സുനിൽ ജോസ് സി.എം.ഐ അധ്യാപകനും ചിത്രകാരനും ശ്രദ്ധേയനായ യുവകവിയുമാണ്. ആശയപ്രകാശനത്തിന്റെയും ആത്മപ്രകാശനത്തിന്റെയും മാധ്യമങ്ങളാണ് സുനിൽ ജോസിന് കലാജീവിതം

സാമൂഹ്യജീവിയായി ജീവിക്കുമ്പോഴും ജീവിതത്തിന്റെ വിവിധ അവസ്ഥകളിൽ ഒറ്റയ്ക്കായി പോകുന്ന മനുഷ്യാവസ്ഥകൾ സുനിൽ അനേകം ചിത്രങ്ങൾക്കു വിഷയമായി സ്വീകരിച്ചിട്ടുണ്ട്

ഭൂരിപക്ഷം ചെറുപ്പക്കാരുടെയും സാധാരണ വഴികളിൽ നിന്നു വ്യത്യസ്തമായി മുതിർന്നതിനു ശേഷം സന്യാസത്തിലേക്കു ചേക്കേറിയപ്പോഴും സുനിൽ ജോസിനെ വര വിട്ടുപോയില്ല

യഥാതഥമായ ചിത്രീകരണങ്ങളോടു പൊതുവെ ഈ ചിത്രകാരന് ആഭിമുഖ്യം കുറവാണ്. ഫോട്ടോഗ്രഫി വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് അത്തരം ചിത്രീകരണങ്ങളുടെ പ്രസക്തി ഇല്ലാതായിരിക്കുന്നു

വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സി.എം.ഐയുടേത്. ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരു പാതിയിൽ കവിതയും മറുപാതിയിൽ ചിത്രരചനയും നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിൽ ഏതിനോടാണു കൂടുതലിഷ്ടം എന്നു ചോദിച്ചാൽ രണ്ടും ഒരുപോലെയെന്നേ അദ്ദേഹത്തിന് മറുപടി പറയാനുള്ളൂ. കാരണം രണ്ടും ഓരോതരത്തിൽ അദ്ദേഹത്തിന് ആശയപ്രകാശനത്തിന്റെയും ആത്മപ്രകാശനത്തിന്റെയും മാധ്യമങ്ങളാണ്.

നന്നേ ചെറുപ്പം മുതൽക്കേ വരച്ചുതുടങ്ങിയിരുന്നു സുനിൽ. ഭൂരിപക്ഷം കുട്ടികളെയും പോലെ ദൈവത്തിന്റെയും പ്രകൃതിയുടെയുമൊക്കെ ചിത്രങ്ങളായിരുന്നു അവയിൽ പലതും. എന്നാൽ, ആ വരകളിൽ ഭാവിയിലെ ഒരു ചിത്രകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്നും തന്റെ വഴി വരയുടേതായിരിക്കുമെന്നും അന്ന് സുനിൽ കരുതിയിരുന്നതേയില്ല. പക്ഷേ, വരയിലേക്കു വഴിതിരിയാനും വഴിയായി വര കണ്ടെത്താനുമായിരുന്നു സുനിലിന്റെ നിയോഗം. അതിനു നിമിത്തമായതാവട്ടെ മറ്റു പല കലാകാരന്മാരെയും പോലെ സ്‌കൂൾ തന്നെയായിരുന്നു.

അന്നു ചിത്രരചനമത്സരങ്ങളിലെല്ലാം പതിവായി പങ്കെടുത്തിരുന്നത് സുനിലിന്റെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയായിരുന്നു. ചിത്രകാരൻ എന്നു പരക്കെ അവനു മേൽവിലാസം പതിയുകയും ചെയ്തിരുന്നു. പതിവുപോലെ സബ് ജില്ല കലോത്സവത്തിനായി തെരഞ്ഞെടുക്കപ്പെട്ടതും ആ കുട്ടി തന്നെയായിരുന്നു. അപ്പോഴാണു തനിക്കും മത്സരത്തിൽ പങ്കെടുക്കണമെന്ന അടക്കിവച്ച മോഹം ആ നാലാം ക്ലാസുകാരൻ അധ്യാപകനോടു പങ്കുവച്ചത്. രണ്ടുപേരിൽ ആരെ സബ്ജില്ലയിലേക്ക് അയ്ക്കും എന്ന വിഷമസന്ധി ഉടലെടുത്തതോടെ രണ്ടുപേർക്കു മാത്രമായി ഒരു ചിത്രരചനാ മത്സരം നടത്താമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, സുനിലിനും മറ്റേക്കുട്ടിക്കുമായി സ്‌കൂൾ ലെവലിൽ മത്സരം നടത്തി. അതുവരെയുള്ള പാരമ്പര്യത്തെ തിരുത്തിയെഴുതികൊണ്ട് സുനിലിനെയാണ് സബ്ജില്ലാ കലോത്സവത്തിനായി സ്‌കൂളിൽ നിന്ന് അയച്ചത്. അവിടെ നിന്ന് ജില്ലാതലത്തിലേക്കും സുനിൽ തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ഒളിച്ചുവച്ചിരുന്ന നിധി പുറത്തെടുത്തവനെപോലെ സ്‌കൂളിൽ സുനിൽ ചിത്രകാരൻ എന്ന നിലയിൽ പ്രസിദ്ധനാകുകയായിരുന്നു. വരയുടെ ഒഴുക്ക് അവിടം മുതൽ ആരംഭിക്കുകയായിരുന്നു.

അവധി ദിനങ്ങളിലും സമയം കിട്ടുമ്പോഴുമെല്ലാം സുനിൽ വരകൾ കൊണ്ട്, നിറങ്ങൾ കൊണ്ടു കടലാസുകൾ നിറച്ചു.

subscribe