യാത്ര ഉന്മാദവുമായി പ്രണയത്തിലാവുന്ന അപൂർവ സുന്ദര നിമിഷങ്ങളുണ്ട്. പഞ്ചേന്ദ്രിയങ്ങളും കൊട്ടിയടക്കപ്പെട്ട് ശൂന്യമായ് മാറുന്ന ചില സന്ദർഭങ്ങൾ. മനുഷ്യാഹങ്കാരത്തിന്റെ കൊടുമുടിക്കെട്ടഴിഞ്ഞു വീഴുന്ന അത്തരം നിമിഷങ്ങളിലാണ് നമ്മൾ ഉന്മാദികളാവുന്നത്. കാശ്മീർ താഴ്‌വരകളിലൂടെ യാത്ര ചെയ്തപ്പൊഴും അറ്റമില്ലാത്ത, നിറഞ്ഞ, ബ്രഹ്മപുത്രയെ കൈക്കുമ്പിളിലെടുത്തറിഞ്ഞപ്പൊഴും നാഗാലാൻഡിലെ ഗോത്ര ജീവിതങ്ങളിലേക്കു സ്വയം സന്നിവേശിച്ചപ്പൊഴും ശരിക്കും ഞാനീ ഉന്മാദത്തിന്റെ നിർവൃതിയോളമെത്തിയിട്ടുണ്ട്.

ഭൂട്ടാനിലെ പാരോയിലുള്ള തക്‌സങ് ദ് സങ് (Tiger nest) സന്ദർശനം ഇത്തരമൊരനുഭവമാണ് എന്നിലുണ്ടാക്കിയത്. 2019 മേയിലാണ് കൾച്ചറൽ കൊളീഗ് സിന്റെ നേതൃത്വത്തിലുള്ള സംഘം ഭൂട്ടാനിലേക്കു യാത്ര തിരിച്ചത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൾച്ചറൽ കൊളീഗ്‌സ് എന്ന യാത്രാസംഘം പത്തു വർഷത്തിലധികമായി നിരവധി യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. കണ്ടെടുക്കാത്ത പറുദീസകൾ തേടിയുള്ള അനന്തമായ പലായനമാണ് ഇവർക്ക് യാത്ര. വിവിധ സംസ്‌കാരങ്ങളുടെ അനിയന്ത്രിതമായ കലർപ്പു കൂടിയാണ് ഈ സംഘം. അതു കൊണ്ടു തന്നെ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിലെ അംഗങ്ങൾ. വിവിധ സാംസ്‌കാരിക സൗഹൃദങ്ങളുടെ ഭാഗമായി അസമിൽ നിന്നുള്ള കവികളും കുട്ടികളും മുതിർന്നവരും ചേർന്ന ഒരു കൂട്ടായ്മയാണത്. ഇത്തവണത്തെ യാത്ര ഭൂട്ടാനിലേക്കായിരുന്നു.

തീർച്ചയായും, ഭൂട്ടാൻ യാത്രയെ ഇത്രമേൽ ഹൃദ്യമാക്കിയത് തക്‌സങ് സന്ദർശനം തന്നെയാണ്. ജമോൽഹരി മലനിരകളുടെ ഭാഗമായ മാനം മുട്ടുന്ന കരിങ്കൽ കുന്നിന്റെ ചരിവിലായി തൂങ്ങിക്കിടക്കുന്ന രീതിയിലാണ് തക്‌സങ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ Hanging മൊണാസ്ട്രി എന്ന വിശേഷണവും ഇതിനുണ്ട്.. തക് സങ് എന്ന വാക്കിന്റെ പ്രത്യക്ഷ തർജമയാണത്രെ ഇംഗ്ലീഷിലെ ടൈഗർ നെസ്റ്റ്. എട്ടാം നൂറ്റാണ്ടിൽ ഗുരു പത്മസംഭവ ( സെക്കൻഡ് ബുദ്ധൻ എന്ന പേരിൽ ഭൂട്ടാനിലെ ജനം ആരാധിക്കുന്നു) പണി കഴിപ്പിച്ച ഈ മൊണാസ്ട്രി നാലു ചെറു ക്ഷേത്ര സമുച്ചയങ്ങൾ ചേർന്നതാണ്. പാരോയിൽ നിന്ന് 10240 അടി മുകളിലുള്ള തക് സങ്ങിൽ എത്തിച്ചേരാൻ ചെങ്കുത്തായ കയറ്റിറക്കങ്ങൾ നിറഞ്ഞ കാനനപാത താണ്ടേണ്ടതുണ്ട്. ചെറിയ കുട്ടികളും 60നു മേൽ പ്രായമുള്ളവരും ഉൾപ്പെടുന്ന ഞങ്ങളുടെ 59 അംഗ സംഘത്തിന് അവിടെ എത്തിച്ചേരുക പ്രയാസമായിരുന്നു. അതു കൊണ്ടു തന്നെ യാത്രാ ചാർട്ടിൽ Tiger nest ദൂരെ നിന്ന് കാണാനുള്ള അവസരം മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ.

നേരത്തെ ഭൂട്ടാൻ സന്ദർശിച്ച സുഹൃത്തുക്കൾ എഴുതിയും പറഞ്ഞും എന്റെ മനസിൽ തക് സങ് ഒരു സ്വപനമായി തിളങ്ങി നിന്നിരുന്നു. തിം ഫുവിൽ നിന്ന് പാരോയിലേക്കു തിരിക്കുന്നതിന്റെ തലേ രാത്രിയിലാണ് കാര്യങ്ങൾ മലക്കം മറിഞ്ഞത്. ബിനോയ് മാഷും മുവും വാസു മാഷും ചേർന്ന് നാളെ ടൈഗർ നെസ്റ്റിൽ പോയേ പറ്റൂ എന്ന് ഉറപ്പിക്കുകയും പാരോയിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പു സംഘത്തെ ഈ കാര്യം അറിയിക്കുകയും ചെയ്തു. എല്ലാവരും ഒന്നിച്ച്, സാധിക്കുന്ന പോലെ കയറാം എന്ന തീരുമാനത്തിലെത്തി. പാരോയിലേക്കുള്ള യാത്രയിലുടനീളം മനസിൽ തക്‌സങ് മാത്രമായി. മറ്റു കാഴ്ചകളെ പിന്നിലാക്കിക്കൊണ്ട് ദൂരെ നിന്നു കാണുന്ന മലമടക്കുകളിലങ്ങോളം ആ കൊച്ചു കടുവാ കൂടിനെ അന്വേഷിച്ചു കൊണ്ടേയിരുന്നു.

ഒടുവിൽ അതാ ഒരു മലഞ്ചരുവിൽ കുഞ്ഞു കിളിക്കൂടു പോലെ Tiger nest കാണായി. Bace camp ൽ വണ്ടിയൊതുക്കി ഞങ്ങൾ യാത്രയ്ക്കു തയാറായി. ഇവിടെ നിന്ന് മൂന്നു മണിക്കൂർ നടന്നു കയറിയാലേ തക്‌സങ്ങിലെത്തൂ. നടത്തത്തിന് സഹായിയായി 50 രൂപ നിരക്കിൽ വൃത്തിയിൽ വെട്ടി ഒതുക്കിയ നിറം കൊടുത്ത ഊന്നുവടികൾ വിൽപ്പനക്കായി വച്ചിരിക്കുന്നു. 500 രൂപയാണ് Etnrance fee. നാൽപ്പതോളം പേർക്ക് ടിക്കറ്റെടുത്ത്, ചിലർ വടികളും കരസ്ഥമാക്കി ഞങ്ങൾ യാത്ര ആരംഭിച്ചു. കുടജാദ്രി മല രണ്ടു തവണ കയറിയിറങ്ങിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ വടിയൊന്നും വാങ്ങാതെ ഞാൻ നടത്തം തുടങ്ങി. കൂടെ രജനിയും. നാലഞ്ചു പേർ കുതിരയോട്ടക്കാരായ പെൺകുട്ടികളോട് സംസാരിച്ച് റേറ്റ് ഉറപ്പിച്ച് പകുതി ദൂരം കുതിരപ്പുറത്ത് സഞ്ചരിക്കാൻ തീരുമാനിച്ചു. ചെറു സംഘങ്ങളായി ഞങ്ങൾ യാത്ര തുടങ്ങി.

ആളുകൾ നടന്നു തെളിഞ്ഞ വഴികളിലൂടെയാണു യാത്രക്കാർ നടക്കേണ്ടത്. അവയിൽ ചിലത് എളുപ്പവഴികളാണെങ്കിലും കയറ്റം ദുഷ്‌കരമാവും. ഓരോ കയറ്റങ്ങൾ കഴിയുമ്പോഴും തക് സങ് കൂടുതൽ കൂടുതൽ അടുത്തു തുടങ്ങി. നടത്തത്തിനിടയിൽ ഇടക്കിടെ നിന്ന് ഞങ്ങൾ ദൂരത്തെ അളക്കാൻ തുടങ്ങി.

കയറ്റത്തിനിടയിൽ രണ്ടു മൂന്നു തത്ക്കാല വിശ്രമകേന്ദ്രങ്ങളുണ്ട്. വിശ്രമിക്കാനായി ഇരുന്നു കഴിഞ്ഞാൽ മടി പിടിക്കുമെന്നതു കൊണ്ട് ഞങ്ങൾ പതുക്കെ അവയും പിന്നിട്ടു നടന്നു. അവസാന Halting station ൽ ചെറിയൊരു കടയുണ്ട്. അവിടെ 130 രൂപയ്ക്കു ചായയും ബിസ്‌കറ്റും കിട്ടും. ചോറിന് 530 രൂപ. ഞങ്ങളാണെങ്കിൽ ഭക്ഷണ സാധനങ്ങളോ തണുപ്പത്തു ധരിക്കാനുള്ള വസ്ത്രങ്ങളോ കരുതാതെയാണ് യാത്ര. പാരോയിലേക്കുള്ള യാത്രയിൽ റാസി, ഒരു സ്ഥലത്തു നിന്ന് രണ്ടു പിടി Lettuce വാങ്ങുകയും അതെന്നെ ഏൽപിക്കുകയും ചെയ്തിരുന്നു. മല കയറുന്നതിനു മുമ്പ് ഞാനവ എന്റെ അണ്ഡകടാഹമായ ബാഗിൽ (അതിൽ കൊള്ളാത്തവയില്ലെന്ന് രജനി അത്ഭുതപ്പെടാറുണ്ട്) നിക്ഷേപിച്ചു. കയറ്റത്തിനിടക്ക് ഞങ്ങൾ ഇടക്കിടെ അത് പച്ചയ്ക്കു തിന്നുകൊണ്ടിരുന്നു. അധികം വെള്ളം കുടിക്കാതെ യാത്ര ചെയ്യാൻ അതു ഞങ്ങളെ സഹായിച്ചു.

നടത്തത്തിന്റെ ശക്തിയും വേഗതയും കുറഞ്ഞു വന്നു. ദൂരെ കൈമാടി വിളിച്ചു കൊണ്ട് ടൈഗർ നെസ്റ്റ്. മനസിലെ സ്വപ്നം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുമോ? രണ്ടും കൽപ്പിച്ചു ശക്തിയിൽ കുറേ ദൂരം മുന്നോട്ടു നടന്നു. വഴി ഇടയ്ക്കു കൂടുതൽ കയറ്റമാവുന്നു. ഒപ്പം ചാറ്റൽ മഴയും. പിറകോട്ടു തിരിഞ്ഞപ്പോൾ കൂടെ 10 അടി പിറകിലുണ്ടായിരുന്ന രജനിയെ കാണാനില്ല. ഞങ്ങളുടെ സംഘത്തിലുള്ള ആരും മുന്നിലോ പിറകിലോ ഇല്ല. ചെറിയൊരു അങ്കലാപ്പുണ്ടായി. എതിരെ മലയിറങ്ങി വരുന്നവർ ആരും ആരെയും ശ്രദ്ധിക്കുന്നില്ല. ഞാൻ ധൈര്യമായി മുന്നോട്ടു നടന്നു. ഒറ്റയ്ക്കുള്ള യാത്രയുടെ രസം ഞാനനുഭവിച്ചു തുടങ്ങുകയായിരുന്നു. കാടിനെ ആസ്വദിച്ച്. മഴയത്ത്… ഒരു ക്യാപ്പോ കുടയോ ഇല്ലാതെ ശബ്ദകോലാഹലങ്ങളില്ലാതെ. ഇറങ്ങിവരുന്ന രണ്ടു പേർ കൂട്ടം തെറ്റിപ്പോയോ എന്ന കരുതൽ അന്വേഷണം നടത്തി. വഴിയങ്ങനെ കുത്തനെ.. കുത്തനെ… കിടക്കുന്നു.

subscribe