കഥകളി നടന്റെ ആത്മസംഘർഷങ്ങളുടെ പകർന്നാട്ടം മാത്രമായിരുന്നില്ല, ‘വാനപ്രസ്ഥം’ എന്ന സിനിമ എനിക്കു നൽകിയത്. കളിവിളക്കിനും വെള്ളിവെളിച്ചത്തിനുമിടയിൽ അപൂർവമായ ചില സൗഹൃദങ്ങളും വിശിഷ്ടമായ ഗുരു-ശിഷ്യ ബന്ധങ്ങളുമൊക്കെ രൂപപ്പെടുകയായിരുന്നു ആ സിനിമയിലൂടെ. സിനിമാനടൻ കഥകളിയിലേക്കും കഥകളിനടൻ സിനിമയിലേക്കും ചുവടുമാറ്റിയ അനുഭവം. സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയും ആഴത്തിലുള്ള ഗുരുഭക്തിയും വാനപ്രസ്ഥം എന്നിൽ നിറച്ചുതന്നു. കലയ്ക്കുവേണ്ടി, ജീവിതം ഉഴിഞ്ഞുവച്ച ഒരു കൂട്ടം കലാകാരന്മാർക്കൊപ്പമായിരുന്നു ആ നാളുകളിലെ എന്റെ ജീവിതം. കുട്ടിക്കാലത്ത് അച്ഛനൊപ്പം ക്ഷേത്രത്തിൽപോയി കഥകളികണ്ട ഓർമയുണ്ട്. കാലം കടന്നുപോകുമ്പോൾ ഒരു കഥകളി നടനായി എനിക്കും ചുട്ടികുത്തേണ്ടി വരുമെന്നു സ്വപ്‌നത്തിൽപോലും കരുതിയതല്ല. ഒരായുഷ്‌കാലത്തിൽ അപൂർവമായി മാത്രം വന്നുചേരുന്ന സൗഹൃദങ്ങൾ വാനപ്രസ്ഥം എനിക്കു സമ്മാനിച്ചു. ആ സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ ഇഴയടുപ്പമാണ് കലാമണ്ഡലം ഗോപിയാശാൻ.

ക്ലാസിക്കൽ കലയുടെ ധന്യത വളരെ മുമ്പെ അറിയാനും അനുഭവിക്കാനും എന്നിലെ നടനു കഴിഞ്ഞിട്ടുണ്ട്. മുപ്പതുവർഷങ്ങൾക്കു മുമ്പ് ‘രംഗം’ എന്ന സിനിമയിലൂടെയായിരുന്നു അത്. പക്ഷേ, കഥകളിയിലെ സകല ഭാവതലങ്ങളും എന്റെ ശരീരഭാഷയോടു ചേർത്തു പകർന്നാടാനായത് വാനപ്രസ്ഥത്തിലായിരുന്നു. ‘വളരെ ഡൗൺ ടു എർത്താ’യിട്ടുള്ള കലാകാരന്മാരെ കണ്ട നിമിഷങ്ങളായിരുന്നു അത്. അവരിൽ നിന്ന് അറിഞ്ഞും അറിയാതെയും ഒത്തിരി കാര്യങ്ങൾ ഞാൻ പഠിച്ചു. അവരോടൊപ്പമുള്ള ജീവിതം എന്നെ തിരുത്തിയിട്ടുണ്ട്. എന്റെ പെരുമാറ്റം, സ്വഭാവം എന്നിവയിലെല്ലാം ആ ദിവസങ്ങളിൽ മാറ്റമുണ്ടായി. പിന്നെ കഥകളിയിലെ കുലപതികളായവരുടെ മുമ്പിൽ കഥകളി വേഷമിട്ടഭിനയിക്കുക എന്നത് ഒരു ഭാഗ്യവും ഗുരുത്വവുമായിട്ടാണ് ഞാൻ കാണുന്നത്.
‘വാനപ്രസ്ഥ’ത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ഗോപിയാശാനെ ആദ്യമായി കാണുന്നത്. വരിക്കാശേരി മനയുടെ മുറ്റത്തുവച്ച്. എത്രയോ അരങ്ങുകളിൽ, എണ്ണമറ്റ രാവുകളിൽ പ്രേക്ഷകരെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച ആ മഹാനടനെ കാണുന്നതുപോലും ഒരു പുണ്യമാണ്.

കഥകളിനടന്റെ ഭാവചേഷ്ടകൾ എന്റെ ശരീരം എങ്ങനെ ഏറ്റുവാങ്ങിയെന്ന് എനിക്ക് ഇന്നും മനസിലാകുന്നില്ല. അഭിനയത്തിന്റെ ഓരോ മാത്രയിലും കഥകളിയുടെ ആയിരക്കണക്കിന് അരങ്ങുകൾ താണ്ടിയ ഗോപിയാശാൻ എനിക്കുമുന്നിൽ പ്രോത്സാഹനങ്ങളുമായി നിന്നു. വാനപ്രസ്ഥത്തിൽ എന്റെ ഭാര്യയുടെ അച്ഛന്റെ വേഷത്തിലാണ് ഗോപിയാശാൻ എത്തിയത്. കഥകളിയെക്കുറിച്ചുള്ള എന്റെ സംശയങ്ങൾക്ക് അദ്ദേഹം ആഴത്തിലുള്ള മറുപടി തന്നു. സിനിമാഭിനയത്തെക്കുറിച്ച് ആശാനും എന്നോടു പലതും ചോദിക്കാനുണ്ടായിരുന്നു. എന്നാലാവും വിധം ഞാൻ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു. കഥകളി നടനും ചലച്ചിത്ര നടനും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ രീതിയായിരുന്നു അത്.

‘കർണ്ണഭാരം’ നാടകത്തിനു ശേഷം എന്റെ അഭിനയ ഭൂമികയിലേക്കു വീണ്ടും കടന്നുവന്ന ഇതിഹാസമാനമുള്ള മറ്റൊരു കഥാപാത്രമായിരുന്നു ‘ഛായാമുഖി’യിലെ ഭീമൻ. ഗോപിയാശാനെ ഓർക്കുമ്പോഴെല്ലാം മനസിൽ ആർത്തിരമ്പി വരുന്നതും ഭീമനാണ്. അരങ്ങിൽ ആശാന്റെ ഭീമനെ ഞാൻ കൊതിയോടെ കണ്ടുനിന്നിട്ടുണ്ട്. കഥകളി ആസ്വാദകരെ വിസ്മയങ്ങളുടെ മുൾമുനയിൽ നിർത്തിയ ആശാന്റെ രൗദ്രഭീമനെക്കുറിച്ച് എത്രയോവട്ടം കേട്ടിട്ടുമുണ്ട്. ഛായാമുഖി നാടകത്തിൽ എന്റെ കഥാപാത്രം ഭീമനാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായിരുന്നു. റിഹേഴ്‌സലിനിടയ്ക്ക് ആശാൻ എന്റെ ഭീമനെ കാണാനെത്തി. അതു മറക്കാനാവാത്ത ഒരനുഭവമായിരുന്നു. കഥകളിയിൽ ഭീമനായുള്ള പകർന്നാട്ടങ്ങൾ എത്രയോവട്ടം നടത്തിയ ആശാൻ എനിക്കു മുമ്പിൽ എത്തിയപ്പോൾ ഞങ്ങൾ വാരിപ്പുണർന്നു. ഒരർത്ഥത്തിൽ രണ്ടുഭീമന്മാർ തമ്മിലുള്ള സമാഗമമായിരുന്നു അത്. കഥകളിയിലെ ഭീമൻ നാടകത്തിലെ ഭീമനു നൽകിയ അനുഗ്രഹം. ആ കരസ്പർശം ഇന്നും എന്റെ നെറുകയിലുണ്ട്.

subscribe