പഴകിയതും കാലഹരണപ്പെട്ടതുമായ ആശയങ്ങളുടെ പടം പൊഴിച്ച് സദാ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു അച്ഛൻ

ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മുദ്രാവാക്യങ്ങളും പാട്ടുകളും പാടി നടന്നതിന് അച്ഛൻ അറസ്റ്റിലാകുകയും ദേവികുളം സബ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുമ്പോൾ എനിക്ക് രണ്ടു വയസ്

അക്ഷരങ്ങളോടും വായനയോടും ബന്ധപ്പെട്ടതാണ് അച്ഛനെക്കുറിച്ചുള്ള ഓർമകൾ. നിരവധി പത്രങ്ങൾക്കും വാരികകൾക്കും അതിൽ നിന്നെല്ലാം വെട്ടിയെടുത്ത വാർത്താശകലങ്ങൾക്കും കുത്തിക്കുറിച്ച കടലാസുകൾക്കുമിടയിൽ കുനിഞ്ഞിരുന്നു വായിക്കുന്ന അച്ഛൻ

ആക്റ്റിവിസമാണ് അന്നും ഇന്നും അച്ഛന്റെ മേൽവിലാസം. സമൂഹത്തിലെ പുത്തൻ സ്പന്ദനങ്ങൾ തൊട്ടറിയാൻ അച്ഛന് അസാധാരണമായ കഴിവുണ്ട്

അച്ഛനെ കാത്തിരിക്കുന്ന നാലര വയസുകാരി. അധിക ദിവസവും അവളുടെ അച്ഛൻ വീട്ടിലുണ്ടാകാറില്ല. അവളുണരുന്നതിനു മുമ്പേ
വീടു വിട്ടുപോകുകയും ദിവസങ്ങൾക്കു ശേഷം അവളുറങ്ങിയതിനു ശേഷം മാത്രം തിരിച്ചു വരികയും ചെയ്യുന്നതു കൊണ്ട് അവൾക്ക് അച്ഛനെ
ശരിക്കും നഷ്ടപ്പെടുന്നുണ്ട്.

അത്തവണ കാത്തിരിപ്പു നീണ്ടുപോയി. അച്ഛൻ ഏഴിമലയിൽ പോയിരിക്കുകയാണെന്ന് അമ്മ അവളോടു പറഞ്ഞു. എല്ലാ ദിവസവും രാത്രിയിൽ കുഞ്ഞിക്കണ്ണുകൾ അടഞ്ഞുപോകുന്നതു വരെ അവൾ അച്ഛനെ കാത്തിരുന്നു. ഒരു ദിവസം നേരം പുലർന്നപ്പോൾ കുഞ്ഞിക്കണ്ണുകൾക്ക മുമ്പിൽ അതാ, ഒരു തൂക്കണാം കുരുവിക്കൂട്. ചകിരിനാരുകൾ കൊണ്ടു സൂക്ഷ്മമായി പിണച്ചുണ്ടാക്കിയ ആ കൂട് അവൾക്കു വേണ്ടി ഏഴിമലയിൽ നിന്നു കൊണ്ടു വന്നതാണെന്നും നാവിക അക്കാദമിക്കു വേണ്ടി സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതോടെ തൂക്കണാം കുരുവികൾക്ക് കൂടുകൾ നെയ്യാൻ വേറെ ഇടം തേടേണ്ടതുണ്ടെന്നും അച്ഛൻ അവളോടു പറഞ്ഞു. അത്രയും ചന്തമുള്ള കൂട് കണ്ടതോടെ അവളുടെ പിണക്കവും പരിഭവവും പോയിമറഞ്ഞു. തുടർച്ചയായ വീടുമാറ്റങ്ങളിൽ എവിടെയോ കൈമോശം വരും വരെ ആ കൂട് അവളുടെ കൂടെത്തന്നെയുണ്ടായിരുന്നു.

അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്റേതു മാത്രമായ ഓർമകളിൽ നിന്നല്ല ആരംഭിക്കുന്നത്, മറ്റു പലരുടെയും ഓർമകളുമായി അവ ഇഴചേർന്നു കിടക്കുന്നു. ഇടുക്കിയിലെ രാജാക്കാട്ടിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മുദ്രാവാക്യങ്ങളും പാട്ടുകളും പാടി നടന്നതിന് അച്ഛൻ അറസ്റ്റിലാകുകയും ദേവികുളം സബ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുമ്പോൾ എനിക്ക് രണ്ടു വയസ്. ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ആ കേസ് തുടർന്നു. അച്ഛനെതിരേ മറ്റൊരു കേസ് പാലായിലുമുണ്ട്. രാജാക്കാടിലെയും പാലായിലെയും പോലീസ് സ്റ്റേഷനുകളിൽ ആഴ്ചയിലൊരിക്കൽ ഒപ്പിടേണ്ടതുണ്ട്. അതിനായി ഞങ്ങൾക്ക് ഇടുക്കിയിൽ തങ്ങേണ്ടി വന്നു.

കാളിയാറിലാണ് ഞാനും അച്ഛനും അമ്മയും അക്കാലത്ത് താമസിച്ചത്. രാജാക്കാട്ടിലേക്കും പാലായിലേക്കുമുള്ള യാത്രക്കൂലി പോലും രണ്ടു വർഷം മുന്നേ സർക്കാർ സേവനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അച്ഛന്റെ കൈയിലില്ല. എങ്കിലും നിർബാധം തുടരുന്ന രാഷ്ട്രീയ/സാംസ്‌ക്കാരിക പ്രവർത്തനം. അതെല്ലാം കൊണ്ടു തന്നെ വീട്ടിൽ തികഞ്ഞ ദാരിദ്ര്യം. ഭരണകൂടത്തിനെതിരേ പ്രവർത്തിച്ചു എന്ന് ആരോപണവിധേയനായി ജോലിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഒരാളിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാൻ പോലും പേടിക്കുന്ന സമൂഹം. അറിയാത്ത നാട്ടിൽ, അറിയാത്ത നാട്ടുകാർക്കിടയിൽ നിരാലംബരായി ഒരമ്മയും കുഞ്ഞും. പ്രാരാബ്ധങ്ങൾക്കിടയിലും അച്ഛന്റെ സുഹൃത്തുക്കൾ വാങ്ങിത്തരുന്ന റേഷനരിയിൽ ഒതുങ്ങാത്ത വിശപ്പ് തൊട്ടടുത്ത പറമ്പിലെ ചാമ്പയ്ക്കയിലേക്ക് നീളാറുള്ളതിനെക്കുറിച്ച് പണ്ടെന്നോ അച്ഛൻ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികളുടെതു പോലുള്ള ബാല്യമായിരിക്കില്ല സിവിക് ചന്ദ്രന്റെ മകളെന്ന നിലയിൽ എന്റേതെന്ന് കാളിയാറിലെ ഒളിജീവിതം വ്യക്തമായി കോറിയിട്ടിരുന്നു…

അവിടന്നങ്ങോട്ട് തീക്ഷ്ണമായ അനുഭവങ്ങളുടെയും ഓർമകളുടെയും ചുഴികളും മലരികളും അതിശയങ്ങളും നിറഞ്ഞ ജീവിതം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ തീവ്രരാഷ്ട്രീയ പശ്ചാത്തലത്താലും ആക്റ്റിവിസ്റ്റ് ജീവിതത്തിന്റെ അനിവാര്യതകളാലും ഒരിടത്തും വേരുറക്കാതെ, റഷ്യൻ കഥകളിലെ ദുർമന്ത്രവാദിനി ബാബയാഗയുടെതു പോലുള്ള കോഴിക്കാലുകളിൽ തിരിയുന്ന കുടിലുകളിൽ നിന്ന് കുടിലുകളിലേക്കുള്ള ദേശാടനം. ഓർമകളാൽ സമ്പന്നവും വിചിത്രവും അതേ സമയം തികച്ചും നിരാലംബവുമായ ജീവിതം.

‘എ കോൺസ്റ്റബിൾ കോൾസ് ‘ എന്ന ഷീമസ് ഹീനി കവിതയിൽ ഞങ്ങളുടെ അക്കാലത്തെ ജീവിതമുണ്ട്. അയർലൻഡിലെ ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു കർഷക കുടുംബത്തിൽ വിവരങ്ങൾ തിരക്കാൻ വരുന്ന പൊലീസുകാരനും അയാളുടെ സൈക്കിളും അവിടത്തെ ബാലന്റെ ഭാവനയിൽ ഭരണകൂട ഭീകരതയുടെയും ഭീതിയുടെയും പ്രതീകങ്ങളായി മാറുന്നു. ‘അച്ഛനെ കാണാൻ ചങ്ങാതിമാർ ഇപ്പോഴും വരാറുണ്ടോ’ എന്ന പതിവ് വ്യാജ കുശലങ്ങളോടെ അയൽക്കാരുടെ വേഷം കെട്ടിയ പൊലീസുകാർ വീട്ടിൽ നിരന്തരം കയറിയിറങ്ങി.

ചുവപ്പിൽ നിന്നു പതിയെ പച്ചയിലേക്കു കൂടെ നടന്നു കയറുന്ന അച്ഛനാണ് എന്റെ കുട്ടിക്കാല ഓർമകളിലുള്ള ഒരാൾ. ജാലകപ്പടിമേൽ കൂടു കൂട്ടിയ വേട്ടാളനെക്കുറിച്ച്, പരിസ്ഥിതിവാദത്തിന്റെയും ഏകലോക ദർശനത്തിന്റെയും ഹരിതജാലകം തുറന്നിട്ട ജോൺസി ജേക്കബിന് കത്തെഴുതാൻ രണ്ടാം ക്ലാസുകാരിയെ പ്രോത്സാഹിപ്പിക്കുന്ന അച്ഛൻ. എൺപതുകളുടെ രണ്ടാം പകുതിയിൽ കേരളത്തിലുയർന്നു വന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സാംസ്‌ക്കാരിക ആക്റ്റിവിസത്തിന്റെയും കേന്ദ്രമായിരുന്നു അന്നു ഞങ്ങൾ താമസിച്ചിരുന്ന തൃശൂർ ജില്ലയിലെ മേലൂരിലെയും കൊരട്ടിയിലെയും പാടുക്കാട്ടെയും ഒളരിക്കരയിലെയും നടത്തറയിലെയും എരവിമംഗലത്തേയും വാടക വീടുകൾ. സാംസ്‌ക്കാരിക കൂട്ടായ്മകൾ സംഘടിപ്പിച്ച ചലച്ചിത്രമേളകളിലൂടെ ചാർലി ചാപ്ലിന്റെ ‘ഗ്രേറ്റ് ഡിക്‌റ്റേറ്റർ’ അടക്കമുള്ള ലോക ചലച്ചിത്രങ്ങൾ പരിചയപ്പെടുത്തിയതും അച്ഛൻ തന്നെ. ‘മോഡേൺ ടൈംസ് ‘ പോലുള്ള ചലച്ചിത്രങ്ങൾ കണ്ട് ചാപ്ലിന്റെ ഇഷ്ടക്കാരിയായി മാറിയ രണ്ടു വയസുകാരി ഹരിത ചാപ്ലിൻ രാത്രി വീട്ടിലേക്കു വരുന്നതും നോക്കിയിരിപ്പായി. ‘മോൾ ഉറങ്ങിക്കിടന്നപ്പോൾ. ചാപ്ലിൻ വന്നു പോയല്ലോ’യെന്ന് പിറ്റേന്ന് അവളെ ചെറുചിരിയോടെ ആശ്വസിപ്പിക്കുന്ന
അച്ഛനും ഓർമകളിലുണ്ട്.

subscribe