കാനായി കുഞ്ഞിരാമൻ, കല കൊണ്ടു മനഃപരിവർത്തനം എന്ന തന്റെ ലക്ഷ്യം സഫലമായതിന്റെ സന്തോഷത്തിലാണ്. ആരാധകരേറെയുള്ള ‘മലമ്പുഴ യക്ഷി’ യുടെ അൻപതാം പിറന്നാൾ ആഘോഷങ്ങളാണ് ഇതിനേറ്റവും വലിയ തെളിവെന്നും അദ്ദേഹം. സ്ത്രീയുടെ ആകർഷണീയത പുരുഷനില്ല. ഒരു സുന്ദരിയെ കാണുമ്പോൾ തന്നിലെ കലാകാരനുണരുകയും എത്ര മനോഹരമായി അതു നിർമിക്കാനാകും എന്ന ചിന്ത അനുനിമിഷം വളർന്നു തുടങ്ങുകയും ചെയ്യും. പ്രകൃതി നിയമമായ ലൈംഗീകത കുറ്റമല്ല, സന്താനോത്പാദനത്തിനു വേണ്ടിയുള്ളതാണ്. ഭൂമി മാതാവിന്റെ യോനിയിലൂടെ കടന്നുവന്നവയാണു കാണുന്നതൊക്കെയും. സ്‌ത്രൈണത വികാരമുളവാക്കും. നഗ്‌നതയുടെ പരസ്യമായ ആസ്വാദനത്തിലൂടെ യഥാർത്ഥത്തിൽ നടക്കുന്നതു ബോധവത്ക്കരണമാണ്. ഗുരുത്വാകർഷണകേന്ദ്രത്തിലേക്കു സകലതും പിടിച്ചെടുക്കുന്ന ഭൂമിയുടെ എല്ലാ വക്രതകളുമുള്ള സ്ത്രീയെ അതിജീവിച്ച ആദ്യത്തെ ആദമാകണം പുരുഷൻ, എന്നാണ് കനായിയുടെ അഭിപ്രായം. കാനായിയുമായുള്ള പ്രത്യേക അഭിമുഖം.

  • ബാല്യവും മണ്ണിൽ കുഴച്ചുണ്ടാക്കിയ ശിൽപ്പങ്ങളും

എൺപതുവയസു കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയോടെയും യുവാവിന്റെ ചുറുചുറുക്കോടെയും ശിൽപ്പത്തൊഴിലാളിയായി ജീവിക്കുന്നതിനു പിന്നിലെ കാരണം കാലം പകർന്നുതന്ന കരുത്താണ്. കാസർഗോഡുള്ള ചെറുവത്തൂർ ഗ്രാമത്തിലെ കുട്ടമത്ത് രാമന്റെയും മാധവിയുടെയും മൂത്ത പുത്രനായി ജനനം. കുട്ടിക്കാലത്തു ചുവരിലെഴുതിയ ചിത്രങ്ങൾ അച്ഛന്റെ കോപവും അമ്മയുടെ വാത്സല്യവും ഒരേ സമയം ഏറ്റ് വാങ്ങി. അച്ഛൻ തന്നെ സ്‌നേഹിക്കാതെ ഏകപക്ഷീയമായി നന്നാക്കാൻ ശ്രമിച്ചു. അച്ഛനോടു പൊരുത്തപ്പെടാനാവാതെ അമ്മ തറവാട്ടിലേക്കു മടങ്ങി. മകനെ കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. അച്ഛന്റെ രണ്ടാം വിവാഹത്തോടെ ബാല്യം ദുരിത പൂർണമായിത്തീർന്നു. പാടത്തും പറമ്പിലും കൂലിക്കാരനായി പണിയെടുത്തു. അക്കാലത്തെ തൊഴിലാളികളായ മാറു മറയ്ക്കാത്ത സ്ത്രീകളുടെ അർദ്ധനഗ്‌നശിൽപ്പങ്ങളുൾപ്പെടെ പല രൂപങ്ങളും ചെളിമണ്ണിൽ കുഴച്ചുണ്ടാക്കി. അവരതാസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

നീലേശ്വരം രാജാസ്‌കൂളിലെ പഠനകാലത്തു ചിത്രകലാധ്യാപകനായ കൃഷ്ണക്കുട്ടൻമാഷാണ് എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചത്. അമ്മാവനായ കുഞ്ഞപ്പുമാഷും പിന്തുണയേകി. സംഗീതം, ചിത്രകല തുടങ്ങിയവയുടെ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടി. ലക്ഷ്യബോധം കലയും വായന ഇഷ്ട തോഴനുമായി. സംശയ നിവാരണങ്ങൾക്കു് പുസ്തകങ്ങളെ ആശ്രയിക്കുക എന്നത് എക്കാലത്തെയും ശീലമായി.

  • നെഹ്‌റുവിന്റെ ചിത്രം

1956-ൽ നെഹ്‌റുവിന്റെ പൂർണകായ ചിത്രം ടെയ്‌ലേഴ്‌സ് യൂണിയന്റെ കണ്ണൂരിൽ നടന്ന ജില്ലാ സമ്മേളനത്തിനു വേണ്ടി വരച്ചു. ആവശ്യം കഴിഞ്ഞു ജൗളിക്കടയുടെ മുന്നിൽ ഇതു പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എറണാകുളത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മറ്റൊരു യോഗത്തിനു വേണ്ടി മംഗലാപുരത്തേക്കു പോകുന്ന വേളയിൽ കൽക്കരി വണ്ടി വെള്ളമെടുക്കാൻ ചെറുവത്തൂരിൽ നിർത്തി. തന്റെ ചിത്രം കണ്ടതും നെഹ്‌റു അതിനരുകിലെത്തി ആസ്വദിച്ചു. പത്രങ്ങളിലെല്ലാം ഇതു വലിയ വാർത്തയായി. പക്ഷേ, തല തിരിഞ്ഞവൻ കലാകാരൻ എന്ന അച്ഛന്റെ കാഴ്ചപ്പാടിനു യാതൊരു ചലനവും സൃഷ്ടിക്കാനായില്ല.

  • ഉപരിപഠനവും

പത്താം ക്ലാസ് ജയിച്ചതും അമ്മാവന്റെ സുഹൃത്തിനൊപ്പം ശാന്തിനികേതനിൽ പഠിക്കണം എന്ന ആഗ്രഹത്താൽ നാടു വിടാൻ തീരുമാനിച്ചു. അച്ഛൻ ചില്ലിക്കാശു പോലും നൽകിയില്ല. അമ്മയോടു യാത്ര ചോദിച്ചപ്പോൾ കെട്ടിപ്പിടിച്ചു കണ്ണീരോടെ പറഞ്ഞത്, എവിടെയായാലും ആരോഗ്യം സൂക്ഷിക്കണമെന്നും ചീത്തപ്പേരുണ്ടാക്കരുതെന്നുമായിരുന്നു. തന്റെ ദൗർബല്യമായ അമ്മയുടെ വാക്കുകൾ പാലിക്കുന്നതിലൂടെ ധീരനായ കലാകാരൻ എന്ന വിശേഷണം നിലനിർത്തുന്നു.
മദ്രാസിലെ സ്‌കൂൾ ഓഫ് ആർട്‌സിൽ, ശിൽപ്പകല ഐശ്ചിക വിഷയമായെടുത്തു പഠനം തുടങ്ങി. ചിത്രകാരനായ റോയി ചൗധരിയായിരുന്നു പ്രിൻസിപ്പൽ. കെ.സി.എസ്. പണിക്കർ കരുത്തും തണലും പകർന്നു. പ്രൊഫ എസ്. ധനപാൽ ശിൽപ്പകലയിലെ ഗുരുവായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കോളേജ് ക്യാന്റീനിൽ പണിയെടുക്കുകയും അവിടെ താമസിക്കുകയും ചെയ്തു. വലിയ മുടിത്തെയ്യവും തിറയുമാണു പഠന കാലത്തു വലിയ ശിൽപ്പങ്ങൾ നിർമിക്കാനുള്ള പ്രചോദനമായത്. തകര ശിൽപ്പനിർമാണരംഗത്തു തുടക്കക്കാരനാകാൻ കഴിഞ്ഞു. വിദ്യാർത്ഥിയായിരിക്കെ സ്വന്തമായ ശൈലിയിലൂടെ വ്യത്യസ്തനാകാൻ ശ്രമം നടത്തിയിരുന്നു.

subscribe