കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. ഹെലനിൽ അന്നയുടെ കഥാപാത്രം ഏറെ സ്വീകരിക്കപ്പെട്ടു. കപ്പേള എന്ന ചിത്രത്തിലെത്തുമ്പോൾ പക്വതയുള്ള നായികയായി മാറുന്നു അന്ന. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോൾ, ഹെലനിലെ ഹെലൻ പോൾ, കപ്പേളയിലെ ജെസി എന്നീ മൂന്നു കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അന്നയുടെ അഭിനയമികവും ഈ കഥാപാത്രങ്ങളിലൂടെ തിരിച്ചറിയാനാകും.
അന്ന ബെൻ ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

  • തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകൾ വളർന്നത് കഥകൾ കേട്ടും കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ ജീവൻ വയ്ക്കുന്നതു കണ്ടുമാണ്. കുടുംബ പശ്ചാത്തലം കരിയറിനു സഹായകമായോ

ശരിയാണ്, പപ്പ പറഞ്ഞ കഥകൾ കേട്ടു വളർന്ന കുട്ടിയാണ് ഞാൻ. കുഞ്ഞുനാൾ മുതൽ സിനിമയുടെ/കഥയുടെ ലോകത്താണ്. കഥ കേൾക്കുന്നത് ഇഷ്ടമുള്ള കാര്യമാണ്. കഥകളുടെ കേൾവി, സിനിമകളുടെ തെരഞ്ഞെടുപ്പുകൾക്കും അഭിനയത്തിനും എനിക്ക് ഏറെ സഹായകമായിട്ടുമുണ്ട്. കാരണം, പപ്പയുടെ കഥകൾ കേൾക്കുമ്പോഴാണെങ്കിലും, മറ്റു തിരക്കഥാകൃത്തുക്കൾ കഥ പറയുന്ന അവസരങ്ങളിലും, ഡയറക്ടർ അഭിനയത്തിന്റെ സന്ദർഭങ്ങൾ വിവരിച്ചു തരുമ്പോഴുമെല്ലാം ഞാൻ അതു കേൾക്കുന്നതു പ്രേക്ഷകയായി മാത്രമാണ്. അപ്പോൾ മാത്രമേ കൃത്യമായ വിധി നിർണയത്തിനുള്ള സാധ്യത നമുക്കു ലഭിക്കൂ. സിനിമ എന്ന കലാരൂപത്തിന്റെ പ്രത്യേകതയും ഇതാണ്. പ്രേക്ഷകനിലേക്ക് ഒരു കഥാപാത്രമെത്തുമ്പോൾ അവർ എപ്രകാരം ആയിരിക്കും അതിനെ സ്വീകരിക്കുക എന്ന് അറിഞ്ഞാൽ മാത്രമേ ഈ സിനിമ ചെയ്യണമോ വേണ്ടയോ എന്ന തെരഞ്ഞെടുപ്പു സാധ്യമാകൂ. കൂടാതെ, കഥയുടെ പുതുമയും ഗുണദോഷങ്ങളും മനസിലാക്കാനും സാധിക്കൂ. കഥാപാത്രത്തെ ഉൾക്കൊള്ളാൻ എനിക്ക് ആകുമോ എന്നറിയണമെങ്കിലും പ്രേക്ഷക മനസ് ഉൾക്കൊണ്ടുള്ള കഥ കേൾക്കൽ ആവശ്യമാണ്. തിരക്കഥാകൃത്തും സംവിധായകനും ഓരോ കഥാപാത്രത്തിനും ഒരു ജീവൻ നൽകുന്നുണ്ട്. എന്നാൽ, ആ കഥാപാത്രം നമ്മുടേതാവുമ്പോൾ കുറച്ചു മാറ്റങ്ങൾ സ്വാഭാവികമായും സംഭവിക്കും. ചിലപ്പോഴത് എഴുതിയിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരുപടി മുന്നിലാവും മറ്റു ചിലപ്പോൾ തിരക്കഥാകൃത്ത് രൂപപ്പെടുത്തിയിരിക്കുന്നതിൽ നിന്നു ചെറിയ വ്യത്യാസങ്ങൾ കഥാപാത്രങ്ങൾക്കു വരാം. നമ്മുടെതായ ഒരു കാഴ്ചപ്പാടും സംഭാവനയും കൂടി ചേരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് ആവശ്യമാണത്. അപ്പോൾ മാത്രമാണ് ഒരു കഥാപാത്രം പൂർണമായി ജീവൻ വയ്ക്കുന്നതെന്നു പറയാം.

  • ആത്മവിശ്വാസമുള്ള നായികാ കഥാപാത്രങ്ങൾ

ഇന്നത്തെ തലമുറയുടെ പ്രത്യേകതയായിരിക്കാം അത്. ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ, ഞാൻ ഇഷ്ടപ്പെടുന്ന കുറേ താരങ്ങൾ ഇതുപോലെ എന്നെയും പ്രചോദിപ്പിച്ചിട്ടുണ്ട്. എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാനാകും, എന്താണ് എന്റെ കഴിവ് എന്നൊക്കെ തിരിച്ചറിയാൻ എനിക്കു കഴിയാറുണ്ട്. എന്നാൽ, അതിലുപരിയായി സമ്മർദ്ദം അനുഭപ്പെടുന്ന ഒരു സാഹചര്യം വന്നാൽ എന്റെ ചുറ്റുമുള്ളവരാണ് പപ്പ, അമ്മ, അനിയത്തി, എന്റെ അടുത്ത ഫ്രണ്ട്‌സും കസിൻസും എനിക്കു സഹായമാകുന്നത്. എന്നാൽ, പുറമേ നിന്നല്ല, നമുക്കുള്ളിൽ നിന്നാണ് ആത്മധൈര്യം കൈവരിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. ആത്മാർത്ഥമായി എന്റെ നന്മ ആഗ്രഹിക്കുന്നവർ എന്റെ ചുറ്റും ഉണ്ട് എന്ന ബോധ്യമാണു സത്യത്തിൽ എന്റെ ആത്മവിശ്വാസം.

  • കോവിഡ്, സിനിമ, ഒ.ടി.ടി റിലീസ്

കൊറോണ എന്ന പ്രശ്‌നം എല്ലാ മേഖലയെയും എന്നതുപോലെ സിനിമയെയും ബാധിച്ചു കഴിഞ്ഞു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും മനുഷ്യർ ആദ്യം ഒഴിവാക്കുന്നത് വിനോദ കലാ മേഖലകൾ ആയിരിക്കുമല്ലോ. അതിന്റേതായ ബുദ്ധിമുട്ടുകൾ നന്നായിട്ടുണ്ട്. മറ്റെല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കുന്നതു പോലെ ഈ രംഗത്തും അതിജീവനത്തിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ഗവൺമെന്റ് നടപ്പാക്കിയ എല്ലാ നിയമങ്ങളും പാലിച്ച് ചെറിയ ഷൂട്ടുകളൊക്കെ പുനരാരംഭിച്ചു തുടങ്ങി. ഈയൊരു കാലയളവ് നല്ലൊരു നാളെക്കായുള്ള ഒരുക്കത്തിന്റേതാവണം.

കപ്പേള റിലീസ് ചെയ്ത് ഒന്നര ആഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളെല്ലാം അടച്ചു. ആദ്യം വിഷമമായി. പക്ഷേ, നമ്മുടെ മുന്നിൽ മറ്റു വഴികളൊന്നും ഇല്ലല്ലോ. രണ്ടാമത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് എന്നത് തിയേറ്ററിൽ First day@ First Show അനുഭവമായിരുന്നു എനിക്ക്. ഒരുപാട് ഫോൺ കോളുകളും മെസേജുകളും വന്നു. നല്ല പ്രതികരണങ്ങളും കുറേ കുറേലേഖനങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഇത്രയും നല്ല പ്രതികരണങ്ങൾ കിട്ടിയതിനാൽ ഞങ്ങളുടെ ടീമും വലിയ സന്തോഷത്തിലായിരുന്നു

  • തട്ടിപ്പു സംഘങ്ങളും സിനിമയും

പ്രലോഭനങ്ങളിൽപ്പെടുത്തി സാമ്പത്തിക തട്ടിപ്പു നടത്തുന്ന സംഘങ്ങൾ മറയായി സിനിമയെ ഉപയോഗിക്കുന്ന വാർത്തകൾ വീണ്ടും കേൾക്കുന്നു. എല്ലാ തൊഴിൽ മേഖലയിലുമുള്ള ചതിക്കുഴികൾ എന്നതിനപ്പുറം സിനിമയിൽ ഇത്തരം സാധ്യതകൾ കൂടുതലുണ്ടോ എന്നറിയില്ല. അടുത്തിടെ നടന്ന തട്ടിപ്പിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നത് സിനിമാ മേഖലയെ മുഴുവനും ബാധിക്കുന്ന തരത്തിലാണ്.

subscribe