മനസു കൊണ്ടു മരിച്ചവരെ ഓർക്കുന്ന ദിവസം. അതുകൊണ്ടു മാത്രമല്ല, സംവിധായകൻ തമ്പി കണ്ണന്താനത്തെ ഓർമിക്കുന്നത്. തമ്പി കണ്ണന്താനത്തിന്റെ കഥാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു. അതിലെ കഥകൾ ഞാൻ നേരിട്ടു കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ചിലതൊക്കെ പ്രസിദ്ധീകരിക്കാൻ അയച്ചിട്ടുണ്ട്. അതുകൊണ്ട്, തമ്പി സാറിന്റെ കഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഉള്ളിലെവിടെയോ തണുത്ത തഴുകൽ.

സുഹൃത്തും സഹപാഠിയുമായ ശ്രീകുമാർ അരുക്കുറ്റി മുഖാന്തിരമാണ് അന്നത്തെ സൂപ്പർ സംവിധായകനായ തമ്പി കണ്ണാന്താനത്തെ പരിചയപ്പെടുന്നത്. അന്ന് ഫ്രീലാൻസ് ജേണലിസ്റ്റായിരുന്ന ഞാൻ തമ്പി കണ്ണന്താനത്തെക്കുറിച്ച് ഒരു ആർട്ടിക്കിൾ എഴുതി. ആ എഴുത്താണ് ലക്ഷ്യമില്ലാത്ത, എന്റെ തലതിരിഞ്ഞ ജീവിതത്തെ മാറ്റി മറിച്ചത്. അതു പ്രസിദ്ധീകരിച്ചു വന്നപ്പോൾ നന്നായിട്ടെഴുതിയെന്നു പറഞ്ഞ് കൂടെ കൂട്ടി. മറ്റു പറയത്തക്ക ജോലിയില്ലാത്തതിനാൽ തമ്പി സാറിന്റെ ഓഫിസിലെ നിത്യസന്ദർശകനായിരുന്നു. അന്ന് ആരുമല്ലാതിരുന്ന എന്നെ അദ്ദേഹം നിർമിച്ച പഞ്ചലോഹം എന്ന സിനിമയിൽ പി.ആർ.ഒ ആക്കി. സ്വപ്നത്തിൽ പോലും ചിന്തിക്കാത്തത് ഒരു നിയോഗം പോലെ കടന്നുവന്ന ജീവിത പാതയിൽ എന്റെ ആദ്യത്തെ ചുവടുവെപ്പിന് തമ്പി സാറിന്റെ സ്‌നേഹവും വിശ്വാസവും ഊർജവുമുണ്ടായിരുന്നു.

നാലു ദിക്കിലോട്ടും നോക്കി ഒരിടത്തും നീങ്ങാതിരുന്ന എന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നുപോകാനുള്ള വഴി കാണിച്ച് ആത്മധൈര്യം പകർന്ന തമ്പി സാറിനെ കൂടുതൽ പറഞ്ഞു ചെറുതാക്കുന്നില്ല. എന്റെ സിനിമാ ജീവിതവിജയം തമ്പി കണ്ണന്താനത്തിന്റെ ഓർമകളിലൂടെയാണു വിടർന്നുല്ലസിക്കുന്നത്.
ഓർമകൾ ഓർമിക്കാൻ മാത്രമുള്ളതല്ല, നെഞ്ചിനോരം സൂക്ഷിക്കാനുമുള്ളതാണ്.

subscribe