കൊറോണ വൈറസ് (NCoV) ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ, വൈദ്യശാസ്ത്ര ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും. കൊറോണ വൈറസ് മാത്രമല്ല, വൈറസ് പടർത്തുന്ന മറ്റു സാംക്രമിക രോഗങ്ങളും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുന്നത് ആരോഗ്യകരമായ ഭാവിക്ക് അനിവാര്യമാണ്.

എന്താണ് സാംക്രമിക രോഗങ്ങൾ ? ലോകാരോഗ്യ സംഘടന (WHO) ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന, പൊതുവിൽ വികസ്വര രാഷ്ട്രങ്ങൾക്കു സ്ഥിരം വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന രോഗങ്ങൾ. സാംക്രമിക രോഗങ്ങൾ അല്ലെങ്കിൽ പകർച്ച വ്യാധികൾ എന്നു പറയുന്നത് ഒരു വ്യക്തിയിൽ നിന്നു മറ്റൊരു വ്യക്തിയിലേക്ക് ഏതെങ്കിലും വസ്തുവിലൂടെ, മാധ്യമത്തിലൂടെ, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ എന്നിവയിൽ നിന്ന് അല്ലെങ്കിൽ അടുത്ത സമ്പർക്കം പുലർത്തുന്നതിന്റെ ഫലമായി ശരീരസ്രവങ്ങളിലൂടെ പകരുന്ന രോഗമാണ്. പിന്നീട്, ഇതേ രീതിയിൽ പകർത്താൻ കഴിവുള്ളതുമാണ് പകർച്ചവ്യാധിക്ക് കാരണമാകുന്ന രോഗാണുക്കൾ.

വിവിധ തരം സൂക്ഷ്മാണുക്കളാണു സാംക്രമിക രോഗങ്ങൾക്കു കാരണം. ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ മുതലായവയാണ് ഇവയിൽ പ്രധാനം. എന്തുകൊണ്ടാണ് ഈ രോഗങ്ങൾ ആരോഗ്യമേഖലയ്ക്കു വെല്ലുവിളിയായി ഭവിക്കുന്നത് ? വളരെ വേഗത്തിൽ ഒരു വ്യക്തിയുടെ ആരോഗ്യാവസ്ഥയെ സാരമായി ബാധിക്കുകയും അതിലും വേഗത്തിൽ പടരുകയും തന്മൂലം വലിയ അളവിൽ ജനങ്ങളെ രോഗബാധിതരാക്കുകയും ചെയ്യും. ഒരുപോലെയുള്ള രോഗലക്ഷണങ്ങൾ ആയിരിക്കും എല്ലാവരിലും കാണപ്പെടുക. എല്ലാത്തരം രോഗങ്ങൾക്കുള്ളതു പോലെ വിവിധ ഘട്ടങ്ങൾ പകർച്ചവ്യാധികൾക്കുമുണ്ട്. പക്ഷേ, പകർച്ചവ്യാധികൾ കുറേകൂടി വേഗത്തിലായിരിക്കും ഒരു ഘട്ടത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്കു സഞ്ചരിക്കുക. അതുകൊണ്ട്, ഇവയെ കൈകാര്യം ചെയ്യൽ അത്ര എളുപ്പല്ല. പലപ്പോഴും, ഒരു ഘട്ടത്തിലേക്കുള്ള മരുന്നുകൾ തിട്ടപ്പെടുത്തി വരുമ്പോഴേക്കും ഇവ അടുത്ത ഘട്ടം കഴിയുകയോ, ഗുരുതരാവസ്ഥയിലേക്ക് എത്തുകയോ ചെയ്യാം. പലപ്പോഴും, പകർച്ചവ്യാധികൾ ഉടലെടുക്കുന്നതു തികച്ചും അപ്രതീക്ഷിതമായ ലക്ഷണങ്ങളോടുകൂടി ആയിരിക്കും. പ്രത്യേകിച്ച്, വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ. സാധാരണഗതിയിൽ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും സാഹചര്യങ്ങളിലുമാണ് ഇവ പൊട്ടിപുറപ്പെടാറുള്ളത്. കൂടാതെ, അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങളോട് അനുബന്ധിച്ചും പകർച്ചവ്യാധി ഉണ്ടാകാം. ചില പ്രത്യേക ഭക്ഷണ ശീലങ്ങളും ഭക്ഷ്യസുരക്ഷയിലും ശുചിത്വത്തിലും വരാവുന്ന പാളിച്ചകൾ പകർച്ചവ്യാധികൾക്കു വഴിതെളിച്ചേക്കാം.

ഒരു രാഷ്ട്രത്തിന്റെ തന്നെ മാനവശേഷിയും സാമ്പത്തികഘടനയും പകർച്ചവ്യാധിക്കു തകർക്കാൻ പറ്റും എന്നുള്ളതിന് ഉദാഹരണമാണ് ഇന്നത്തെ ചൈനയുടെ ദുരവസ്ഥ. അതുകൊണ്ട്, പകർച്ചവ്യാധിയോ, സാംക്രമിക രോഗമോ പ്രത്യേകിച്ച്, അവ വൈറസ് ബാധ മൂലം ഉള്ളതാണെങ്കിൽ അതീവ ഗുരുതരമായേക്കാം. എന്തുകൊണ്ടാണ് വൈറസ് ജന്യ രോഗങ്ങളെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമാക്കുന്നത്. പരിണാമപട്ടികയിലെ ആദ്യ അംഗമായി നമുക്ക് വൈറസുകളെ കണക്കാക്കാം. എന്തെന്നാൽ ജീവന്റെ എല്ലാ അടയാളങ്ങളും ഇല്ലെങ്കിൽ പോലും ജീവൻ ഉള്ളവയാണ് വൈറസുകൾ. ഒരു ജീവകോശത്തിന്റെ ഉള്ളിൽ വരണം എന്നു മാത്രം. സാധാരണ ഒരു ജീവകോശത്തിന്റെ ജനിതക ഘടകമായ ഒരു ആർ.എൻ.എയോ, ഡി.എൻ.എയോ ആയിരിക്കും ഒരു വൈറസ്. അമിനോ ആസിഡുകൾ വ്യത്യസ്ത രീതികളിൽ ഒതുക്കി ചിട്ടപ്പെടുത്തി ഇരിക്കുന്ന ഘടനയാണ് ആർ.എൻ.എ/ഡി.എൻ.എ. ഇവ ഒരു ശരീരത്തിൽ പ്രവേശിച്ചാൽ ഉടൻ ആയിരക്കണക്കിനു സ്വന്തം ഘടനയുള്ള വൈറസുകളെ സൃഷ്ടിച്ചെടുക്കും. ഈ ഘടനയുടെ പ്രത്യേകതകളാകും ഇതു മൂലം ഉടലെടുക്കുന്ന അസുഖത്തിന്റേത്. പലപ്പോഴും, വൈറസുകൾക്ക് മറ്റു സൂക്ഷ്മാണുക്കളെ പോലെ മരുന്നുകൾ ഫലപ്രദമാകാറില്ല. പ്രത്യേകിച്ചും രോഗാണുക്കളിലേക്കു നേരിട്ടു പ്രവർത്തിക്കുന്ന ശീലം ഉള്ളവ. കാരണം, ശരീര കോശങ്ങളിലെ ആർ.എൻ.എ/ഡി.എൻ.എ ഈ മരുന്നുകളുടെ ഉപയോഗത്താൽ ഹനിക്കപ്പെട്ടേക്കും. അതുകൊണ്ടാണ് വൈറസ് രോഗങ്ങളെ ചികിത്സിക്കുമ്പോൾ ലക്ഷണങ്ങളെ മുൻനിർത്തി അവയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നതിൽ ഒതുങ്ങിക്കൂടുന്നത്.

പിന്നെ, ഇതിനുള്ള പോംവഴി ശരീരം തന്നെയാണു കണ്ടെത്തേണ്ടത്. അതായത്, ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടിയാൽ മാത്രമേ ഇവയെ കൈകാര്യം ചെയ്യാൻ സാധിക്കു. ഇവിടെയാണു പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്നുകൾ പ്രാധാന്യം നേടുന്നത്. പക്ഷേ, പിന്നെയുമുണ്ട് കെണികൾ, ആജീവനാന്തം പ്രതിരോധം നേടി തരാവുന്നവ എണ്ണപ്പെട്ടവ മാത്രം. ഇതു കൂടാതെ വൈറസുകളുടെ പ്രത്യേകതരം ഘടന ജനിതക പരിവർത്തനങ്ങൾക്കു വളരെയേറെ സാധ്യത ഉള്ളതാണ്. തന്മൂലം പലപ്പോഴും പ്രവചനങ്ങൾക്ക് അതീതമാണ് വൈറസുകളുടെ പരിണാമവും ആക്രമണവും. അതുകൊണ്ട്, വൈറസ് മൂലം ഉണ്ടാകുന്ന സാംക്രമികരോഗങ്ങളെ വളരെ വേഗത്തിലും ഫലപ്രദമായും നിയന്ത്രിക്കേണ്ടത് വൈദ്യശാസ്ത്ര ലോകത്തിന്റെ വലിയൊരു വെല്ലുവിളിയും അതിലുപരി കൈയൊഴിയാൻ പാടില്ലാത്ത ഒരു ഉത്തരവാദിത്വവുമാണ്.

subscribe