ഹാസ്യം ഗൗരവതരമായി അവതരിപ്പിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ജി. കുമാരപിള്ളയുടെ ‘മാതൃകാമനുഷ്യൻ’ എന്ന നാടകം. ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന പേരിൽ ഈ നാടകം ഞാൻ ചലച്ചിത്രമാക്കി. ജീവിതത്തിൽ അനാവശ്യമായ ചില ചിട്ടകൾ വയ്ക്കുകയും അതിനനുസരിച്ച് ഭാര്യയും കുടുംബാംഗങ്ങളും ജീവിക്കുകയും വേണമെന്നു ശഠിക്കുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ എന്റേത്.

‘വിക്‌ടോറിയ നമ്പർ 203’ എന്ന പേരിൽ ഹിന്ദിയിലും ‘വൈരം’ എന്ന പേരിൽ തമിഴിലും പ്രദർശനത്തിനെത്തിയ സിനിമ മലയാളത്തിൽ ബേബി ‘സംരംഭം’ എന്ന പേരിൽ അവതരിപ്പിച്ചു. ഹിന്ദിയിൽ അശോക് കുമാറും തമിഴിൽ അശോകനും അവതരിപ്പിച്ച കഥാപാത്രത്തിന് മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് എനിക്കായിരുന്നു. വാർധക്യത്തിന്റെ പടിമുറ്റത്തു എത്തിനിൽക്കുന്ന അവിവാഹിതനും മദ്യപാനിയുമായ ഒരു കള്ളന്റെ വേഷമായിരുന്നു എനിക്കതിൽ. ‘ഐ ആം എ ബാച്ചിലർ, ചില ആലോചനകളൊക്കെ വരുന്നുണ്ട്’ എന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തുന്ന ഈ കഥാപാത്രം ശുദ്ധമായ ഹാസ്യത്തിന്റെ നറുനിലാവാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രം പുറത്തിറങ്ങി ആദ്യവാരം പിന്നിടുമ്പോൾ ‘എന്റെ അഭിനയത്തിലെ വ്യത്യസ്തത കാണാൻ’ ഈ ചിത്രം കാണുക എന്നതായി മാറി ഈ ചിത്രത്തിന്റെ പരസ്യവാചകം പോലും.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വൈകിവന്ന വസന്ത’ത്തിൽ ഒരു വിഭാര്യന്റെ വേഷമായിരുന്നു എന്റെത്. ശ്രീവിദ്യക്കായിരുന്നു ടീച്ചറുടെ വേഷം. കൂടെക്കൂടെ ഒരു ചെറിയ ചിരിയോടെ ‘എന്താ അതല്ലേ അതിന്റെ ഒരു ശരി’ എന്നു പറയുന്ന ഈ കഥാപാത്രം എന്റെ അക്കാലത്തു ലഭിച്ചുവന്നിരുന്ന വേഷങ്ങളിൽ നിന്നു തികച്ചും ഭിന്നമായിരുന്നു. യുവത്വം തോന്നിപ്പിക്കാൻ ‘ഡൈ’ ആശ്രയിക്കുന്നതും വണ്ണം കുറയ്ക്കാൻ വ്യായാമം നടത്തി ടീച്ചറുടെ മുമ്പിൽ മിടുക്കനാകാൻ ശ്രമിക്കുന്നതുമായ രംഗങ്ങളിലൂടെ കോമാളിത്തമില്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാനാകുമെന്നു എനിക്കു ബോധ്യപ്പെട്ടു.

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘ആരോരുമറിയാതെ’ എന്ന ചിത്രത്തിൽ ഒരു റിട്ട. പ്രൊഫസറുടെ വേഷത്തിലായിരുന്നു ഞാൻ അഭിനയിച്ചത്. സുഹൃത്തുക്കളോടൊപ്പം നടത്തിയ യാത്രയിൽ തോന്നിയ ഒരു ചെറിയ കുസൃതി വരുത്തിവയ്ക്കുന്ന പൊല്ലാപ്പുകളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഭരത് ഗോപി, കരമന ജനാർദ്ദനൻ നായർ, നെടുമുടി വേണു തുടങ്ങിയവരോടൊപ്പം പ്രേക്ഷകരുടെ കൈയടി നേടിയെടുക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല സ്വതവേ ഗൗരവക്കാരനായ ഈ കഥാപാത്രം സ്വന്തം കാർ ഡ്രൈവറുടെ മുമ്പിൽപോലും ഓച്ഛാനിച്ചുനിൽക്കുന്ന രംഗവും പഴയ ശിഷ്യനായ പോലീസുകാരന്റെ മുമ്പിൽ ചൂളിപ്പോകുന്നതുമായ രംഗവും തന്മയത്വമായി അവതരിപ്പിക്കാൻ സാധിച്ചു.

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ജീവിതം ഒരു ഗാനം’ എന്ന ചിത്രത്തിൽ ശുദ്ധഹൃദയനായ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമായിരുന്നു. ക്രിസ്തുവചനത്തിൽ വിശ്വസിച്ച് ജീവിക്കാൻ ശ്രമിക്കുന്ന സാധു. ആശ്വസിപ്പിക്കാൻ വേണ്ടി ത്രേസ്യാമ്മയോടു പറഞ്ഞ ഒരു വാചകത്തിന്റെ പേരിൽ അവരെ വിവാഹം കഴിക്കേണ്ടിവരുന്ന ഈ സാത്വികന്റെ വേഷത്തിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ കഴിഞ്ഞു. ‘മരച്ചീനി വിളയുന്ന മലയോരം’ എന്ന പാട്ടും പാടി ത്രേസ്യാമ്മയ്ക്കുചുറ്റും നടക്കുന്ന ഈ കഥാപാത്രമായി ഞാൻ എറേ ആഹ്ലാദിച്ചു. വിലസി രണ്ടാംപകുതിയിൽ ഗൗരവക്കാരനാകുന്ന ഈ കഥാപാത്രമെങ്കിലും ആദ്യപുകുതിയിലെ അഭിനയം പ്രേക്ഷകർക്കു മറക്കാനാകാത്ത അനുഭൂതിയാണു നൽകിയതെന്നു പലരും പറഞ്ഞു.

വിജി തമ്പി സംവിധാനം ചെയ്ത ‘സിംഹവാലൻ മേനോൻ’ എന്ന ചിത്രത്തിൽ പാരമ്പര്യവാദിയായ ഒരു ഗാന്ധിഭക്തനെയാണ് ഞാൻ അവതരപ്പിച്ചത്. ഇംഗ്ലീഷുകാരോടുള്ള രോഷം അവരെ നാടുകടത്തിയിട്ടും തീരാതെ ആ ഭാഷ പോലും സംസാരിക്കില്ലെന്ന ഉറപ്പ തീരുമാനവുമായി നടക്കുന്ന മേനോൻ പ്രേക്ഷകരെ ആദ്യന്തം ചിരിപ്പിക്കുന്ന കഥാപാത്രമായിരുന്നു. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും ഗാന്ധിസം പുലർത്തുന്ന കഥാപാത്രമായി മാറി. ആരെങ്കിലും ‘ഗുഡ് മോണിങ്’ പറയുമ്പോൾ എന്റെ കഥാപാത്രത്തിന്റെ മുഖത്തു വിടരുന്ന പുച്ഛവും തിരിച്ച് വന്ദനം പറഞ്ഞ് ജയിക്കുമ്പോഴുണ്ടാകുന്ന ഭാവവും വലിയോരനുഭവമായിരുന്നു. ഹിന്ദിയിൽ ഗോൾമാൽ എന്ന പേരിലും തമിഴിൽ ‘തില്ലുമുള്ള്’ എന്ന പേരിലും ഇറങ്ങിയ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഈ സിനിമ. എന്റെ മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിനു മേൽപ്പറഞ്ഞ രണ്ടു ചിത്രങ്ങളിലെ അതേ കഥാപാത്രങ്ങളെക്കാൾ പ്രാധാന്യം കൂടുതൽ ലഭിച്ചു. അതുകൊണ്ടാണല്ലോ അതു ടൈറ്റിൽ വേഷമായി മാറിയത്.

ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു ‘യുഗസന്ധ്യ’. ജി. വിവേകാനന്ദന്റെ ഇല കൊഴിഞ്ഞ മരം എന്ന നോവലായിരുന്നു ഇതിന്റെ മൂലകഥ. പക്ഷേ മൂലകഥയിൽനിന്നു വ്യത്യസ്തമായിരുന്നു ചിത്രത്തിന്റെ അവതരണം. നോവലിൽ മുഖ്യകഥാപാത്രമായ കുടുംബകാരണവർ ദുരന്തത്തിന് ഇരയാകുകയായിരുന്നുവെങ്കിൽ സിനിമയിൽ ഈ കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. ഗൗരവക്കാരനെങ്കിലും ആർദ്രഹൃദയനായിരുന്നു ഇതിലെ കാരണവർ. മക്കളുടെ ഇഷ്ടങ്ങളെ കണ്ണടച്ച് എതിർക്കുകയും പക്ഷേ അവർ പോലും അറിയാതെ അവരുടെ ഇഷ്ടങ്ങൾക്കു വേണ്ട ഒത്താശയും ചെയ്യുന്ന ഈ കഥാപാത്രം ചിത്രം കണ്ട ആരുടേയും മനസിൽനിന്നു വേഗത്തിൽ മായില്ല. മക്കളുടെയും ഭാര്യയുടെയും മുൻപിൽ കാമ്പില്ലാത്ത ദേഷ്യത്തിന്റെ മുഖം മൂടി അഴിഞ്ഞുവീണുന്നിടത്ത് അതു മറയ്ക്കാൻ വിഫലശ്രമം നടത്തുന്ന കാരണവരായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണവും.

subscribe