മീശമാധവൻ സിനിമയിലെ ” കൃഷ്ണവിലാസം ഭഗീരഥൻ പിള്ള വലിയ വെടി നാല് ചെറിയ വെടി നാല് ” എന്ന ഡയലോഗ് ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും മീശമാധവനിൽ മണികണ്ഠൻ പറഞ്ഞ ഡയലോഗ് ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മീശമാധവനിലെ കോമഡി രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. നാടകത്തിന്റെ പിൻബലവുമായി സിനിമയിലും ടെലിവിഷനിലും സജീവമായ മണികണ്ഠന്റെ അഭിനയജീവിതം ആരംഭിക്കുന്നത് പട്ടാമ്പിയിലെ സ്‌കൂൾ കാലഘട്ടം മുതലാണ്. സ്‌കൂൾ ഓഫ് ഡ്രാമയിൽ നാടക പഠനത്തിനു ചേർന്ന മണികണ്ഠന്റെ അഭിനയജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി നാടകങ്ങൾ ചെയ്തു. സുഹൃത്തുക്കൾപ്പൊപ്പം ചെയ്ത ആദ്യ സിനിമ മൺകോലങ്ങൾ നിരവധി അവാർഡുകൾ കരസ്ഥമാക്കി. തുടർന്ന്, ചലച്ചിത്ര രംഗത്തും ടെലിവിഷൻ രംഗത്തും സജീവമായി. എൺപതോളം സിനിമകളിൽ അഭിനയിച്ചു. സാമൂഹ്യവിമർശനം അടിസ്ഥാനമാക്കി മഴവിൽ മനോരമയിൽ അവതരിപ്പിക്കുന്ന മറിമായം പരമ്പരയിലെ കേന്ദ്രകഥാപാത്രം മണികണ്ഠൻ അവതരിപ്പിക്കുന്ന സത്യശീലൻ ആണ്. പച്ചയായ ജീവിതത്തിന്റെ കലർപ്പില്ലാത്ത ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു മണികണ്ഠൻ.

  • മീശമാധവനും ” വലിയ വെടി നാല് ചെറിയ വെടി നാല് ” എന്ന ഡയലോഗും

മീശമാധവൻ റിലീസ് ആയിട്ട് 18 വർഷം കഴിയുന്നു. കാലം പോകുന്നത് അറിയുന്നേയില്ല. സിനിമ തിയേറ്ററിൽ ഓടിക്കൊണ്ടിരുന്നപ്പോഴും ടി.വിയിൽ സംപ്രേക്ഷണം ചെയ്യുമ്പോഴും സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങൾ പൊടിപൊടിക്കുന്ന വർത്തമാനകാലത്തും മീശമാധവൻ സിനിമയിലെ രസകരമായ സീനുകൾ ആളുകൾ ആസ്വദിക്കുന്നു എന്നതു വലിയ സന്തോഷമുള്ള കാര്യമാണ്. എന്റെ രണ്ടാമത്തെ സിനിമയാണത്. ഞാനെഴുതുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ‘മൺകോലങ്ങൾ’ ആണ് ആദ്യ സിനിമ. അധികം പണം മുടക്കാനില്ലാത്ത സിനിമാപ്രേമികളായ ആളുകൾക്ക് 16 എം.എം ഫിലിമിൽ ഷൂട്ട് ചെയ്ത് 35 എം.എം-ലേക്ക് കൺവർട്ട് ചെയ്ത് തിയേറ്ററിൽ വലിയ സിനിമ പോലെ കാണിക്കാനുള്ള സംവിധാനമുണ്ടായിരുന്നു വർഷങ്ങൾക്കു മുമ്പ്. അങ്ങനെയാണ് മൺകോലങ്ങൾ ചെയ്തത്. സുബ്രമഹ്ണ്യൻ ശാന്തകുമാർ, വിജു വർമ, പ്രവീൺ പണിക്കർ എന്നിവരായിരുന്നു പ്രധാനമായും ആ ചിത്രത്തിനു പിന്നിലുണ്ടായിരുന്നത്. സംവിധായകന് സംസ്ഥാന അവാർഡ്, ഐ.എഫ്.എഫ്.കെ ഫിപ്രസി അവാർഡ് എന്നിവ ലഭിച്ചു. കൂടാതെ, നിരവധി ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഈ സിനിമയുടെ ബലത്തിലാണ് എഡിറ്റർ രഞ്ജൻ എബ്രഹാം വഴി സംവിധായകൻ ലാൽജോസിനെ പരിചയപ്പെടുന്നത്. ഞാൻ ഇന്നും അഭിനയിച്ചു ജീവിക്കുന്നതിനു കാരണക്കാരായ ഈ രണ്ടു പേരോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

സമാന്തര സിനിമയുടെ പാതയിലൂടെ പോയിരുന്ന ഒരാൾ വാണിജ്യ സിനിമയുടെ ചിട്ടവട്ടങ്ങൾ കൂടി കണ്ടു പഠിക്കട്ടെ എന്നേ അദ്ദേഹം വിചാരിച്ചിരുന്നുള്ളൂ. ഞാൻ കൂടെ മലയാള സിനിമയിലേക്കു വന്നതുകൊണ്ട് മലയാള സിനിമയ്ക്കു പറയത്തക്ക ദോഷങ്ങൾ സംഭവിക്കാൻ സാധ്യതയില്ല എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് എനിക്കു തുണയായത്. അന്നദ്ദേഹം പരിഗണിക്കാതെ വിട്ടിരുന്നെങ്കിൽ ഞാൻ മറ്റിടങ്ങളിൽ പോയി ചാൻസ് ചോദിക്കുകയോ, ഭാവിയിൽ നടനാകുകയോ ചെയ്യില്ലായിരുന്നു. കാര്യമായ വേഷങ്ങളൊന്നും അദ്ദേഹത്തിന്റെ സിനിമയിൽ ചെയ്യാൻ സാധിച്ചില്ലെങ്കിലും ഞാൻ സന്തോഷവാനാണ്. പറ്റുന്ന സിനിമകളിൽ പറ്റുന്ന പോലെ സഹകരിപ്പിച്ചിട്ടുണ്ട്. മീശമാധവനിലെ ഒരു സീനിനെക്കുറിച്ച് ചോദിക്കുമ്പോൾ ലാൽ ജോസിനെയോർക്കാതെ സീനിനെപ്പറ്റി പറയുന്നതു ശരിയല്ലല്ലോ.

ചെയ്ത കഥാപാത്രത്തിന്റെ പേരിൽ അല്ലെങ്കിൽ ഏതെങ്കിലും ഡയലോഗിന്റെ പേരിൽ ഒരു നടൻ പ്രേക്ഷകമനസിൽ കാലങ്ങളോളം നിലനിൽക്കുന്നുവെന്നതു വലിയ ഭാഗ്യമാണ്. ആ ഷോട്ട് ചിത്രീകരിക്കുന്ന സമയത്ത് റിഹേഴ്‌സലിന് കവിളിൽ ചൊറിയുന്ന ആംഗ്യം ഞാൻ ചെയ്തില്ലായിരുന്നു. എന്നാൽ, ടേക്ക് സമയത്ത് ഞാൻ പോലുമറിയാതെ എന്റെ കൈ പൊങ്ങിവന്നു. പൊങ്ങിവന്ന കൈ പെട്ടെന്നു താഴ്ത്തുന്നതു ശരിയല്ലല്ലോ, പിന്നെ സന്ദർഭത്തിനനുയോജ്യമായ രീതിയിൽ ആ കൈ കൊണ്ടു ചെയ്യാവുന്നത്, കവിളിലൊന്നു ചൊറിയുകയാണ്. ഇതാണ് അന്നു സംഭവിച്ചത്. ഇതൊക്കെ നിമിഷങ്ങൾ കൊണ്ടു നടക്കുന്ന കാര്യങ്ങളാണ്. എങ്ങാനും പൊങ്ങിവന്ന കൈ കൊണ്ട് കവിൾ ചൊറിയാതെ ഞാൻ കൈ താഴ്ത്തിയിരുന്നെങ്കിൽ അന്നേ ചീട്ടു കീറുമായിരുന്നു. എന്നിട്ടും റിഹേഴ്‌സലിനു കാണിക്കാത്തത് എന്തിനു കാണിച്ചുവെന്ന് ക്യാമറമാൻ എസ്. കുമാർ സാർ വഴക്കു പറഞ്ഞു പരിഭ്രമിച്ചു. ഇയാളെന്തൊരു മനുഷ്യനാണെന്നു മനസിൽ ചിരിച്ചു. കാരണം അസ്ഥാനത്തു ചെയ്ത പോലെ ഒരാംഗ്യമായിരുന്നില്ല അത്, എന്ന് എനിക്കുറപ്പുതോന്നിയിരുന്നു. ഡയറക്ടർ ഓക്കെ പറഞ്ഞപ്പോൾ സെറ്റിൽ മാനം കിട്ടിയ പോലെ തോന്നി.

അഭിനയിക്കാൻ നിൽക്കുമ്പോൾ പലപ്പോഴും അങ്ങനെയാണ്. നമ്മൾ പോലുമറിയാതെ ഏതോ ബാഹ്യമായ ശക്തി നമ്മെ പലപ്പോഴും സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കും. ഞാൻ എന്റെ കഴിവിൽ വിശ്വസിക്കുന്നതിനേക്കാൾ പുറമേ നിന്നുള്ള ഈ ബ്ലസിങ് കിട്ടാൻ സത്യസന്ധനായി നിലകൊള്ളനാണ് എപ്പോഴും മനസു കൊണ്ട് ആഗ്രഹിക്കുന്നത്.

  • ചിരിയും കരച്ചിലും

ആളുകളെ ചിരിപ്പിക്കുകയോ, കരയിപ്പിക്കുകയോ ചെയ്യുക എന്നതു പ്രയാസമുള്ള കാര്യമാണ് എന്നു ഞാൻ വിചാരിക്കുന്നില്ല. മാത്രമല്ല, അഭിനയം ഒരായാസമുള്ള, ഭാരമുള്ള ജോലിയാകാൻ പാടില്ല. സിനിമയോ, നാടകമോ കണ്ട് ഒരാൾ കരയുന്നതും ചിരിക്കുന്നതുമൊക്കെ, അയാൾ ജീവിച്ചുവന്ന ചുറ്റുപാടുകളെയും ജീവിത സാഹചര്യങ്ങളെയും, എത്രത്തോളം സഹൃദയത്വം അയാൾക്കുണ്ട് എന്നതിനെയുമൊക്കെ ആശ്രയിച്ചാണിരിക്കുന്നത്. ഒപ്പം നടനോ, നടിയോ ചെയ്യുന്ന കഥാപാത്രം എത്രത്തോളം വിശ്വസനീയമാണ് എന്നതും പ്രധാനമാണ്. നൂറു ശതമാനത്തോളം കഥാപാത്രമായി മാറുന്നുവെന്നു തന്റെ അഭിനയത്തിലൂടെ നടൻ തോന്നിപ്പിച്ചാൽ, സഹൃദയനായ സാധാരണ പ്രേക്ഷകനിൽ കരച്ചിലും ചിരിയും സ്വാഭാവികമായും ഒരുപോലെ ഉണ്ടായിവരും. നടൻ എന്തു ചെയ്യുന്നു, ഏതു സന്ദർഭത്തിലൂടെ കടന്നുപോകുന്നു, എത്രമാത്രം വിശ്വാസ്യത പ്രേക്ഷകനിൽ ജനിപ്പിക്കാൻ അയാൾക്കു സാധിക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചാണ് ഈ പറയുന്ന വികാരങ്ങളൊക്കെ സംഭവിക്കുന്നത്. നടന്റെ സത്യസന്ധതയിൽ അയാളോടൊപ്പം സ്വയം വിശ്വസിച്ച് പ്രേക്ഷകൻ കൂടെ ചേരുകയാണു ചെയ്യുന്നത്. ഇങ്ങനെ പ്രേക്ഷകരെ തന്റെ ഒപ്പം നിർത്താൻ കഴിയുന്ന നടനു ചിരിയും കരച്ചിലും അവരിൽ നിറയ്ക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.

  • ചിരിയുടെ രസക്കൂട്ട്

ചിരിക്ക് പ്രത്യേകിച്ച് എന്തു രസക്കൂട്ട്..? രസകരമായ ചിരി ജനിപ്പിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവുക, അതു രസകരമായി അവതരിപ്പിക്കുക അതിലപ്പുറം ചിരിയുണ്ടാക്കാനുള്ള ഒന്നും നിലവിലില്ല എന്നാണ് എനിക്കു തോന്നുന്നത്. ചില സന്ദർഭങ്ങളിൽ വെറും നോട്ടങ്ങൾ ചിരി പടർത്തും. ചിലപ്പോൾ സംഭാഷണങ്ങൾ ആവാം. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ പോലും കാണികളിൽ ചിരി പടർത്താം. എല്ലാ ഹാസ്യവും അതു സംഭവിക്കുന്ന സന്ദർഭങ്ങളുമായി എത്രമാത്രം ചേർന്നുനിൽക്കുന്നു എന്നതിനെ ആശ്രയിച്ചു ചിരി വലിതോ, ചെറുതോ ആകാം.

ഇല്ലാത്ത കട്ട നുണകൾ ഉണ്ടെന്നു സമർത്ഥിക്കാനാണ് നടൻ ശ്രമിക്കുന്നത്. എന്ന് അയാൾക്കും പ്രേക്ഷകനുമറിയാം. എന്നിട്ടും പ്രേക്ഷകൻ അയാളെ വിശ്വസിക്കുന്നതെങ്ങനെയെന്നു ചിന്തിച്ചിട്ടുണ്ടോ? കള്ളത്തരമില്ലാത്ത, സത്യസന്ധമായ, നിഷ്‌കളങ്കമായ, സരസനായ മനുഷ്യനോടു നമുക്ക് ഇഷ്ടം തോന്നുക സ്വാഭാവികം. അത്രയേയുള്ളൂ. അയാൾ തമാശ പറയുമ്പോൾ നമ്മൾ ചിരിക്കുക, അയാൾക്കു വിഷമം വരുമ്പോൾ നമുക്കു സങ്കടം വരും. ആളുകളെ ചിരിപ്പിക്കാൻ ഗിമ്മിക്കുകളില്ല.

  • മറിമായം

മറിമായത്തിന്റെ ആരംഭം 2011 അവസാന മാസങ്ങളിലാണ്. ഒൻപതു വർഷമായി തുടരുന്നു. ആർ. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മഴവിൽ മനോരമയിൽ തുടങ്ങിയ ഈ പ്രോഗ്രാം വർഷങ്ങളായുള്ള അതിന്റെ യാത്രയിൽ സ്വതസിദ്ധമായ ഒരു അവതരണരീതിയിലേക്കു വളരുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തു. ഇന്ന് മറിമായത്തിന് അതിന്റേതായ അസ്ഥിത്വമുണ്ട്, നിലപാടുകളുണ്ട്. മറിമായം ഒരു കോമഡി പരിപാടി എന്ന നിലയിലാണു പലരും കാണുന്നത്. എന്നാൽ, അതൊരു കോമഡി ഷോ മാത്രമല്ല. തികച്ചും കാലികമായ വിഷയങ്ങൾ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വലിയ ടെലിവിഷൻ പ്ലാറ്റ്‌ഫോം ആണ് എന്നെ സംബന്ധിച്ചിടത്തോളം മറിമായം. തുടക്കം മുതലുള്ള എപ്പിസോഡിൽ ഉണ്ട്. ഈ കാലത്തിന്നിടയിൽ ഒന്നോ, രണ്ടോ എപ്പിസോഡിൽ മാത്രമാണ് അഭിനയിക്കാൻ കഴിയാതെ പോയത്. മറ്റെന്തൊക്കെ പ്രയാസങ്ങളുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി മറിമായത്തിനു വേണ്ടി പ്രത്യേകം ദിവസങ്ങൾ മാറ്റിവയ്ക്കുന്നതു ശീലമായിരിക്കുന്നു. ഞാൻ സ്‌നേഹത്തോടെ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അതിന്റെ സംവിധായകൻ ആർ. ഉണ്ണികൃഷ്ണൻ.

subscribe