‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ വില്ലനായി സിനിമയിലെത്തിയ എനിക്ക് ആദ്യമായി ഒരു മൾട്ടിസ്റ്റാർ ചിത്രത്തിൽ അഭിനയിക്കാനവസരം ലഭിക്കുന്നത് അഹിംസയിലാണ്. ശശിയേട്ടനും ദാമോദരൻ മാഷും നൽകിയ ആ സിനിമയിലെ വില്ലൻവേഷം ഇന്നും എനിക്കു മറക്കാനാവാത്ത ഒരു അനുഭവമാണ്. ഐ.വി. ശശി-ടി. ദാമോദരൻ കൂട്ടുകെട്ടിൽ പിറക്കുന്ന ഒരു സിനിമയിൽ അഭിനയിക്കുക എന്നത് ഏതൊരു നടനും ആഗ്രഹിച്ചുപോകുന്നതാണ്, പുതുമുഖമായ ഒരാളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരവസരം ലഭിക്കുന്നത് മഹാഭാഗ്യം തന്നെ. അത്തരമൊരു ഭാഗ്യമാണ് അഹിംസ എനിക്കു മുന്നിൽ തുറന്നത്. അത് വലിയൊരനുഭവം കൂടിയായിരുന്നു. ടി. ദാമോദരൻ എന്ന പകരക്കാരനില്ലാത്ത എഴുത്തുകാരനെ ആദ്യമായി അറിഞ്ഞ അനുഭവം. ദാമോദരൻ മാഷെ ഓർക്കുമ്പോഴൊക്കെ കൗതുകവും സന്തോഷവും സങ്കടവുമെല്ലാം എന്റെ ഉള്ളിൽ നിറയുന്നുണ്ട്. മദ്രാസിലെ ശശിയേട്ടന്റെ വീട്ടിലേക്ക് അന്നാദ്യമായി ഞാൻ കടന്നുചെന്നത് ഒരു അവസരത്തിന് വേണ്ടിയായിരുന്നില്ല. അദ്ദേഹത്തെ ഒന്നു പരിചയപ്പെടുക- അത് മാത്രമായിരുന്നു ആഗ്രഹം. അവിടെവെച്ച് ഞാൻ പരിചയപ്പെട്ടത് രണ്ടു പേരെയായിരുന്നു. ശശിയേട്ടനെയും ദാമോദരൻ മാഷെയും. ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ഒരാളെ പരിചയപ്പെടാൻ ആഗ്രഹിച്ചു ചെല്ലുമ്പോൾ ചുറ്റുമുള്ള ഒരുപാടുപേർ നമുക്കുമേൽ സൗഹൃദത്തിന്റെ സ്‌നേഹം വർഷിക്കും. ദാമോദരൻ മാഷ് ചുറ്റുമുള്ള ഒരാളായിരുന്നില്ല. ശശിയേട്ടന്റെ ഹൃദയത്തിന്റെ ഭാഗംതന്നെയായിരുന്നു. ആദ്യചിത്രത്തിലൂടെതന്നെ ആ വലിയ മനുഷ്യൻ എന്റെ മനസിന്റെയും ഭാഗമായതു യാദൃച്ഛികമല്ല.

ദാമോദരൻമാഷിന്റെ രചനയിൽ എത്ര ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചു എന്നതു കൃത്യമായി ഞാൻ കുറിച്ചുവച്ചിട്ടില്ല. പക്ഷേ, എല്ലാം എന്റെ ഓർമയിലുണ്ട്. ഒരു ചിത്രം പോലെ മറ്റൊന്നില്ല. എല്ലാം വ്യത്യസ്തമായിരുന്നു. ആ വ്യത്യസ്തതകളിലൂടെ എന്നിലെ നടനും സഞ്ചരിച്ചു. അത് മോഹൻലാൽ എന്ന നടനെ ഉഴുതുമറിക്കുന്ന അനുഭവം തന്നെയായി. അദ്ദേഹത്തിന്റെ തിരക്കഥകൾ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതി. ആ ചരിത്രത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനവുമുണ്ട്.

പരിചയപ്പെട്ട കാലം മുതൽ വല്ലാത്തൊരു സ്‌നേഹം, മാഷ് എനിക്കുമേൽ ചൊരിഞ്ഞിരുന്നു. ഏറ്റവുമടുത്ത സുഹൃത്തിനെപ്പോലെ, മൂത്ത ജ്യേഷ്ഠനെപ്പോലെ, ഒരു ഗുരുനാഥനെപ്പോലെ… അങ്ങനെ പലരീതിയിലും ആ സ്‌നേഹം എന്നെ തേടിയെത്തി. തീക്കനൽപോലുള്ള തിരക്കഥകൾകൊണ്ട് വെള്ളിത്തിരയിൽ വിപ്ലവങ്ങൾ വിരിയിക്കാൻ അസാധ്യമായ ഒരു കഴിവ് മാഷിനുണ്ടായിരുന്നു. അതു നടനെന്ന നിലയിൽ ഞാനടക്കമുള്ള എത്രയോപേർക്ക് മുന്നേറാനുള്ള അവസരമൊരുക്കി. അഹിംസ മുതൽ നിരവധി ചിത്രങ്ങൾ… തെരുവിലേക്കും കടലിലേക്കും അതു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഒരുപാടു ജീവിതങ്ങൾ പറഞ്ഞു തന്നു. പഠിപ്പിച്ചു. പിന്നെ പകർന്നാടാൻ പറഞ്ഞു. അങ്ങനെ ടി. ദാമോദരൻ എന്ന എഴുത്തുകാരനെയും മനുഷ്യനെയും ഞാൻ അടുത്തറിഞ്ഞുകൊണ്ടേയിരുന്നു.

പ്രായം കൊണ്ടും അനുഭവംകൊണ്ടും എന്നേക്കാൾ എത്രയോ സീനിയറായിരുന്നു ആ മനുഷ്യൻ. മാഷിനോടൊത്തുള്ള സംഭാഷണം പലപ്പോഴും മണിക്കൂറുകളോളം നീളുമായിരുന്നു. സിനിമയുടെ കാര്യത്തിൽ തുടങ്ങുന്ന സംസാരം ലോകമഹായുദ്ധങ്ങളും കടന്ന് ബൊളീവിയൻ കാടും ചെഗുവേരയും പിന്നിട്ട് ഫുട്‌ബോളിന്റെ ആരവങ്ങളിലായിരിക്കും മിക്കപ്പോഴും അവസാനിക്കുക. പ്രശസ്തനാകണമെന്ന ചിന്തയില്ലാതെയാണ് ഓരോ പ്രവൃത്തിയും അദ്ദേഹം ചെയ്തു തീർത്തത്. ഇതു പല പ്രതിഭകളുടെയും പ്രത്യേകതകൂടിയാണ്. മാഷിന്റെ ഒരു സ്‌ക്രിപ്റ്റിനു പിറകിൽ നീണ്ട നാളത്തെ പഠനവും ഗവേഷണവും ഉണ്ടാകും. അതിനപ്പുറം സമൂഹത്തെ നിരീക്ഷിച്ചറിഞ്ഞ അനുഭവവും പരന്ന വായനയും, ഒപ്പം സ്വന്തം അനുഭവങ്ങളും. ജീവിത യാഥാർഥ്യങ്ങളുടെ പരുക്കൻ പ്രതലങ്ങൾ തന്നെയായിരുന്നു പലപ്പോഴും അദ്ദേഹം സിനിമയ്ക്കായി വരച്ചിട്ടത്. അത് ഹിറ്റുകളുടെ പരമ്പരതന്നെ തീർത്തു.

subscribe