കർമത്തിന്റെയോ സ്ഥാനത്തിന്റെയോ വലിപ്പചെറുപ്പമല്ല, ഏറ്റേടുത്ത കാര്യങ്ങളിൽ നിന്നു പിൻതിരിയാതെ സന്തോഷത്തോടെ മുന്നേറുമ്പോഴാണു കാലം വിജയപീഠമൊരുക്കുന്നത്

ഒറ്റയ്ക്കു പോകാനുള്ള മടിയോ, ഭയമോ മൂലമായിരിക്കാം എനിക്ക് ബനാറസിന്റെ ലോക്കേഷനിൽ പോകാൻ കഴിഞ്ഞില്ല. അങ്ങനെ കാശി കാണാനും അനുഭവിക്കാനും സാധിച്ചില്ല

സ്വപ്നത്തിൽ പോലും വിചാരിക്കാതെ യാദൃശ്ചികമായി എത്തിയതാണെങ്കിലും മലയാള സിനിമയിൽ പി.ആർ.ഒ ആയി ഉറച്ചു നിൽക്കാൻ തീരുമാനിച്ചത് ബോധപൂർവമാണ്. ഫ്രീലാൻസ് ജേർണലിസ്റ്റായും ഓഡിയോ കാസ്റ്ററ്റ് പി.ആ.ർ.ഒയായും കഴിഞ്ഞിരുന്ന ഞാൻ, തുടക്ക ചിത്രങ്ങളായ ആറ്റുവേല, പഞ്ചലോഹം, ദാദാ സാഹിബ്ബ്, ഹരിഹരൻ പിള്ള ഹാപ്പിയാണ് തുടങ്ങിയ ചിത്രങ്ങൾ കഴിഞ്ഞാണ് ആ തീരുമാനമെടുത്തത്.
ജീവിതാനുഭവങ്ങളാൽ രൂപീകൃതമായ സങ്കൽപ്പ മോഹങ്ങളുടെ വർണച്ചിറകുകൾ കൂട്ടികെട്ടി മനസിന്റെ അകത്തളത്തിൽ നനവാർന്ന ഓരത്ത് ഒതുക്കിവച്ചാണ് ഒരു മുൻവിധിയുമില്ലാതെ അന്ന് ആ തീരുമാനം എടുത്തത്.

അപ്പോഴേക്കും സിനിമയിലെത്തിട്ട് മൂന്നു നാലു കൊല്ലം കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ പുറംപോക്കിൽ കഴിയുന്ന പി.ആർ.ഒയ്ക്ക് ക്രിയാത്മകമായും സാമ്പത്തികമായും മറ്റും ഒരിക്കലും ഒരു ഉയർച്ചയുണ്ടാവില്ലെന്നും മറ്റു സൈഡ് ബിസിനസ് താത്പര്യമില്ലാത്തതിനാൽ ആ ചട്ടകൂടിൽ തന്നെ ഒതുങ്ങി കൂടി ജീവിതം അവസാനിക്കുമെന്നും ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് എന്റെ സഹപാഠികളും ആത്മസുഹൃത്തും എന്തിനാ ഈ പണിക്ക് പോകുന്നതെന്ന് അന്നു ചോദിച്ചത്.

അതൊരു നിയോഗമായിരുന്നു. മോഹങ്ങളെല്ലാം ഹോമിച്ച് ഗുരു കൃപയാൽ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് പ്രതിഫലമിച്ഛിക്കാതെ ഒരു പരാതിയുമില്ലാതെ സ്വകർമനിരതനായപ്പോൾ കാലം എന്റെ മുന്നിൽ സ്വപ്നങ്ങൾ വിരിയിച്ചു. പി.ആർ.ഒ എന്ന നിലയിൽ മലയാള സിനിമയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സാധ്യമാവാത്ത മുഹൂർത്തങ്ങൾക്കും സൗഭാഗ്യങ്ങൾക്കും എനിക്കു സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ചു. ഇതാ ഏറ്റവും ഒടുവിൽ, ബംഗളൂരു ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവെലിൽ ”ബിരിയാണി” എന്ന ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബുവിനോടൊപ്പം വേദിയിൽ വച്ച് ആ ചിത്രത്തിന്റെ പി. ആർ.ഒ എന്ന നിലയിൽ ഫെസ്റ്റിവെൽ ആർട്ടിസ്റ്റിക് ഡയറക്ടർ വിദ്യാ ശങ്കർ എനിക്കു ഉപഹാരം നൽകിയപ്പോൾ ഞാൻ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടിമുടിയിലെ ആനന്ദക്കാറ്റിൽ ആറാടുകയായിരുന്നു. ഇതിന് എന്നെ യോഗ്യനാക്കിയ സംവിധായകൻ സജിൻ ബാബുവിനും എന്നെ ഓർമിപ്പിച്ച് ഫിലിം ഫെസ്റ്റിവെലിൽ കൂട്ടി കൊണ്ടു പോയ സുഹൃത്തുക്കളായ ജോൺസനും രമേശിനും എന്റെ നന്ദി.

കർമത്തിന്റെയോ സ്ഥാനത്തിന്റെയോ വലിപ്പചെറുപ്പമല്ല, ഏറ്റേടുത്ത കാര്യങ്ങളിൽ നിന്നു പിൻതിരിയാതെ സന്തോഷത്തോടെ മുന്നേറുമ്പോഴാണു കാലം വിജയപീഠമൊരുക്കുന്നത്. പറയാനെളുപ്പമാണ്, പ്രവൃത്തിക്കാനാണ് പ്രയാസം.

subscribe