കുഞ്ഞാണ്ടിയെന്ന പേരു കേൾക്കുമ്പോൾ ഒരുമിച്ചഭിനയിച്ചതിന്റെ ഓർമകളേക്കാൾ എന്റെ മനസിലേക്ക് അഗ്നിയായി പടരുന്നത് ഈഡിപ്പസ് രാജാവിന്റെ വേഷം

‘അഹിംസ’ യിൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം പിന്നീടു പല ചിത്രങ്ങളുടെയും ലൊക്കേഷനിലൂടെ വളർന്നു. ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’, ‘അനുബന്ധം’, ‘വാർത്ത’, ‘അദ്വൈതം’, ‘അർഹത’, ‘വെള്ളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’ … അങ്ങനെ നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു

കോഴിക്കോട്ടുകാരെ സംബന്ധിച്ചിടത്തോളം കുഞ്ഞാണ്ടിയെന്നത് ഒരു നാടക ചലച്ചിത്ര നടന്റെ പേരുമാത്രമല്ല. സാമൂഹിക സേവനത്തിലൂടെ, മനുഷ്യസ്‌നേഹത്തിലൂടെ, അഭിനയചാതുരിയിലൂടെ അദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ട ആണ്ടിയേട്ടനായിരുന്നു

ഈഡിപ്പസ്, സോഫോക്ലീസിന്റെ വിശ്വവിഖ്യാതമായ നാടകമാണ്. ആ ഗ്രീക്ക് ട്രാജഡിയിലെ ഈഡിപ്പസ് രാജാവായി അരങ്ങിലെത്താൻ മോഹിച്ച ഒട്ടേറെ പ്രഗത്ഭ നടന്മാർ നമ്മുടെ നാടകവേദിയിലുണ്ടായിട്ടുണ്ട്. സ്വന്തം പിതാവിനെ വധിച്ച് അമ്മയെ വേൾക്കേണ്ടിവന്ന ഈഡിപ്പസിന്റെ ജീവിത വിഹ്വലതകൾ അരങ്ങിൽ ആവിഷ്‌കരിച്ച അഭിനയപ്രതിഭകൾക്കും പ്രേക്ഷകർക്കും ആ രംഗാനുഭവം എന്നും എപ്പോഴും അരങ്ങൊഴിയാത്ത അനുഭൂതിയാണ്. ഇത്രയും പറഞ്ഞത് കുഞ്ഞാണ്ടിയെന്ന പ്രഗത്ഭനായ നടനെ ഓർത്തുകൊണ്ടാണ്. ഈഡിപ്പസ് നാടകം ഞാൻ കണ്ടിട്ടില്ല. പക്ഷേ, കുഞ്ഞാണ്ടിയേട്ടനെ ഓർക്കുമ്പോഴെല്ലാം മനസിലേക്കു കടന്നുവരുന്നത് ഈഡിപ്പസ് രാജാവിന്റെ വേഷമാണ്. എത്രയോ സിനിമകളിൽ ഞങ്ങളൊന്നിച്ചഭിനയിച്ചിട്ടും എന്തേ, ഒരു നാടക കഥാപാത്രം ഇത്രമാത്രം തീവ്രതയോടെ മനസിലേക്കു് കടന്നുവരുന്നത്?

വർഷങ്ങൾക്കു മുമ്പാണ് ഉണ്ണിയേട്ടനും (ഒടുവിൽ) ഗോപിച്ചേട്ടനും (ഭരത് ഗോപി) വേണുച്ചേട്ടനു (നെടുമുടി) മൊപ്പം ഞാൻ ആണ്ടിയേട്ടന്റെ കുതിരവട്ടത്തുള്ള വീട്ടിലേക്കു കടന്നുചെന്നത്. കോഴിക്കോട്ട് സത്യൻ അന്തിക്കാടിന്റെ ‘അപ്പുണ്ണി’യുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു അപ്പോൾ. ആണ്ടിയേട്ടന്റെ സ്‌നേഹപൂർവമായ ക്ഷണം സ്വീകരിച്ചാണ് ആ സന്ധ്യയിൽ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കുതിരവട്ടം പപ്പുവേട്ടന്റെ വീടിനു തൊട്ടടുത്താണ് ആണ്ടിയേട്ടന്റെയും വീട്. ഞങ്ങളുടെ സൗഹൃദ സംഭാഷണം ഏറെയും നാടകത്തെ കുറിച്ചായിരുന്നു. സ്‌കൂൾ-കോളേജ് നാടകങ്ങളിൽ അഭിനയിച്ച അനുഭവമൊഴിച്ചാൽ അരങ്ങിന്റെ അനുഭവം ഏറെയൊന്നും എനിക്കവകാശപ്പെടാനില്ല. പക്ഷേ, ആണ്ടിയേട്ടനുൾപ്പെടെ എല്ലാവർക്കും നാടകത്തിന്റെ വലിയൊരു പശ്ചാത്തലമുണ്ട്. ഇടക്കെപ്പോഴോ ആണ്ടിയേട്ടൻ കറുപ്പും വെളുപ്പും കലർന്ന ഒരു ചിത്രം ഞങ്ങൾക്ക് കാണിച്ചുതന്നു. ഈഡിപ്പസ് രാജാവായി ആണ്ടിയേട്ടൻ നിറഞ്ഞാടിയ നാടകത്തിലെ ഒരു ചിത്രമായിരുന്നു അത്. അറുപതുകളുടെ തുടക്കത്തിൽ കേരളത്തിലെ നാടകാസ്വാദകരുടെ മനസിൽ ഇടിമിന്നലിന്റെ ശക്തിയോടെ കുഞ്ഞാണ്ടിയെന്ന അതുല്യനായ നടൻ പടർന്നുകയറിയ കഥാപാത്രം. ഒരുപക്ഷേ, അത്രത്തോളം ശക്തമായൊരു കഥാപാത്രത്തെ ആണ്ടിയേട്ടൻ നാടകത്തിലോ സിനിമയിലോ അവതരിപ്പിച്ചിട്ടുണ്ടാവില്ല. നാടകത്തിൽ ക്രയോണിന്റെ വേഷമിട്ട ബാലൻ കെ. നായരും ആ ഫോട്ടോയിലുണ്ടായിരുന്നു. മങ്ങിയ ആ ചിത്രത്തിലേക്ക് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു.

subscribe