ഉണ്ട, ആനന്ദം, ഡാഡികൂൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് റോണി ഡേവിഡ്


കുരുക്ഷേത്രയുടെ ഓഡിഷനിൽ മൂന്നൂറോളം പേരാണ് പങ്കെടുത്തത്. എനിക്കും അവസരം ലഭിച്ചു. കാർഗിലിലായിരുന്നു ചിത്രീകരണം

സ്‌കിറ്റ്, മൈം, പദ്യപാരായണം, മോണോ ആക്ട്, ഫാൻസി ഡ്രസ് തുടങ്ങി വിവിധ കലാപരിപാടികളുമായി പ്രീഡിഗ്രി പഠനകാലം സജീവമായിരുന്നു

തമിഴ്‌നാട്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ശമ്പളം വളരെ കുറവാണ്. താമസത്തിനുള്ള വാടകയും ഭക്ഷണത്തിനുള്ള ചെലവും കഴിയുമ്പോൾ പിന്നെ അധികമൊന്നും കൈയിലുണ്ടാകില്ല

ടൊവിനോ നായകനായ ഫൊറൻസിക്കിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഡാനോ മാമ്മനാണ്. റോണി ഡേവിഡാണ് ഡാനോ മാമ്മനായി അഭിനയിച്ചത്. ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ സാറാണ് ഡോക്ടർ കൂടിയായ റോണി ഡേവിഡിന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം. ഇപ്പോൾ റോണിക്ക് കൈനിറയെ കഥാപാത്രങ്ങളാണ്. ഹെലനിലെ ജയശങ്കർ ഏറെ ശ്രദ്ധേയമായ വേഷമാണ്. റോണിയുടെ വിശേഷങ്ങൾ.

  • പഠനകാലം

സ്‌കൂൾ പഠനകാലത്തുതന്നെ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. തിരുവനന്തപുരം എം.ജി കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. അന്ന് സംസ്‌കൃത കോളേജിൽ വിദ്യാർത്ഥിയായ സന്തോഷ് സൗപർണികയും എം.ജിയിൽ എന്റെ സീനിയറായ വേണുച്ചേട്ടനുമാണ് എന്നെ നാടകവുമായി കൂടുതൽ അടുപ്പിച്ചത്. സന്തോഷേട്ടൻ അന്നേ അമച്വർ നാടകങ്ങൾ ചെയ്യുന്നുണ്ട്. സന്തോഷേട്ടനെ കണ്ട് നാടകത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞു. പ്രീഡിഗ്രി ആദ്യ വർഷം സീനിയേഴ്‌സിനൊപ്പം നാടകം ചെയ്തിരുന്നു. പ്രൊഫ. ജി.ശങ്കരപ്പിള്ള സാറിന്റെ നാടകങ്ങളായ ഉമ്മാക്കിയും പൗലോസ് എന്ന വെറും പൗലോസും ഡോ. കെ. അയ്യപ്പപ്പണിക്കർ സാറിന്റെ സ്‌കിറ്റുകൾ, മൈം, പദ്യപാരായണം, മോണോ ആക്ട്, ഫാൻസി ഡ്രസ് തുടങ്ങി വിവിധ കലാപരിപാടികളുമായി പ്രീഡിഗ്രി പഠനകാലം സജീവമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ഫാൻസി ഡ്രസിലും മോണോ ആക്ടിലും ഞാൻ വിന്നറായി. മാത്രമല്ല, ഡ്രാമ ഫെസ്റ്റിവലിൽ ഞങ്ങളുടെ നാടകത്തിനു മൂന്നാം സ്ഥാനവും കിട്ടി. കേന്ദ്ര കഥാപാത്രം, ഉമ്മാക്കിയെ അവതരിപ്പിച്ചത് ഞാനാണ്. നടൻ എന്ന നിലയിലുള്ള രൂപപ്പെടലിനെപ്പറ്റി വ്യക്തമായ ധാരണ അന്നുണ്ടായിരുന്നു. എം.ജി കോളേജിൽ ഉമ്മാക്കി ഒന്നാം സ്ഥാനത്തെത്തി. ബെസ്റ്റ് ഡയറക്ടർ സന്തോഷേട്ടനായിരുന്നു. ബെസ്റ്റ് ആക്ടർ ഞാനും. വ്യത്യസ്ത വേഷങ്ങൾ ചെയ്യണം, ജീവിതമാർഗമായി അഭിനയം തെരഞ്ഞെടുക്കണം എന്നൊക്കെയുള്ള ചിന്ത അന്നു തന്നെ രൂപപ്പെട്ടിരുന്നു.

  • മെഡിസിൻ പഠനം

സയൻസിനു നല്ല മാർക്ക് എനിക്കുണ്ടായിരുന്നു. നാടകവുമായി നടന്നാൽ പഠനത്തിൽ ഞാൻ ഉഴപ്പുമോ എന്ന പേടിയായിരുന്നു അച്ഛന്. അഭിനയത്തിൽ വിജയിക്കുമോ എന്ന ആശങ്കയും അച്ഛന് ഉണ്ടായിരുന്നു. അന്ന് ഇത്രയും അവസരങ്ങളില്ല. എക്‌സ്‌പോഷറിനുള്ള പ്ലാറ്റ്‌ഫോമുകളും വളരെ കുറവാണ്.
പ്രീഡിഗ്രി കഴിഞ്ഞ് സേലം, വിനായകാ മിഷൻ മെഡിക്കൽ കോളേജിൽ മെഡിസിനു ചേർന്നു. മെഡിസിൻ പഠനം കഴിഞ്ഞ് ചെന്നൈയിൽ രണ്ടര വർഷത്തോളം പ്രാക്ടീസ് ചെയ്തു.

  • ചെന്നൈ ജീവിതം

രാത്രിയിൽ ജോലിയും പകൽ ഓഡിഷനും. അതായിരുന്നു അക്കാലത്തെ ജീവിതം. അതിനിടയിൽ സിനിമാറ്റിക് ഡാൻസ് പ്രാക്ടീസും ഉണ്ടായിരുന്നു. എന്നാൽ, തമിഴ് സിനിമയിൽ, ഇവിടുത്തെപ്പോലെ അഭിനയത്തിനു പ്രാധാന്യമുള്ള കൾച്ചർ അല്ല. പഠിച്ചത് തമിഴ്‌നാട്ടിൽ, ആദ്യമായി ജോലിയിൽ പ്രവേശിച്ചതും അവിടെയാണ്. മാത്രമല്ല, ഞാൻ തമിഴ് നന്നായി സംസാരിക്കും. അതുകൊണ്ടാണ് തമിഴ് സിനിമകളിൽ അഭിനയിക്കാനുള്ള ശ്രമം നടത്തിയത്.

subscribe