ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ആകുന്നതിനു മുമ്പും എനിക്കു കുട്ടികളുടെ ചലച്ചിത്രങ്ങളോട താത്പര്യമുണ്ടായിരുന്നു. ഈ താത്പര്യം തന്നെയാണ് രണ്ടു കുസൃതികളുടെ കഥ പറഞ്ഞ ‘ബോബനും മോളിയും’ എന്ന ചലച്ചിത്രത്തിലും ‘വിടരുന്ന മൊട്ടുകൾ’ എന്ന കുട്ടികളുടെ ചലച്ചിത്രത്തിലും അഭിനയിക്കാൻ എനിക്ക് കരുത്തും ആഹ്ലാദവും തന്നത്.

ബോബനും മോളിയും അക്കാലത്ത് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ ലക്ഷക്കണക്കിന് വായനക്കാരുടെ ഹരമായി ടോംസിന്റെ കാർട്ടൂൺ കഥാപാത്രങ്ങളായിരുന്നു. അത് അടിസ്ഥാനമാക്കി ഒരു സിനിമ എടുക്കുമ്പോൾ സ്വാഭാവികമായും ചിത്രത്തിൽ പ്രാധാന്യം ആ കുട്ടികൾക്കായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. മറ്റു കഥാപാത്രങ്ങളൊക്കെത്തന്നെ അപ്രധാനമാകാനാണ് സാധ്യത. എന്നാൽ ഈ ചിന്തകളൊന്നും തന്നെ ഈ വേഷം സ്വീകരിക്കുന്നതിനോട് എനിക്ക് വിലങ്ങുതടിയായില്ല എന്നുമാത്രമല്ല കുട്ടികൾക്കായുള്ള ചിത്രമാണ് ഇതെന്ന ഒരൊറ്റ കാര്യമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ എനിക്കു കരുത്തു നൽകിയത്. ആ ചിത്രത്തിൽ എന്റെ നായികയായത് വിജയശ്രീ ആയിരുന്നു. സാക്ഷാത്കരിക്കപ്പെടാതെ പോകുന്ന സ്‌നേഹത്തിന്റെ നൊമ്പരവുമായി വന്നിറങ്ങിയ കഥാപാത്രത്തിന് അക്കാലത്ത് ഒരുപാട് അഭിനന്ദനപൂച്ചെണ്ടുകൾ എനിക്കു സമ്മാനിച്ചു. പൊട്ടിച്ചിരിക്കു മുൻതൂക്കം നൽകിയ സിനിമയിലെ വേദന പ്രേക്ഷകർ ഏറ്റെടുത്തു എന്നുവേണം കരുതാൻ.

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘വിടരുന്ന മൊട്ടുകൾ’ എന്ന ചിത്രം പൂർണമായും കുട്ടികൾക്കു വേണ്ടി നിർമിച്ചതായിരുന്നു. അഭിനയിക്കാൻ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി കഥാപാത്രങ്ങളാക്കുകയായിരുന്നു ചിത്രത്തിൽ. ഇതിലെ അധ്യാപകന്റെ വേഷം അഭിനയിക്കുന്നതിന് എനിക്കു പൂർണമനസായിരുന്നു. വലിയ വെല്ലുവിളിയൊന്നുമില്ലാത്ത ആ കഥാപാത്രം സ്വീകരിക്കാൻ എന്നെ പ്രതിബദ്ധനാക്കിയത് കുട്ടികൾക്കായുള്ള ചലച്ചിത്രമായതുകൊണ്ട് മാത്രമാണ്.

subscribe