ബംഗളൂരുവിൽ നിന്ന് ഏതാണ്ട് 60 കിലോമീറ്റർ യാത്രചെയ്താൽ നന്ദി ഗ്രാമത്തിൽ (ചികബല്ലാപ്പൂർ ജില്ല) നന്ദി കുന്നുകളുടെ അടിവാരത്തിൽ ഒൻപതാം നൂറ്റാണ്ടിൽ പണിത ഈ ക്ഷേത്രസമുച്ചയത്തിൽ എത്താം. നന്ദിക്കുന്നുകളിൽ പുലരി വരുന്നതും കോട നീങ്ങുന്നതും കാണാൻ വെളുപ്പിനെ ഇറങ്ങിയതാണ് ഞാനും സ്‌നേഹിത ജിതയും. അവിടെ നിന്നാണു കുറച്ചുകൂടി യാത്ര ചെയ്ത് ഭോഗനന്ദീശ്വരക്ഷേത്രത്തിലെത്തിയത്. ശിവന് സമർപ്പിതമായ ക്ഷേത്രമാണ് ഭോഗനന്ദീശ്വര. ഇത് കർണാടകയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായി കരുതപ്പെടുന്നു. ഒൻപതാം നൂറ്റാണ്ടിലാണ് ഇതു പണിതിട്ടുള്ളത്. ഗംഗാ, ചോളാ, ഹൊയ്‌സാല, വിജയനഗര സാമ്രാജ്യങ്ങളുടെ പരിരക്ഷണയിൽ വന്നിട്ടുള്ള, ദ്രവീഡിയൻ വാസ്തുരീതിയിലുള്ള ഈ ക്ഷേത്രസമുച്ചയ പരിസരം ശാന്ത ഗംഭീരമാണ്. മധ്യകാലത്തിനു ശേഷം ചിക്ബല്ലാപുരയിലെ പ്രാദേശിക ഭരണാധികാരികളും മൈസൂർ രാജാക്കന്മാരായ ഹൈദരാലിയും ടിപ്പു സുൽത്താനും ഈ പ്രദേശം നിയന്ത്രണത്തിൽ കൊണ്ടു വന്നതായി പറയുന്നു. ടിപ്പുവിനു ശേഷം അവ ബ്രിട്ടീഷ് നിയന്ത്രണത്തിൽ വന്നു. പച്ചപ്പും നിശ്ശബ്ദതയും നിറഞ്ഞ പരിസരങ്ങൾ കൊണ്ടാണ് ഈ ഇടത്തോട് ഏറെ ഇഷ്ടംതോന്നിയത്. ക്ഷേത്ര സമുച്ചയം പണിതിട്ടുള്ള ഭൂമിയിലെ നേർത്ത നനവുള്ള പുല്ലിൽ നിറയെ ഓറഞ്ചു നിറമുള്ള വലിയ പൂക്കൾ വീണുകിടക്കുന്നു. ഏതോ പേരറിയാ പൂവ്. ഓരോ കാറ്റിലും അതിന്റെ എണ്ണം കൂടുന്നതും നോക്കി എത്ര നേരമിരുന്നാലും മടുപ്പുണ്ടാവില്ല.

കൽത്തൂണുകളും കൊത്തിവയ്പ്പുകളും നിറഞ്ഞ ക്ഷേത്രത്തിൽ രണ്ടു പ്രധാന പ്രതിഷ്ഠകളാണ് ഉള്ളത്. അരുണാചലേശ്വരനും ഭോഗനന്ദീശ്വരനും. രണ്ടും ശിവനെ പ്രതിനിധീകരിക്കുന്നു. ശിവന്റെ കുട്ടിക്കാലവും യൗവനവുമാണത്രെ ഇവ രണ്ടും. അവിടെ കാണാവുന്ന മറ്റൊരു ചെറിയ പ്രതിഷ്ഠ ഉമാമഹേശ്വരന്റേതാണ്. ശിവ പാർവതി വിവാഹത്തെ സൂചിപ്പിക്കുന്നു ഇത് എന്നാണു കരുതപ്പെടുന്നത്. അതു കൊണ്ട് കൂടിയാവാം വിവാഹച്ചടങ്ങുകൾക്കും നവ വിവാഹിതരുടെ സന്ദർശനങ്ങൾക്കും ഇവിടെ ഏറെ തിരക്കുമുണ്ട്. ശൈത്യം നിറഞ്ഞ കൽത്തറകളിലൂടെ ക്ഷേത്രത്തിനുള്ളിലൂടെ കടന്നുപോകുമ്പോൾ ചെറിയ കൽമണ്ഡപത്തിൽ രണ്ടു വിവാഹങ്ങളുടെ നിറഭംഗികൾ കൂടി കാണാനായി. പ്രധാന ചടങ്ങുകൾ കാണാൻ കുറച്ചു നേരം അവർക്കൊപ്പം ചേരുകയും ചെയ്തു.

subscribe