മറ്റൊരു ലോകവും ജീവിതവും സാധ്യമാണെന്നു ലോകത്തോടു വിളിച്ചു പറയുകയാണ് മൂഴിക്കുളം ശാല ജൈവ ക്യാംപസ്. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ടി.ആർ. പ്രേംകുമാർ ആണ് ശാലയുടെ സാരഥി. പ്രകൃതി-പരിസ്ഥിതി നാശത്തിന്റെ തിക്തഫലങ്ങൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രകൃതിയോടിണങ്ങിയല്ലാതെ മനുഷ്യജീവിതം സാധ്യമല്ല എന്ന വലിയ പാഠം നാം പഠിച്ചുകഴിഞ്ഞു. വികസനം എന്നതു പ്രകൃതിയെ നശിപ്പിക്കുക എന്നതല്ല. പ്രകൃതിക്കിണങ്ങിയ മാതൃകയിൽ മനുഷ്യജീവിതത്തെ നിലനിർത്തുക എന്നതായിരിക്കണം. പ്രകൃതിയിൽ നിന്നു നാം എന്തു നേടി എന്നതല്ല, പ്രകൃതിയുടെ നിലനിൽപ്പിനായി വരും തലമുറയ്ക്ക് നാം എന്തു കരുതിവച്ചു എന്നതായിരിക്കണം നമ്മുടെ കർമം. ടി.ആർ. പ്രേംകുമാർ ഞാൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

  • മൂഴിക്കുളം ശാലയുടെ ആരംഭം

കോളേജ് പഠനകാലത്ത് ചരിത്ര പുസ്തകത്തിൽ മൂഴിക്കളത്തെക്കുറിച്ചുള്ള പരാമർശം കണ്ട് വിസ്മയം പൂണ്ട് കിട്ടാവുന്ന എല്ലാ ചരിത്ര പുസ്തകങ്ങളും സംഘടിപ്പിച്ചു വായിച്ചിരുന്നു. തുടർന്ന് ട്രാവൻകൂർ ആർക്കിയോളജിക്കൽ സിരീസും റഫർ ചെയ്തു. മനസിൽ പതിഞ്ഞ ഒരു പേരായിരുന്നു മൂഴിക്കുളം ശാല. പിന്നീട് എറണാകുളം ഡി.സി. ബുക്‌സിലെ ഓപ്പൺ സ്‌പേസും വിസ്തൃത സൗഹൃദവും ആണ് മൂഴിക്കുളം ശാല കൂട്ടായ്മക്ക് ഊർജമായത്. അങ്ങനെ 2003 മാർച്ച് 19-ന് ചവറ കൾച്ചറൽ സെന്ററിൽ വച്ച് മൂഴിക്കുളം ശാല ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. പ്രകൃതിയെക്കുറിച്ച്, ഭൂമിയെക്കുറിച്ച്, മനുഷ്യരെക്കുറിച്ച് കരുതലുള്ളവരുടെ ഒരു കൂട്ടായ്മയായി വളർന്നു. തുടക്കം നാട്ടറിവ്, പരിസ്ഥിതി, പൈതൃകം തുടങ്ങിയ മേഖലകളിലായിരുന്നു.

  • ശാലയുടെ പ്രവർത്തനങ്ങൾ

എറണാകുളം നഗരത്തിലാണ് ആദ്യം മൂഴിക്കുളം ശാല പ്രവർത്തനം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട പരിപാടികൾ കൊണ്ട് മൂഴിക്കുളം ശാല ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞാറ്റുവേലയായിരുന്നു ആദ്യ പരിപാടി. ഗ്രാമീണ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും. കൂടെ സംഗീതവും കലയും സാഹിത്യവും ഉണ്ടായിരുന്നു. ഞാറ്റുവേലയെ തടർന്ന് സംക്രാന്തി, കളം, തുടങ്ങിയ പ്രദർശനങ്ങൾ, റാന്തൽ വെട്ടത്തുള്ള ഒരപൂർവ കൂട്ടായ്മ, പൗർണമി കൂട്ടായ്മ, സൂര്യനോടൊത്തുള്ള ദക്ഷിണായനം, ഉത്തരായനം യാത്രകൾ, പത്തില, പാനകം പരിപാടികൾ, ആഴ്ച തോറുമുള്ള കൂട്ടായ്മകൾ, കാഴ്ച ലോക ചലച്ചിത്ര മേള, ഋതു സംക്രാന്തി സ്റ്റേജ് ഷോ, മൂഴിക്കുളം ശാല ജൈവ ക്യാംപസ്, എം.ടിയുടെ വാനപ്രസ്ഥം കഥയുടെ സംഗീത വ്യാഖ്യാനം, മഴ രാഗങ്ങളുടെ ആൽബം, മാർഗി മധുവിന്റെ പുരുഷാർത്ഥ കൂത്തിന്റെ ഡോക്യുമെന്റേഷൻ, ക്ലിന്റ് ചിത്രങ്ങളുടെ ഡോക്യുമെന്റേഷൻ, വാർഷിക കൂട്ടായ്മ… അങ്ങനെ പോകുന്നു പ്രവർത്തനങ്ങൾ.

  • മൂഴിക്കുളം ശാല എന്ന ജൈവ ക്യാംപസ് സങ്കൽപ്പവും പ്രത്യേകതകളും

മറ്റൊരു ലോകം, മറ്റൊരു ജീവിതം സാധ്യമാണെന്ന് ലോകത്തോടു വളരെ പതുക്കെ വിളിച്ചു പറയാൻ ശ്രമിച്ചപ്പോഴാണ് മൂഴിക്കുളം ശാല ജൈവ ക്യാംപസ് പിറവിയെടുക്കുന്നത്. 1200 വർഷം മുമ്പു ജീവിച്ചിരുന്ന മനുഷ്യർക്കുള്ള ട്രിബ്യൂട്ട്. മൂഴിക്കുളം ശാലയ്ക്കുള്ളാരു ഇടമായി തുടങ്ങി. പ്രകൃതി വിഭവങ്ങൾ ഏറ്റവും കുറച്ച് ഉപയോഗിച്ചു കൊണ്ട് എങ്ങനെ കാറ്റും വെളിച്ചവും യഥേഷ്ടം കയറിയിറങ്ങിപ്പോവുന്ന വീടുകൾ നിർമിക്കാം എന്നതിന്റെ ഒരു പരീക്ഷണശാലയായിരുന്നു ക്യാംപസ്. രണ്ട് ഏക്കർ 40 സെന്റിലായി 52 ലാറി ബേക്കർ പ്രകൃതി സൗഹൃദ വീടുകളുടെ സമുച്ചയമാണ് ജൈവ ക്യാംപസ്്. 23 നാലുകെട്ടുകൾ. 29 ഒറ്റമുറി വീടുകൾ. മതിൽ കെട്ടുകളില്ലാത്ത വീടുകൾ. അപ്സ്റ്റയറുകൾ അനുവദിക്കാത്ത വീടുകൾ, മൺപാതകൾ, നിറയെ മരങ്ങൾ ഒക്കെ ഉള്ള ഒരു ഇടം. ചാലക്കുടിപ്പുഴയുടെ തീരത്താണ് ജൈവ ക്യാംപസ് നിർമിച്ചിരിക്കുന്നത്. രാസവളം, കീടനാശിനി, കളനാശിനി എന്നിവ ശാലയ്ക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല.

  • വീടുകളുടെ സവിശേഷതകൾ

പ്രകൃതി സൗഹൃദ വീടുകളുടെ ഇടമാണ് മൂഴിക്കുളം ശാല ജൈവ ക്യാംപസ്. സൂക്ഷ്മജീവികൾ തിങ്ങിപ്പാർക്കുന്ന ഇടം. കുരുപ്പകുത്തിയ മണ്ണ്. ഞണ്ടളകൾ സുലഭമായി കാണുന്ന ഇടം. എല്ലാത്തരത്തിലും ജൈവികമായ മണ്ണ്. ഈ മണ്ണിലാണ് 52 വീടുകൾ തല ഉയർത്തി പ്രകൃതിയോടിണങ്ങി മരങ്ങൾക്കിടയിൽ നിൽക്കുന്നത്. അഞ്ച് സെന്റ് വീതമുള്ള 23 നാലുകെട്ടുകൾ. 1089 ച.അടി വിസ്തീർണമുള്ള വീടുകൾ. മൂന്ന് കിടപ്പുമുറികൾ. എല്ലാം ബാത്ത്‌റൂം അറ്റാച്ഡ് ആണ്. അടുക്കള, സ്റ്റോർ റൂം, സിറ്റൗട്ട്, നടുമുറ്റത്തിനു ചുറ്റുമായി ഏതാണ്ട് 400 ച.അടി വിസ്തീർണത്തിൽ പരന്നുകിടക്കുന്ന കിഴക്കിനി, പിടിഞ്ഞാറ്റിനി, തെക്കിനി, വടക്കിനികൾ. അഞ്ചു സെന്റിൽ പണിയാവുന്ന ഏറ്റവും വലിയ നാലു കെട്ട്. എന്നാൽ നാലുകെട്ടുകളിൽ ഏറ്റവും ചെറുതുമാണ്. വീട്ടിലിരുന്നാൽ നടുമുറ്റത്ത് വെയിലും കാറ്റും വെളിച്ചവും മഴയും മഞ്ഞും നിലാവും താഴെയ്ക്ക് ഇറങ്ങി വരുന്നതു കാണാം, അനുഭവിക്കാം.

  • പ്രകൃതി സംരക്ഷണ പദ്ധതികൾ

എന്റെ ജീവിതമാണ് മൂഴിക്കുളം ശാല. ഞാൻ നടത്തുന്ന എല്ലാ പരിപാടികളും മൂഴിക്കുളം ശാലയുടെ പേരിലാണ്. എന്റെ ഇമെയിൽ ഐഡി പോലും മൂഴിക്കും ശാലയുടെ പേരിലാണ്. ഇതാണെന്റെ ലോകം. എന്റെ അമേരിക്കയും റഷ്യയും ക്യൂബയുമൊക്കെ ഇതു തന്നെ. ചാലക്കുടി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പുഴ മലിനീകരണത്തിനെതിരേ നീറ്റ ജെലാറ്റിൻ കമ്പനിയ്‌ക്കെതിരെ നടന്ന സമരം, നല്ല ഭൂമിയ്ക്കു വേണ്ടിയുള്ള സമരങ്ങൾ, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന കാർബൺ ന്യൂടൽ പഞ്ചായത്ത് പ്രവർത്തനങ്ങൾ, വേവിയ്ക്കാത്ത ഭക്ഷണ വിതരണം, കാർബൺ ന്യൂട്രൽ അടുക്കള, പ്രകൃതി ഉത്പന്നങ്ങൾ വിൽക്കുന്ന കടയുടെ പ്രവർത്തനം, സ്വാതന്ത്ര്യസമര സേനാനി കെ.ജി. നമ്പ്യാർ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠവും ഞാറ്റുവേല നാട്ടറിവ് ഓൺലൈൻ പഠന കളരിയും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വഞ്ചി യാത്രകൾ, വയൽ യാത്രകൾ, ഹെറിറ്റേജ് വാക്കുകൾ, ബോധവത്ക്കരണ പരിപാടികൾ, പുസ്തകങ്ങൾ, പശ്ചിമഘട്ട സംരക്ഷണ പരിപാടികൾ, സാമൂഹ്യ ഇടപെടലുകൾ, നവമാധ്യമ പ്രവർത്തനങ്ങൾ… അങ്ങനെ പോകുന്നു.

  • കേരളത്തിൽ ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങൾ, പരിസ്ഥിതി നാശം

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ, കേരളത്തിൽ ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങൾ ഗൗരവതരമായി പരിഗണിക്കേണ്ടതാണ്. പക്ഷേ, നമ്മുടെ ഭരണകൂടങ്ങൾ തീവ്ര വികസനത്തിന്റെ പേരിൽ പ്രകൃതിയെ വർദ്ധിച്ച തോതിൽ തകർക്കുകയാണ്. പ്രകൃതി ചൂഷണം അതിഭീകരമാണ്. 2018, 19, 20-ലെ പ്രളയങ്ങൾ നമ്മെ ഒന്നും പഠിപ്പിച്ചില്ല. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണുതാഴ്ച, കാട്ടുതീ, ചുഴലിക്കാറ്റുകൾ, വരൾച്ച, വനനശീകരണം അനിയന്ത്രിതമായ പാറ-മണ്ണു ഖനനം തുടങ്ങിയവ നമ്മുടെ കേരളത്തെ ഒരു ദുരന്ത ഭൂമിയാക്കി മാറ്റിയിരിക്കുന്നു. മനുഷ്യകേന്ദ്രീകൃതമായ പരിസ്ഥിതിയിൽ നിന്ന് നാം പ്രകൃതി കേന്ദ്രീകൃതമായ ഇക്കോളജിയിലേക്കു മാറുക തന്നെ വേണം.

ഓരോ രാജ്യവും കാർബൺ ന്യൂട്രലോ നെഗറ്റീവോ ആയി മാറണം. ഓരോ ജീവിതവും ഓരോ പ്രവൃത്തിയും കാർബൺ ന്യൂട്രലാകണം. ജീവിതം കൊണ്ടൊരു നിത്യ പ്രതിരോധം കാലം ആവശ്യപ്പെടുന്നുണ്ട്. ഈ വർഷത്തെ ഭൗമപരിധി ദിനം ഓഗസ്റ്റ് 22-ന് ആയിരുന്നു. ഡിസംബർ 31 വരെ ഉപയോഗിക്കേണ്ടിയിരുന്ന പ്രകൃതിവിഭവങ്ങൾ നന്മൾ ഓഗസ്റ്റ് 22-നു തന്നെ ഉപയോഗിച്ചു തീർത്തുവെന്നർത്ഥം. ഈ രീതിയിൽ നമുക്കു ജീവിക്കണമെങ്കിൽ ഒരു ഭൂമി മതിയാകാതെ വരും. 1.7 ഭൂമി വേണ്ടി വരും. അമേരിക്കക്കാരെപ്പോലെ ജീവിക്കണമെങ്കിൽ 4 ഭൂമി വേണ്ടി വരും. ഭൗമ പരിധി ദിനം (Earth over shoot Day) സിസംബർ 31-ലേക്ക് ഉയർത്തുന്നതിനു വേണ്ട നടപടികളാണ് ഭൂമി നമ്മോടു ആവശ്യപ്പെടുന്നത്. കാർബൺ ഫുട്ട്പ്രിന്റും വാട്ടർ ഫുട്ട്പ്രിന്റും കണക്കിലെടുത്തു കൊണ്ടുള്ള ഒരു നയം നാം രൂപപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

subscribe