നാലു തൂണുകളിൽ നാട്ടിനിർത്തപ്പെട്ട അരങ്ങുകളിൽ അരങ്ങേറിയ കുറെ നാടകങ്ങളെയും അതിൽ പ്രധാന വേഷം കെട്ടിയ നാല് അഭിനേത്രികളെയും കുറിച്ചുള്ള ചുരുക്കിയെഴുത്തല്ല ഈ പുസ്തകം

ഇരുനൂറു രൂപ പ്രതിഫലം ശ്രദ്ധയോടെ വാങ്ങിയിട്ട് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ കയറുന്നതിനുമുമ്പ്, നിലാവത്ത് റോഡരികിൽ കിടന്നിരുന്ന രണ്ടു മാമ്പഴങ്ങൾ അവർ പെറുക്കിയെടുത്തത് എനിക്ക് ഇന്നും ഓർമയുണ്ട്: ‘നാളെ ഇതിട്ട് ഒരു മാമ്പഴക്കറി വെക്കാം. ഞങ്ങടെ അച്ഛന് അത് വല്ലിഷ്ടാ!’ ഓ, ജലജ! പിന്നെ ഒരിക്കലും നമ്മൾ തമ്മിൽ കണ്ടിട്ടില്ലെങ്കിലും ആ രാത്രി ഓർത്ത് ഇന്നും എന്റെ ചങ്കു വേദനിക്കുന്നു!

പെണ്ണായി ജനിച്ചുപോയത് ഒരു തെറ്റാണെന്ന തോന്നൽ സമൃദ്ധമായി നമ്മുടെ പെങ്ങന്മാരിൽ നിറഞ്ഞുനിന്ന ഒരു കാലത്താണ് സാവിത്രിയും സരസയും ഉഷയും എൽസിയുമൊക്കെ തങ്ങളുടെ കൗമാര യൗവനങ്ങൾ പിന്നിട്ടത്

ഒന്ന്

ഭാനുപ്രകാശിന്റെ പുതിയ പുസ്തകത്തിനു അവതാരിക എഴുതാനായി മുഴുവൻ പുറങ്ങളും വായിച്ചതിനുശേഷം കണ്ണടച്ചിരിക്കുമ്പോൾ, വളരെക്കാലംകൂടി ഞാൻ ജലജയെ ഓർമിച്ചു. വേണു നാഗവള്ളിക്കാലത്ത് വെള്ളിത്തിരയിൽ വിഷാദമന്ദഹാസത്തോടെ തെളിഞ്ഞുകണ്ട സിനിമാനടി ജലജയെ അല്ല; വടക്കൻപറവൂരെ പ്രഭൂസ് തിയേറ്ററിനു പിന്നിലൂടെ ഇഴയുന്ന ഇടവഴി താണ്ടിച്ചെന്നാൽ, ഇരുവശവും വിഷാദത്തോടെ നിൽക്കുന്ന ചെത്തിത്തേയ്ക്കാത്ത വീടുകളിലൊന്നിൽ താമസിച്ചിരുന്ന നാടകനടി ജലജയെ. എന്റെ ആദ്യത്തെ നാടകമെഴുത്ത് അരങ്ങിലെത്തിയപ്പോൾ അതിൽ നായികയായി അഭിനയിച്ചത് ജലജയായിരുന്നു. ‘ജനയിത്രി തിയേറ്റേഴ്‌സ്’ എന്ന പേരിൽ ഞാനും എന്റെ അമ്മാവന്റെ മകൻ രാജീവ് തെക്കനും ചേർന്നു രൂപം കൊടുത്ത നാടകസമിതിയുടെ ആദ്യത്തെതും അവസാനത്തെതുമായ നാടകത്തിലേക്ക്-‘അമാവാസിയുടെ ഹൃദയം’ എന്നായിരുന്നു അതിന്റെ പേര്-നായികയെ അന്വേഷിച്ചുചെന്നതായിരുന്നു ഞങ്ങൾ. ബി.എയ്ക്കു പഠിക്കുന്ന നാടകകൃത്തിന്റെ ഉള്ളിൽ നാടകനടികളെപ്പറ്റിയുള്ള സങ്കൽപ്പങ്ങൾക്ക് അപക്വതയുടെ ചൂടും എരിവും ഉണ്ടായിരുന്നിരിക്കണം: ഒരു കലാകാരിയെ കാണാൻ എന്നതിനെക്കാൾ ഒരു സുന്ദരിയെ കാണാൻ എന്നതായിരുന്നു ആ യാത്രയുടെ ഒറ്റവരിസംഗ്രഹം. കാരണം, അക്കാലത്തെ എല്ലാ അമ്പലപ്പറമ്പു നാടകങ്ങളിലുമെന്നപോലെ ഞാനെഴുതിയ നാടകത്തിലും നായിക തറവാടിയും അഭിജാതയുമായ ഒരുവളായിരുന്നു. കുറഞ്ഞ പ്രതിഫലത്തുക പറ്റി അഭിനയിക്കാൻ തയാറുള്ള സുന്ദരിയെത്തപ്പി അങ്ങനെയാണ് ഞങ്ങളൊടുവിൽ വടക്കൻപറവൂരിലെ ശീമക്കൊന്നത്തഴപ്പുകൾ വകഞ്ഞ് ജലജയുടെ വീട്ടിലെത്തിച്ചേരുന്നത്.

മൊബൈൽ ഫോണുകളുടെ അശ്ലീലയുഗം ആരംഭിച്ചിരുന്നില്ല. അവിചാരിതമായി ചെന്നു കയറിയ അപരിചിതരെ കണ്ട് അറുപതു വയസുള്ള വീട്ടുകാരി ചെത്തിത്തേയ്ക്കാത്ത ദരിദ്രഭവനത്തിന്റെ ഉമ്മറത്തുനിന്ന് നെറ്റിചുളിച്ചു: ‘ആരാ?’
വന്ന കാര്യം പറഞ്ഞപ്പോൾ പ്ലാസ്റ്റിക് വള്ളിയിൽ മെനഞ്ഞ വൃത്താകൃതിയിലുള്ള രണ്ടു പഴയ കസേരകളിലേക്കു ചൂണ്ടി അവർ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. കതകിനു പകരം പഴയ സാരി മുറിച്ചു ഞാത്തിയിരുന്ന പടുത വകഞ്ഞ് അടുക്കളയിലേക്ക് ജലജയുടെ അമ്മ നിഷ്‌ക്രമിച്ചു. പിഞ്ഞിപ്പോയ ആ മുഷിഞ്ഞ സാരിക്കഷണം ദുഃഖനിർഭരമായ ഒരു കലുഷനാടകത്തിനായി ഉയരാനിരിക്കുന്ന തിരശ്ശീലപോലെ തോന്നിച്ചു. കുറച്ചു കഴിഞ്ഞ് കൈയിൽ രണ്ടു സ്റ്റീൽ ഗ്ലാസുകളുമായി അവർ മടങ്ങിവന്നു. മധുരമോ കടുപ്പമോ ഒട്ടുമില്ലാത്ത ആ പാവം കട്ടൻകാപ്പിയിൽ പക്ഷേ, ആതിഥേയയുടെ സ്‌നേഹത്തിന്റെ ചൂട് നിറയെ ഉണ്ടായിരുന്നു.

‘ജലജേ, മോളേ, ദേ നിന്നെ ബുക്ക് ചെയ്യാൻ കടുങ്ങല്ലൂരീന്ന് രണ്ടുപേരു വന്നേക്കണു. ഒന്നു വേഗം എണീച്ചു വാ!’, ആത്മഗതം പറഞ്ഞാൽപ്പോലും അപ്പുറത്തു കേൾക്കാവുന്ന ആ കൊച്ചുവീടിന്റെ അകത്തേക്കു കഴുത്തുതിരിച്ച് ആയമ്മ ഉറക്കെ വിളിച്ചു.

‘എഴുന്നേറ്റു’വരാൻ അപേക്ഷിക്കുന്നതു കേട്ടപ്പോൾ ജലജ അസുഖത്താലോ മറ്റോ അകത്തെ മുറിയിൽ കിടക്കുകയാവും എന്നാണ് ഞാൻ കരുതിയത്. ചെറിയ മുറ്റത്ത് ചിക്കിച്ചികയാൻ വന്ന അയൽപക്കത്തെ പിടക്കോഴിയെ ഓടിച്ചുവിട്ടിട്ട് ജലജയുടെ അമ്മ വീണ്ടും അകത്തേക്കു നീട്ടിവിളിച്ചു: ‘ഡീ ജലജേ, ഡ്യേ!’
പിന്നെ സ്വകാര്യമെന്നോണം ശബ്ദം താഴ്ത്തി ഞങ്ങളോടു പറഞ്ഞു: ‘പാവത്തിന് തീരേ വയ്യ. ഇന്നലെ രാത്രി നാടകം കഴിഞ്ഞ് വന്നേപ്പിന്നെ ഇതെത്രാമത്തെ പ്രാവശ്യാ കക്കൂസിപ്പോണേന്നോ!’
സുന്ദരിയെ കാണാനും തന്റെ നാടകത്തിൽ നായികയാക്കാനും ചെന്ന പതിനെട്ടുകാരന്റെ ഉത്സാഹം ഒന്നു മങ്ങി. ‘എന്താ, വല്ല വയറ്റിളക്കവും പിടിച്ചതാണോ?’, ഞാൻ പതിയെ ചോദിച്ചു.
‘അല്ല മോനേ’, അവർ കുറെക്കൂടി ശബ്ദം താഴ്ത്തി പറഞ്ഞു: ‘അവൾക്ക് ചോരപോക്കാൺ കൊറേക്കാലായി തൊടങ്ങീട്ട്!’
ചളുക്കമുള്ള ചായഗ്ലാസുകളെടുത്ത് അവർ അകത്തേക്കു പോയി. ഞാനും രാജീവും മുഖാമുഖം നോക്കി. ചോരപോക്കുള്ള ദരിദ്രകലാകാരിയെ ആദ്യമായി നേരിൽ കാണാൻ, നട തുറക്കുന്നതും കാത്ത് പണ്ട് കടുങ്ങല്ലൂരമ്പലത്തിന്റെ സോപാനത്തിൽ കാത്തുനിന്നതിനെക്കാൾ ആകാംക്ഷയോടെ ഞങ്ങൾ വട്ടക്കസേരകളിൽ ഇരുന്നു.

subscribe