തലയെടുപ്പുള്ള കൊമ്പന്റെ തുമ്പിക്കൈയിൽ ചേർന്നുനിന്ന്, കൊമ്പുകളിൽ പിടിച്ച് ഒരു സുന്ദരി! സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണു പറയുന്നത്. നടി അപ്‌സരയാണ് ആനക്കൊരുമ്മ എന്നുപേരിട്ട ഫോട്ടോ ഷൂട്ടിലെ സുന്ദരി. ദൂരെ നിന്നുപോലും ഭയത്തോടെ കാണുന്ന ആനയ്‌ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത അപ്‌സരയെയും ഫോട്ടോഗ്രാഫറെയും തേടി അഭിനന്ദന പ്രവാഹമാണ് എത്തിയത്. അൽപ്പം കൈവിട്ട കളിയായിപ്പോയി എന്നു പറഞ്ഞവരും കുറവല്ല. എന്തായാലും സംഗതി ക്ലിക്കായി!
സാഹസികമായ ഫോട്ടോ ഷൂട്ടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഫാഷൻ ഫോട്ടോഗ്രാഫർ ഗിരിഷ് അമ്പാടി. തിരുവനന്തപുരം, കാട്ടാക്കട സ്വദേശിയായ ഗിരിഷ് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനാണ്.

  • ആനയും മോഡലും ഒരു ഫ്രെയിമിൽ!

മനുഷ്യരെയും മൃഗങ്ങളെയും വെവ്വേറെ ക്യാമറയിൽ പകർത്തുന്നത് എളുപ്പമാണ്. എന്നാൽ, മനുഷ്യരെയും മൃഗങ്ങളെയും ഒരേ ഫ്രെയിമിൽ കൊണ്ടുവരിക നിസാരമല്ല. അതും ആനയെ മോഡലാക്കി ഇത്രയും ക്ലോസ് ആയി ചിത്രീകരിക്കുക! മുമ്പും ആനകളെ ഉൾപ്പെടുത്തി ഫോട്ടോഷൂട്ടുകൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി ചിത്രീകരിക്കാം എന്നു ചിന്തിച്ചു. അപ്‌സരയുമായി സംസാരിച്ച് പ്രോജക്ട് പ്ലാൻ ചെയ്തു. എങ്കിലും ആശങ്കയുണ്ടായിരുന്നു; പേടിയും. എന്നാൽ, ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാം നന്നായി വന്നു.

മണിക്കൂറുകളോളം ആനയോടൊപ്പം വ്യത്യസ്ത വേഷങ്ങളിൽ, വിവിധ ഭാവങ്ങളിൽ ഫോട്ടോ എടുക്കുക ശ്രമകരവും ഒപ്പം റിസ്‌കുമാണ്. കളിക്കൂട്ടുകാരനെ പോലെ ആനയോടൊപ്പം ഇത്രയും ചേർന്നിടപഴകി ഫോട്ടോയെടുക്കുക ഏറെ സാഹസികമാണ്. എങ്കിലും റിസ്‌ക് ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. അപ്‌സരയോട് പറഞ്ഞപ്പോൾ ആദ്യം അമ്പരപ്പും പേടിയും ഒക്കെ തോന്നിയെങ്കിലും അപ്‌സര ഷൂട്ടിനു സമ്മതം മൂളി.

കൊല്ലം കാവേരി ആനത്താവളത്തിലെ ഏറ്റവും ഇണക്കമുള്ള അനന്തപദ്മനാഭനെയാണ് മോഡലായി തെരഞ്ഞെടുത്തത്. ലൊക്കേഷനിൽ എത്തി ക്യാമറ സെറ്റ് ചെയ്തു. ആനയുമായി ചങ്ങാത്തം കൂടാൻ ഇഷ്ട ഭക്ഷണമൊക്കെ നൽകി. ശാന്തനായാണ് അനന്തപദ്മനാഭൻ നിന്നതെങ്കിലും പേടിയുണ്ടായിരുന്നു. പ്രത്യേകിച്ചും വെള്ളത്തിൽ നിന്നാൽ ആന ചിലപ്പോൾ കൂടുതൽ കുസൃതികൾ കാട്ടാനുള്ള സാധ്യതയും ഏറെയാണ്. ചങ്കിടിപ്പോടെയാണ് ഓരോ ഫോട്ടോയും എടുത്തത്. പക്ഷേ, തുടക്കത്തിലെ പേടിയൊക്കെ മാറി അപ്‌സര കൂളായി. അനന്തപദ്മനാഭനും വികൃതിയൊന്നും കാട്ടാതെ നിന്നു. അതുകൊണ്ടാണ് ഫോട്ടോഷൂട്ട് സ്മൂത്തായി നടന്നത്. ആനത്താവളത്തിലെ ഷാജിയേട്ടനും പാപ്പാന്മാരും ഞങ്ങളോട് പൂർണമായും സഹകരിച്ചു.
ഫോട്ടോഷൂട്ടിനുശേഷം ഫോട്ടോ കണ്ടപ്പോൾ അത്ഭുതം തോന്നി. ഫോട്ടോകൾ വിചാരിച്ചതിലും ഗംഭീരമായി. എത്ര കൂളായിട്ടാണ് അപ്‌സര ഫോട്ടോക്ക് പോസ് ചെയ്തത്. അപ്‌സരയെപ്പോലെ ഒരു മോഡലിനെ കിട്ടിയില്ലായിരുന്നെങ്കിൽ, ഇത്തരം ഒരു ഫോട്ടോഷൂട്ട് ഒരിക്കലും സാധ്യമാകുമായിരുന്നില്ല. ഫോട്ടോ വൈറലായതോടെ ഞങ്ങളുടെ എഫർട്ടിനു ഫലമുണ്ടായി. എല്ലാം ദൈവാനുഗ്രഹം!

  • റസൂലിന്റെ കമന്റ്

ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ചിത്രം പകർത്തിയത് മറക്കാനാവില്ല. ഒരു പ്രസിദ്ധീകരണത്തിനായി കുറച്ച് ഫോട്ടോ എടുക്കാനാണ് എത്തിയത്. എന്നാൽ, എടുത്ത ഫോട്ടോകൾ കണ്ടതോടെ റസൂൽ സാറിനു ആവേശമായി. റസൂൽ സാർ സൗണ്ട് ഡിസൈൻ ചെയ്ത ചിത്രം താക്കോലിന്റെ സംവിധായകനും സുഹൃത്തുമായ കിരൺ പ്രഭാകരനും ഒപ്പമുണ്ടായിരുന്നു. സ്വന്തം ഫോട്ടോ കാമറയുടെ മോണിറ്ററിൽ കണ്ട് ഗംഭീരമായിട്ടുന്നെന്നും കിരൺ സാറിനോട് എന്നെ നായകനാക്കി സിനിമയെടുക്കൂ എന്നൊരു കമന്റും അദ്ദേഹം നടത്തി. ഫോട്ടോ ഷൂട്ടിലുടനീളം തമാശകളും സ്വന്തം ഫോട്ടോകളെപ്പറ്റിയുള്ള അഭിപ്രായങ്ങളുമായി അദ്ദേഹം നിറഞ്ഞുനിന്നു. സെലിബ്രിറ്റി സ്റ്റാറ്റസൊന്നും പ്രകടിപ്പിക്കാതെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും അത്ഭുതപ്പെടുത്തി. വൈകുന്നേരം മുംബയിലേക്കു മടങ്ങേണ്ടിയിരുന്നെങ്കിലും മണിക്കൂറുകളോളം അദ്ദേഹം ഫോട്ടോ ഷൂട്ടിനായി സമയം മാറ്റിവച്ചു. മറക്കാനാവാത്ത അനുഭവമാണിത്.

  • കരിയറിലെ വഴിത്തിരിവ്

വളരെ അവിചാരിതമായാണ് ഞാൻ നടിയും നർത്തകിയുമായ ആശാ ശരത്തിനെ പരിചയപ്പെട്ടത്. ഞാൻ എടുത്ത ഫോട്ടോകൾ ആശച്ചേച്ചിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തത്. അതിനായി മാത്രം ആശച്ചേച്ചി ഗൾഫിൽ നിന്നു നാട്ടിലെത്തി. ആശചേച്ചിക്ക് ഫോട്ടോഗ്രഫിയോട് ഏറെ താത്പര്യമുണ്ട്. ഫോട്ടോ ഷൂട്ടിനായി എത്ര നേരം ചെലവഴിക്കാനും മടിയില്ല. ആശച്ചേച്ചിയുടെ ഫോട്ടോ ഷൂട്ടാണ് എന്റെ കരിയറിലെ വഴിത്തിരിവുകളിലൊന്ന്. ഏറെ അഭിനന്ദനങ്ങൾ ലഭിച്ചെന്നു മാത്രമല്ല, ഞാൻ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്നും ഞാൻ മനസിൽ സൂക്ഷിക്കുന്ന ഫോട്ടോ ഷൂട്ടുകളിലൊന്നാണിത്. നമ്മളെ ഏറെ കംഫർട്ടബിളാക്കി നിർത്തും എന്നതാണ് ആശച്ചേച്ചിക്കൊപ്പം വർക്ക് ചെയ്യുമ്പോഴുള്ള പ്രത്യേകത.

subscribe