ഭയത്തിന്റെ ആഴങ്ങളിൽ പ്രേക്ഷകരെ പിടിച്ചിലുച്ച ആകാശഗംഗ 2 – ലെ യക്ഷിയെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. യക്ഷി ഗ്രാഫിക്‌സ് ആണെന്നാണ് പ്രേക്ഷകർ ആദ്യം വിശ്വസിച്ചത്. എന്നാൽ, യക്ഷിയായി വേഷമിട്ടത് ശരണ്യ ആനന്ദ് എന്ന യുവനടിയാണെന്ന വാർത്ത എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇപ്പോൾ ശരണ്യ കുടുംബവിളക്ക് എന്ന സീരിയലിലെ വേദികയായി എത്തി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുന്നു. ശരണ്യ ആനന്ദിന്റെ വിശേഷങ്ങൾ.

സിനിമയിൽ തുടക്കക്കാർ എന്ന നിലയിൽ ഏതൊരു ആർട്ടിസ്റ്റിനും തന്നെ തിരിച്ചറിയുന്ന മുഖമാണു പ്രേക്ഷകരുടെ മുന്നിൽ തന്റെ അഭിനയ സാധ്യത പ്രകടിപ്പിക്കാനുള്ള ഒരു ഉപാധി. എന്നാൽ, ആരാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആത്മവിശ്വാസത്തോടെ തയാറായി എന്നതാണ് യുവനടിയായ ശരണ്യ ആനന്ദിന്റെ മനസിന്റെ വലിപ്പം.

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ-2 എന്ന ചിത്രത്തിൽ കത്തിക്കരിഞ്ഞു വികൃത വേഷത്തിൽ പ്രേതമായി അഭിനയിക്കുമ്പോൾ ശരണ്യ ആനന്ദിൻെ മനസിൽ ഉണ്ടായിരുന്നത് ഒരു ലക്ഷ്യം മാത്രം. തനിക്കു ലഭിച്ച കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നത്. മൂന്നു നാലു മണിക്കൂർ കൊണ്ട് മേക്കപ്പിട്ട് എല്ലാ അർത്ഥത്തിലും കഷ്ടപ്പെട്ട് അവതരിപ്പിച്ചത് ആരും അറിയാതെ പോകുമോയെന്ന വിഷമമുണ്ടായിരുന്നു. എന്നാൽ, ആകാശഗംഗ-2 റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ, യക്ഷിയായി അഭിനയിച്ചത് സുന്ദരിയായ ശരണ്യ ആനന്ദാണെന്ന് സംവിധായകൻ വിനയൻ തന്നെ പ്രേക്ഷകരെ പരിചയപ്പെടുത്തി.

യക്ഷി ഗ്രാഫിക്‌സ് ആണെന്നാണ് എല്ലാവരും കരുതിയത്. ആ വാർത്ത ഏവരെയും അത്ഭുതപ്പെടുത്തി. ഇതിനകം രണ്ടു മൂന്നു വർഷത്തിനുള്ളിൽ നായികയായും മറ്റു ചെറുതും വലിതുമായ ഒരു ഡസനിലധികം ചിത്രങ്ങളിൽ അഭിനയിച്ചു ശ്രദ്ധ നേടിയ ശരണ്യ അനന്ദ്, വളരെ വികൃതമായി മുഖം തിരിച്ചറിയാത്ത കഥാപാത്രത്തെ അവതരിപ്പിച്ചതിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

‘അഭിനയിക്കുമ്പോൾ സങ്കടമുണ്ടായിരുന്നു. ഇത്ര കഷ്ടപ്പെട്ടിട്ടും ആരും അറിയാതെ പോകുമല്ലൊയെന്ന്. എന്നാൽ, വിനയൻ സാർ പറഞ്ഞിരുന്നു, ചിത്രം റിലീസാകുമ്പോൾ ശരണ്യയെ കൂടുതൽ അറിയുമെന്ന്. അത് സംഭവിച്ചു. ഇപ്പോൾ എനിക്കു വളരെ സന്തേഷമുണ്ട് വിനയൻ സാറിന്റെ പടത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചതിൽ’ ശരണ്യ പറഞ്ഞു.

ആകാശഗംഗയ്ക്കു ശേഷം പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കുമെന്ന് ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഏവരേയും ദുരിതക്കഴത്തിൽ താഴ്ത്തി കൊണ്ട് മഹാമാരി പിടിമുറുക്കിയത്. ദീർഘകാലത്തെ സ്വപ്നങ്ങളുടെ നിറം മങ്ങുന്ന നേരം. ഇനി എന്തു ചെയ്യണമെന്നറിയാതെ നിസംഗതയുടെ ആഴങ്ങളിലേക്കു താഴ്ന്നു കൊണ്ടിരിക്കുമ്പോഴാണു വീണ്ടും സ്വപ്നങ്ങളെ തൊട്ടുണർത്തിയ ആ മഹാഭാഗ്യം ശരണ്യയെ തേടിയെത്തിയത്.

ഇപ്പോൾ ശരണ്യ ആനന്ദ് വീണ്ടും ആത്മസംതൃപ്തിയുടെ നിറവിലാണ്. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിൽക്കുമ്പോഴും ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ‘കുടുംബ വിളക്കി’ൽ വേദിക എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി ശരണ്യ. അഭിനയം തന്നെയാണെങ്കിലും ശരണ്യ തന്റെ പുതിയ കർമപഥം നന്നായി ആസ്വദിക്കുകയാണ്.

”ഇതിനു മുമ്പു പലപ്പോഴും സീരിയലിൽ അവസരം വന്നിട്ടുണ്ട്. പക്ഷേ, സിനിമയായിരുന്നു എന്റെ ലക്ഷ്യം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുടുംബ വിളക്കിലെ അവസരം പ്രയോജനപ്പെടുത്തുന്നതാണു നല്ലതെന്നു തോന്നി. മാത്രമല്ല, സീരിയലിൽ അഭിനയിച്ചതുകൊണ്ട് സിനിമയിലെ അവസരം നഷ്ടപ്പെടില്ലെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്റെ തീരുമാനം വളരെ ശരിയായിരുന്നവെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ്, എന്റെ ഭാഗം ടെലികാസ്റ്റ് ചെയ്തു തുടങ്ങിയത്തോടെ പ്രേക്ഷകരിൽ നിന്നു ലഭിക്കുന്ന ഫോൺ വിളികളും മെസേജുകളും…’ ശരണ്യ ആനന്ദിന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ.

1971 ബിയോണ്ട് ബോർഡേഴ്‌സ്, അച്ചായൻസ്, കാപ്പിച്ചീനോ, ചങ്ക്‌സ്, ചാണക്യ തന്ത്രം, മാമാങ്കം, ആകാശമിഠായി, തനഹ, ലാഫിങ് അപ്പാർട്ട്‌മെന്റ്‌സ് നിയർ ഗിരി നഗർ, ആകാശഗംഗ-2, എ ഫോർ ആപ്പിൾ എന്നി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷമാണ് വളരെ യാദൃചികമായി ശരണ്യ കുടുംബ വിളക്ക് എന്ന ഹിറ്റ് പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ അരങ്ങറ്റം കുറിക്കുന്നത്. ഗുജറാത്തിൽ ബിസിനസ് ചെയ്തിരുന്ന ആനന്ദ് രാഘവന്റെയും സുജാതയുടെയും മകളായി സൂററ്റിൽ ജനിച്ച ശരണ്യ ആനന്ദ്, പത്തനംത്തിട്ട അടൂർ സ്വദേശിനിയാണ്.

subscribe