അത്ഭുതങ്ങളുടെ ആകാശവും അനുഭൂതികളുടെ ഭൂഖണ്ഡങ്ങളും ആത്മവിസ്മൃതിയുടെ കടലും ഒരേ ക്യാൻവാസിൽ വിരിയുന്ന വിസ്മയമാണ് ഫാ. റോയി തോട്ടം എസ്.ജെയുടെ ചിത്രങ്ങൾ. ക്യാൻവാസിനെ തന്റെ വേദപുസ്തകമാക്കി അതിൽ സമത്വത്തിന്റെയും സൗന്ദര്യത്തിന്റെയും സമാധാനത്തിന്റെയും പുതിയലോകങ്ങൾ വരച്ചുചേർക്കുന്ന ഈ പുരോഹിതൻ ക്രൈസ്തവ ഭാരതീയ തത്വദർശനങ്ങളെ ചിത്രങ്ങളിൽ സമന്വയിക്കുന്നു. പീഡിതർക്കും നിന്ദിതർക്കും സമത്വത്തിന്റെ വാതിലുകൾ തുറക്കുവാൻ പ്രാർത്ഥിക്കുന്നതോടൊപ്പം ഈ പുരോഹിതൻ വർണങ്ങളിൽ മുക്കിയ ബ്രഷും കൈയിലെടുക്കുന്നു. ക്യാൻവാസിൽ മനുഷ്യമനസിലേക്കുള്ള പോരാട്ടങ്ങളെ തനിമയോടെ ആവിഷ്‌ക്കരിക്കുന്നു.

മരംകയറിയും മലകളിലും പാറക്കെട്ടുകളിലും പ്രകൃതിയോടിണങ്ങി സമയം ചെലവിടുകയും ചെയ്ത ഒരുകുട്ടിക്കാലം മരങ്ങാട്ടുപിള്ളി തോട്ടത്തിൽ കുടുംബാംഗമായ റോയിയച്ചനിലെ ചിത്രകാരനെ ഉണർത്തിയെടുത്തത്. ജസൂട്ട് സൊസൈറ്റിയിൽ ചേർന്നപ്പോഴാണ് ആറു വയസ് മുതൽ താൻ ചെയ്യുന്ന കലാപ്രവർത്തനത്തിനു പുതിയ മാനങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചുതുടങ്ങിയത്. പുരോഹിതനായശേഷം ഇംഗ്ലണ്ടിൽ കലാപഠനത്തിനായി പോയത് പാശ്ചാത്യകലാസങ്കേതങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ ഇടയാക്കി. അതു ചിത്രകലയെ ഒരു ഹോബിയായല്ല മറിച്ച് മനുഷ്യനു വേണ്ടിയുള്ള വലിയ കലാപ്രവർത്തനമായി തിരിച്ചറിയാൻ സഹായിച്ചു. അതോടെ കല റോയിയച്ചന് പ്രേഷിതവൃത്തിയും ജീവിതനിയോഗവുമായിമാറി.

”എന്റെ ചിത്രങ്ങൾ ആന്തരികലോകത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നെ സംബന്ധിച്ച് കലാജീവിതം ഒരു ആന്തരികയാത്രയാണ്. ഓരോ കലാപ്രക്രിയയും പുറപ്പാടും പീഡാസഹനവും ഉയിർത്തെഴുന്നേൽപ്പുമാണ്” എന്നാണ് റോയിച്ചൻ തന്റെ കലാജീവിതത്തെ വിലയിരുത്തുന്നത്. ‘ഈശാവാസ്യമിദം സർവം യത്കിഞ്ചിത് ജഗത്വം ജഗത്’- ഉപനിഷത്തുകളിൽ പ്രഥമസ്ഥാനം നൽകി ആദരിക്കുന്ന ഈശാവാസ്യോപനിഷത്തിന്റെയും പ്രപഞ്ചം മുഴുവൻ ഈശ്വരസാന്നിധ്യം തിരിച്ചറിഞ്ഞ ഇഗ്‌നേഷ്യൻ ആധ്യാത്മികതയുടെയും വേറിട്ട വഴികളെ റോയിയച്ചൻ ചിത്രഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. കേവലമതത്തിന്റെ വിചാരധാരകൾക്കപ്പുറത്ത് ഈശ്വരസങ്കൽപ്പത്തെക്കുറിച്ചുള്ള വിശാലവീക്ഷണവും മാനുഷികമായ വിചാരധാരകളും അദ്ദേഹത്തിന്റെ രചനകൾ പങ്കുവയ്ക്കുന്നു.

ആത്മാന്വേഷണങ്ങളുടെ-നീതിയും സമാധാനവും നിഷേധിക്കപ്പെടുന്നവരുടെ നീതിക്കു വേണ്ടി സ്വപ്നം കാണുന്നവരുടെ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നവരുടെ പക്ഷം ചേരുന്ന-ചിത്രങ്ങളാണ് രചനകളിൽ ഏറെയും. ക്രിസ്തുദർശനത്തോടും സഹനജീവിതത്തോടും ചേർന്നു നിൽക്കുന്നവയാണ് അവയുടെ അകപ്പൊരുൾ.

subscribe