത്യൻ മാഷ് എന്നിൽ കടന്നുകൂടാറുണ്ട്. ചെല്ലപ്പനും ഗോപാലനും (പ്രേംനസീർ) ഷാപ്പിലേക്ക് കയറുമ്പോൾ വഴിമുടക്കിയ പട്ടിയെ ചെല്ലപ്പൻ കാലുമടക്കി തൊഴിക്കുന്ന രംഗം ഈയിടെ എന്റെ ജീവിതത്തിലും പുനർജ്ജനിച്ചു. ഒരു സെറ്റിൽ ഞാൻ സ്കൂട്ടറിൽ വരുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു. വഴിയിൽ ഒരു പട്ടി മുന്നിൽ പെട്ടു. ഒരു നിമിഷം, ഞാൻ സത്യൻ മാഷെ ഓർത്തു.. പട്ടിയെ കാലുമടക്കി അടിക്കട്ടെ എന്നു ചോദിച്ചു. പലർക്കും കാര്യം മനസിലായില്ല. പക്ഷേ, നടൻ സിദ്ദിഖ് അതു കേട്ട് പൊട്ടിച്ചിരിച്ചു. ആ നിമിഷം തന്നെ സിദ്ദിഖിന് അത് ക്ലിക് ചെയ്തു.

ഉലകം പിറന്തത് എനക്കാകെ -മോഹൻലാൽ

വെളുത്ത തൊപ്പിയും കറുത്ത കണ്ണടയും ക്രീം കളർ ഫുൾ സ്ലീവ് ഷർട്ടും തന്റെ പാർട്ടി പതാകയിലെ നിറങ്ങൾ കരയായ മുണ്ടും ധരിച്ച്, കൈയിൽ ഒരു കർച്ചീഫുമായി ആ മഹാപ്രതിഭ ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോവിലേക്കു കടന്നു വന്നു. എന്നെ കിടിലം കൊള്ളിച്ചുകൊണ്ട് അദ്ദേഹം കൺമുന്നിലൂടെ കടന്നുപോയി. ആ കാഴ്ച, 30 വർഷങ്ങൾക്ക് മുമ്പ് മനസിൽ നിറച്ച ആഹ്ലാദത്തിരകൾ ഇന്നും ഒടുങ്ങിയിട്ടില്ല.
അതെ, എം.ജി.ആർ. എന്ന അതുല്യ നടനെ ഓർക്കുമ്പോഴെല്ലാം ആ അനുഭവം എന്നിൽ അലതല്ലിയെത്താറുണ്ട്. ചെറുപ്പത്തിൽ കണ്ട എം.ജി.ആർ സിനിമകളിലെ തീപ്പൊരി ചിതറുന്ന ആക്ഷൻ രംഗങ്ങളും ആവേശം നിറയ്ക്കുന്ന സംഭാഷണങ്ങളും ദൃശ്യസുരഭിലമായ ഗാനരംഗങ്ങളുമാണ് ആ കാഴ്ച എന്നിൽ നിറച്ചത്. നടിമാരായ അംബിക-രാധ സഹോദരിമാർ ചേർന്ന് നിർമിച്ച്, ഞാൻ നായകനായി അഭിനയിച്ച ‘അയിത്തം’ എന്ന സിനിമയുടെ പൂജയ്ക്കായാണ് അനാരോഗ്യം പോലും വക വയ്ക്കാതെ എം.ജി.ആർ. അന്ന് അവിടെയെത്തിയത്. പൊതുപരിപാടികൾക്കോ സിനിമാസംബന്ധമായ ചടങ്ങുകൾക്കോ അദ്ദേഹം പങ്കെടുക്കുന്ന സമയമായിരുന്നില്ല അത്. അംബികയുടെയും രാധയുടെയും അമ്മ സരസമ്മയുമായുള്ള സ്നേഹബന്ധമാകാം ആ ചടങ്ങിന് ഭദ്രദീപം കൊളുത്താൻ എം.ജി.ആറിനെ പ്രേരിപ്പിച്ചത്.
അത്ഭുതാദരങ്ങളോടെ അന്ന് ഞാൻ എം.ജി.ആറിനെ നോക്കിക്കണ്ടു. അത്യാകർഷണീയമായ വേഷവും ആകാരവും. എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ദേഹത്ത് തട്ടി പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു, ‘മോഹൻലാലിനെ എനിക്കറിയാം’. സംസാരിക്കാൻ ഏറെ പ്രയാസമുള്ള അവസ്ഥയിലും അദ്ദേഹം എന്നോടു ചോദിച്ചു, ‘എപ്പം കല്യാണം?’ എനിയ്ക്കൊന്നും മനസിലായില്ല. സരസമ്മയാണ് പിന്നീട് വിശദീകരിച്ചു തന്നത്. നടൻ എന്നതിലപ്പുറം, ബാലാജിയുടെ മകളെ വിവാഹം കഴിക്കാൻ പോകുന്ന ആൾ എന്ന നിലയിൽ എം.ജി.ആർ. എന്നെ മനസിലാക്കിയിരുന്നു. അതാണ് എപ്പോഴാണ് കല്യാണം എന്നു ചോദിച്ചത്. പിരിയാൻ നേരം തൊഴുകൈകളോടെ ഏവർക്കും ആശംസകൾ നേർന്ന് കടന്നുപോയ ആ സാന്നിധ്യം പകർന്ന അനുഭൂതി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
ആക്ടർ എന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച ആളാണ് എം.ജി.ആർ. കുട്ടിക്കാലത്ത് തോന്നിയ ആ ഇഷ്ടം ഇന്നും എന്നിലുണ്ട്. ഫൈറ്റും ഡാൻസും പാട്ടുമൊക്കെയായി വളരെ കളർഫുൾ ആയ എന്റർടൈയ്നറുകളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ശിവാജി ഗണേശൻ സാറിന്റെ സിനിമകളേക്കാൾ കൂടുതൽ ഞാൻ കണ്ടിട്ടുള്ളത് എം.ജി.ആർ സിനിമകളാണ്. തിരുവനന്തപുരം ശക്തി, ശ്രീകുമാർ തിയേറ്ററുകളിൽ നിന്നും കണ്ട എം.ജി.ആർ ചിത്രങ്ങൾ എന്റെ ബാലമനസിലും തീപ്പൊരി വിതറി. ‘ഉലകം ചുറ്റും വാലിബൻ’, ‘റിക്ഷാക്കാരൻ’, ‘ഒളിവിളക്ക്’, ‘അടിമൈപ്പെൺ’, ‘ഇദയക്കനി’, ‘നാളെ നമതേ’, ‘മധുരൈ മീണ്ട സുന്ദര പാണ്ഡ്യൻ’, ‘നവരത്നം’, ‘പട്ടിക്കാട്ടു പൊന്നയ്യ’, ‘നേരും നെരിപ്പും’, ‘തലൈവൻ’, ‘മാട്ടുക്കാര വേലൻ’, ‘നാൻ ആണയിട്ടാൽ’, ‘തൊഴിലാളി’, ‘വേട്ടക്കാരൻ’, ‘വ്യവസായി’ തുടങ്ങി ഒട്ടനവധി എം.ജി.ആർ. ചിത്രങ്ങൾ ആ കാലത്തെ എന്റെ സിനിമാ സ്വപ്നങ്ങളെ ചൂടുപിടിപ്പിച്ചു. മാജിക്ക് കാണുന്നതുപോലെ ആസ്വദിക്കാൻ കഴിയുന്നവയായിരുന്നു ആ സിനിമകളെല്ലാം. ഒരിക്കലും മലയാളത്തിൽ കാണാൻ കഴിയാത്ത ആക്ഷൻ സീക്വൻസുകളും ഗാനചിത്രീകരണങ്ങളുമായിരുന്നു എം.ജി.ആർ സിനിമകൾ പകർന്നു നൽകിയത്. കമ്പ് വച്ചുള്ള അടിയും ഉശിരൻ വാൾപ്പയറ്റും തിയറ്ററുകളെ ഇളക്കിമറിച്ച ആ കാലം മനസിലിപ്പോഴും ആവേശം നിറയ്ക്കുന്നുണ്ട്.
എം.ജി.ആർ വളരെ അഡ്വാൻസ്ഡ് ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേക ഡ്രസുകളാണ് സിനിമയിൽ അദ്ദേഹം ഉപയോഗിച്ചിരുന്നത്. ചുവന്ന പാന്റും പച്ച ഷർട്ടുമൊക്കെ! ഇന്നത് ഫാഷനാണെങ്കിൽ വർഷങ്ങൾക്കുമുമ്പേ അതുപയോഗിച്ച നടനാണ് എം.ജി.ആർ. ഒരു സിനിമയിൽ വെറുതേ പോയി അഭിനയിക്കില്ല അദ്ദേഹം. കഥ കേട്ടശേഷം ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കും. പാട്ടിലും ഫൈറ്റിലുമെല്ലാം ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകും. വെള്ളത്തിനടിയിൽ ഗാനരംഗം ചിത്രീകരിക്കുക, ജപ്പാനിലും അമേരിക്കയിലും പോയി ഷൂട്ട് ചെയ്യുക. ഇങ്ങനെ വളരെ അഡ്വാൻസ്ഡ് ആയി ചിന്തിച്ചു അദ്ദേഹം.
ജീവിതത്തിലെ പരുക്കൻ അനുഭവങ്ങളെ സർഗാത്മകമായി മറികടക്കാനുള്ള സമരമായിരുന്നു എംജിആറിന്റെ ജീവിതം.

കണ്ണീരിന്റെ ചിരി– മോഹന്ലാല്


ബിഗ് ബിമോഹന്ലാല്


മധു എന്ന മലയാളത്തിന്റെ മധുസാർമോഹൻലാൽ


എം.ടി സാഹിത്യത്തിലെയും സിനിമയിലെയും മഹാപർവതംമോഹൻലാൽ


ഉമ്മുക്ക, സ്നേഹത്തിന്റെ തണൽമരം മോഹന്ലാല്


ചന്ദനം മണക്കുന്ന ഓർമകൾ മോഹന്ലാല്

