രാജേഷ് ചിറപ്പാട് ചിത്രകാരൻ മാത്രമല്ല. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, നിരൂപകൻ, കോളമിസ്റ്റ്, എഡിറ്റർ തുടങ്ങിയ മേഖലകളിലൊക്ക പ്രവർത്തിക്കുന്ന വ്യക്തിയാണ്. കോവിഡ് കാലം അദ്ദേഹത്തിന് വരയുടെയും വർണങ്ങളുടെയും കാലമാണ്. രാജേഷ് ചിറപ്പാടിന്റെ പ്രത്യേക അഭിമുഖം.

  • രാജേഷ് ചിറപ്പാട് അറിയപ്പെടുന്നത് എഴുത്തുകാരൻ, എഡിറ്റർ, പരിഭാഷകൻ എന്ന നിലയിലൊക്കെയാണ്. മികച്ച ചിത്രകാരൻ കൂടിയാണ് താങ്കൾ. ഒരു പ്രതിഭ എന്ന നിലയിൽ താങ്കൾ സ്വയം എങ്ങനെയാണ് പരിചയപ്പെടുത്തുക

നല്ലൊരു ചോദ്യമാണിത്. ഒരാൾക്കു വ്യത്യസ്തമായ പ്രതിഭകൾ ഉണ്ടാവുക എന്നതു പുതിയൊരു കാര്യമല്ല. കവിത എഴുതുന്ന ഒരാൾക്ക് നോവലും ചെറുകഥയും സാധ്യമായേക്കാം. അവർ ചിലപ്പോൾ ചിത്രകാരന്മാരോ ചിത്രകാരികളോ ആയേക്കാം. പക്ഷേ, അവരുടെ പ്രതിഭയിൽ ഒന്നുമാത്രമായിരിക്കാം കൂടുതൽ തെളിഞ്ഞുകാണുന്നത് എന്നു മാത്രം. ലോക പ്രശസ്ത്രരായ പല ചിത്രകാരന്മാരും നല്ല എഴുത്തുകാർ കൂടിയായിരുന്നു. ഡാവിഞ്ചിയെ നോക്കൂ അദ്ദേഹം ഒരു ബഹുൂമുഖ പ്രതിഭയായിരുന്നതായി നമുക്കറിയാം. സാൽവദോർ ദാലി എന്ന എക്കാലത്തെയും മികച്ച ചിത്രകാരൻ പുസ്തകങ്ങൾ എഴുതുകയും ലൂയിബുനുവലിനൊപ്പം തിരക്കഥകളിലും ചലച്ചിത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ലോർക്കയെപ്പോലുള്ള കവികളുമായി ആഴത്തിലുള്ള ചങ്ങാത്തം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിലേക്ക് വന്നാൽ ഒ.വി. വിജയൻ, മലയാറ്റൂർ, എം.വി. ദേവൻ എന്നിവരൊക്കെ എഴുത്തുകാരും ചിത്രകാരന്മാരുമായിരുന്നു. കമലസുരയ്യയെയും ഓർത്തുപോകുന്നു. എന്റെ കാര്യത്തിൽ എഴുത്തുപോലെ തന്നെ പ്രിയപ്പെട്ടതാണ് ചിത്രകലയും. ചിത്രകാരനായ എഴുത്തുകാരൻ എന്നാവും ഞാൻ സ്വയം വിശേഷിപ്പിക്കുക.

  • സ്വതസിദ്ധമായ കഴിവും ചിത്രകലാ വിദ്യാഭ്യാസവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

ഞാൻ ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ച ഒരാളാണ്. അത്തരമൊരു വിദ്യാഭ്യാസത്തിലേക്കു നാം പോകുന്നത് ചിത്രം വരയ്ക്കാനുള്ള നൈസർഗികമായ ഒരു കഴിവു നമുക്കുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അഭിരുചികളെ കൂടുതൽ മെച്ചപ്പെടുത്താനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ മനസിലാക്കുവാനും ഇത്തരം പരിശീലനങ്ങൾ ഉപകരിക്കും. എന്നാൽ ഇതൊന്നുമില്ലാതെ മികച്ച ചിത്രങ്ങൾ വരയ്ക്കുന്ന എത്രയോ കലാകരന്മാരും കലാകാരികളും നമുക്കുണ്ട്.

  • ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാലത്ത് ചിത്രകല അതിലേക്കു മാറിയിട്ടുണ്ട്. ക്യാൻവാസുകളിൽ നിന്ന് ഗ്രാഫിക് ടാബുകളിലേക്ക് ലോകം മാറി. ഈ മാറ്റത്തോടു പൊരുത്തപ്പെടുന്നുണ്ടോ

കലയും സാങ്കേതികവിദ്യയും ശത്രുക്കളല്ല എന്നാണ് എന്റെ പക്ഷം. പ്രത്യേകിച്ച് കാഴ്ചയുടെ കലയ്ക്കു സാങ്കേതികവിദ്യ പരമപ്രധാനമാണ്. സിനിമ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇത്തരം മാറ്റങ്ങളിൽ ഏറെ സന്തോഷിക്കുന്ന ഒരാളാണു ഞാൻ. യാഥാസ്ഥിതികമായ ഒരു കാഴ്ചപ്പാടും ഇക്കാര്യത്തിൽ എനിക്കില്ല. പക്ഷേ, ഡിജിറ്റൽ സാങ്കേതികവിദ്യയോടു പിണങ്ങിനിൽക്കുന്ന നിരവധി കലാകാരന്മാരുണ്ട് എന്നതു വാസ്തവമാണ്. ഞാൻ എന്റെ ചിത്രങ്ങളിൽ സാങ്കേതികവിദ്യകൾ കൂടുതലായി ഉപയോഗിച്ചിട്ടില്ല. നാളെ അങ്ങനെ ഉപയോഗിക്കില്ല എന്നൊരു പിടിവാശിയും ഇക്കാര്യത്തിലില്ല.

  • ചിറപ്പാടിന്റെ ചിത്രങ്ങൾ രാഷ്ട്രീയം സംസാരിക്കുന്നെണ്ടെന്ന് പറഞ്ഞാൽ അതിനോട് എങ്ങനെ പ്രതികരിക്കും

തീർച്ചയും എന്റെ ചിത്രങ്ങളിൽ രാഷ്ട്രീയമുണ്ട്. പക്ഷേ, ദൈനംദിനം ഉണ്ടാവുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളോട് ഉപരിപ്ലവമായി പ്രതികരിക്കുന്ന ചിത്രരചനാരീതിയോട് എനിക്ക് ഒട്ടും ബഹുമാനമില്ല. പക്ഷേ, മനുഷ്യനും പ്രകൃതിയും അവർ ജീവിക്കുന്ന സമൂഹവും അതിന്റെ സംഘർഷങ്ങളും ഒക്കെ ചിത്രകലയ്ക്ക് വിഷയമാകാറുണ്ട്. ഒപ്പം സൗന്ദര്യത്തിനുകൂടി പ്രാധാന്യം കൽപ്പിക്കാൻ എനിക്കെന്തോ തോന്നിപ്പോകുന്നു.

  • മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ താങ്കൾ ചിത്രം വരയ്ക്കുന്നു. മറ്റൊരാളുടെ കൃതിക്കുവേണ്ടി ചിത്രം വരയ്ക്കുന്നതാണോ സ്വന്തമായ ആശയത്തിൽ വരയ്ക്കുന്ന ചിത്രങ്ങളാണോ എളുപ്പമായി തോന്നിയിട്ടുള്ളത്
subscribe