കലയും കാതലുള്ള ഒരു ജീവിതത്തിനുടമയുമാണ് സിസ്റ്റർ സാന്ദ്രാ സോണിയ. കണ്ണൂർ ജില്ലയിലെ ചെറുപുഴ ഉമ്മറപോയിലാണ് ജന്മദേശം. സ്‌കൂൾ പഠന കാലയളവിൽ കലാമത്സരങ്ങളിൽ പങ്കെടുക്കാൻ വിമുഖ കാണിച്ച പെൺകുട്ടി. ചിത്രങ്ങൾ വരച്ച് വീടിന്റെ ഭിത്തികളിൽ ഒട്ടിച്ചുവയ്ക്കുന്ന പതിവുണ്ടായിരുന്നു. വീട്ടുകാരും കൂട്ടുകാരും കൂടെ നിന്ന് ചിത്രങ്ങൾ നന്നായെന്നു പറഞ്ഞു പ്രോത്സാഹനം നൽകി.

മുതിർന്നപ്പോൾ സന്യാസദൈവിളി സ്വീകരിച്ച് കോഴിക്കോട്ടുള്ള സെന്റ് ഫിലിപ്പ് നേരി കോൺഗ്രിഷേനിൽ ചേർന്ന സാന്ദ്രാ സോണിയ തന്റെ ഉള്ളിലെ കലാകാരിയെ പുറത്തുനിർത്തിയില്ല. മഠത്തിന്റെ ഉള്ളിലേക്ക് മഴവിൽ നിറങ്ങൾ നിറഞ്ഞ തന്റെ മനസിനെ അവൾ കൊണ്ടുപോയി. ദൈവമാണല്ലോ ഏറ്റവും വലിയ കലാകാരൻ. അവന്റെ ക്യാൻവാസാണ് ഈ ലോകം. ആ മഹാ വിസ്മയത്തൻ പങ്കുപറ്റുക മറ്റൊരു ദൈവിളിയാണല്ലോ.

ക്രിസ്തുവിന്റെ മണവാട്ടി അവന്റെ കലയിലും പങ്കുപറ്റേണ്ടവൾ തന്നെ. കോഴിക്കോട് യൂണിവേഴ്‌സൽ ആർട്ടിൽ നിന്ന് ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കി. തുടർ പഠനം തൃപ്പൂണിത്തുറ ആൽ.എൽ.വി കോളേജിൽ നിന്നായിരുന്നു. ബി.എഫ്.എ നല്ല നിലയിൽ പൂർത്തിയാക്കിയ സി. സാന്ദ്ര കേരളത്തിനകത്തും പുറത്തും ധാരാളം മികച്ച ചിത്രപ്രദർശനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ബംഗളൂരു ഇ.സി.സി, ഡേവിഡ് ഹാൾ ഫോർട്ട് കൊച്ചി, ഡർബാർ ഹാൾ കൊച്ചി, ലളിത കലാ അക്കാദമിയുടെ വിവിധ ഗാലറികൾ തുടങ്ങിയ വിവിധ ഇടങ്ങളിൽ പ്രമുഖരോടൊപ്പം സി. സാന്ദ്ര ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

സന്യാസ ദൈവവിളി പോലെ കലാജീവിതത്തെയും ഒരു ദൈവവിളിയായി കാണുന്ന സി. സാന്ദ്ര തന്റെ ചിത്രങ്ങളിൽ പ്രകൃതിയെ അനുകരിക്കുകയല്ല ക്യാൻവാസിൽ. സവിശേഷമായ ഒരു ദൈവദർശനത്തെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ സന്യാസ സഭാവസ്ത്രം ലക്ഷ്യങ്ങൾക്കും മേലുള്ള തിരശീല അല്ലെന്ന് അവർ തെളിയിക്കുന്നു.

പ്രകൃതിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കുറിച്ചുള്ള തന്റെ ബോധ്യങ്ങളെ ശക്തമായ കലാഭാഷയിൽ തന്റെ ചിത്രങ്ങളിൽ സാന്ദ്ര ആവിഷ്‌കരിക്കുന്നു. പ്രകൃതി മനുഷ്യബന്ധങ്ങളിലെ സങ്കീർണതകൾ, ചൂഷണങ്ങൾ, അനീതികൾ, വഴിതെറ്റലുകൾ തുടങ്ങിയവ ചിത്രങ്ങളിൽ വിരൽച്ചൂണ്ടികളാകുന്നു. പ്രഷ്യൻ ബ്ലൂവിനെയും സാപ് ഗ്രീനിനെയും ഏറെ ഇഷ്ടപ്പെടുന്ന ചിത്രകാരി ഇരുണ്ട നിറങ്ങളിൽ മിഴിവുറ്റ ഒരു ചിത്രത്തെ, ഒരു ആശയത്തെ, കാഴ്ചക്കാരുടെ കണ്ണിലൂടക്കും വിധം പുറത്തെടുക്കുന്നു. തുടർന്ന് അത് ഒരാളുടെ മനസിലേക്കും കയറിക്കൂടുന്നു. വർത്തമാനകാല ലോകത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടായി അത് അവരിൽ വളരുന്നു.

‘ടൈം വ്യൂ ക്രോണിക്കിൾ’, ‘ലൈഫ് ബ്രൂട്ട്‌സ്’, ‘റ്റോർമെന്റ്’, ‘നിർവാണ’, ‘ബ്യൂട്ടി ഓഫ് ബീറ്റ്‌സ്’, ‘ഹിസ്റ്ററി ഓഫ് ലൈഫ്’, ‘മിസ്റ്ററി ഓഫ് ലൈഫ്’ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.

subscribe