ഓരോ ലൊക്കേഷനിൽ എത്തുമ്പോഴും പുതിയ കുറേ കുട്ടികളെ കാണാം. അഭിനയിക്കാൻ വേണ്ടിമാത്രമല്ല എഴുത്തിലെയും സംവിധാനത്തിലെയും സഹായികളായും എത്തുന്ന അവരെ പിന്നീട് കാണാറേയില്ല. സിനിമ അത്ര പെട്ടെന്ന് പഠിക്കാൻ പറ്റില്ല. മിക്കവർക്കും ഒറ്റ സിനിമയിലൂടെ പണവും പ്രശസ്തിയും നേടണം എന്നാണ് ആഗ്രഹം. അങ്ങനെയൊരു ആഗ്രഹത്തിന്റെ പുറത്ത് സിനിമയിലെത്തുന്നവർക്ക് ഒറ്റ സിനിമയോടുകൂടി ആ പരിപാടി അവസാനിപ്പിക്കേണ്ടതായി വരും. ക്ഷമയോടെ സഹിച്ചു പഠിച്ചു മുന്നേറുന്നവർക്കാണ് എന്നും ജീവിതത്തിൽ വിജയങ്ങൾ ഉണ്ടാകുക. അഭിനയരംഗം നൽകിയ പതിറ്റാണ്ടുകളുടെ അനുഭവങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഓർമകൾ നന്മയുടെയും സ്‌നേഹത്തിന്റെയും തണൽ മരങ്ങളായ് ഉയർന്നു നിൽക്കും. ചിലപ്പോൾ വേദനകളുടെ കൂടാരങ്ങളിൽ അകപ്പെട്ടപോലെ തോന്നും.

കടന്നുവന്ന വഴികളിലെ സന്തോഷവും സ്‌നേഹവും ദുഃഖവുമെല്ലാം സിൽവർ സ്‌ക്രീനിൽ എന്നപോലെ എനിക്കുമുന്നിൽ തെളിയും. ഒരർത്ഥത്തിൽ എന്നെ ഞാനാക്കിയത് അനുഭവങ്ങളാണ്. ആ അനുഭവങ്ങളോട് ഞാനെന്നും നന്ദിയുള്ളവനായിരിക്കും. അന്നും ഇന്നും എന്നും എനിക്കു കരുത്താകുന്നത് അനുഭവങ്ങൾ തന്നെയാണ്. നാടകത്തിലും സിനിമയിലും ഒരുപാട് മഹാരഥന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്നിലെ അഭിനേതാവിന്റെ പുണ്യമായി ഞാൻ കാണുന്നു. ഓരോ കഥാപാത്രങ്ങളും ഓരോ അനുഭവങ്ങളാണ് എനിക്കും നൽകിയത്. ആ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു പറയുകയാണെങ്കിൽ പഴയതലമുറയ്ക്ക് ഉണ്ടായതിനേക്കാൾ വലിയ അനുഭവങ്ങളൊന്നും പുതിയ കാലത്തെ കുട്ടികൾക്കില്ല. എങ്കിലും അവരുടെ ഭാവനകൾ സമൃദ്ധമാണ്. സിനിമയിൽ വലിയ വലിയ സ്വപ്നങ്ങളാണ് അവർ കാണുന്നത്. അതിലെ സർഗാത്മകത വളരെ വലുതാണ്.

സത്യൻ മാഷ് മുതൽ എത്രയോ നടന്മാർക്കൊപ്പവും ഷീല മുതൽ നിരവധി നായികന്മാർക്കൊപ്പവും കടന്നുപോയ എന്റെ അഭിനയജീവിതത്തിൽ ഇന്നത്തെ യുവതാരങ്ങൾക്കൊപ്പമുള്ള അഭിനയാനുഭവം ഏറെ വ്യത്യസ്തമാണ്. ഒരു സീനിയർ ആർട്ടിസ്റ്റിനു ലഭിക്കുന്ന എല്ലാ ആദരവും ഇന്നത്തെ കുട്ടികൾ എനിക്കു നൽകുന്നുണ്ട്. മുതിർന്നവരെ ബഹുമാനിക്കാൻ അവർക്കു പറഞ്ഞുകൊടുക്കേണ്ടതില്ല. അതൊരു ഗുരുത്വമാണ്. ചിലപ്പോൾ അച്ഛന്റെ സ്ഥാനത്തു മറ്റു ചിലപ്പോൾ സഹോദരന്റെ സ്ഥാനത്ത് അല്ലെങ്കിൽ ഗുരുതുല്യനായ ഒരാളുടെ സ്ഥാനത്ത് ഇങ്ങനെയൊക്കെ പുതിയതലമുറയിലെ കുട്ടികൾ എനിക്കു നൽകുന്ന സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല.

ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ എനിക്കുണ്ടായ ആശങ്കപോലും ഇന്നത്തെ കുട്ടികൾക്കില്ലെന്നാണു തോന്നുന്നത്. അത്രമാത്രം സ്വാഭാവികതയോടെയാണ് അവർ അഭിനയത്തെ സമീപിക്കുന്നത്. തൊണ്ണൂറുശതമാനം പേർക്കും ആക്ടിങ് ഒരു ആവേശവും ലഹരിയുമാണ്. എന്റെ അനുഭവത്തിൽ ഓരോ കാലത്തും സിനിമയിലേക്കു കടന്നുവന്ന പുതുതലമുറയുടെ അഭിനയരീതിയേക്കാൾ ഏറെ മുന്നിൽ നിൽക്കുന്നത് ഇന്നത്തെ ന്യൂജനറേഷൻ തന്നെയാണ്. സിനിമയുടെ ചരിത്രത്തെക്കുറിച്ചോ അല്ലെങ്കിൽ പഴയകാല നടീനടന്മാരെക്കുറിച്ചോ അതുമല്ലെങ്കിൽ അന്നത്തെ സിനിമാരീതികളെക്കുറിച്ചോ കാര്യമായ അറിവൊന്നും ഇന്നത്തെ കുട്ടികൾക്കില്ലെന്നാണു തോന്നുന്നത്. അതുകൂടി അവർ പഠിക്കാൻ ശ്രമിക്കണം. സിനിമയിൽ അഭിനയിച്ചു പേരും പ്രശസ്തിയും നേടുന്നതോടൊപ്പം നമ്മുടെ സിനിമയുടെ ഗതിവിഗതികൾ എന്തൊക്കെയായിരുന്നുവെന്ന് സാമാന്യമായെങ്കിലും ഒരു ആർട്ടിസ്റ്റ് അറിഞ്ഞിരിക്കണം.

subscribe