ആദ്യ ചിത്രമായ കമ്മട്ടിപ്പാടത്തിലെ ബാലേട്ടൻ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മണികണ്ഠൻ ആചാരി. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ബാലേട്ടനിലൂടെ അദ്ദേഹത്തെ തേടിയെത്തി. അലമാര, ഈട, വർണ്യത്തിൽ ആശങ്ക, കാർബൺ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലും ബ്രഹ്മാണ്ഡ ചിത്രം പേട്ടയിലും മണികണ്ഠൻ അഭിനയിച്ചു. മണികണ്ഠൻ സിനിമാവിശേഷങ്ങൾ പറയുന്നു.

  • മാമാങ്കത്തിലെ കുങ്കൻ

മാമാങ്കത്തിൽ വളരെ ചെറിയൊരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. പത്തുപതിനഞ്ച് മിനിറ്റ് മാത്രമേ ഞാൻ ആ ചിത്രത്തിൽ ഉള്ളൂ. ആ കഥയും കഥാപാത്രങ്ങളെയും എല്ലാവർക്കും അറിയാവുന്നതാണ്. എന്റെ കഥാപാത്രം മമ്മൂക്ക ചെയ്യുന്ന കഥാപാത്രത്തിന്റെ യാത്രയിൽ സഹായിക്കുന്ന ഒരു കഥാപാത്രമാണ്. സാമൂതിരിക്കെതിരേ പടപൊരുതുന്നവരെ സഹായിക്കുന്ന കഥാപാത്രം. കുങ്കൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. അത് ചെയ്യാനായിട്ട് പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ല. ആ കാലത്തെ ഭാഷയാണ് ഉപയോഗിക്കുന്നത് അത് പറഞ്ഞു തരുമ്പോൾ പഠിക്കാൻ ശ്രമിച്ചു. ശാരീരികമായിട്ടോ മറ്റു വലിയ തയാറെടുപ്പുകൾ ഒന്നും വേണ്ടുന്ന ഒരു കഥാപാത്രമല്ല. ഒരു സപ്പോർട്ടിങ് കഥാപാത്രമാണ്. വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രം വരുന്നു.

  • നടൻ ഓപ്പണാവണം

ഒരു നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സംതൃപ്തി ലഭിക്കുന്നത്, എന്റെ അഭിപ്രായത്തിൽ നിർവാണ അവസ്ഥയിൽ നിൽക്കുമ്പോഴാണ്. നിർവാണ അവസ്ഥ എന്ന് പറയുന്നത് നമ്മൾ ഒന്നുമില്ലാതെ, അതായത് ഉള്ളതെല്ലാം തുറന്ന് കാണിച്ച് ഓപ്പണായി നിൽക്കുമ്പോഴാണ്. അപ്പോൾ ലഭിക്കുന്ന ഒരു പരമാനന്ദ സുഖമുണ്ട്. അത് മനുഷ്യജീവിതത്തിൽ എല്ലാവർക്കും കിട്ടുന്നതല്ല. അതിന് വേണ്ടിയാണ് എല്ലാവരും ജീവിക്കുന്നതെന്ന് തോന്നുന്നു. ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്, നഗ്‌നമായ അവസ്ഥയിലേക്ക് എത്താൻ വേണ്ടിയുള്ള പ്രയാണമാണ് ജീവിതം. അതുപോലെ തന്നെയാണ് അഭിനയവും. എന്റെ എല്ലാ കഴിവുകളും തുറന്ന് കാണിച്ച് നിൽക്കാൻ കഴിയുക. അങ്ങനത്തെ ഒരവസരം കിട്ടുക. അതിന് വേണ്ടിയിട്ടാണ് എന്റെ മുന്നോട്ടുള്ള പോക്ക്. അതാണ് ഏറ്റവും വലിയ ആഗ്രഹവും. അത് ഏതു വരെ സാധിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ, കമ്മട്ടിപ്പാടം എന്റെ ആദ്യ സിനിമയാണ്. ആദ്യ സിനിമയിൽത്തന്നെ അതിന്റെ അടുത്തുവരെ എത്താൻ കഴിഞ്ഞു. തുണിയില്ലാതെ നിൽക്കുക എന്നല്ല അതിന്റെ അർത്ഥം. നമ്മുടെ മനസിനെ നിയന്ത്രിക്കാതെ, നമ്മുടെ വികാരങ്ങളെ കടിഞ്ഞാണിട്ട് പൂട്ടിവയ്ക്കാതെ എല്ലാം തുറന്ന് ഓപ്പണാവാൻ പറ്റിയിട്ടുള്ളത് കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രം മാത്രമാണ്. അതിനുശേഷം എല്ലാത്തിനും ഒരു ഒളിവും മറയും ഉണ്ട്. ഒരു മതിൽ കെട്ടിനകത്ത് നിന്നു കൊണ്ടാണ് എല്ലാ കഥാപാത്രങ്ങളും നിൽക്കുന്നത്. അപ്പോൾ അത് ഇതുവരെ പൊളിക്കാൻ പറ്റിയിട്ടില്ല. അതാണ് എന്റെയൊരാഗ്രഹം. അതിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.

subscribe