സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസിലെ കോമേഡിയനും അലമ്പനും എന്നാൽ, റിസൽറ്റ് വരുമ്പോൾ പഠിപ്പിസ്റ്റുമായി തീർന്നിരുന്ന ഒരേയൊരു വ്യക്തിയെ ഉണ്ടായിരുന്നുള്ളൂ അത് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോയിസാർ വിക്കിവീവി എന്ന് കളിയാക്കി വിളിച്ചിരുന്ന അജിത്ത് വി.വിയായിരുന്നു. അരുൺകുമാർ ജിയും അജിത്ത് വി.വിയും ഇരട്ടകൾ എന്നപോലെ ഒന്നിച്ചായിരുന്നു നടപ്പ്. അതിനു കാരണം ഉണ്ട്. ഇരുവരും അയൽക്കാരാണ്. 15 കിലോമീറ്ററുകൾ താണ്ടി ബസിൽ വരുന്ന എനിക്ക് ഇവർ ബസ്‌മെയിറ്റുകളും ക്ലാസ്‌മെയിറ്റുകളും ചങ്കുകളുമായിരുന്നു. എട്ടു മുതൽ പത്തുവരെയുള്ള മൂന്നു വർഷത്തെ പഠനകാലം ഓർമയിൽ നിന്ന് എടുത്താൽ ആദ്യം വരുന്ന മുഖങ്ങൾ ഇവരുടെതാകും. സ്‌കൂളിൽ ചങ്കായിട്ടു നടന്നവരാണു വലുതാകുമ്പോൾ ഏറ്റവും വലിയ അപരിചിതരായി മാറുന്നത് എന്നു പറയാറുണ്ട്. അതു സത്യവുമാണ്. സ്‌കൂൾ പഠനകാലത്ത് ഒരുപാത്രത്തിൽ നിന്നു ഭക്ഷണം കഴിച്ചു തോളിൽ കൈയിട്ട് ഒരിക്കലും പിരിയില്ല നമ്മളെന്ന് ഓട്ടോഗ്രാഫുമെഴുതിയവരാണ് ഇന്നു കണ്ടാൽപോലും മിണ്ടാതെ പലപ്പോഴും മുന്നിലൂടെ കടന്നു പോകാറുള്ളത്. സോഷ്യൽമീഡിയ വന്നതുകൊണ്ടു മാത്രം പല സൗഹൃദങ്ങളും നശിച്ചു പോകാതെ നിലനിന്നു പോകുന്നു എന്നതു മറ്റൊരു സത്യം. ഞാൻ പറഞ്ഞു വരുന്നത് ഈ അജിത്ത് വി.വിയെക്കുറിച്ചാണ്.

പത്ത് കഴിഞ്ഞു എല്ലാവരും പലവഴിയെ പിരിഞ്ഞുപോയി. ചിലരെ വഴിയിൽ വച്ചുകാണും ചിരിക്കും സംസാരിക്കും. ചിലരെ പിന്നീടു കണ്ടിട്ടേയില്ല. വർഷങ്ങൾ കടന്നുപോയതോടെ. വിദേശത്തും സ്വദേശത്തുമായി പല ജോലികളിൽ എല്ലാരും പ്രവേശിച്ചു. വാട്‌സ്ആപ്പിന്റെ വരവോടെ കുറച്ചു പേരെ കണ്ടെത്തി. ആ കൂട്ടത്തിൽ അജിത്തും ഉണ്ടായിരുന്നു. ഇടയ്ക്കു ഞങ്ങൾ ചാറ്റ് ചെയ്യും. അവനും ഭാര്യയും എന്റെ ബ്ലോഗുകൾ സ്ഥിരമായി വായിക്കാറുണ്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ചുമ്മാ തള്ളിയതാകും ചിലപ്പോൾ.

ദുബായ് ഒരു ഫ്‌ളാഷ്ബാക്ക്
…………………………………………

ഒരാഴ്ച സന്ദർശനത്തിന് ദുബായിൽ എത്തിയതായിരുന്നു ഞാൻ. ഫേസ്ബുക്കിൽ ഫോട്ടോസ് പങ്കുവച്ചതുകൊണ്ട് ദുബായിൽ താമസമാക്കിയ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും എല്ലാം എന്നെ കോൺഡക്ട് ചെയ്തു. അപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത് കേരളത്തിലേക്കാളും കൂടുതൽ പരിചയക്കാർ ദുബായിലുണ്ടെന്ന്. ഒരു കല്ലെടുത്ത് എറിഞ്ഞാൽ അറിയാവുന്ന എതെങ്കിലും മലയാളിയുടെ തലയിൽ വീഴുമെന്നസ്ഥിതിയാണ്. ദുബായിലെ മൂന്നാമത്തെ ദിവസം. നേരം സന്ധ്യയായി തുടങ്ങുന്നു. എങ്ങോട്ടു പോകുമെന്ന് ഓർത്ത് റൂമിൽ ഇരിക്കുമ്പോഴാണ് ഒരു കോൾ വരുന്നത്. അളിയാ.. നീ എവിടെ…
ഞാൻ ഹോട്ടലിൽ ഉണ്ട്.. കട്ടപോസ്റ്റാണ്..
ഞാനും ഇവിടെ തന്നെയുണ്ട്. നീ ലോക്കേഷൻ വാട്‌സ്ആപ് ചെയ് അരമണിക്കൂറിനുള്ളിൽ എത്താം.

ഒരു കുളി പാസാക്കി ഹോട്ടലിനു പുറത്തിറങ്ങി വെറുതെ നടന്നു. ഒരു ടോയോട്ടോ കാർ ഹെഡ്‌ലൈറ്റ് മിന്നിക്കുന്നത് കണ്ടാണ് നോക്കുന്നത്. പത്താം ക്ലാസിൽ അവസാനമായി കണ്ടതാണ് പിന്നെ വർഷങ്ങൾക്ക് ശേഷം ദേ, ആ മുതൽ മുന്നിൽ നിൽക്കുന്നു. സാക്ഷാൽ അജിത്ത് വി.വി. പത്തു പതിനഞ്ച് വർഷം കഴിഞ്ഞെങ്കിലും അവന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല ആൾ പഴയ കാവടി തന്നെ. താടിയും മീശയും മുളച്ചുവെന്നത് ഒഴിച്ചാൽ രൂപത്തിനു പോലും മാറ്റമില്ല.

എന്താണ് അളിയാ അറബിനാട്ടിൽ പരിപാടി…
പറ്റുമെങ്കിൽ ഒരു അറബിച്ചിനെ ബാഗിലാക്കി കൊണ്ടുപോകണം അതിനു വന്നതാണ്..
ആ ബെസ്റ്റ്.. എന്നിട്ട് കിട്ടിയോ..
ഇല്ലാ.. നീ വേണം ഒരണ്ണത്തിനെ ഒപ്പിച്ച് തരാൻ..
ഫാ.. പുല്ലേ.. ഞാൻ എന്താ മാമയോ… വാ.. വണ്ടിയിൽ കയറ്, ഒരു കിടു സ്ഥലത്തു കൊണ്ടുപോകാം..

പിന്നെയങ്ങോട്ട് വിശേഷങ്ങൾ പറഞ്ഞുതീർക്കലായിരുന്നു. അപ്പോഴേക്കും കാർ ദുബായ് നഗരത്തെ രണ്ടുവട്ടം വലയം വച്ചു. രാത്രി ദുബായിയെ കുറച്ചുകൂടി സുന്ദരിയാക്കിയതായി തോന്നി. സ്വർണപ്രകാശത്തിൽ കുളിച്ചുകിടക്കുന്ന അംബരചുബികൾ.. ഒഴുകി നീങ്ങുന്ന വാഹനങ്ങൾ.. തിരക്കു പിടിച്ചു പായുന്ന മനുഷ്യർ.. നഗരംചുട്ടുപെള്ളുമ്പോഴും കാറിലെ എസി മനസ് തണുപ്പിച്ചുകൊണ്ടിരുന്നു.

subscribe