ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് ടി.വി. ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ആയി ആദ്യം വർക്ക് ചെയ്യുന്നത് അദ്ദേഹത്തിന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലാണ്. ഇത്രയും വലിയ ഒരു സംവിധായകനൊപ്പം തന്നെ ആദ്യ ചിത്രം. അത് എന്റെ ഭാഗ്യമാണ്. വലിയ സ്‌നേഹവും കരുതലും തരുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. യാതൊരു ടെൻഷനുമില്ലാത്ത – അത് ചിത്രീകരണ സമയത്തായാലും അല്ലെങ്കിലും വളരെ കൂൾ ആയ, ചില സമയങ്ങളിൽ ഗൗരവക്കാരന്റെ വേഷമണിയുന്ന, ചില സമയങ്ങളിൽ ഒരു കൊച്ചു കുട്ടിയുടെ നിഷ്‌ക്കളങ്കതയുള്ള, ചില സമയങ്ങളിൽ ചെറിയ പിടിവാശി കാണിക്കുന്ന; എല്ലാത്തിനുമുപരി ഉള്ളിൽ നിറയെ സ്‌നേഹമുള്ള ഒരു വലിയ മനുഷ്യൻ.

താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാവിനുമൊം ഒരു പോലെ സ്വീകാര്യനായ മനുഷ്യൻ! യാതൊരു കൺഫ്യൂഷനും ഇല്ലാത്ത മികച്ച ടെക്‌നീഷ്യൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ വളരെ സുഖവുമാണ്. ‘പാഠം ഒന്ന് ഒരു വിലാപ’ത്തിൽ തുടങ്ങി അവസാനം റിലീസ് ചെയ്ത ‘പെങ്ങളില’ വരെ ഏഴ് ചിത്രങ്ങളിൽ ആണ് ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്തത്. ആ തുടർച്ചയിൽ ‘കഥാവശേഷൻ’ മാത്രമാണ് ഞാൻ ഒപ്പമില്ലാതിരുന്നത്. തുടർച്ചയായി ഒരുമിച്ച് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ചന്ദ്രൻ സാറിനൊപ്പം വർക്ക് ചെയ്ത ഏക പ്രൊഡക്ഷൻ കൺട്രോളറും ഞാൻ തന്നെയാണ്, രണ്ടാം സ്ഥാനത്ത് പട്ടണം റഷീദും.

ക്ലിയർ ഇമേജിന്റെ ബാനറിൽ ആര്യാടൻ ഷൗക്കത്ത് കഥയെഴുതി നിർമിച്ച ചിത്രമായിരുന്നു ‘പാഠം ഒന്ന് ഒരു വിലാപം’. തിരക്കഥയും സംഭാഷണവും സംവിധാനവും ചന്ദ്രൻ സാർ. മീരാ ജാസ്മിൻ, ഇർഷാദ്, പി. ശ്രീകുമാർ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. ആ ചിത്രത്തിലൂടെ മീരാ ജാസ്മിനു മികച്ച നടിക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. മികച്ച രണ്ടാമത്തെ നടനായി പി. ശ്രീകുമാറും മികച്ച രണ്ടാമത്തെ നടിയായി റോസ്‌ലിനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥയ്ക്ക് നിർമാതാവായ ആര്യാടൻ ഷൗക്കത്തിനും മീരാ ജാസ്മിന്റെ ഉമ്മയായി അഭിനയിച്ച പല്ലവി കൃഷ്ണന് ശബ്ദം നൽകിയ നടി സീനത്തിന്റെ സഹോദരി കൂടിയായ അഫ്‌സത്തിന് മികച്ച ഡബ്ബിങ്ങിനും അവാർഡ് കിട്ടി. അങ്ങനെ പ്രൊഡക്ഷൻ കൺട്രോളറായുള്ള എന്റെ ആദ്യ അനുഭവം തന്നെ മധുരം നിറഞ്ഞതായി.

subscribe