• ബാല്യവും സർഗയാത്രയും

എന്നെ രൂപപ്പെടുത്തിയത് എന്റെ ബാല്യകാലമാണ്. അങ്ങനെയൊരു ബാല്യം ഉണ്ടായിരുന്നതുകൊണ്ടാണ് ഞാൻ ഇപ്പോഴത്തെ ഞാനായി ത്തീർന്നത്. ആലപ്പുഴയിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ മരണശേഷം അമ്മയുടെ നാടായ ചേർത്തലയിലേക്ക് ഞങ്ങൾ താമസം മാറി. എനിക്കപ്പോൾ എട്ട് വയസായിരുന്നു പ്രായം. ആ പറിച്ചുനടീൽ, മാർകേസിന്റെ മക്കൊണ്ട പോലൊരു വിചിത്ര സ്ഥലത്തേക്കുള്ള വരവായിരുന്നു എനിക്ക്. ഏറെ അരക്ഷിതമായ കുറച്ചു നാളുകൾക്കു ശേഷം അമ്മയുടെ കുടുംബവകയിൽയിൽപ്പെട്ട, ചെറുതെങ്കിലും മനോഹരമായ ഒരു വീട്ടിലേക്ക് ഞങ്ങൾ താമസം മാറ്റി. വീടിന്റെ മൂന്നു വശവും പാടങ്ങളാണ്. എപ്പോഴും നല്ല കാറ്റ്. സർപ്പക്കാവും, ഇരുനൂറോളം വർഷം പഴക്കമുള്ള ഇലഞ്ഞിയും കുളവും ഒക്കെ എന്റെ ലോകമായി. നാട്ടിൻപുറത്തുകാരായ കുറച്ചു കൂട്ടുകാർക്കൊപ്പം വിശപ്പും ഉറ്റ തോഴനായിരുന്ന ആ കാലഘട്ടമാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നു.

  • ആദ്യമായെഴുതിയ കഥയെക്കുറിച്ചുള്ള ഓർമകൾ

പത്താമത്തെ വയസിൽ, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കഥയെഴുതുന്നത്. ഒരുപാട് വിശന്നിരിക്കുന്ന ഒരു കുട്ടിയുടെ ആംഗിളിൽ എഴുതിയ കഥ. അക്കാലം റേഷനരി കിട്ടാൻ വളരെ വൈകി. അമ്മ ഞങ്ങൾക്കു കഴിക്കാനായി കപ്പ വേവിച്ചു. കടലിനടുത്തായിരുന്നതിനാൽ കുറഞ്ഞ വിലയ്ക്കു ധാരാളം മീൻ കിട്ടുമായിരുന്നു. അടുക്കളയിൽ അമ്മ മീൻ പീര വയ്ക്കുന്നു. ഇതിന്റെയെല്ലാം മണം കേട്ടപ്പോൾ വിശപ്പ് കത്തിക്കാളി. അന്ന് ഞങ്ങളുടെ വീട്ടിൽ ധാരാളം പൂച്ചകൾ വരുമായിരുന്നു. പൂച്ചകളെയെല്ലാം കൂടി കണ്ടപ്പോൾ കുട്ടിയായിരുന്ന എന്റെ മനസിൽ വല്ലാത്ത ആശങ്ക തോന്നി. അവയെല്ലാം കൂടി ആ മീനെങ്ങാനും മോഷ്ടിച്ചു തിന്നാൽ ഞാൻ എന്തു കഴിക്കും. ആ ആശങ്കയിൽ നിന്നുണ്ടായ കഥയാണ് ‘വിശപ്പിന്റെ വിളി’.ചേട്ടൻ ആ പേര് പരിഷ്‌കരിച്ച് വിശപ്പ് എന്നാക്കി. കഥ മറ്റാരെയെങ്കിലും കാണിച്ചതായി ഓർക്കുന്നില്ല. പിന്നീട് നോട്ടുബുക്കുകൾ മേടിച്ച് അതിൽ കഥകൾ എഴുതാൻ തുടങ്ങി. പക്ഷേ അവയൊന്നും സൂക്ഷിച്ചുവയ്ക്കാൻ സാധിച്ചില്ല.

  • പുസ്തകങ്ങൾ കൂട്ടുകാർ

അഞ്ചാം ക്ലാസ് മുതൽ പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ആ ദിവസങ്ങളിൽ എപ്പോഴെങ്കിലും കിട്ടും എന്നല്ലാതെ ആഹാരത്തിന് കൃത്യമായി സമയമൊന്നുമില്ലായിരുന്നു. എനിക്കാണെങ്കിൽ നല്ല വിശപ്പും. ചേട്ടൻ വിശപ്പൊന്നും ബാധിക്കാത്ത മട്ടിൽ ഇരിക്കുന്നതു കാണാം. ചേട്ടന്റെ കൈയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. എന്തിനാണ് ഇത്രയും പുസ്തകങ്ങൾ എന്നു ചോദിച്ചപ്പോളാണ് ആ രഹസ്യം പറഞ്ഞു തന്നത്. പുസ്തകങ്ങൾ വായിച്ചാൽ വിശപ്പറിയില്ലത്രേ. അങ്ങനെ എന്റെ ആവശ്യപ്രകാരം ചേട്ടൻ എനിക്കും പുസ്തകങ്ങൾ തന്നു. ക്രമേണ പുസ്തകങ്ങളോടു വലിയ കമ്പമായി.

  • തസ്രാക്ക് എന്ന സാഹിത്യ തീർത്ഥാടനകേന്ദ്രം

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത്. എങ്കിലും അതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാൻ എനിക്കായില്ല. കോളേജിൽ പഠിക്കുന്ന സമയത്ത് വീണ്ടും പലതവണ വായിച്ചു. അങ്ങനെ ആ പുസ്തകത്തോട് ഒരു മാനസിക അടുപ്പം ഉണ്ടായി. നാളുകൾക്കു ശേഷം മനോരമയുടെ റിപ്പോർട്ടറായി ഞാൻ പാലക്കാട് ചെല്ലുന്നു. ഒരു ദിവസം രാവിലെ ഒ.വി. വിജയൻ പാലക്കാട് ടൗണിൽ കൊപ്പത്തുള്ള പത്രം ഓഫിസിലേക്ക് വന്നു. 1990-91 ൽ. ഞങ്ങൾ പരിചയപ്പെട്ടു .’വിജയേട്ടാ ‘എന്ന് വിളിച്ചത് അദ്ദേഹത്തിനു വലിയ ഇഷ്ടമായി. ആ പരിചയപ്പെടലിനു ശേഷമാണ് ഞാൻ തസ്രാക്ക് കാണാൻ പോകുന്നത്. ഞാറ്റുപുരയും അറബിക്കുളവും ഓത്തുപള്ളിയുമൊക്കെ എന്റെ മനസിൽ പതിഞ്ഞു. ആ സമയത്തു തന്നെ തസ്രാക്ക് എന്ന സാഹിത്യതീർത്ഥാടന കേന്ദ്രം എന്റെ മനസിൽ നിർമിക്കപ്പെട്ടു. പിന്നീട് പാലക്കാട് കളക്ടറായി ചാർജെടുത്തതിനു ശേഷമുള്ള പ്രസ് മീറ്റിങ്ങിൽ പത്രക്കാർ എന്നോട് ചോദിച്ചു പാലക്കാടിനെ ഒരുപാട് അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ എന്താണ് പാലക്കാടിന് നൽകാനുദ്ദേശിക്കുന്നത്. അപ്പോൾ ഞാനെന്റെ ആഗ്രഹം അവരോടു പങ്കുവച്ചു.

subscribe