• നാടകവും അഭിനയരംഗത്തെ തുടക്കവും

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ബി.എ പൊളിറ്റിക്കൽ സയൻസിനു പഠിക്കുന്ന കാലഘട്ടം. ജീവിതത്തിൽ ആദ്യമായി സ്റ്റേജിൽ ഒരു നാടകം ചെയ്തു, ‘മൂന്നാംയാമം’ എന്നായിരുന്നു നാടകത്തിന്റെ പേര്. അതിലെ അഭിനയത്തിനു മികച്ച നടനുള്ള സമ്മാനം കിട്ടി. അവാർഡ് എനിക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും തന്നു. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം അക്കാലത്ത് മനസിൽ മുളപൊട്ടി വളരുകയായിരുന്നു. നാടകം മാത്രമല്ല, മിമിക്രി, മോണോആക്ട്, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലും മത്സരിച്ചിട്ടുണ്ട്. ‘ബി’ സോൺ കലോത്സവ വേദികളിൽ പങ്കെടുക്കാനും ഭാഗ്യമുണ്ടായി. അതെല്ലാം കലാവഴികളിലെ ആദ്യകാല പാഠങ്ങളാണ്.

ചെറുപ്പം തൊട്ടു കലയോടുള്ള പ്രണയം മനസിൽ സൂക്ഷിച്ചിരുന്നു. പക്ഷേ, കഴിവു തെളിയിച്ചിരുന്നത് നോൺ സ്റ്റേജ് ഐറ്റംസ് ആയ ചിത്രരചനയിലും കളിമൺ മോഡലിങ്ങിലും ആയിരുന്നു. അനശ്വരനായ പ്രണയിതാവ് മൊയ്തീന്റെ നാടായ മുക്കം ചേന്ദമംഗലൂർ ഇസ്‌ലാഹിയയിൽ പഠിച്ച (ഒരു വർഷം) താണ് കലയോടുള്ള പ്രണയം കൂടിവരാൻ കാരണം. മറ്റു വിദ്യാർത്ഥികൾ നാടകങ്ങളും പാട്ടുകളും കഥാപ്രസംഗങ്ങളും അവതരിപ്പിക്കുന്നതു കണ്ടപ്പോൾ തോന്നിയ ആഗ്രഹമാണ് എന്റെ കലാജീവിതത്തിന്റെ തുടക്കത്തിലെ ഒരു തീപ്പൊരി. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ കണ്ട ‘നഖക്ഷതങ്ങൾ’ എന്ന സിനിമയാണ് സിനിമയോടുള്ള താത്പര്യമുണ്ടാക്കിയത്.

  • സിനിമയിൽ

മലബാർ മേഖലയിലുള്ളവർക്ക് സിനിമയിലേക്കുള്ള പ്രവേശനത്തിനു പൊതുവെ സാധ്യത കുറവാണ്. 2010-നു ശേഷം അതു മാറിയെന്നു തോന്നുന്നു. ജനിച്ചത് തലശേരി കടവത്തൂരിൽ ആണെങ്കിലും വളർന്നതും പഠിച്ചതും വയനാട്ടിലായിരുന്നു. അക്കാലത്ത് വയനാട്ടിൽ നിന്ന് സിനിമയിലേക്ക് എത്താൻ വളരെ പ്രയാസമായിരുന്നു. സിനിമയിൽ ചാൻസ് ചോദിക്കണമെങ്കിൽ ചുരമിറങ്ങി എറണാകുളത്തും ചെന്നൈയിലും എത്തണം. സിനിമയിൽ ശ്രദ്ധിക്കാൻ ഒരു സിനിമയുടെ നിർമാണ പ്രവർത്തനവുമായി ബന്ധമുണ്ടായാലേ സാധിക്കുകയുള്ളു എന്നുപറഞ്ഞു വയനാട്ടിലെ ഒരു സംവിധായകൻ. അവസാനം ആ പ്രൊജക്ട് ‘കൂട്ടം തെറ്റിയ സുൽത്താൻ’ എന്ന സീരിയൽ പരമ്പരയായി മാറുന്നു. 2001 ജനുവരി 14 മുതൽ ഏപ്രിൽ വരെ കൈരളിയിൽ മികച്ച പ്രതികരണം കിട്ടിയെങ്കിലും ബിസിനസ് പരമായ അജ്ഞത ആ സീരിയൽ ഒരു വൻ പരാജയമായി മാറി. പിന്നീട് അത് ‘മരുഭൂമിയിലെ ആന’ എന്ന പേരിൽ 2016 ൽ സിനിമയായി. പിന്നീട് അതേ സംവിധായകൻ ശരത്ചന്ദ്രൻ വയനാടിന്റെ ചെറിയ ചെറിയ ഷോർട്ട് ഫിലിമും മറ്റും ചെയ്തുകൊണ്ടിരുന്നു. 2004 ആയപ്പോഴേക്കും നരേൻ – കാവ്യാ മാധവൻ, ശരത്ചന്ദ്രൻ വയനാടിന്റെ ‘അന്നൊരിക്കൽ’എന്ന സിനിമയുടെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ആയി വർക്ക് ചെയ്തു. ആ സിനിമയിൽ ജോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

  • ബിഗ് സ്‌ക്രീനിൽ നിന്ന് മിനി സ്‌ക്രീനിലേക്ക്

‘അന്നൊരിക്കൽ’ എന്ന സിനിമയുടെ തിരക്കഥ, സംഭാഷണത്തിൽ പങ്കാളിയായ ജി.എസ്. അനിലിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവാകുന്നത്. അദ്ദേഹത്തിന്റെ രചനയിൽ പി.സി. വേണുഗോപാൽ സാറിന്റെ ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രം അഭിനയിക്കാൻ അവസരം കിട്ടി. 100 -ാമത്തെ എപ്പിസോഡിൽ വന്ന് 127-ാമത്തെ എപ്പിസോഡിൽ മരിക്കാൻ തീരുമാനിച്ചിരുന്ന എന്റെ കഥാപാത്രം വളർന്ന് 565-ാമത്തെ എപ്പിസോഡ് (ഒന്നര വർഷം) വരെ ആ കഥാപാത്രം ചെയ്തു.

  • കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും

127-ാമത്തെ എപ്പിസോഡിൽ ഞാൻ മരിച്ചുകൊണ്ടിരിക്കുന്ന ഭാഗം ഷൂട്ട് ചെയ്യുന്ന ദിവസമാണ് ചെന്നൈ സൂര്യാ ടിവിയിൽ നിന്ന് സർവേ റിപ്പോർട്ട് പ്രകാരം ഇത്തിക്കര പക്കിയെ കൊല്ലരുത് എന്നു തീരുമാനിക്കുന്നത്. അതുവരെ കൊച്ചുണ്ണിയുടെ ശത്രുവായി വില്ലൻ കഥാപാത്രം ചെയ്ത ഇത്തിക്കര പക്കിയുടെ ട്വിസ്റ്റ് അവിടെ നിന്നാണ് ആരംഭിക്കുന്നത്. കൊച്ചുണ്ണിയും കടുവാശേരി ബാവയും സംഘവും പാവപ്പെട്ടവർക്ക് അരിയും ഗോതമ്പും വിതരണം ചെയ്യാൻ വരുന്ന രംഗം (പക്ഷേ അരിയിലും മറ്റു ധാന്യങ്ങളിലും ക്രൂരന്മാരായ നാടുവാഴികളുടെ ശിങ്കിടികൾ വിഷം കലർത്തിയ വിവരം അറിയുന്ന ഇത്തിക്കര പക്കി കൊച്ചുണ്ണിയോടും കൂട്ടുകാരോടും അരിയും മറ്റു ധാന്യങ്ങളും പാവപ്പെട്ടവർക്കു വിതരണം ചെയ്യരുതെന്നു കേണപേക്ഷിക്കുന്നു. പക്ഷേ, കൊച്ചുണ്ണിയുടെ ശത്രുവായിരുന്ന ഇത്തിക്കര പക്കിയെ വിശ്വസിക്കാൻ ആരും തയാറാവുന്നില്ല. അവസാനം അവരുടെ മുമ്പിൽ വച്ച് തന്റെ കത്തികൊണ്ട് ചാക്കിൽ കുത്തി, ധാന്യമണികൾ പുറത്തെടുത്തു വായിലിട്ടു ചവച്ചരച്ച് ചോര ഛർദ്ദിച്ച് മരണത്തിന്റെ വഴിയിലേക്കു പോകുന്ന രംഗമാണ് ഇത്തിക്കര പക്കിക്കു പ്രേക്ഷകർക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിച്ചത്.

അന്ന്, കൊച്ചുണ്ണിയായി അഭിനയിക്കുന്ന മണിക്കുട്ടന് വിനയൻ സാറിന്റെ സിനിമയിൽ ഓഫർ കിട്ടി. പുതിയ കൊച്ചുണ്ണിയെ തിരയുന്നതിനിടയിൽ ഇത്തിക്കര പക്കിയുടെ കഥാപാത്രം വളർന്നുവന്നു. പിന്നീട് മുളമൂട്ടിൽ അടിമയുടെ (ടോഷ് ക്രിസ്റ്റി) രംഗപ്രവേശവും തുടർന്ന് കാക്ക ശങ്കരന്റെ മാസ്മരിക പ്രകടനവും (ഹരീഷ് പേരടി) അവരൊക്കെ വന്നപ്പോൾ കായംകുളം കൊച്ചുണ്ണി കൂടുതൽ ജനപ്രീതിയാർജിച്ചു.

  • ഇത്തിക്കര പക്കിയും ഞാനും

പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ കൊല്ലം ജില്ലയിൽ ഇത്തിക്കര ദേശത്താണ് ഇത്തിക്കര പക്കി എന്നറിയപ്പെടുന്ന അബ്ദുൾ ഖാദർ ജനിച്ചത്. നീന്തലിൽ അസാമാന്യ പാടവമുള്ള വ്യക്തിയായിരുന്നു പക്കി. ഇംഗ്ലീഷുകാർ, നാടുവാഴികൾ ഇവരിൽ നിന്നു പണം പിടിച്ചെടുത്ത് പാവപ്പെട്ടവർക്കു വിതരണം ചെയ്തിരുന്നു പക്കി. അദ്ദേഹം മരിച്ചത് ക്യാൻസർ മൂലമാണെന്നു പറയപ്പെടുന്നു.
സീരിയലിൽ ഇത്തിക്കരപക്കി മരിക്കുന്നത് കൊച്ചുണ്ണിയെ കുന്തമെറിഞ്ഞു കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ അതു സ്വന്തം ശരീരം കൊണ്ടു തടുത്തു കൊണ്ടാണ്. മരിക്കുന്നതിനു മുമ്പ് ചെയ്ത തെറ്റിന് ദൈവത്തോടു മാപ്പിരന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ചോര ഛർദ്ദിച്ചാണു മരണം. ആ സീൻ ചിത്രീകരിക്കുന്ന സമയം കാണാൻ ജി.എസ്. അനിൽ വന്നിരുന്നില്ല. കുറേ ദൂരം മാറി ഇരിക്കുകയായിരുന്നു. പി.സി. വേണുഗോപാൽ കുറേ സമയം ഒന്നും മിണ്ടാതിരുന്നു. ഒരു മരണം സംഭവിച്ച വീട്ടിലെ അംഗങ്ങളെ പോലെ കൊച്ചുണ്ണി ഗ്രൂപ്പിലുള്ളവർ ഒരനക്കവുമില്ലാതെ നിന്നു. 13 വർഷം കഴിഞ്ഞിട്ടും ഇന്നും എന്റെ ഉള്ളിൽ നിന്ന് ആ കഥാപാത്രം ഇറങ്ങിയിപോയിട്ടില്ല.

subscribe