• എൻജിനീയർ പക്ഷേ, ആയോധന കലകളിൽ മാസ്റ്റർ

കുട്ടിക്കാലം മുതൽ ആയോധനകലകൾ പഠിക്കാൻ ആരംഭിച്ചിരുന്നു. ഏഴു വയസു മുതൽ കരാട്ടേ പഠനം ആരംഭിച്ചു. എൻജിനീയറാകാൻ എനിക്കു താത്പര്യം ഉണ്ടായിരുന്നില്ല. ഷിപ്പിൽ ജോലി ചെയ്യാനായിരുന്നു ഇഷ്ടം. മറൈൻ എൻജിനീയറിങ്ങിൽ ആണ് ബിരുദമുള്ളത്. നോട്ടിക്കൽ സയൻസിനാണ് അപേക്ഷിച്ചത്, പക്ഷേ കിട്ടിയില്ല. ഷിപ്പിൽ പോകാൻ വേണ്ടി മാത്രമാണ് മറൈൻ എൻജിനീയറിങ് പഠിച്ചത്. പഠിക്കുന്ന സമയത്താണ് ഗിന്നസ് റെക്കോർഡ് (2012) ബ്രേക്ക് ചെയ്യുന്നത്. തൊട്ടടുത്ത വർഷം വേൾഡ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
കോഴ്‌സ് കഴിഞ്ഞ ഉടനെതന്നെ ഷിപ്പിൽ ജോലിക്കു കയറി. ധാരാളം രാജ്യങ്ങൾ സന്ദർശിച്ചു. പക്ഷേ, ഞാൻ സന്തോഷവാനായിരുന്നില്ല. എന്റെ മനസു നിറയെ കരാട്ടെയും കിക്ക് ബോക്‌സിങ്ങുമായിരുന്നു. അവധിക്കു നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഷിപ്പിലെ ജോലി ഉപേക്ഷിക്കാം എന്ന തീരുമാനത്തിലെത്തി. ചില ബിസിനസ് ആരംഭിച്ചു. നാട്ടിൽ നിൽക്കാനും മാർഷ്യർ ആർട്‌സിൽ തുടരാനും വേണ്ടിയാണ് അതെല്ലാം ആരംഭിച്ചത്.

  • ലോകം ചുറ്റിക്കാണാൻ മോഹം

ലോകം ചുറ്റിക്കാണാനും വിവിധ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും അടുത്തറിയാനും പഠിക്കാനും വേണ്ടിയാണ് ഷിപ്പിൽ ജോലിക്കു കയറിയത്. എന്നാൽ, ഈ ജോലിക്കു പരിമിതികളുമുണ്ട്. വീടും നാടുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി സഹകരിക്കാനോ, പങ്കെടുക്കാനോ കഴിഞ്ഞെന്നു വരില്ല. വ്യക്തിപരമായി അത്തരം ചില നഷ്ടങ്ങളും ഉണ്ടാകും.
50-ാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സന്ദർശിച്ചതിൽ ഏറ്റവും ഇഷ്ടം ക്യൂബയാണ്. ക്യുബ ഭംഗിയുള്ള രാജ്യമാണ്. അവരുടെ നഗരങ്ങൾ, അവിടത്തെ കെട്ടിടങ്ങൾ.. അതിന്റെ പഴമ, പാരമ്പര്യം എല്ലാം എടുത്തുപറയേണ്ടതാണ്. അർജന്റീന സന്ദർശിച്ച വേളയിൽ മെസിയുടെ ജന്മനാടായ റൊസാരിയോ സന്ദർശിച്ചു. അതൊരു വലിയ അനുഭവമായിരുന്നു. ഒരു വർഷത്തിലേറെ തുടർച്ചയായി ട്രാവൽ ചെയ്തിട്ടുണ്ട്.

  • ഓൾ എലൈറ്റ് കരാട്ടെ ലീഗ്

കരാട്ടെയുമായി ബന്ധപ്പെട്ട വലിയൊരു ചാംപ്യൻഷിപ്പ് ആണ് സംഘടിപ്പിക്കുന്നത്. ഓൾ എലൈറ്റ് കരാട്ടെ ലീഗ് എന്നാണ് ടൂർണമെന്റിനു പേരിട്ടിരിക്കുന്നത്.
വിവിധ അസോസിയേഷനുകൾ ഇവിടെ കരാട്ടെ ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് കൊടുക്കുന്നത് സർട്ടിഫിക്കെറ്റുകളും ട്രോഫികളും മാത്രമാണ്. വലിയ പണച്ചെലവില്ലാത്ത കാര്യങ്ങളാണിതെല്ലാം.
എന്നാൽ, ഓൾ എലൈറ്റ് കരാട്ടെ ലീഗ് നിലവിൽ നടക്കുന്ന കരാട്ടെ ടൂർണമെന്റകളിൽ നിന്നു വളരെ വ്യത്യസ്തമാണ്. ഓരോ മൂന്നു മാസം കൂടുമ്പോഴും കരാട്ടെ ലീഗ് സംഘടിപ്പിക്കും. വിജയികളാകുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് ലീഗ് കൊടുക്കും. കരാട്ടെ ടൂർണമെന്റുകളിൽ ക്യാഷ് പ്രൈസ് കൊടുക്കുന്നതു വളരെ കുറവാണ്. വേൾഡ് കരാട്ടെ ഫെഡറേഷൻ, ഏഷ്യൻ കരാട്ടെ ഫെഡറേഷൻ തുടങ്ങി മറ്റേതു സംഘടനകൾ കൊടുക്കുന്നതിനേക്കാളും ഉയർന്ന ക്യാഷ് പ്രൈസ് ആണു കൊടുക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതുമാത്രല്ല, വിജയികൾക്കു മികച്ച പ്രമോഷനും കൊടുക്കും.
ഒരു കരാട്ടെ ലീഗ് സംഘടിപ്പിക്കണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ്. 17 പ്രാവശ്യം ഞാൻ നാഷണൽ ചാംപ്യൻ ആണ്. 21 പ്രാവശ്യം സ്റ്റേറ്റ് ചാംപ്യൻഷിപ്പും നേടിയിട്ടുണ്ട്. നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വിവിധ ടൂർണമെന്റുകളിൽ സ്റ്റുഡന്റ്‌സിനെയും കൂട്ടി പോയിട്ടുണ്ട്.

subscribe