ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷനിലേക്കാണു യാത്ര. എന്നാണ് ആദിയോഗി ശിവവിഗ്രഹം മനസിൽ കയറിപ്പറ്റിയതെന്ന് ഓർമയില്ല. പക്ഷേ ഒരുപാട് തവണ പോകാൻ ശ്രമിച്ചിട്ട് പാതിവഴിയിൽ ഉപേക്ഷിച്ച ട്രിപ്പായിരുന്നു ഇത്. പൂജാവധിക്കാണ് പോകാൻ പ്ലാനിട്ടത്. അങ്ങനെ, മഹാനവമിനാളിൽ പുലർച്ചെ നാലുമണിക്ക് കോയമ്പത്തൂർക്ക് യാത്ര പുറപ്പെട്ടു.

മഹാനവമി ചതിച്ചാശാനേ
………………………….

ഏതു യാത്രയ്ക്കിറങ്ങിയാലും തുടക്കം തന്നെ തടസങ്ങൾ ഉണ്ടാകുക പതിവാണ്. ഇത്തവണ തൃശൂർ-പാലക്കാട് റൂട്ടിലെ കുപ്രസിദ്ധമായ കുതിരാനിൽ ബ്ലോക്കിന്റെ രൂപത്തിലാകും അതു പ്രത്യക്ഷപ്പെടുകയെന്നാണു കരുതിയത്. പക്ഷേ, സംഭവിച്ചതു മറ്റൊന്നായിരുന്നു. കാറിന്റെ വലതു വശത്തെ ലൈറ്റ് അടിച്ചുപോയിക്കൊണ്ടായിരുന്നു തടസങ്ങളുടെ തുടക്കം. വാളയാർ കഴിഞ്ഞപ്പോൾ ഫോൺ സ്റ്റക്കായി, ഗൂഗിൾ പ്രവർത്തനരഹിതമായി. പ്രകൃതിരമണീയ പ്രദേശങ്ങൾ വരുമ്പോൾ ക്യാമറ ഹാങ് ആയി നിൽക്കും. അങ്ങനെ ഇഷാ ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്ന വെള്ളിയൻഗിരി മലകളുടെ താഴ്‌വാരം എത്തും വരെ തടസങ്ങളുടെ ഘോഷയാത്രയായിരുന്നു. കേരളത്തിലെ ഭക്ഷണം കഴിച്ചു മടുത്തതുകൊണ്ടു രാവിലെ മുതൽ രാത്രി വരെയുള്ള ഭക്ഷണം തമിഴ്‌നാട്ടിൽ നിന്നു കഴിക്കാമെന്നു വിചാരിച്ച് അതിർത്തി കടന്നു. പക്ഷേ സംഭവിച്ചത് മഹാനവമി കാരണം ഒറ്റഹോട്ടൽ പോലും തുറന്നിട്ടില്ലായിരുന്നു. വിശന്ന് കുടൽവരെ കരിഞ്ഞു മണം പുറത്തു വന്നു. അവസാനം ഒരു ബേക്കറി തുറന്നിരിക്കുന്നതു കണ്ടു അവിടെനിന്ന് ഒരു ചായയും സമൂസയും കഴിച്ച് ബ്രേക്ക്ഫാസ്റ്റ് ഒപ്പിച്ചു. ഉച്ചയ്ക്ക് ബട്ടർബണ്ണും ഷേയ്ക്കും. വൈകുന്നേരം പേരക്കാ ജൂസുമായിരുന്നു ഭക്ഷണം. സത്യത്തിൽ തിരിച്ച് കേരളത്തിൽ കയറിയപ്പോഴാണു വല്ലതും കനത്തിനു കഴിക്കാൻ പറ്റിയത്.

രാവിലെ, 9.30-ാടെ 1992-ൽ സദ്ഗുരു ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷന്റെ കവടത്തിലൂടെ കാർ അകത്തേക്കു കടന്നു. ഇഷ ഫൗണ്ടേഷൻ പൂർണമായും സന്നദ്ധസേവകരാൽ പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത മതേതര സ്ഥാപനമാണ്. യോഗയിലൂടെ അവബോധമുയർത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ഇക്കണോമിക് & സോഷ്യൽ കൗൺസിൽ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷ ഫൗണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇഷയിൽ ലോകം മുഴുവനായി ഒൻപത് ദശലക്ഷത്തിലധികം വോളന്റിയർമാരുണ്ടെന്നാണു പറയപ്പെടുന്നത്. കല്ല് പാകിയ റോഡിലൂടെ അകത്തേക്കു പോകുന്തോറും അങ്ങ് അകലെ ലോകത്തെ ഏറ്റവും വലിയ അർദ്ധകായ പ്രതിമ ദൃശ്യമായിത്തുടങ്ങി.

കാണേണ്ട കാഴ്ച
……………………………

ഒരു മരമോ ചെടികളോ ഇല്ലാത്ത അതിവിശാലമായ തരിശുഭൂമിക്കു നടുവിലാണ് ആദിയോഗി ശിവവിഗ്രഹം തലയുയർത്തി നിൽക്കുന്നത്. ഈ വിഗ്രഹത്തിന് സദ്ഗുരു രണ്ടു വർഷം കൊണ്ട് ഡിസൈൻ ചെയ്ത് എട്ടുമാസം കൊണ്ട് നിർമിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട്. കാർ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു പുറത്തേക്കിറങ്ങി. രാവിലെയാണെങ്കിലും വെയിലിനു നല്ല ചൂടാണ്. കണ്ണുതുറന്നു നോക്കാൻ പറ്റാത്ത തരം തീപാറുന്ന ചൂട്. കൈയിൽ സൺഗ്ലാസ് ഉണ്ടായിരുന്നതു രക്ഷയായി. വിഗ്രഹത്തിന് അരികിലേക്കു നടന്നു. രാവിലെ തന്നെ നിരവധി സന്ദർശകർ ഉണ്ട്. 112 അടി ഉയരമുള്ള ആദിയോഗി ലോകത്തെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയെന്ന ഗിന്നസ് വേൾഡ് റിക്കോർഡ് നേടിയിട്ടുണ്ട്. പൂർണമായും സ്റ്റീൽ കൊണ്ടാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. 2017-ൽ മഹാശിവരാത്രി ദിനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രതിമ അനാവരണം ചെയ്തത്. പ്രതിമയുടെ 112 അടി ഉയരം എന്നത് യോഗികളുടെ സംസ്‌കാരത്തിൽ സൂചിപ്പിച്ചിട്ടുള്ള മോക്ഷം നേടാനുള്ള 112 മാർഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചെറിയ പടികൾ കയറി കൂറ്റൻ പ്രതിമയ്ക്ക് അരികിലെത്തി. പ്രതിമയെ തെടാതിരിക്കാൻ ചുറ്റിനും ശൂലം സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്ന് തൊടാൻ ശ്രമിക്കുന്നവരെ സെക്യൂരിറ്റി കൈയോടെ പിടികൂടി കൊണ്ടുപോകുന്നത് കണ്ടു. ഞങ്ങളെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം വിഗ്രഹത്തിൽ അണിയിച്ചിരിക്കുന്ന രുദ്രക്ഷമാലയായിരുന്നു. വലിയ വടത്തിന്റെ വണ്ണവുമുണ്ട് മാലയ്ക്ക്. ആദിയോഗി പ്രതിമയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ടാകും ആശ്രമത്തിലേക്ക്. രണ്ടു തരത്തിൽ അവിടെ എത്താം. ഒന്ന് കാൽനടയായും മറ്റൊന്ന് 10 രൂപ കൊടുത്ത് കാളകെട്ടിവലിക്കുന്ന പ്രത്യേക വണ്ടിയിലും. മഹാനവമി പ്രമാണിച്ച് കാളകൾക്കു വേണ്ടി പ്രത്യേക ചടങ്ങുകൾ നടക്കുന്നതിനാൽ രാവിലെ കാളവണ്ടി സർവീസ് ഇല്ലായിരുന്നു. കല്ലുപാകിയ റോഡിന്റെ നടുവിൽ വളർന്നുവരുന്ന ചെറിയമരങ്ങളുടെ തണലുപറ്റി ഇഷയിലേക്കു നടന്നു.

കൺഫ്യൂഷൻ ഉണ്ടാക്കുന്ന വഴികൾ
……………………………………….

ആശ്രമത്തിലേക്കു പോകും വഴി നിരവധി കടകൾ ഉണ്ട്. കൂടുതലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവയാണ്. തമിഴ്‌നാട് സർക്കാരിന്റെ ബസ് സർവീസ് അവസാനിപ്പിക്കുന്ന റോഡ് ക്രോസ് ചെയ്യുന്നിടത്താണ് കല്ലിൽ കൊത്തിയ കൂറ്റൻ നാഗസർപ്പമുള്ള ആശ്രമ കവാടം. രണ്ടാൾ പൊക്കത്തിൽ ഏക്കറുകണക്കിന് ഭൂമി കല്ലുപാളികൾകൊണ്ട് വേലികെട്ടി മറച്ചാണ് ആശ്രമം സൂക്ഷിക്കുന്നത്. കവാടം കടന്നു ചെല്ലുന്നത് ഇടതൂർന്നു മനോഹരമായി നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലേക്കാണ്. എല്ലായിടത്തും കല്ലുപാകിയ വഴികളാണെന്നതാണു മറ്റൊരു പ്രത്യേകത. അതുപോലെതന്നെ കെട്ടിടങ്ങളുടെ നിർമിതിക്കായി കല്ലുപാളികളും കൂറ്റൻ കൽത്തൂണുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ആശ്രമത്തിനുള്ളിൽ സന്ദർശകരായി എത്തുന്നവരെ കാത്തിരിക്കുന്നത് മൂന്നു കാര്യങ്ങളാണ്. ലിംഗഭൈരവി, ധ്യാനലിംഗം, സൂര്യ/ചന്ദ്രകുണ്ടുകൾ എന്നിവയാണ് ഇവ. ആശ്രമത്തിനുള്ളിൽ ചെരുപ്പിനും ഫോണിനും നിരോധനമുള്ളതുകൊണ്ട് ഇവ രണ്ടും കൗണ്ടറിൽ കൊടുത്തശേഷം സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞാണ് അകത്തേക്കു പ്രവേശിച്ചത്. കയറി ചെല്ലിന്നിടത്ത് ആശ്രമത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന രണ്ടുമിനിറ്റ് വിഡീയോ പ്രദർശനം നടക്കുന്നുണ്ട്. മലയാളം, കന്നട, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണു വിവരണം. കയറി ചെല്ലുന്നിടത്താണ് പുരുഷൻമാർക്കു സ്‌നാനം നടത്താനുള്ള സൂര്യകുണ്ട്. ചൂട് അല്ലേ ഒന്ന് കുളിച്ച് ശരീരം തണപ്പിക്കാമെന്ന് ആരും വിചാരിക്കണ്ട. കാരണം എണ്ണയും സോപ്പും തേച്ച് നീന്തിക്കുളിക്കുന്നയിടമല്ല ഇത്. യോഗയും ധ്യാനവുമായി ശാന്തതയുടെ ഇടമാണ് ഇവിടം. സൂര്യകുണ്ടിൽ നിന്നു പടികൾ കയറി മറുവശത്തു ചെല്ലുമ്പോൾ ചെറിയ ഒരുതാമരക്കുളമുണ്ട്. അതു കടന്നു ചെല്ലിന്നിടത്ത് ധ്യാനലിംഗത്തിന് അഭിമുഖമായി വലിയൊരു നന്ദിയുടെ പ്രതിമയുണ്ട്. ഇവിടെ നിന്ന് ഇടത്തേക്കാണു പേകേണ്ടിയിരുന്നത്. പക്ഷേ, ഞങ്ങൾ വലത്തേക്കു തിരിഞ്ഞു നടന്നു. ഇവിടെ വലിയൊരു ഭക്ഷണശാലയും യോഗയ്ക്ക് ആവശ്യമായ വസ്ത്രങ്ങൾ, സോപ്പ്, ചന്ദനത്തിരികൾ, ബുക്ക്, ഫോട്ടോഫ്രയിമുകൾ തുടങ്ങിയവ വിൽക്കുന്ന രണ്ടു ഷോപ്പുകളുമാണ് ഉള്ളത്. ഒരു സോപ്പിന് വില 180 രൂപയാണ്. ഇനി ഊഹിക്കാലോ ബാക്കിയുള്ളതിന്റെ വിലകൾ. വഴിതെറ്റിയെന്നു മനസിലായപ്പോൾ തിരിച്ചു നടന്നു.

പ്രതീക്ഷിച്ചത് ശാന്തത, സംഭവിച്ചത് കൂട്ടയിടി
……………………………………

ഇഷ നിറയെ വേളണ്ടിയർമാർ ഉണ്ടെങ്കിലും എങ്ങോട്ടു പോകണം എന്നത് കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ആശ്രമത്തിന്റെ ഏറ്റവും പ്രധാനമായ മുറ്റത്തേക്കു കടന്നു. ചെറിയ തണുപ്പുള്ള വൃക്ഷങ്ങളാലും ചെടികളാലും പച്ചപ്പു നിറഞ്ഞയിടം. അവിടെയാണ് ലിംഗഭൈരവിയും ധ്യാനലിംഗവും സ്ഥിതി ചെയ്യുന്നത്. ഇഷയുടെ നിർമാണം കൗതുകകരമാണ്. എവിടെ നോക്കിയാലും ഗ്രാനേറ്റും കല്ലുപാളികളും മാത്രമാണ്. പടവുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിധമാണ് എല്ലായിടങ്ങളിലെയും എൻട്രി. ധ്യാനലിംഗം ഒഴികേ മറ്റു പ്രധാനയിടങ്ങൾ ഭൂമിക്കടിയിലേക്ക് ഇറങ്ങും വിധമാണു നിർമാണം. സ്‌ത്രൈണ ദൈവികതയുടെ പ്രതീകമായ ലിംഗഭൈരവി ദേവി പ്രതിഷ്ഠ കാണുവാൻ ഞങ്ങൾ ക്യൂവിൽ പ്രവേശിച്ചു. ഉച്ചയായതോടെ സന്ദർശകരുടെ തിരക്ക് കൂടിയിരുന്നു. അവധി ദിവസം ആയതുകൊണ്ടു നല്ലതിരക്കാണ്. ആശ്രമം, ധ്യാനം, ശാന്തത, സമാധാനം, മനസുഖം ഇതായിരുന്നു മനസിൽ പക്ഷേ ക്യൂവിലെ ഇടികണ്ടപ്പോൾ ഉള്ള മനസമാധാനവും കൂടിപ്പോയി. ശബരിമലയിൽ പതിനെട്ടാംപടി കയറുന്നവരെ പോലീസ് പൊക്കിയെടുത്തു വിടുന്നതു കണ്ടിട്ടുണ്ട്. ഏതാണ്ട് അതിനു തുല്യമായ അനുഭവമായിപ്പോയി ഇതും. സ്വസ്ഥമായി ലിംഗഭൈരവിയെ കാണുവാൻ കഴിഞ്ഞില്ല. ഒരു മിന്നായം പോലെ എന്തോ കണ്ടു അത്രതന്നെ. പ്രസാദമായി സൗജന്യമായി ആഹാരം കൊടുക്കുന്നയിടത്തു നാട്ടിലെ മുഴുവൻ ആളുകൾ ഉണ്ടെന്നു തോന്നുന്നു. ക്യൂ നിന്ന് കുഴഞ്ഞു വീണു മരിക്കുന്നതിലും നല്ലതു പുറത്തു പോയി ഭക്ഷണം കഴിക്കുന്നതാണെന്നു തോന്നിയതുകൊണ്ടു നടപ്പു തുടർന്നു. സ്ത്രീകളുടെ സ്‌നാന കേന്ദ്രമായ ചന്ദ്രകുണ്ടിനു മുന്നിലെത്തി. സ്ത്രീകൾക്കു മാത്രമേ ഇവിടേക്കു പ്രവേശനമുള്ളൂ.

subscribe