കൗമാരത്തിൽ സിനിമയിലെത്തി ചുരുക്കം നാളുകൾക്കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ചിപ്പി. കേരളം കടന്ന് കന്നഡയുടെയും നായികയായി ഈ സുന്ദരി. നായിക എന്നതിലുപരി കുഞ്ഞനുജത്തിയായി സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു നിർമാതാവ് രഞ്ജിത്തുമായുള്ള പ്രണയവും വിവാഹവും. പിന്നീട് ഇടവേള. കുടുംബിനിയായ ചിപ്പിയുടെ തിരക്കുകൾ. രഞ്ജിത്തിനൊപ്പം സന്തുഷ്ട കുടുംബ ജീവിതം. ചിപ്പിയുടെ വിശേഷങ്ങൾ.

  • ഇടവേള

ഇടവേള എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഞാൻ എവിടെയും പോയിട്ടില്ല. ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു സീരിയൽ ചെയ്തുകഴിഞ്ഞാൽ ഉടനെ മറ്റൊന്ന് കമ്മിറ്റ് ചെയ്യില്ല. അങ്ങനെ ചെയ്യുന്നവർ ഉണ്ടാകും. സീരിയലുകൾ എത്ര ചെയ്യുന്നുവെന്നല്ല. അഭിനയിക്കുന്നത് ഒരെണ്ണമായാൽപ്പോലും അതിന്റെ ഗുണമാണ് ഞാൻ നോക്കുന്നത്. പക്ഷേ, അങ്ങനെ ചെയ്താൽ കുടുംബകാര്യങ്ങൾ അവതാളത്തിലാകും. തിരുവനന്തപുരത്ത് ഷൂട്ടുള്ളതുകൊണ്ടാണ് ചില സീരിയലുകളിൽ അഭിനയിച്ചത്. എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ മനസിൽ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ എപ്പോഴും തങ്ങിനിൽക്കണം.

  • അമ്മയുടെ അഭിനയവും മകളും

മകൾ നല്ല സപ്പോർട്ടാണ്. ഇഷ്ടമില്ലാത്തതു കണ്ടാൽ അവൾ തുറന്നുപറയും. ‘കല്യാണസൗഗന്ധികം’, ‘ദേവരാഗം’ തുടങ്ങി ഞാനഭിനയിച്ച സിനിമകൾ കണ്ടിട്ട് അവൾ എന്നെ ഒരുപാട് കളിയാക്കി. എന്റെ വേഷം, മേക്കപ്പ് തുടങ്ങി എല്ലാകാര്യങ്ങളും പറഞ്ഞവൾ കളിയാക്കും. പക്ഷേ ഇപ്പോൾ അങ്ങനെയൊന്നും പറയാറില്ല. ഒരുപക്ഷേ സീരിയലിലെ എന്റെ കഥാപാത്രം അവളെ ഒരുപാടുമാറ്റി. അതുകൊണ്ടല്ലേ. എന്റെ കഥാപാത്രത്തിന്റെ മരണം അവൾക്കു സഹിക്കാൻ പറ്റാതെ പോയത്. എങ്കിലും ചില സീനുകൾ കാണുമ്പോൾ അഭിനയം കുറച്ചുകൂടി നന്നാക്കാമായിരുന്നു, ഫീലിങ് കുറഞ്ഞുപോയി എന്നൊക്കെ അവൾ കമന്റ് പറഞ്ഞിട്ടുണ്ട്.

  • അവന്തികയെ ബിഗ്‌സ്‌ക്രീനിൽ പ്രതീക്ഷിക്കാമോ

മോൾക്ക് ഇപ്പോൾ താത്പര്യമില്ല. അവൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നതല്ലേയുള്ളൂ. ആദ്യം പഠനം. അതിനു ശേഷം അവൾക്കു താത്പര്യമാണെങ്കിൽ സിനിമയിൽ വന്നോട്ടെ. കാരണം ഞങ്ങൾ രണ്ടുപേരും സിനിമയുമായി ബന്ധമുള്ളതുകൊണ്ട് മകളെ വിലക്കേണ്ട ആവശ്യമില്ലല്ലോ.

  • തിരിച്ചു വരവും സീരിയലും

എനിക്കു കുഞ്ഞുണ്ടായ ശേഷമാണ് സീരിയലിലേക്കു ക്ഷണമുണ്ടായത്. കഥ ഇഷ്ടപ്പെട്ടപ്പോൾ അഭിനയിച്ചു. പോരാത്തതിനു മിക്ക സീരിയലുകളുടെയും ഷൂട്ടിങ് തിരുവനന്തപുരത്താകും. ഞാൻ താമസിക്കുന്നതും തിരുവനന്തപുരത്താണ്. ആ സമയത്തൊക്കെ എന്തെങ്കിലും ആവശ്യം വന്നാൽ വീട്ടിലേക്കു പോകാം. ഇപ്പോൾ വീട്ടിൽ ഗസ്റ്റ് വന്നുവെന്നിരിക്കട്ടെ, എന്റെ ഷോട്ട് ആദ്യം തീർത്ത് എനിക്കു പോകാം. പക്ഷേ, സിനിമയെ സംബന്ധിച്ചിടത്തോളം ഇത്തരം എസ്‌ക്യുസുകൾ പറയാൻ പറ്റില്ല. പിന്നെ സീരിയലിൽ അഭിനയിച്ച് അതിന്റെ സുഖം പിടിച്ചപ്പോൾ ഞാനും സീരിയൽ മതിയെന്നുവച്ചു (ചിരിക്കുന്നു). പിന്നെ സിനിമയിൽ വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നല്ലോ. ചെറുപ്പം തൊട്ടേ എന്റെ മുഖത്തെ ചിലനേരത്തെ ഭാവങ്ങൾ കാണുമ്പോൾ നീ സിനിമാ നടിയാകുമെന്നു പറഞ്ഞു കളിയാക്കുമായിരുന്ന എന്റെ ഒരാന്റി കെ.പി.എ.സി. ലളിതാന്റിയുടെ സുഹൃത്താണ്. ഭരതൻ അങ്കിളിന്റെ ‘പാഥേയം’ എന്ന സിനിമയിൽ ഒരു പെൺകുട്ടിയെ ആവശ്യമുണ്ടെന്ന് ലളിതാന്റി പറഞ്ഞപ്പോൾ എനിക്കാണ് നറുക്കുവീണത്. എന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ പറഞ്ഞതനുസരിച്ച് ഫോട്ടോയും അയച്ചുകൊടുത്തു. അപ്പോഴും സിനിമയിൽ വരുമെന്ന പ്രതീക്ഷയൊന്നും എനിക്കുണ്ടായിരുന്നില്ല.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലേക്കൊരു ഫോൺകോൾ. ഫോണെടുത്തത് അമ്മയാണ്. മറുവശത്ത് ആൺസ്വരമാണ്. ‘നാളെ ഞങ്ങൾ ചിപ്പിയുടെ വീട്ടിൽ വരും, കുറച്ച് സീനുകൾ ഷൂട്ടു ചെയ്യണം.’കേട്ടപാതി അമ്മ പറഞ്ഞ മറുപടി; ‘ഇവിടെയാരും അഭിനയിക്കുന്നില്ല, നിങ്ങൾക്ക് നമ്പർ മാറിയതാകും.’ മറുവശത്ത് മൗനം. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടുമൊരു ഫോൺ. ഇത്തവണ വിളിച്ചത് ലളിതാന്റിയാണ്. ആന്റി പറഞ്ഞിട്ടാണ് അവർ വിളിച്ചത്. നാളെ റെഡിയായിരിക്കണമെന്ന് ആന്റി പറഞ്ഞു. പിറ്റേന്നു രാവിലെ പത്തുമണിയായപ്പോൾ ക്യാമറയുമായി അവരെത്തി. അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ അവർ പറഞ്ഞതനുസരിച്ച് ഞാൻ ചെയ്തു. ഇന്ന് അതിനെ സ്‌ക്രീൻ ടെസ്റ്റ് എന്നുവിളിക്കാം. കൊടൈക്കനാലിലായിരുന്നു ‘പാഥേയ’ത്തിന്റെ ഷൂട്ട്. ആദ്യത്തെ രണ്ടുമൂന്നു ദിവസം എനിക്ക് ഷൂട്ടുണ്ടായിരുന്നില്ലയെങ്കിലും എന്നും ലൊക്കേഷനിൽ പോകും. നിരന്തരമായ പോക്കുവരവിനിടയിൽ ലൊക്കേഷനിലുള്ള എല്ലാവരുമായി നല്ല കമ്പനിയായി. സത്യം പറഞ്ഞാൽ ഞാനഭിനയിച്ച ഓരോ സീനുകൾ കാണുമ്പോൾ എനിക്ക് തന്നെ അത്ഭുതമാണ്. അതായത്. ഒരു മുറിയിൽ നിന്നും മറ്റൊരു റൂമിലേക്കു വരാൻ പറയും. അപ്പോൾ ഞാനങ്ങനെ ചെയ്യും. അത് ഒരു സീനാണെന്ന് പിന്നെയാണു മനസിലായത്. അഭിനയിക്കുകയാണെന്ന് എനിക്കു തോന്നിയതേയില്ല. അദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നനിനു മുമ്പ് രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. അന്നു മുതൽ തുടർച്ചയായി അഭിനയിച്ചുകൊണ്ടിരുന്നു.1993 മുതൽ 2001 വരെ അഭിനയിച്ചു. ഇതിനിടയിലാണ് രഞ്ജിത്തേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും. പരിചയം പിന്നീടു പ്രണയത്തിലേക്കു വഴിമാറുന്നതും വിവാഹം കഴിക്കുന്നതും.

  • സിനിമാരംഗത്തെ മങ്ങലേൽക്കാത്ത ദാമ്പത്യം

എല്ലാവരുടെയും ജീവിതത്തിലുണ്ടാകുന്നതു പോലെ ഞങ്ങളുടെ ജീവിതത്തിലും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. ചെറിയ കാര്യങ്ങൾക്കുപോലും പൊട്ടിത്തെറിക്കുന്ന സ്വഭാവമാണ് എന്റേത്. ചിട്ടയായ ജീവിതശൈലിയാണ് രഞ്ജിത്തേട്ടന്റേത്. എന്റേതു നേരെ തിരിച്ചും. ഞങ്ങൾ തമ്മിലുള്ള വഴക്കു കേൾക്കുന്നവർ വിചാരിക്കുന്നത് അൽപ്പസമയത്തിനകം രണ്ടുപേരും അടിച്ചുപിരിയും എന്നാണ്. പക്ഷേ, ഞങ്ങൾക്കിടയിലെ വഴക്ക് താഴെ ഡൈനിങ് റൂമിൽ തീരും. ചില കാര്യങ്ങളിൽ ചേട്ടൻ സൈലന്റാകുമ്പോൾ ഞാൻ വയലന്റാകും. പാവം ഏട്ടൻ ഒന്നും മിണ്ടില്ല. ക്ഷമയാണ് ഏട്ടനിൽ ഞാനിഷ്ടപ്പെടുന്ന ഗുണം. പിന്നെ എന്ത് ടെൻഷൻ ഉണ്ടെങ്കിലും പുറത്തു കാട്ടില്ല. ചേട്ടൻ അത്യാവശ്യത്തിനു പുറത്തുപോകാൻ നിൽക്കുമ്പോഴാകും ആരെങ്കിലും കാണാൻ വരിക. തിരക്കുകൾ പറഞ്ഞു മടക്കി അയയ്ക്കില്ല. പകരം കാണാൻ വരുന്നവരുടെ ആവശ്യങ്ങളെല്ലാം ശ്രദ്ധയോടിരുന്നു കേൾക്കും. ഇതിനിടയിൽ ധാരാളം ഫോൺകോളുകൾ വരുമെങ്കിലും ഒന്നും അറ്റൻഡ് ചെയ്യില്ല. എനിക്കൊന്നും ഏട്ടനെപോലെ പെരുമാറാൻ സാധിക്കില്ല.

എല്ലാവരുടെയും വിഷമങ്ങൾ മനസിലാക്കാൻ അദ്ദേഹത്തിനു കഴിയും. ഉള്ളിൽ നിറയെ സ്‌നേഹമുണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാത്ത സ്വഭാവക്കാരനാണ് ഏട്ടൻ. പുറത്തുനിന്ന് ഫുഡ് കഴിക്കില്ല. പുറത്തുപോയിട്ട് വരുമ്പോൾ എനിക്കും മോൾക്കും ഫുഡ് പാഴ്‌സലായി വാങ്ങും. പക്ഷേ ഏട്ടൻ എത്ര മണി രാത്രിയായാലും വീട്ടിൽ വന്നേ ഭക്ഷണം കഴിക്കൂ. വിവാഹം കഴിഞ്ഞ സമയത്ത് പാചകം എനിക്കത്ര വശമില്ലായിരുന്നു. പിന്നെപ്പിന്നെ പാചകപുസ്തകങ്ങൾ നോക്കിയാണ് എല്ലാം ഉണ്ടാക്കാൻ പഠിച്ചത്. ഏട്ടൻ ഡൈനിങ് റൂമിൽ വരുമ്പോൾ തന്നെ ഞാനുണ്ടാക്കുന്ന കറിയേതാണെന്നു നേത്തെ പറയും. അപ്പോൾ പിന്നെ ഏട്ടനു കഴിക്കാതെ പറ്റില്ലല്ലോ? ഭാര്യ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ?. അഥവാ ഏട്ടനതു കഴിച്ചു നല്ലതാണെന്നു പറഞ്ഞാൽ അതു മാത്രമാകും തുടർന്നുള്ള ദിവസങ്ങളിൽ ഞാനുണ്ടാക്കി കൊടുക്കുക. മൂന്നാലു ദിവസം ഏട്ടൻ ഒന്നും മിണ്ടാതെ കഴിക്കും. ഒടുവിൽ ‘ഈ വീട്ടിലിത് മാത്രമേയുള്ളോ?’ എന്നുള്ള ഏട്ടന്റെ ചോദ്യം കേൾക്കുമ്പോൾ ഒരാഴ്ചത്തേക്ക് അടുക്കളയിൽ കയറില്ല. ഏട്ടനോടുള്ള പ്രതിഷേധം. രണ്ടു കാര്യങ്ങളിൽ ഞങ്ങൾക്ക് ഒരേ മനസാണ്. എന്താണെന്നല്ലേ..? പരസ്പരം സർപ്രൈസ് ഗിഫ്റ്റുകൾ കൊടുക്കുക എന്നതിനോട് ഞങ്ങൾക്കു യോജിപ്പില്ല. രണ്ടുപേരുടെയും ബർത്ത്‌ഡേ, വാലന്റൈൻസ് ഡേ, വിവാഹ വാൾഷികം തുടങ്ങി എല്ലാ കാര്യങ്ങൾക്കും പരസ്പരം ഗിഫ്റ്റുകൾ കൈമാറുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല. ഒരുപക്ഷേ ഇങ്ങനെ മുടങ്ങാതെ ഗിഫ്റ്റുകൾ കൈമാറുന്നവരിൽ ഒരാൾക്ക് ജോലിയുടെ ടെൻഷനാണെന്നു വയ്ക്കുക. അയാൾക്കന്ന് ഗിഫ്റ്റ് വാങ്ങാൻ സാധിച്ചില്ല. അവിടെ തുടങ്ങും പ്രശ്‌നം. എന്തിനാ വെറുതെ പ്രശ്‌നങ്ങൾ നമ്മളായിട്ടു തുടങ്ങുന്നത്.

subscribe