ആർജെ മാത്തുക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു: ഇതാണ് പലരും ഞാനാണെന്നു വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി സേവ്യർ. ഡയറക്ടർ ഒഫ് ഹെലൻ! കൺഗ്രാജുലേഷൻസ് ബ്രദർ… നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ…!
അന്ന ബെന്നും ലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടിയാണ്. വെറും മാത്തുക്കുട്ടിയല്ല, മാത്തുക്കുട്ടി സേവ്യർ. ഈ മാത്തുക്കുട്ടിയെ ആർജെ മാത്തുക്കുട്ടിയായി പലരും തെറ്റിദ്ധരിച്ചു! അതോടെയാണു വിശദീകരണവുമായി ആർജെ മാത്തുക്കുട്ടി എത്തിയത്. അതും മാത്തുക്കുട്ടി സ്‌റ്റൈലിൽ തന്നെ!
മാത്തുക്കുട്ടിക്ക്, മാത്തുക്കുട്ടിത്തം എന്നൊരു ബ്ലോഗുണ്ട്. വളരെ രസകരമായ കുറിപ്പുകളാണ് ബ്ലോഗിലുള്ളത്. ബ്ലോഗിൾ മാത്തുക്കുട്ടി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
പേര് മാത്തുക്കുട്ടി. കൊച്ചിയിൽ ഒരു സ്വകാര്യ റേഡിയോയിൽ ആണ് പണി. അത് പോരാഞ്ഞിട്ട് ഇപ്പോൾ ബ്ലോഗ് വഴിയും നാട്ടുകാരുടെ മെക്കിട്ടുകേറുന്നു. നീ വീണ്ടും എഴുതണം എന്നു പറഞ്ഞ പഴയ കൂട്ടുകാരുടെ വിധി. അവർ ഇത്രയും പ്രതീക്ഷിച്ചുകാണില്ല!’
പെരുമ്പാവൂർ, വെങ്ങോലയിലാണ് മാത്തുക്കുട്ടിയുടെ സ്വദേശം. അരുൺ മാത്യു എന്നാണ് മാത്തുക്കുട്ടിയുടെ ശരിക്കുള്ള പേര്. കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരിട്ട വട്ടപ്പേരിനെ അരുൺ മാത്യു സ്വന്തം പേരാക്കി. സംഗതി പൊളിയല്ലേ! അങ്ങനെ അരുൺ മാത്യു, മാത്തുക്കുട്ടിയായി, പിന്നെ ആർജെ മാത്തുക്കുട്ടിയും. ഒടുവിൽ ആർജെ മാത്തുക്കുട്ടിയെയും സിനിമയിലെടുത്തു. ആസിഫ് അലി നായകനായ കുഞ്ഞെൽദോ മാത്തുക്കുട്ടിത്തം നിറഞ്ഞ രസകരമായ സിനിമയാണ്. സിനിമാവിശേഷങ്ങളുമായി മാത്തുക്കുട്ടി.

  • വിനീതേട്ടൻ തന്ന ധൈര്യം

ഞാൻ ആദ്യമായിട്ട് വിനീതേട്ടന്റെ അടുത്താണ് ഈ കഥ പറയുന്നത്. മാത്തൂ, നീ ഇതെഴുത് രസമുണ്ട്, ബാക്കി നമുക്ക് നോക്കാം എന്നുപറഞ്ഞ് വിനീതേട്ടൻ തന്ന ധൈര്യമാണ് ശരിക്കും ഈ സിനിമ പിറക്കാൻ കാരണം. പിന്നീട് വിനീതേട്ടൻ പറഞ്ഞു, ഇതു നീ തന്നെ ഡയറക്ട് ചെയ്യ്.’ ഞാൻ പറഞ്ഞു, ‘വിനീതേട്ടാ എനിക്കങ്ങനെ എക്‌സ്പീരിയൻസൊന്നും ഇല്ല.’
‘അതൊന്നും നീ നോക്കണ്ട, സിനിമ ചെയ്യാൻ പറ്റുമോ എന്നൊരു പേടി എല്ലാവർക്കും ഉണ്ടാവും. നീ അങ്ങനെ പേടിക്കണ്ട കാര്യമില്ല.’

  • കുഞ്ഞെൽദോ സുഹൃത്ത്

കുഞ്ഞെൽദോയുടെ കഥയുണ്ടാക്കിയത്, എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നിന്നാണ്. കുഞ്ഞെൽദോ എന്നാണ് അവന്റെ പേരും. അവൻ എന്റെ കസിനും സുഹൃത്തുമാണ്. ഞങ്ങളൊരുമിച്ചു പഠിച്ചതുമാണ്. ഞങ്ങളുടെ പഠനകാലത്തുണ്ടായ കുറച്ചു സംഭവങ്ങളും അതിനൊപ്പം കോളേജിൽ പഠിക്കുമ്പോൾ, കൂട്ടുകാർ ഒപ്പിച്ച കുരുത്തക്കേടുകളുണ്ടല്ലോ, ഇതെല്ലാം ചേർത്തുവച്ചിട്ടാണ് കുഞ്ഞെൽദോ പ്ലാൻ ചെയ്തത്. കുഞ്ഞെൽദോയിൽ എഴുപതു ശതമാനത്തോളം ക്യാംപസാണു വരുന്നത്. പിന്നെ ആദ്യ സിനിമയാകുമ്പോൾ കുറേ സംഭവങ്ങൾ എഴുതാനുണ്ടാവുമല്ലോ! കോമൺ നെയിമാണ് കുഞ്ഞെൽദോ. ഒരുപാട് എൽദോമാർ ഇവിടെയുണ്ട്. എന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഏറ്റവും കൂടുതലുള്ള പേര് എൽദോയാണ്. എൽദോ, എൽദോസ്, കുഞ്ഞെൽദോ…. ഇങ്ങനെ ഓരോരുത്തരെയും പല രീതിയിൽ വിളിക്കും.

  • ആസിഫ് ഞെട്ടി

രണ്ടര മണിക്കൂറെടുത്ത്, ആസിഫിന്റെ ഫ്‌ളാറ്റിലിരുന്നാണ് കുഞ്ഞെൽദോയുടെ കഥ മൊത്തം പറയുന്നത്. കഥ മുഴുവൻ കേട്ട്, ‘അളിയാ നമുക്ക് ചെയ്യാം’ എന്നു പറഞ്ഞ ശേഷം അവൻ എന്നോട് ചോദിച്ചത്, ‘എടാ, എന്റെ ലൈഫിൽ നടന്ന സംഭവങ്ങൾ, നീ എങ്ങനെയാണ് എന്റെ മുന്നിലിരുന്നു പറഞ്ഞത്’ എന്നാണ്. കോളജിൽ വച്ചുണ്ടായ ഒരു സംഭവം അവൻ എന്നോടു പറഞ്ഞു. അത് സിനിമയിലും ഉണ്ട്. ആസി പറഞ്ഞു, ‘എടാ, എന്റെ ജീവിതത്തിൽ ഇത് ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്! എനിക്കതിനു പണിയും കിട്ടിയിട്ടുണ്ട്. നീ പറയുമ്പോൾ ഞാൻ ഭയങ്കരമായിട്ട് അത്ഭുതപ്പെട്ടു.’
അതെന്നെ ഏറെ കംഫർട്ടബിളാക്കിയ കാര്യമായിരുന്നു. ഈ കഥാപാത്രത്തിലൂടെ ശരിക്കും എന്താണോ ഉദ്ദേശിക്കുന്നത്, ആ കഥാപാത്രത്തിന്റെ എനർജി എന്താണ്, കുഞ്ഞെൽദോ എങ്ങനെയായിരിക്കും. ഇതെല്ലാം ആസിക്ക് ഒറ്റ നരേഷനിൽ തന്നെ കിട്ടിയിട്ടുണ്ട്. ന്യൂഇയറിന്റെ അന്ന് ആസി വിളിച്ചിട്ടുപറഞ്ഞു, ‘എടാ, താങ്ക്‌സ് ഫോർ കുഞ്ഞെൽദോ. ഭയങ്കര സന്തോഷമുണ്ടെടാ.’ ആസിയുടെ ന്യൂഇയർ വിഷ് ഇങ്ങനെയായിരുന്നു.

  • ഗൂഗിൾ നോക്കി ഉറപ്പിച്ചു

ഞാൻ ഏറ്റവും കുറച്ച് നിർദ്ദേശങ്ങൾ നൽകിയത് ആസിക്കാണ്. കാരണം ഞങ്ങൾക്കൊന്നും പറയേണ്ടി പോലും വന്നില്ല. ആസി ആ കഥാപാത്രത്തിനു കറക്ടായിരുന്നു. തുള്ളിച്ചാടി നടപ്പും… അങ്ങനെ എല്ലാം. റിലീസിനു മുമ്പ് ഗ്ലിംസ് ഒഫ് കുഞ്ഞെൽദോ എന്ന വീഡിയോ പ്ലാൻ ചെയ്യാൻ ഒരു കാരണമുണ്ട്. തൊട്ടുമുമ്പു വന്ന ആസിഫിന്റെ ഹിറ്റായ സിനിമയാണ് കെട്ട്യോളാണെന്റെ മാലാഖ. അതിലെ സ്ലീവാച്ചൻ എന്ന കഥാപാത്രമാണ് എല്ലാവരുടെയും മനസിൽ. സ്ലീവാച്ചന്റെ കുടവയറും കൊമ്പൻ മീശയും പറ്റെ വെട്ടിയ മുടിയും ഉൾപ്പെടെ ആൾക്കാരുടെ മനസിലുണ്ട്. ആളുകളെ ഈ സിനിമ കാണാൻ റെഡിയാക്കുക എന്നതായിരുന്നു ഗ്ലിംസ് ഒഫ് കുഞ്ഞെൽദോയുടെ ഉദ്ദേശ്യം. അതെന്തായാലും ആളുകൾക്ക് ഇഷ്ടപ്പെട്ടു. ആസി ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട്, ആ ക്യാരക്ടറിൽ നിന്ന്, ഈ ക്യാരക്ടറിലേക്കുവരാൻ. ഒറ്റ ഫോട്ടോയിലൂടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നു ഞങ്ങൾക്കു തോന്നി. അങ്ങനെയാണ് വീഡിയോയിലേക്കുമാറിയത്.

വീഡിയോ കണ്ട് കുറേ ആളുകൾ യൂട്യൂബിൽ കമന്റും ചെയ്തു, ഋതുവിലെ ലുക്ക് പോലെ എന്നൊക്കെ. ഈ സിനിമ ആസിയെ വച്ച് പ്ലാൻ ചെയ്യുമ്പോൾ, ഋതുവിൽ ആസി വരുന്ന സമയത്ത് എങ്ങനെയിരുന്നു എന്നാണ് ഞാൻ ആദ്യം നോക്കിയത്. ഗൂഗിളിൽ ഋതുവിലെ ഫോട്ടോ കണ്ടപ്പോൾ, സത്യത്തിൽ ഇവനു വലിയ മാറ്റമൊന്നും ഇല്ലല്ലോ എന്നുവിചാരിക്കുകയും ചെയ്തു. സ്‌കിൻ ടോണൊക്കെ ഇപ്പോഴും അങ്ങനെ തന്നെയാണ്.

subscribe