മലയാള സിനിമയെ ലോകസിനിമയിൽ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് ഹരികുമാർ

എം.ടി, ലോഹിതദാസ്, ശ്രീനിവാസനടക്കം പ്രതിഭാധനരായ എഴുത്തുകാരുടെ രചനകൾക്കു ദൃശ്യഭാഷ്യമൊരുക്കി ഹരികുമാർ

എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന നോവൽ ഹരികുമാർ ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമയ്ക്ക് മറ്റൊരു അമൂല്യനിധിയായി മാറും

1981-ൽ ശുഭ്ര നിറമാർന്ന ആമ്പൽപ്പൂവിന്റെ പേരിൽ, അതേ പരിശുദ്ധിയോടെ ഒരു ചലച്ചിത്രവുമായി മലയാള ചലച്ചിത്ര ലോകത്തെ സംവിധായകന്റെ മേലങ്കിയണിഞ്ഞ കലാകാരനാണ് ഹരികുമാർ. പതിനേഴ് സിനിമകളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അതിന്റെ നന്മയും വിശുദ്ധിയും. തെരഞ്ഞെടുക്കുന്ന പ്രമേയം മുതൽ ചിത്രീകരിക്കുന്ന ശൈലിയിലും അവതരണത്തിലും അതു തെളിഞ്ഞു കാണാം. സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും സ്വന്തം കഥ തന്നെയായിരുന്നു എന്നതു ശ്രദ്ധേയമായ കാര്യമാണ്. അതിൽതന്നെ നല്ലൊരു ഭാഗത്തിനു തിരക്കഥയും ചിലതിനു സംഭാഷണവും എഴുതി. എല്ലാം മലയാളി നെഞ്ചേറ്റിയ, മനസിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങൾ.

വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മലയാളത്തിന്റെ സാന്നിധ്യമായി ഹരികുമാർ സാറിന്റെ സിനിമകൾ. ഒരു തവണ ദേശീയ അവാർഡ്, ആറ് സംസ്ഥാന അവാർഡുകൾ, പത്ത് തവണ ക്രിട്ടിക്‌സ് അവാർഡ്, ഫിലിം ഫെയർ അവാർഡ്, രാമു കാര്യാട്ട് അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്, പതിനഞ്ചോളം പ്രാദേശിക അവാർഡുകൾ, അങ്ങനെ എത്രയെത്ര പുരസ്‌കാരങ്ങൾ… സുകൃതം എന്ന ഒറ്റ ചിത്രം മാത്രം സ്വന്തമാക്കിയത് നാൽപ്പത്തി രണ്ട് അവാർഡുകൾ.

എം.ടിയും ലോഹിതദാസും ശ്രീനിവാസനും അടക്കമുള്ള പ്രതിഭാധനരായ എഴുത്തുകാരുടെ രചനകൾക്കു സമർത്ഥമായി ദൃശ്യഭാഷ്യമൊരുക്കി മുക്തകണ്ഠ പ്രശംസ നേടിയൊരാൾ. പുരസ്‌കാരങ്ങൾ വാങ്ങുക മാത്രമല്ല, 1996-ലും 2008-ലും 2010-ലും ദേശീയ അവാർഡ് നിർണയത്തിൽ ജൂറിയായി സ്ഥാനം നൽകി രാജ്യത്തിന്റെ അംഗീകാരം. രണ്ടു തവണ സംസ്ഥാന അവാർഡ് നിർണയ കമ്മറ്റിയിൽ അംഗം. സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ ജൂറിയിൽ രണ്ട് തവണ ചെയർമാൻ സ്ഥാനം. 2006 മുതൽ 2011 വരെ കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡ് അംഗം. ഇതോടൊപ്പം രണ്ട് തവണ മാക്ട ചെയർമാൻ പദവി. നിലവിൽ ഇന്ന് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മുൻ രാഷ്ട്രപതി ശ്രീ. കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവി.

ഇത്രയൊക്കെ ഉന്നതങ്ങളിൽ നിൽക്കുന്ന ബഹുമുഖ പ്രതിഭയ്‌ക്കൊപ്പം ഒന്നിച്ചൊരു ചലച്ചിത്രത്തിൽ പ്രവൃത്തിക്കാൻ കഴിയുന്നതു തന്നെ ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ചു സ്വപ്നനേട്ടം. അങ്ങനെ നോക്കുമ്പോൾ നാല് സിനിമകളിലും മൂന്ന് ഡോക്യുമെന്ററികളിലും ഒന്നിച്ചു പ്രവൃത്തിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാനാണ്. മാക്ട സംഘടനയുടെ മീറ്റിങ്ങുകളിൽ ഇടയ്ക്കിടെ ഞാൻ കാണാറുണ്ടായിരുന്ന മുഖം. ഓരോ തവണ കാണുമ്പോഴും, ഇന്നും അന്നും മനസിൽ സൂക്ഷിക്കുന്ന ബഹുമാനത്തോടെ ഞാൻ നോക്കുമ്പോൾ ഊഴവും സുകൃതവും ഉദ്യാനപാലകനും ഉൾപ്പെടെയുള്ള സിനിമകൾ തിരശീലയിലെന്ന പോലെ ചിന്തയിൽ മിന്നിമറയും. സിനിമാ മോഹം ഉള്ളിലൊതുക്കി നടന്ന നാളുകളിൽ ഒരു വട്ടം കണ്ടിട്ടും മതിവരാതെ, വീണ്ടും സുകൃതം കാണാൻ തിയറ്ററിൽ ആർത്തിരമ്പിയ ജനാവലിക്കിടയിൽ ക്യൂ നിന്നത്.

subscribe