മലയാളികളുടെ മനസിലെ നായികാസങ്കൽപ്പത്തിന്റെ പൂർണതയാണ് മഞ്ജു വാര്യർ. കഥാപാത്രങ്ങളായി പകർന്നാടുമ്പോൾ അഭ്രപാളിയിൽ അന്നോളം കണ്ട സ്ത്രീസങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്നു ആ അഭിനേത്രി. നൃത്തത്തിലും അഭിനയത്തിലും തന്റെ കയ്യൊപ്പു പതിപ്പിച്ച മഞ്ജു വാര്യരുടെ വിശേഷങ്ങൾ.

  • കഥാപാത്രങ്ങളുടെ കാര്യത്തിൽ സെലക്ടീവ്

ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ കഥാപാത്രങ്ങൾക്കു മാത്രമേ പ്രാധാന്യം ലഭിക്കാവൂ എന്ന രീതിയിലുള്ള നിബന്ധനകളൊന്നും ഇന്നേവരെ വച്ചുപുലർത്തിയിട്ടില്ല. അങ്ങനെയുള്ള കഥാപാത്രങ്ങളെ അന്വേഷിച്ചു പോയിട്ടുമില്ല. എന്നാൽ, അത്തരം കഥാപാത്രങ്ങൾ എന്നെ തേടിയെത്തിയതു യാദൃശ്ചികമായിട്ടാണ്. അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് അത്തരം കഥകൾ എഴുതിയവരോടും സംവിധായകരോടുമാണ്.
അഭിനയിക്കുന്ന സിനിമകൾ എല്ലാം നല്ലതായിരിക്കണം എന്നത് എന്റെ ആഗ്രഹമാണ്. അതേസമയം, ഞാൻ ഭാഗമാകുന്ന സിനിമകൾ മോശമായാൽ അതിൽ പ്രയാസപ്പെടുന്നതും ഞാൻ തന്നെയാണ്. ഞാൻ ജീവൻ പകർന്നിട്ടുള്ള കഥാപാത്രങ്ങൾ ഉൾക്കൊണ്ട ചെറുതും വലുതുമായ സിനിമകൾ വിജയിക്കുന്നതു മുൻജന്മസുകൃതമാകാം. ഒരുപാടു കഥകൾ എനിക്കു മുമ്പിൽ വരുന്നുണ്ടെങ്കിലും മനസിനു തൃപ്തി നൽകുന്നതു മാത്രമേ ഞാൻ ഇക്കാലം വരെ തെരഞ്ഞെടുത്തിട്ടുള്ളൂ. തുടർന്നും അങ്ങനെയൊക്കെ ആകണമെന്നാണ് എന്റെ ആഗ്രഹവും.

  • കഥാപാത്രങ്ങളും തയാറെടുപ്പുകളും

പൂർണമായും ഞാൻ സംവിധായകന്റൈ നടിയാണ്. സംവിധായകൻ പറയുന്നത് എന്താണോ, അതു ശ്രദ്ധിച്ചു കേട്ട്, അതിനുവേണ്ട പാകപ്പെടത്തലുകൾ മനസിൽ നടത്തും. എല്ലാ നടീനടന്മാരും അങ്ങനെയൊക്കെ ചെയ്യുന്നവരാണ്. എങ്കിൽ മാത്രമേ കഥാപാത്രവും സിനിമയും നന്നാകൂ. എന്നാൽ, കഥാപാത്രങ്ങൾക്കും കൃത്രിമമായ തയാറെടുപ്പുകളൊന്നും നടത്താറില്ല. അത്തരം മാനറിസങ്ങളൊക്കെ പഠിച്ചു ചെയ്യുന്നവരെക്കുറിച്ചു ധാരാളമായി കേട്ടിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ഞാനിതു വരെ ചെയ്തിട്ടില്ല. ഇനി ചെയ്യാനും ആഗ്രഹമില്ല. ചെയ്താൽ ശരിയാകില്ല അല്ലെങ്കിൽ കൈയിലൊതുങ്ങില്ല എന്നുതോന്നുന്ന കഥാപാത്രങ്ങൾ എന്നെത്തേടി എത്തിയപ്പോൾ ഞാനതു വേണ്ടെന്നു വച്ചിട്ടുമുണ്ട്. ഇങ്ങനെയൊക്കെയാണ് എന്റെ രീതികൾ.

  • ഇംപ്രൂവ്‌മെന്റ് ആഗ്രഹിക്കാറുണ്ട്

ഇംപ്രവൈസേഷൻ ആണ് കഥാപാത്രങ്ങളുടെ വിജയം. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ കഥാപത്രം മനസിലേക്കെത്തും. അല്ലെങ്കിൽ ആ കഥാപാത്രമായി മാറാൻ കഴിയും. ചെയ്തു കഴിയുമ്പോൾ തോന്നും കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന്. സത്യം പറഞ്ഞാൽ, തുടക്കം മുതൽ ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇംപ്രൂവ് ചെയ്യണമെന്നു തോന്നിയിട്ടുണ്ട്. ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം കണ്ടു വിലയിരുത്താൻ എപ്പോഴും കഴിയണമെന്നില്ല. സമയക്കുറവും ഷൂട്ടിങ് തിരക്കുകളെല്ലാം അതിനു കാരണമാകുന്നു. ലോഹിസാർ (ലോഹിതദാസ്) സ്‌ക്രിപ്റ്റ് എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം, സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച തൂവൽകൊട്ടാരം, ലോഹിസാർ തന്നെ രചനയും സംവിധാനവും നിർവഹിച്ച കന്മദം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഇപ്പോഴും എന്നെ അലട്ടാറുണ്ട്. അതെല്ലാം എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്. അഭിനേത്രി എന്ന നിലയിൽ വലിയ അനുഭവങ്ങളാണ് ആ സിനിമകൾ എനിക്കു നൽകിയത്.

subscribe